Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അന്തരിച്ചത് ബ്രിട്ടനിലെ മൂന്നാമത്തെ സമ്പന്നൻ; 80,000 കോടി രൂപയുടെ സ്വത്തുക്കളും ഇനി ഏക മകന്; വിടപറഞ്ഞത് ബ്രിട്ടീഷ് രാജകുടുംബത്തിലെ അതി സമ്പന്നൻ

അന്തരിച്ചത് ബ്രിട്ടനിലെ മൂന്നാമത്തെ സമ്പന്നൻ; 80,000 കോടി രൂപയുടെ സ്വത്തുക്കളും ഇനി ഏക മകന്; വിടപറഞ്ഞത് ബ്രിട്ടീഷ് രാജകുടുംബത്തിലെ അതി സമ്പന്നൻ

ലണ്ടൻ: വെസ്റ്റ്മിൻസ്റ്ററിലെ ആറാമത് ഡ്യൂക്കായ ജെറാൾഡ് ഗ്രോസ്‌വെനർ തന്റെ 64ാമത്തെ വയസിൽ അന്തരിച്ചു. വെറുമൊരു രാജകീയ കുടുംബമല്ല ഇപ്പോൾ വിടപറഞ്ഞിരിക്കുന്നത്. മറിച്ച് ബ്രിട്ടനിലെ മൂന്നാമത്തെ സമ്പന്നനാണ് ഇദ്ദേഹം. 80,000 കോടി രൂപയുടെ സ്വത്തുക്കളാണ് ഇദ്ദേഹത്തിനുള്ളത്. ബ്രിട്ടീഷ് രാജകുടുംബത്തിലെ അതിസമ്പന്നനായ ഇദ്ദേഹത്തിന്റെ വസ്തുവകകളും പണവും ഇനി ഏകമകനും 25കാരനുമായ ഹുഗ് ഗ്രോസ്‌വെനർക്കാണ്. ലങ്കാഷെയറിലെ അബെസ്‌റ്റെഡ് ഹൗസിൽ വച്ച് ഹാർട്ട് അറ്റാക്കുണ്ടായതിനെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് ശേഷം റോയൽ പ്രീസ്റ്റൻ ഹോസ്പിറ്റലിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. യുകെയിലെ ഏറ്റവു സമ്പന്നനായ പ്രോപ്പർട്ടി ഡെവലപറായിരുന്നു ജെറാൾഡ്. ഓക്‌സ്‌ഫോർഡ്, ചെഷയർ, സ്‌കോട്ട്‌ലൻഡ് എന്നിവിടങ്ങളിലെ എസ്‌റ്റേറ്റുകളിൽ നിന്നും മെയ്‌ഫെയർ, ബെർഗ്രേവിയ എന്നിവിടങ്ങളിൽ നിന്നുമായിരുന്നു അദ്ദേഹത്തിന്റെ സമ്പത്ത് പ്രവഹിച്ചിരുന്നത്.

ജെറാൾഡിനെയും ഭാര്യ നതാലിയെയും വില്യം രാജകുമാരൻ രക്ഷാകർത്താക്കളുടെ സ്ഥാനത്താണ് കാണുന്നത്. മകനായ ഹുഗിന് പുറമെ മൂന്ന് പെൺമക്കൾ കൂടി ഈ ദമ്പതികൾക്കുണ്ട്. ഇതിൽ ലേഡി തമാറയെന്ന മകൾ വിവാഹം കഴിച്ചിരിക്കുന്നത് വില്യം രാജകുമാരന്റെ അടുത്ത സുഹൃത്തായ 36കാരൻ എഡ്വാർഡ് വാൻ കുസ്റ്റമിനെയാണ്. രണ്ടാമത്തെ മകളായ ലേഡി എഡ്വിനയെന്ന 34 കാരി വിവാഹം ചെയ്തിരിക്കുന്നത് ഒരു ടെലിവിഷൻ അവതാരകനെയാണ്. മൂന്നാമത്തെ മകളാണ് 23കാരിയായ ലേഡി വയോല. വില്യം രാജകുമാരന്റെ വഴികാട്ടിയായി വർത്തിക്കാൻ ചാൾസ് രാജകുമാരൻ ജെറാൾഡിനോട് ആവശ്യപ്പെട്ടിരുന്നു.ഇതിന് പകരമായി തന്റെ മകൻ ജോർജ് രാജകുമാരന്റെ ഗോഡ്ഫാദറായി വർത്തിക്കാൻ ജെറാൾഡിന്റെ മകൻ ഹുഗിനോട് വില്യമും ആവശ്യപ്പെട്ടിരുന്നു.

വില്യം രാജകുമാരനും പത്‌നിയായ കെയ്റ്റ് രാജകുമാരിയും സഹോദരൻ ഹാരി രാജകുമാരനും പതിവായി ജെറാൾഡിന്റെ പ്രോപ്പർട്ടികളിലെ സ്ഥിരം സന്ദർശകരാണ്. ഈ മാസം ആദ്യം വില്യമും കേയ്റ്റും തങ്ങളുടെ സമ്മർ ഹോളിഡേയ്ക്ക് ഫ്രാൻസിലേക്ക് പറക്കാൻ ജെറാൾഡിന്റെ പ്രൈവറ്റ് സെസ്‌ന ജെറ്റ് ഉപയോഗിച്ചിരുന്നു.ജെറാൾഡ് 2012ൽ റോയൽ വിക്ടോറിയൻ ഓർഡറിന്റെ കമാൻഡറായിരുന്നു. രാജ്ഞി നൽകുന്ന വ്യക്തിപരമായ സമ്മാനമാണിത്. ഇതിന് പുറമെ ജെറാൾഡ് ഗാർട്ടറിലെ നൈറ്റും ഓർഡർ ഓഫ് ബാത്തിലെ കംപാനിയനുമായിരുന്നു. ഡയാനരാജകുമാരിയുടെ വിൽപത്രം നടപ്പിലാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചയാളുമാണ് ഇദ്ദേഹം.

ജെറാൾഡിന്റെ വമ്പൻ സ്വത്തുക്കളുടെയും പണത്തിന്റെയും ഏക അനന്തരാവകാശിയായ മകൻ ഹുഗ് ഗ്രോസ്‌വെനർ വെസ്റ്റ്മിൻസ്റ്ററിലെ ഏഴാമത് ഡ്യൂക്കാണ്. മെയ്‌‌ഫെയറിലെ 100 ഏക്കർ, ബെർഗ്രാവിയയിലെ 200 ഏക്കർ തോട്ടം തുടങ്ങിയവയുടെയും അനന്തരാവകാശിയായി ഹുഗ് മാറിയിരിക്കുന്നു. യുകെയിലെ ഏറ്റവും എക്‌സ്പൻസീവായ പ്രദേശങ്ങളാണിവ. വളരെ ശാന്തമായ ജീവിതം നയിക്കുന്ന യുവാവാണ് ഹുഗ്. തന്റെ 21ാം പിറന്നാൾ വളരെ ആഡംബരപൂർവമായിരുന്നു ഹുഗ് ആഘോഷിച്ചിരുന്നത്. ഇതിനായി 5 മില്യണോണം പൗണ്ടായിരുന്നു ചെലവഴിച്ചിരുന്നത്. ഹാരി രാജകുമാരനടക്കമുള്ള നിരവധി പ്രമുഖർ ഈ പരിപാടിക്കെത്തിയിരുന്നു.

800ഓളം അതിഥികൾ പങ്കെടുത്ത ഈ പരിപാടിയിൽ ലോകപ്രശസ്ത കോമേഡിയൻ മൈക്കൽ മാക്ഇൻടൈറെ അടക്കമുള്ള സെലിബ്രിറ്റികളെത്തിയിരുന്നു. അന്ന് ന്യൂകാസിൽ യൂണിവേഴ്‌സിറ്റിയിൽ വിദ്യാർത്ഥിയായിരുന്ന ഹുഗ് ഈ ബെർത്ത്‌ഡേ പാർട്ടിയെ തന്റെ ജീവിതത്തിലെ അവിസ്മരണീയ സംഭവമാണെന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്.ബോർഡിങ് സ്‌കൂളിൽ പഠിക്കുന്നതിന് പകരം ഹുഗ് സ്റ്റേറ്റ് പ്രൈമറി സ്‌കൂളിലായിരുന്നു പഠിച്ചിരുന്നത്. തുടർന്ന് തങ്ങളുടെ ചെഷയറിലെ കുടുംബവീടിന് സമീപത്തുള്ള പ്രൈവറ്റ് ഡേ സ്‌കൂളിലായിരുന്നു ഹുഗ് പഠിച്ചിരുന്നത്. കുടുംബസ്വത്തിന്റെ സിംഹഭാഗവും ഹുഗിനാണ് അവകാശപ്പെട്ടിരിക്കുന്നതെങ്കിലും കോൺസോളിഡേറ്റഡ് ട്രസ്റ്റ് ഫണ്ടുകളുടെ അവകാശം ഇദ്ദേഹത്തിന്റെ സഹോദരിമാർക്കുമുണ്ട്. എലിസബത്ത് രാജ്ഞിയടക്കമുള്ള രാജകുടുംബത്തിലെ പ്രമുഖരെല്ലാം ജെറാൾഡിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയിട്ടുണ്ട്. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP