Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മകൻ പട്ടിണിയില്ലാതെ ജീവിക്കാൻ പിഞ്ചുമകനെ കർണാടകക്കാരി ഉപേക്ഷിച്ചു; നാലു വയസുവരെ അവൻ വളർന്നത് തലശേരിയിൽ; സ്വിസ് ദമ്പതികൾ ദത്തെടുത്ത നിക്കോളാസ് സാമുവൽ ഗുഗാർ വളർന്നത് പ്രതീക്ഷകൾക്കുമപ്പുറം; സ്വിസ് പാർലമെന്റിൽ അംഗമാകുന്ന ആദ്യ ഇന്ത്യക്കാരനായ നിക്കിന്റെ ജീവിത കഥ ഇങ്ങനെ

മകൻ പട്ടിണിയില്ലാതെ ജീവിക്കാൻ പിഞ്ചുമകനെ കർണാടകക്കാരി ഉപേക്ഷിച്ചു; നാലു വയസുവരെ അവൻ വളർന്നത് തലശേരിയിൽ; സ്വിസ് ദമ്പതികൾ ദത്തെടുത്ത നിക്കോളാസ് സാമുവൽ ഗുഗാർ വളർന്നത് പ്രതീക്ഷകൾക്കുമപ്പുറം; സ്വിസ് പാർലമെന്റിൽ അംഗമാകുന്ന ആദ്യ ഇന്ത്യക്കാരനായ നിക്കിന്റെ ജീവിത കഥ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ജനീവ: പിഞ്ചുമകനെ ഉപേക്ഷിച്ച കർണാടകക്കാരിയായ അനസൂയയുടെ മനസിൽ മകൻ പട്ടിണിയില്ലാതെ ജീവിക്കട്ടെ എന്ന ചിന്ത മാത്രമായിരുന്നു. വളർത്താൻ മാർഗമില്ലാത്ത ആ അമ്മക്ക് അത് മാത്രമേ മാർഗമുണ്ടായിരിന്നുള്ളു. എന്നാൽ അന്ന് ഉപേക്ഷിക്കപ്പെട്ട മകൻ ഇന്ന് എവിടെയെന്ന് അറിഞ്ഞാൽ ആ അമ്മ ഞെട്ടും. സ്വിസ് ദമ്പതികൾ ദത്തെടുത്ത നിക്കോളാസ് സാമുവൽ ഗുഗാർ എന്ന ആ മകൻ അമ്മയുടെ പ്രതീക്ഷകൾക്കപ്പുറം വളർന്നു. 48 വർഷങ്ങൾക്കു ശേഷം ഇന്ന് സ്വിറ്റ്സർലൻഡിലെ പാർലമെന്റ് അംഗം. നിക്ക് എന്നു വിളിക്കപ്പെടുന്ന നിക്കോളാസിന്റെ മനസിലെ ഏറ്റവും സുന്ദരമായ ഓർമയാകട്ടെ കേരളത്തിന്റെ പച്ചപ്പും.

കാരണം നാലു വയസുവരെ നിക്ക് വളർന്നത് കേരളത്തിലാണ്-തലശേരിയിൽ. ന്യൂഡൽഹിയിൽ വിദേശരാജ്യങ്ങളിലെ ഇന്ത്യൻ വംശജരായ പാർലമെന്റ് അംഗങ്ങളുടെ സമ്മേളനത്തിനിടെ തന്റെ ജീവിതത്തെപ്പറ്റി പറഞ്ഞപ്പോൾ നിക്ക് വികാരനിർഭരനായി. വിദേശമന്ത്രാലയം കഴിഞ്ഞയാഴ്ച സംഘടിപ്പിച്ച സമ്മേളനത്തിൽ 24 രാജ്യങ്ങളിൽനിന്നുള്ള 143 പാർലമെന്റ് അംഗങ്ങളാണു പങ്കെടുത്തത്്. കർണാടകയിലെ ഉഡുപ്പിയിൽ ബേസൽ മിഷൻ നടത്തുന്ന സി.എസ്.ഐ. ലൊംബാഡ് മെമോറിയൽ ആശുപത്രിയിൽ 1970 മെയ്‌ ഒന്നിനാണു നിക്ക് ജനിച്ചത്. നന്നായി വളർത്താൻ കഴിയുന്ന ദമ്പതികൾക്കു നൽകണമെന്നു പറഞ്ഞ് അമ്മ അനസൂയ കുഞ്ഞിനെ ആശുപത്രിയിലെ ഡോക്ടർക്കു നൽകി.

തുടർന്ന് ഒരാഴ്ചയ്ക്കുള്ളിൽ സ്വിസ് ദമ്പതികളായ ഫ്രിറ്റ്സും എലിസബത്തും നിക്കിനെ ദത്തെടുത്തു. തലശേരിയിൽ ജോലിചെയ്തിരുന്നു ഫ്രിറ്റ്സും എലിസബത്തും കുഞ്ഞുമായി അവിടേക്കു വന്നു. തലശേരിയിൽ നട്ടൂർ ടെക്നിക്കൽ ട്രയ്നിങ് ഫൗണ്ടേഷനി (എൻ.ടി.ടി.എഫ്.)ൽ ജീവനക്കാരനായിരുന്നു ഫ്രിറ്റ്സ്. അമ്മ എലിസബത്ത് ജർമൻ, ഇംഗ്ലീഷ് അദ്ധ്യാപികയും. നിക്കിന്റെ നാലാം വയസിൽ കുടുംബം സ്വിറ്റ്സർലൻഡിലേക്കു പോയി. മാതാപിതാക്കൾക്ക് വലിയ സാമ്പത്തിക ശേഷി ഇല്ലാതിരുന്നതിനാൽ പഠനശേഷം നിക്ക് ഡ്രൈവിങ്ങും തോട്ടപ്പണിയും ഉൾപ്പെടെ വിവിധ ജോലികൾ ചെയ്തു. ഇതിനൊപ്പം സാമൂഹിക പ്രവർത്തനവും. 2002 ൽ സൂറിച്ചിലെ വിന്റർതർ നഗരത്തിൽ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു.

കഴിഞ്ഞ വർഷം നവംബറിൽ ഇവാൻജലിക്കൽ പീപ്പിൾസ് പാർട്ടിയുടെ ടിക്കറ്റിൽ സ്വിറ്റ്സർലൻഡ് പാർലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. സ്വിസ് പാർലമെന്റിൽ അംഗമായ ആദ്യ ഇന്ത്യക്കാരനാണു നിക്ക്. സ്വിറ്റ്സർലൻഡിന്റെയും ഇന്ത്യയുടെയും സംസ്‌കാരം താൻ ഉൾക്കൊണ്ടിട്ടുണ്ടെന്നു പറഞ്ഞ നിക്ക് വീണ്ടും ഇന്ത്യയിലെത്തുമെന്നും അറിയിച്ചു. ജന്മം നൽകിയ മാതാവ് ഉപേക്ഷിച്ചത് തന്റെ നന്മയോർത്തു മാത്രമാണെന്നു തിരിച്ചറിയുന്ന നിക്കിന് ആ അമ്മയെ പക്ഷേ, കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അമ്മയുടെ ഓർമയ്ക്കായി തന്റെ മകൾക്കിട്ടതും അമ്മയുടെ പേരുതന്നെ-അനസൂയ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP