Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നോർവേയും ഡെന്മാർക്കും ജർമ്മനിയും പരസ്പരം അതിർത്തികൾ തുറന്നു; എന്നിട്ടും സ്വീഡിഷ് അതിർത്തി അടച്ചുതന്നെയിട്ട് എല്ലാ രാജ്യങ്ങളും; ലോക്ക്ഡൗണിനെ പരിഹസിച്ച് പണിവാങ്ങിക്കെട്ടിയ സ്വീഡനിൽ ഇപ്പോൾ മരണം തകർക്കുന്നത് ലോക റിക്കോർഡിട്ട്; മൊത്തം ജനസംഖ്യാനുപാതത്തിൽ ഏറ്റവും കൂടുതൽ മരണം സ്വീഡനിൽ

നോർവേയും ഡെന്മാർക്കും ജർമ്മനിയും പരസ്പരം അതിർത്തികൾ തുറന്നു; എന്നിട്ടും സ്വീഡിഷ് അതിർത്തി അടച്ചുതന്നെയിട്ട് എല്ലാ രാജ്യങ്ങളും; ലോക്ക്ഡൗണിനെ പരിഹസിച്ച് പണിവാങ്ങിക്കെട്ടിയ സ്വീഡനിൽ ഇപ്പോൾ മരണം തകർക്കുന്നത് ലോക റിക്കോർഡിട്ട്; മൊത്തം ജനസംഖ്യാനുപാതത്തിൽ ഏറ്റവും കൂടുതൽ മരണം സ്വീഡനിൽ

സ്വന്തം ലേഖകൻ

മെച്ചപ്പെട്ട ജീവിതസൗകര്യങ്ങളുടെ കാര്യത്തിലും ലോക സന്തോഷ സൂചികയിലും മുൻപന്തിയിലുള്ള സ്‌കാൻഡിനേവിയൻ രാഷ്ട്രങ്ങൾ കൊറോണയെ അതിജീവിച്ച് സാവധാനം സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ ആരംഭിച്ചു, ലോക്ക്ഡൗണിന് വഴങ്ങാതിരുന്ന സ്വീഡൻ ഒഴിച്ച്. ജർമ്മനി, നോർവേ, ഐസ്ലാൻഡ് എന്നീ രാജ്യങ്ങളുമായുള്ള അതിർത്തികൾ ജൂൺ 15 ന് തുറക്കുമെന്ന് ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡെറിക്സെൻ അറിയിച്ചു. ഡെന്മാർക്കിലേക്ക് വരുന്ന നോർവീജിയൻ. ജർമ്മൻ യാത്രക്കാർ ഡെന്മാർക്കിൽ ചുരുങ്ങിയത് ആറ് രാത്രികളിലെങ്കിലും തങ്ങുമെന്നതിന്റെ തെളിവ് ഹാജരാക്കണം. മാത്രമല്ല, ഇവർക്ക് കോപ്പൻഹേഗനിൽ രാത്രി തങ്ങാൻ അനുവാദവും ഉണ്ടായിരിക്കുന്നതല്ല.

സ്വീഡനിൽ കൊറോണവ്യാപന നിരക്ക് വളരെ കൂടുതലായതിനാൽ സ്വീഡനിൽ നിന്നുള്ള യാത്രക്കാരെ സ്വീകരിക്കുന്നതല്ലെന്ന് നോർവേയും ഡെന്മാർക്കും വ്യക്തമാക്കി. സ്വീഡനുമായുള്ള അതിർത്തി തുറക്കുന്ന കാര്യം വേനൽക്കാലത്തിന് ശേഷം മാത്രമേ ഡെന്മാർക്ക് തീരുമാനിക്കുകയുള്ളു. ഇതുവരെ രോഗബാധ നിയന്ത്രണാധീനമാക്കുവാൻ സാധിച്ചിട്ടുണ്ട് എന്നാൽ രോഗം പൂർണ്ണമായും ഒഴിഞ്ഞുപോകാത്ത സാഹചര്യവുമാണെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.

കൊറോണയെ ചെറുക്കാൻ ലോക്ക്ഡൗൺ ആവശ്യമില്ലെന്ന നിലപാടിൽ ഉറച്ചുനിന്ന സ്വീഡൻ പക്ഷെ ഇന്ന് ചക്രശ്വാസം വലിക്കുകയാണ്. ഇതുവരെ 36,476 പേർക്ക് രോഗബാധ സ്ഥിരീകരിച്ച സ്വീഡനിൽ 4,350 പേരാണ് ഇതുവരെ കോവിഡ് എന്ന മഹാമാരിക്ക് കീഴടങ്ങി മരണം വരിച്ചത്. സ്‌കൂളുകൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ തുറന്നുവച്ച സ്വീഡനിൽ ഓരോ ദശലക്ഷം പേരിലും 5.59 മരണങ്ങൾ എന്ന ദാരുണാവസ്ഥയാണ് ഇപ്പോഴുള്ളത്. ലോക ശരാശരിയുടെ 11 മടങ്ങാണിത്. ലോക ശരാശരി ഓരോ ദശലക്ഷം ആളുകളിലും 0.49 പേർ മരിക്കുന്നു എന്നതാണ്.

ഇത്രയും ദാരുണമായ അവസ്ഥയിലും സ്വീഡൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ സോഷ്യൽ ഡിസ്റ്റൻസിങ് ഉൾപ്പടെയുള്ള നിർദ്ദേശങ്ങൾ ജനങ്ങൾക്ക് നൽകിയിട്ടുണ്ട്. വലിയ സംഖ്യയിൽ ജനങ്ങൾ കൂട്ടം കൂടുന്നത് നിരോധിച്ചതുമാത്രമാണ് ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് സ്വീഡൻ എടുത്ത ഒരേയൊരു തീരുമാനം. ലോക്ക്ഡൗൺ നടപ്പാക്കില്ലെന്ന തീരുമാനം നോർഡിക് മേഖലയിലെ രാഷ്ട്രങ്ങൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന സ്വീഡന്റെ ആവശ്യം നിരാകരിക്കാൻ മറ്റ് രാജ്യങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തു. കൂടാതെ ഗ്രീസ്, എസ്റ്റോണിയ, ലാറ്റ്‌വിയ തുടങ്ങിയ രാഷ്ട്രങ്ങളും സ്വീഡിഷ് സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ഇന്നലെ സ്വീഡനിൽ 84 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതേസമയം നോർവേയിലും ഡെന്മാർക്കിലും മരണങ്ങൾ ഒന്നുംതന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. മഹാവ്യാധിയിൽ ദുരിതമനുഭവിക്കുമ്പോഴും സ്വീഡന്റെ ജി ഡി പി കാണിക്കുന്നത് ഈ വർഷം സാമ്പത്തിക വളർച്ച കൈവരിക്കാൻ സാദ്ധ്യതയുള്ള ചുരുക്കം ചില യൂറോപ്യൻ രാജ്യങ്ങളിൽ ഒന്ന് സ്വീഡനായിരിക്കും എന്നാണ്.

ഇറ്റലിക്ക് ശേഷം ലോക്ക്ഡൗൺ പ്രഖ്യാപിച്ച രണ്ടാമത്തെ യൂറോപ്യൻ രാഷ്ട്രമാണ് ഡെന്മാർക്ക്. തൊട്ടടുത്ത ദിവസം നോർവേയും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. സാമൂഹിക അകലം പാലിക്കൽ നിർദ്ദേശങ്ങൾ ഒന്നും ഇല്ലാതെ തന്നെ നോർവീജിയൻ സ്‌കൂളുകൾ അടുത്ത ആഴ്‌ച്ച മുതൽ തുറന്ന് പ്രവർത്തനം ആരംഭിക്കും. ഡെന്മാർക്കി സൂ, തീം പാർക്കുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളും തുറന്ന് പ്രവർത്തനം ആരംഭിക്കും.

അതേസമയം ലോക്ക്ഡൗണിന് തയ്യാറാകാതിരുന്ന സ്വീഡൻ വർദ്ധിച്ച മരണനിരക്കിന്റെ പേരിൽ റെക്കോർഡ് ഇടുകയാണ്. ഓരോ ദശലക്ഷം പേരിലും 5.59 പേരാണ് സ്വീഡനിൽ മരിക്കുന്നത്. ബ്രസീൽ (4.51), സാൻ മാരിയോ (4.21), പെറു (4.12) യു. കെ (3.78) എന്നീ രാജ്യങ്ങളാണ് തൊട്ടുപുറകിൽ ഉള്ളത്. രോഗവ്യാപനം കനത്ത തോതിലുള്ള അമേരിക്കയിൽ പക്ഷെ ദശലക്ഷം പേരിൽ 2.98 പേർ മാത്രമാണ് മരിക്കുന്നതെങ്കിൽ ഇറ്റലിയിൽ അത് 1.55 ആയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP