Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്നലെ റിപ്പോർട്ട് ചെയ്തത് 12 വയസുകാരൻ ഉൾപ്പെടെ 282 മരണം മാത്രം; സെപ്റ്റംബർ 30ന് യുകെയിലും നവംബർ 11ന് അമേരിക്കയിലും രോഗം നിലയ്ക്കും; രണ്ടാമതൊരാക്രമണം ഒഴിവായേക്കും; പ്രതീക്ഷയും പ്രവനവുമായി ബ്രിട്ടനും അമേരിക്കയും

ഇന്നലെ റിപ്പോർട്ട് ചെയ്തത് 12 വയസുകാരൻ ഉൾപ്പെടെ 282 മരണം മാത്രം; സെപ്റ്റംബർ 30ന് യുകെയിലും നവംബർ 11ന് അമേരിക്കയിലും രോഗം നിലയ്ക്കും; രണ്ടാമതൊരാക്രമണം ഒഴിവായേക്കും; പ്രതീക്ഷയും പ്രവനവുമായി ബ്രിട്ടനും അമേരിക്കയും

സ്വന്തം ലേഖകൻ

കൊറോണയുടെ സംഹാരതാണ്ഡവത്തിൽ നിന്നും ഇനിയും മോചനം നേടാൻ സാധിക്കാത്ത യുകെയെ സംബന്ധിച്ചിടത്തോളം ആശ്വാസത്തിന്റെ കാറ്റ് വീറ്റാൻ തുടങ്ങിയിരിക്കുന്നുവെന്നാണ് ഇന്നലെ പുറത്ത് വന്ന ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് പ്രകാരം ഇന്നലെ രാജ്യത്ത് വെറും 282 ജീവനുകൾ മാത്രമേ കൊറോണയ്ക്ക് കവരാൻ സാധിച്ചിട്ടുള്ളൂ. അതിനിടെ ഏറ്റവും പുതിയ പ്രവചനം അനുസരിച്ച് സെപ്റ്റംബർ 30ന് യുകെയിലും നവംബർ 11ന് അമേരിക്കയിലും രോഗം നിലയ്ക്കുമെന്നാണ് പ്രതീക്ഷയുയരുന്നത്. രണ്ടാമതൊരാക്രമണം ഒഴിവായേക്കുമെന്നും റിപ്പോർട്ടുണ്ട്. ഇത്തരത്തിൽ പ്രതീക്ഷയും പ്രവനവുമായി ബ്രിട്ടനും അമേരിക്കയും മുന്നോട്ട് പോവുകയാണിപ്പോൾ.

ഇന്നലെ ഹോസ്പിറ്റലുകൾ , കെയർഹോമുകൾ തുടങ്ങിയ എല്ലാ സെറ്റിങ്സുകളിലുമുണ്ടായ 282 മരണം കൂടി കണക്കാക്കുമ്പോൾ യുകെയിലെ മൊത്തം കൊറോണ മരണസംഖ്യ 36,675 ആയാണ് കുതിച്ചുയർന്നിരിക്കുന്നത്. എന്നാൽ ലോക്ക്ഡൗൺ തുടങ്ങിയതിന് ശേഷം ഏറ്റവും കുറഞ്ഞ മരണം രേഖപ്പെടുത്തിയ ശനിയാഴ്ചയാണ് ഇന്നലെയെന്നത് കടുത്ത ആശ്വാസമേകുന്നുണ്ട്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ലോക്ക് ഡൗൺ തുടങ്ങുന്നതിന് മൂന്ന് ദിവസം മുമ്പത്തെ ശനിയാഴ്ചയായ മാർച്ച് 21ന് ശേഷം ഏറ്റവും കുറഞ്ഞ കൊറോണ മരണങ്ങളാണ് ഇന്നലെയുണ്ടായിരിക്കുന്നത്. അന്ന് വെറും 56 പേരായിരുന്നു രാജ്യത്തുകൊറോണ ബാധിച്ച് മരിച്ചിരുന്നത്.

ഇന്നലത്തെ മരണത്തിൽ ഒരു 12 വയസുകാരനുമുൾപ്പെടുന്നുണ്ട്.ഔദ്യോഗികമായ കണക്കുകൾ പ്രകാരം യുകെയിൽ 2,57,000 പേരിലധികമാണ് നിലവിൽ കൊറോണക്ക് ചികിത്സ നേടിക്കൊണ്ടിരിക്കുന്നത്. ഇന്നലെ ഇംഗ്ലണ്ടിലെ ഹോസ്പിറ്റലിൽ വച്ച് മരിച്ച 12 വയസുകാരനെ കൂടി കണക്കിലെടുക്കുമ്പോൾ രാജ്യത്തുകൊറോണ ബാധിച്ച് ഇതുവരെ 15 വയസിന് താഴെ പ്രായമുള്ള നാല് കുട്ടികളാണ് മരിച്ചിരിക്കുന്നത്. ഈ മാസം ആദ്യം മരിച്ച ആറാഴ്ച പ്രായമുള്ള കുട്ടിയായിരുന്നു ഇതിൽ ഏറ്റവും പ്രായം കുറഞ്ഞ കുട്ടി. കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ 157 പേർ മാത്രമാണ് യുകെയിലെ ഹോസ്പിറ്റലുകളിൽ വച്ച് മരിച്ചിരിക്കുന്നത്.ബാക്കിയുള്ളവ കെയർഹോമുകളിലും സമൂഹത്തിലും മരിച്ചവരാണ്.

കൊറോണയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ കണക്കുകൾ ഇന്നലെ ഡൗണിങ് സ്ട്രീറ്റിൽ വച്ച് നടന്ന പതിവ് ബ്രീഫിംഗിനിടെ ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്സാണ് പുറത്ത് വിട്ടിരിക്കുന്നത്. ഇന്നലെ മാത്രം 2959 പേർ രോഗികളാണെന്ന് സ്ഥിരീകരിച്ചുവെന്നും ഷാപ്സ് വെളിപ്പെടുത്തുന്നു. നിലവിൽ 2,57,000 പേർ മാത്രമാണ് ചികിത്സയിലുള്ളതെന്നാണ് ഔദ്യോഗിക കണക്കെങ്കിലും യഥാർത്ഥത്തിൽ ഏതാണ്ട് അഞ്ച് മില്യണോളം പേർക്ക് രോഗം ബാധിച്ചുവെന്നാണ് കണക്കാക്കുന്നത്. തുടക്കത്തിൽ വ്യാപകമായ തോതിൽ കോവിഡ് 19 ടെസ്റ്റ് നടത്താൻ ഗവൺമെന്റ് തയ്യാറാകാത്തതിന്റെ പ്രത്യാഘാതമാണിതെന്നാണ് ഗവൺമെന്റ് സയന്റിസ്റ്റുകൾ തന്നെ ആരോപിക്കുന്നത്.

യുകെയ്ക്ക് സെപ്റ്റംബർ 30നും യുഎസിന് നവംബർ ഒന്നിനും കൊറോണയിൽ നിന്ന് മോചനം

സിംഗപ്പൂർ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി തയ്യാറാക്കിയിരിക്കുന്ന ഒരു മോഡലിങ് പ്രകാരം ഈ വരുന്ന സെപ്റ്റംബർ 30ന് യുകെയിൽ നിന്നും നവംബർ 11ന് യുഎസിൽ നിന്നും കൊറോണയെന്ന മഹാമാരി കെട്ട് കെട്ടുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇപ്പോഴത്തെ പ്രവണത അനുസരിച്ച് ഇരു രാജ്യങ്ങളിലും വൈറസ് വ്യാപനത്തിലും മരണത്തിലും സ്ഥിരമായ കുറവാണുണ്ടാകുന്നതെന്നതിനാൽ രണ്ടാമതൊരു തരംഗം ഇരു രാജ്യങ്ങളിലുമുണ്ടാവില്ലെന്നും ഈ മോഡൽ സമർത്ഥിക്കുന്നു. സെപ്റ്റംബർ 30 ആകുമ്പോഴേക്കും യുകെയിൽ പുതിയ കേസുകളൊന്നും ഉണ്ടാവില്ലെന്നും പലരും പ്രവചിച്ചത് പോലെ രണ്ടാമതൊരു കൊറോണ തരംഗം രാജ്യത്ത് ആഞ്ഞടിക്കില്ലെന്നും ഈ സയന്റിസ്റ്റുമാർ പ്രവചിക്കുന്നു.

ഇരു രാജ്യത്തുമുണ്ടാകാൻ പോകുന്ന കൊറോണ വൈറസിന്റെ സഞ്ചാരഗതിയും ഈ മോഡലിംഗിലൂടെ പ്രവചിക്കപ്പെട്ടിരിക്കുന്നു. ഇരു രാജ്യത്തും രോഗം പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുണ്ടായ വൈറസ് ബാധയുടെ ഏറ്റക്കുറച്ചിലുകളെയും നിലവിലെ പ്രവണകളെയും വിശദമായി വിശകലനം ചെയ്തുകൊണ്ടാണീ മോഡലിങ് തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ കൊറോണ വൈറസിന്റെ സങ്കീർണമായ സ്വഭാവം അനുസരിച്ച് ഈ പ്രവചനം തകിടം മറിയാൻ സാധ്യതയില്ലാതില്ലെന്നും സയന്റിസ്റ്റുമാർ സമ്മതിക്കുന്നുണ്ട്.

ഇതിന് പുറമെ നിയന്ത്രണങ്ങൾ ജനം എത്രത്തോളം പാലിക്കുന്നുവെന്നതും ടെസ്റ്റിങ് പ്രോട്ടോക്കോളുകളും രോഗപ്പകർച്ചയെ നിർണയിക്കുന്ന പ്രധാന കാര്യങ്ങളാണെന്നും ഇവയിലെ വ്യത്യാസങ്ങൾ രോഗം പിടി തരാതെ പകരാൻ സാധ്യതയേറ്റുന്നുവെന്നും ഈ ഗവേഷകർ മുന്നറിയിപ്പേകുന്നുമുണ്ട്.ഇറ്റലിയിൽ രോഗം ഒക്ടോബർ 24ന് ഭേദപ്പെടുമെന്നും ഈ മോഡലിങ് പ്രവചിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP