Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇളവുകൾ പ്രഖ്യാപിച്ചേക്കില്ല; ജൂൺ വരെ ലോക്ക് ഡൗൺ വേണമെന്ന് ബോറിസ് ജോൺസൺ; നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങൾക്ക് തുറക്കാൻ അനുമതി നൽകിയേക്കും

ഇളവുകൾ പ്രഖ്യാപിച്ചേക്കില്ല; ജൂൺ വരെ ലോക്ക് ഡൗൺ വേണമെന്ന് ബോറിസ് ജോൺസൺ; നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങൾക്ക് തുറക്കാൻ അനുമതി നൽകിയേക്കും

സ്വന്തം ലേഖകൻ

യുകെയിൽ കൊറോണയെ പിടിച്ച് കെട്ടുന്നതിനായി ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണിൽ തിങ്കളാഴ്ച ഇളവുകൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ വേണ്ട. നിലവിലെ സാഹചര്യത്തിൽ ജൂൺ വരെ ലോക്ക് ഡൗൺ തുടരണമെന്നാണ് ബോറിസ് ജോൺസൺ വ്യക്തമാക്കിയിരിക്കുന്നത്. ഇതു സംബന്ധിച്ചുള്ള വിശദമായ തീരുമാനങ്ങൾ ഈ വരുന്ന ഞായറാഴ്ച വൈകിട്ട് ഏഴു മണിക്ക് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതായിരിക്കും.

തിങ്കളാഴ്ച മുതൽ വമ്പിച്ച ഇളവുകൾ ഉണ്ടാകുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. എന്നാൽ രാജ്യത്ത് മരണ നിരക്കും രോഗ ബാധിതരുടെ എണ്ണവും കുതിച്ചു കയറുന്ന സാഹചര്യത്തിൽ വൻ കരുതൽ എടുത്തേ മതിയാകൂ എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രഖ്യാപിക്കാനിരുന്ന ഇളവുകൾ റദ്ദാക്കിയത്. ഞായറാഴ്ച ചെറിയ ഇളവുകൾ മാത്രമാണ് പ്രഖ്യാപിക്കുക എന്നാണ് വിവരം. നേരത്തെ അഞ്ചു ഘട്ടങ്ങളിലായി ലോക്ക്ഡൗൺ പിൻവലിക്കുവാൻ ആയിരുന്നു തീരുമാനം. തിങ്കളാഴ്ച മുതൽ ആയിരുന്നു ഇളവുകളുടെ ഒന്നാം ഘട്ടം ആരംഭിക്കാനിരുന്നത്. ഈ മാസാവസാനം പ്രൈമറി സ്‌കൂളുകൾ തുറക്കുമെന്നും പബുകൾ ഓഗസ്റ്റിലും ജിമ്മുകൾ ഒക്ടോബറിലും തുറക്കുവാനുമായിരുന്നു ശ്രമം.

ഇത്തരത്തിൽ ഇളവുകൾ അനുവദിച്ചാൽ കെയർ ഹോമുകളിലും ആശുപത്രികളിലും നടക്കുന്ന മരണങ്ങൾ നിയന്ത്രിക്കാൻ പോലുമാകാത്ത നിലയിലേക്ക് വർധിക്കുമെന്ന അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം പിൻവലിച്ചത്. കഴിയാവുന്നത്ര മുൻകരുതലുകൾ സ്വീകരിക്കാനാണ് പ്രധാനമന്ത്രി കാബിനറ്റിനോട് ആവശ്യപ്പെട്ടത്. അതേസമയം, ആരാധനാലയങ്ങൾ തുറക്കുവാൻ അനുമതി നൽകുന്നതായിരിക്കും. എന്നിരുന്നാലും സ്വകാര്യ പ്രയർ ചടങ്ങുകൾക്കാണ് അനുമതി നൽകുക. വലിയ ചടങ്ങുകൾ നടത്തുവാൻ സാധിക്കില്ല. മാത്രമല്ല, ഗാർഡൻ സെന്ററുകളും തുറക്കുമെന്നാണ് സൂചന. ഇവ തുറന്നാലും മറ്റു കുടുംബങ്ങളിലെ അംഗങ്ങളുമായി ഇടപഴകുന്നതിന് അനുമതി ലഭിക്കാൻ സാധ്യതയില്ല.

ലോക്ക്ഡൗൺ ഇളവുകൾ എപ്പോഴാണ് അനുവദിക്കുന്നതെന്നതു സംബന്ധിച്ച് കൃത്യമായ തീയതികൾ പ്രഖ്യാപിക്കാൻ ബോറിസിന് മേൽ കാബിനറ്റ് മിനിസ്റ്റർമാരും രാഷ്ട്രീയ എതിരാളികളും സമ്മർദ്ദം ചെലുത്തുന്നുണ്ട്. എങ്കിലും മിതമായ ഇളവരുകൾ മാത്രമേ ബോറിസ് ഞായറാഴ്ച പ്രഖ്യാപിക്കുകയുള്ളൂ. വളരെ പതുക്കെ മാത്രമേ ഇളവുകൾ പ്രഖ്യാപിക്കുന്നതിലേക്ക് സർക്കാർ കടക്കുകയുള്ളൂവെന്നാണ് വിവരം.
നിലവിൽ രാജ്യത്തെ ഇൻഫെക്ഷൻ നിരക്ക് 0.5 മുതൽ 0.9 വരെയാണെന്ന് സർക്കാർ പറയുന്നു.

എന്നാൽ കെയർ ഹോമുകളിൽ ഈ നിരക്ക് ഒന്നിന് മുകളിലാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതു തന്നെയാണ് ആശങ്ക വർധിപ്പിക്കുന്നതും. ഒന്നിൽ കൂടുതൽ വ്യക്തികളിലേക്ക് ഇവിടെ വൈറസ് പകരുന്നതായാണ് വ്യക്തമാകുന്നത്. വിലക്കുകൾ വേഗം നീക്കാൻ ഒരു വിഭാഗം ആവശ്യപ്പെടുമ്പോൾ വൈറസിന്റെ രണ്ടാം ഘട്ടം പൊട്ടിപ്പുറപ്പെടുമെന്ന് മറുഭാഗവും വ്യക്തമാക്കുന്നു. ഇതു പ്രധാനമന്ത്രിയെ വളരെ സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്നുണ്ട്. മാത്രമല്ല ഇളവുകൾ പ്രഖ്യാപിച്ചാൽ കൊറോണാ വൈറസ് അതിശക്തമായി ആഞ്ഞടിക്കുമെന്ന റിപ്പോർട്ടും പ്രധാനമന്ത്രിയെ സമ്മർദ്ദത്തിലാക്കുന്നു.

എല്ലാവരോടും വീടുകളിൽ തുടരാനുള്ള നിർദ്ദേശം പിൻവലിക്കുകയോ അതിന്റെ ലംഘനമോ ഉണ്ടായാൽ യുകെ ആകമാനമുള്ള നടപടികളിൽ നിന്ന് പിൻവാങ്ങുമെന്നാണ് സ്‌കോട്ട്‌ലണ്ട് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജൻ ഭീഷണി മുഴക്കിയിരിക്കുന്നത. എന്നാൽ ഈ നിയന്ത്രണങ്ങളിലൂടെ 300 വർഷത്തിനിടെയുള്ള ആഴമേറിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് രാജ്യം നീങ്ങുന്നതെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നൽകി.

ഇതിനിടെ ഔദ്യോഗിക മരണസംഖ്യയിലേക്ക് 539 പേരെ കൂടി ചേർത്തതോടെ രാജ്യത്തെ ആകെ കൊറോണ ഇരകളുടെ എണ്ണം 30,615-ലേക്ക് ഉയർന്നു. യുഎസിന് പിന്നിൽ രണ്ടാം സ്ഥാനത്തെത്തിയ അവസ്ഥ ദുരന്തമാണെന്ന് ഫോറിൻ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു. 5600 പേർ കൂടി പോസിറ്റീവായതോടെ ആകെ രോഗികളുടെ എണ്ണം 206,000 കടന്നു. വൈറസിനെ നമുക്ക് ഇനിയും തോൽപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്നും റാബ് പത്രസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.

അതേസമയം, സർക്കാർ ഈ ഘട്ടത്തിൽ എന്തൊക്കെ ഇളവുകൾ പ്രഖ്യാപിച്ചാലും വീടിനു പുറത്തേക്ക് ഇറങ്ങുവാൻ ജനങ്ങൾക്കു ധൈര്യമില്ലെന്നാണ് സർവ്വേ ഫലം വ്യക്തമാക്കുന്നത്. രാജ്യത്തെ കൊറോണ മരണങ്ങളും രോഗവ്യാപനവും കുതിച്ച് കയറുന്ന സാഹചര്യത്തിൽ പുറത്തിറങ്ങി ജോലിക്ക് പോകുന്നത് തങ്ങളുടെ ജീവൻ അപകടത്തിലാക്കുമെന്നാണ് ഏറെപ്പേർ ഭയപ്പെടുന്നത്.

നിലവിലെ സാഹചര്യത്തിൽ ലോക്ക്ഡൗണിൽ ഇളവുകൾ അനുവദിക്കുന്നത് വളരെ നേരത്തെയാണെന്നും അത് അപകടം ക്ഷണിച്ചു വരുത്തുമെന്നുമാണ് സർവേയിൽ പങ്കെടുത്ത 62 ശതമാനം പേരും പ്രതികരിച്ചിരിക്കുന്നത്. ഇതിനെ തുടർന്ന് കൊറോണയുടെ വ്യാപനവും മരണവും രാജ്യത്ത് ഇനിയും രൂക്ഷമാകുമെന്നാണ് ഇവർ ആശങ്കപ്പെട്ടിരിക്കുന്നത്. എന്നാൽ ലോക്ക്ഡൗണും കൊറോണ പ്രതിസന്ധിയും കാരണം രാജ്യത്തെ സമ്പദ് വ്യവസ്ഥക്കുണ്ടായ പ്രത്യാഘാതങ്ങളാണ് തങ്ങളെ അലട്ടുന്ന പ്രധാന കാര്യമെന്ന് പ്രതികരിച്ചിരിക്കുന്നത് 38 ശതമാനം മാത്രമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP