Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇനി ബ്രിട്ടനിൽ ലോക്കൽ ലോക്ക്ഡൗൺ; ഒരു നിശ്ചിത എണ്ണത്തിൽ കൂടുതൽ കേസുകൾ ഉണ്ടെങ്കിൽ മാത്രമായി ലോക്ക്ഡൗൺ പരിമിതപ്പെടുത്തും; മാനദണ്ഡം നിശ്ചയിക്കേണ്ടത് ആശുപത്രി സംവിധാനമായ എൻ എച്ച് എസ്

ഇനി ബ്രിട്ടനിൽ ലോക്കൽ ലോക്ക്ഡൗൺ; ഒരു നിശ്ചിത എണ്ണത്തിൽ കൂടുതൽ കേസുകൾ ഉണ്ടെങ്കിൽ മാത്രമായി ലോക്ക്ഡൗൺ പരിമിതപ്പെടുത്തും; മാനദണ്ഡം നിശ്ചയിക്കേണ്ടത് ആശുപത്രി സംവിധാനമായ എൻ എച്ച് എസ്

സ്വന്തം ലേഖകൻ

കൊറോണയെ ഒരു പരിധിവരെ തടഞ്ഞു നിർത്താനായതിന്റെ ആശ്വാസത്തിൽ ബ്രിട്ടൻ പഴയ ജീവിതത്തിലേക്ക് തിരിച്ചുപോകാനൊരുങ്ങുകയാണ്. ലോക്ക് ഡൗണിൽ, ജൂൺ 1 ന് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്ന അവസരത്തിൽ കേസുകളുടെ എണ്ണത്തിനനുസരിച്ച് പ്രാദേശികമായി ലോക്ക്ഡൗണുകളായിരിക്കും ഇനി ഉണ്ടാവുക എന്നാണ് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞത്. ജൂൺ 1 മുതൽ വിപുലീകൃതമാക്കുവാൻ പോകുന്ന എൻ എച്ച് എസിന്റെടെസ്റ്റ്, ട്രാക്ക് ആൻഡ് ട്രേസ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയായിരിക്കും പ്രാദേശിക ലോക്ക്ഡൗണുകൾ നിശ്ചയിക്കുക.

ഒരു പ്രത്യേക സ്ഥലത്ത് പ്രാദേശിക ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയാണെങ്കിൽ, അവിടത്തെ സ്‌കൂളുകൾ, ബിസിനസ്സ് സ്ഥാപനങ്ങൾ, മറ്റ് തൊഴിലിടങ്ങൾ എന്നിവ അടച്ചിടും. ചിലയിടങ്ങളിൽ രോഗവ്യാപനം പെട്ടെന്ന് ശക്തിപ്പെടുന്നതായി കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ രോഗവ്യാപനം ഉണ്ടാവുകയാണെങ്കിൽ, ആ പ്രദേശം പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട്, ജോയിന്റ് ബയോ സെക്യുരിറ്റി സെന്റർ എന്നിവയുടെ നിയന്ത്രണത്തിലാക്കും. പബ്ലിക് ഹെൽത്തിലെ പ്രാദേശിക ഡയറക്ടർമാരായിരിക്കും തീരുമാനങ്ങൾ എടുക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുക.

ഏറ്റവും ഒടുവിലത്തെ കണക്കുകൾ കാണിക്കുന്നത് നോർത്ത് ഈസ്റ്റിലാണ് രോഗവ്യാപനം കൂടുതൽ ഉള്ളത് എന്നാണ്. സുന്ദെർലാൻഡിൽ 1,00,000 പേരിൽ 493 പേർക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോൾ ഗേറ്റ്സ്ഹെഡിൽ അത് 493 ഉം സൗത്ത് ടിനെസൈഡിൽ അത് 491 ഉം ആണ്. അതേ സമയം സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിന്റെ ഭാഗങ്ങളിൽ രോഗവ്യാപനം താരതമ്യേന കുറവാണ്. സൗത്ത് സോമർസെറ്റിൽ 1,00,000 പേരിൽ 105 പേർക്ക് രോഗബാധയുള്ളപ്പോൾ ഡോർസെറ്റിൽ അത് 96 ഉം വെസ്റ്റ് ഡെവോണിൽ 95 ഉം മാത്രമാണ്. ഇംഗ്ലണ്ടിലും, മൊത്തം ബ്രിട്ടനിലും ഇപ്പോൾ ഏറ്റവും അധികം രോഗവ്യാപനം ഉണ്ടായിരിക്കുന്നത് ബാരോ-ഇൻ-ഫർണസ്സിലാണ് 1,00,000 പേരിൽ 831 പേർക്കാണ് ഇവിടെ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ചില പ്രദേശങ്ങളിൽ കൂടുതൽ പേരെ പരിശോധനക്ക് വിധേയരാക്കി എന്നതും ഒരുപക്ഷെ രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകാൻ കാരണമായിട്ടുണ്ടാകാം.

ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകൾക്കനുസരിച്ചായിരിക്കും പ്രാദേശിക ലോക്ക്ഡൗണിലെ വ്യവസ്ഥകൾ തീരുമാനിക്കുക. ഉദാഹരണത്തിന് ലേയ്ക്ക് ഡിസ്ട്രിക്ടിൽ ധാരാളം സന്ദർശകരെത്താറുണ്ട്, അതുപോലെ ധാരാളം തുറാസ്സായ സ്ഥലങ്ങളും ഇവിടെയുണ്ട്. ഇതിന്റെ ചില ഭാഗങ്ങളിൽ എത്തിച്ചേരാൻ തന്നെ വിഷമമാണ്. എന്നാൽ മറ്റുചില പ്രദേശങ്ങളിൽ മറ്റ് വെല്ലുവിളികളായിരിക്കും ഉണ്ടാവുക. അവിടങ്ങളിൽ അതിനനുസരിച്ച് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നടപ്പാക്കും.

ഇന്നലെ 134 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ബ്രിട്ടനിലെ മൊത്തം കോവിഡ് മരണം 37,048 ആയി ഉയർന്നിരിക്കുന്നു. 2,65,227 രോഗബാധിതരും ബ്രിട്ടനിലുണ്ട്. ഇന്നലെ നോർത്തേൺ അയർലൻഡിനെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ ഒരു ദിവസമായിരുന്നു. മാർച്ചിന് ശേഷം കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാതെപോയ ഒരു ദിവസമായിരുന്നു ഇന്നലത്തേത്. ഇതിനിടയിൽ കോവിഡ് ബാധിതരുടെ ചികിത്സയിൽ റെംഡെസിവിർ ഉപയോഗിക്കുവാൻ ഇന്നലെ അനുമതി നൽകി.

മുതിർന്നവർക്കും കൗമാരക്കാർക്കും, ചില നിയന്ത്രണങ്ങളോടെയായിരിക്കും ഈ മരുന്ന് നൽകുക. സാർസ്-കോവ്-2 വൈറസിന്റെ പ്രത്യൂദ്പാദനം ഭാഗികമായി തടയുവാനുള്ള കെല്പ് ഈ മരുന്നിനുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മെയ്‌ 1 ന് അമേരിക്കയുടെ എഫ് ഡി എ ഈ മരുന്നിന് അനുമതി നൽകിയിരുന്നു. മെയ്‌ 8 ന് ജപ്പാനും ഈ മരുന്ന് കോവിഡ് ചികിത്സക്ക് ഉപയോഗിക്കുവാനുള്ള അനുമതി നല്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP