Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സമാധാനത്തിനുള്ള നൊബേൽ സമ്മാനം ടുണീഷ്യൻ സംഘടനക്ക്; ടുണീഷ്യൻ നാഷണൽ ഡയലോഗ് ക്വാർഡെറ്റിനെ തേടി പുരസ്‌ക്കാരം എത്തിയത് മുല്ലപ്പൂ വിപ്ലവത്തിൽ വഹിച്ച പങ്ക് പരിഗണിച്ച്

സമാധാനത്തിനുള്ള നൊബേൽ സമ്മാനം ടുണീഷ്യൻ സംഘടനക്ക്; ടുണീഷ്യൻ നാഷണൽ ഡയലോഗ് ക്വാർഡെറ്റിനെ തേടി പുരസ്‌ക്കാരം എത്തിയത് മുല്ലപ്പൂ വിപ്ലവത്തിൽ വഹിച്ച പങ്ക് പരിഗണിച്ച്

ഓസ്‌ലോ: സമാധാനത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്‌കാരം ടുണീഷ്യൻ നാഷണൽ ഡയലോഗ് ക്വർഡെറ്റിന്. അറബ് ലോകത്തെയാകെ പിടിച്ചു കുലുക്കിയ മുല്ലപ്പൂ വിപ്ലവത്തിൽ ടുണീഷ്യൻ നാഷണൽ ഡയലോഗ് ക്വാർഡെറ്റ് വഹിച്ച പങ്കാണ് ഇവർക്ക് പുരസ്‌കാരം നേടിക്കൊടുത്തത്. ജനാധിപത്യത്തിനായുള്ള അറബ് വസന്തത്തിന് തുടക്കമിട്ടത് ടുണീഷ്യയിലായിരുന്നു. ടുണീഷ്യയിൽ ബഹുസ്വര ജനാധിപത്യത്തിന് മുല്ലപ്പൂ വിപ്ലവത്തിലൂടെ തുടക്കമിട്ടതിനാണ് ഈ കൂട്ടായ്മയ്ക്ക് പുരസ്‌കാരം നൽകുന്നതെന്ന് നൊബേൽ സമാധാന കമ്മിറ്റി അറിയിച്ചു. 2013ൽ നാലു സംഘടനകൾ ചേർന്നാണ് ഈ കൂട്ടായ്മയ്ക്ക് രൂപം നൽകിയത്. ടുണീഷ്യൻ ജനറൽ ലേബർ യൂണിയൻ, ടുണീഷ്യൻ ഹ്യൂമൻ റൈറ്റ്‌സ് ലീഗ്, ടുണീഷ്യൻ ഓർഡർ ഓഫ് ലോയേഴ്‌സ്, യു.ടി.ഐ.സി.എ എന്നീ സംഘടനകൾ അടങ്ങുന്നതാണ് നാഷണൽ ഡയലോഗ് ക്വാർടെറ്റ്.

ഈജിപ്ത്, യെമൻ, ലിബിയ തുടങ്ങിയ രാജ്യങ്ങളിൽ ജനാധിപത്യത്തിനു വേണ്ടിയുള്ള പ്രക്ഷോഭം ശക്തിയായത് ടുണിഷ്യയിൽ ആരംഭിച്ച മുല്ലപ്പൂ വിപ്ലവത്തോടെയായിരുന്നു. ജർമൻ ചാൻസലർ അംഗല മെർക്കൽ, ഫ്രാൻസിസ് മാർപാപ്പ, ഇറ്റാലിയൻ കത്തോലിക്ക വൈദികൻ മുസൈ സെറെ, യുഎൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ, കൊളംബിയൻ പ്രസിഡന്റ് ജുവാൻ മാനുവൽ സാന്റോസ്, കൊളംബിയൻ റെവലൂഷണറി ആംഡ് ഫോഴ്‌സ് നേതാവ് ടിമോലീൻ ജിമെൻസ്, റഷ്യൻ പത്രം നൊവായയുടെ പത്രാധിപർ ദിമിത്രി മുറാദോവ്, എഡ്വാർഡ് സ്‌നോഡൻ തുടങ്ങിയവരെ പിന്തള്ളിയാണ് ടുണീഷ്യൻ നാഷണൽ ഡയലോഗ് ക്വാർഡെറ്റ് പുരസ്‌കാരം നേടിയത്. 68 സന്നദ്ധ സംഘടനകളും 205 വ്യക്തികളും അടക്കം 273 നോമിനേഷനുകളാണ് ഇത്തവണ നോബേൽ സമാധാന പുരസ്‌കാരത്തിനായി പരിഗണിച്ചത്.

അറബ് ലോകത്ത് 2010 അവസാനത്തിൽ തുടങ്ങിയ പ്രതിഷേധപ്രക്ഷോഭ വിപ്ലവ പരമ്പരകളാണ് അറബ് വസന്തം എന്ന് അറിയപ്പെടുന്നത്. അറബ് പോരാട്ടം, അറബ് വിപ്ലവങ്ങൾ എന്നീ പേരുകളിലും ഈ പ്രക്ഷോഭങ്ങൾ വിളിക്കപ്പെടുന്നു. 2010 ഡിസംബർ 18 മുതൽ ടുണീഷ്യ, ഈജിപ്റ്റ് എന്നിവിടങ്ങളിലും പിന്നീട് ലിബിയയിലും വ്യാപിച്ച പ്രക്ഷോഭങ്ങൾ അവിടങ്ങളിലെ ഭരണകൂടങ്ങളുടെ പതനത്തിലാണ് കലാശിച്ചത്.

പ്രതിഷേധങ്ങൾ ബഹ്‌റൈൻ, സിറിയ, യെമൻ, ജോർഡാൻ, മൊറോക്കൊ, അൾജീരിയ, കുവൈറ്റ്, ലെബനാൻ, മൗറിത്താനിയ, സൗദി അറേബ്യ, സുഡാൻ, പശ്ചിമ സഹാറ എന്നിവിടങ്ങളിലും ഏറിയും കുറഞ്ഞും വ്യാപിച്ചു മുന്നേറികൊണ്ടിരിക്കുന്നു. സമരങ്ങൾ, പ്രകടനങ്ങൾ, മാർച്ചുകൾ, സമ്മേളനങ്ങൾ തുടങ്ങിയ സുസ്ഥിര ജനപ്രധിരോധമാർഗ്ഗങ്ങളിലൂടെയും വിവിധ സാമുഹ്യമാദ്ധ്യമങ്ങളിലൂടെയും ജനകീയ കൂട്ടായ്മകൾ സൃഷ്ടിച്ചും ബോധവൽക്കരണം നടത്തിയുമായിരുന്നു പ്രതിഷേധക്കാർ സർക്കാറിന്റെ അടിച്ചമർത്തലിനേയും ഇന്റർനെറ്റ് നിരോധത്തെയും നേരിട്ടത്. എന്നാൽ ഇതൊന്നും ഫലം കണ്ടില്ല.

ടുണീഷ്യയിൽ അരങ്ങേറിയ അറബ് വസന്തം എന്ന ഈ വിപ്ലവത്തെ ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോയത് ഫേസ്‌ബുക്ക്, യു ട്യൂബ് പോലുള്ള സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റുകളാണെന്നുള്ള പ്രചരണം അന്നുമുതലേ ശക്തമായിട്ടുണ്ടായിരുന്നു.മുഖ്യധാരാമാദ്ധ്യമങ്ങളേക്കാൾ വേഗത്തിലും സത്യസന്ധമായും വാർത്തകളും ചിത്രങ്ങളും നൽകിയ ഇവ വളരെ വേഗം ജനശ്രദ്ധ പിടിച്ചെടുക്കുകയും ജനങ്ങളെ വിപ്ലവത്തിലേക്കാകർഷിക്കുകയും ചെയ്തു. ആഞ്ഞടിച്ച പ്രതിഷേധക്കൊടുങ്കാറ്റിനൊടുവിൽ ഭരണാധികാരിയായ ബെൻ അലിക്ക് കീഴടങ്ങേണ്ടി വന്നു. മുല്ലപ്പൂ വിപ്ലവത്തിന്റെ കൊടുംകാറ്റ് പിന്നീട് ആഞ്ഞടിച്ചത് ഈജിപ്തിലായിരുന്നു, അവിടത്തെ ഒരു ചെറുപ്പക്കാരനായ ഖാലിദ് സയ്യിദ് എന്ന ചെറുപ്പക്കാരന്റെ രക്തസാക്ഷിത്വത്തോടെ ആരംഭിച്ച ജനകീയ പ്രക്ഷോഭം ഭരണാധികാരി ഹുസ്‌നി മുബാറക്കിന്റെ പതനത്തിലാണ് കലാശിച്ചത്.

ഈ സമരവുമായി ബന്ധപ്പെട്ട് അസ്‌മെ മെഹ്ഫൂസ് എന്ന സാധാരണ യുവതി ഫേസ്‌ബുക്കിലിട്ട ഒരു വീഡിയോ ക്ലിപ് ജനലക്ഷങ്ങൾ ഷെയർ ചെയ്യുകയും സമരത്തിന്റെ തീക്ഷണത കൂട്ടാനിതുകാരണമാവുകയും ചെയ്തു.തുടർന്ന് അറബ് ലോകം മുഴുവൻ വിപ്ലവപോരാട്ടത്തിന്റെ അലയൊലി മുഴങ്ങി. ഈ സമരങ്ങളിലൊക്കെ ട്വിറ്റർ,ബ്ലോഗ്,യുട്യൂബ്,ഫേസ്‌ബുക്ക് എന്നീ സോഷ്യൽ മീഡിയ വളരെ നിർണായകമായ പങ്ക് വഹിച്ചു. സോഷ്യൽ മീഡിയാകളിലൂടെ ആകൃഷ്ടരായി വിപ്ലവത്തിനിറങ്ങിയ ചെറുപ്പക്കാരുടെ പ്രയ്ത്‌നഫലമാണിത്. ഈ വിപ്ലവ വീര്യത്തിനുള്ള അംഗീകാരം കൂടിയാണ്

2010 ഡിസംബർ 18ന് തുനീഷ്യയിലെ തെരുവിൽ മുഹമ്മദ് ബൂഅസ്സീസി എന്ന ബിരുദധാരിയായ തെരുവു കച്ചവടക്കാരൻ തീകൊളുത്തി ആത്മഹത്യ ചെയ്ത പ്രതിഷേധത്തോടെയാണ് പ്രക്ഷോഭങ്ങളുടെ ആദ്യ തീപ്പൊരി ഉയരുന്നത്. പൊലീസിന്റെ അഴിമതിയിലും അപമര്യാദയോടെയുള്ള പെരുമാറ്റത്തിലും പ്രതിഷേധിച്ചായിരുന്നു ബൂഅസ്സീസി ആത്മഹത്യ ചെയ്തത്. തൊഴിൽ രഹിതനായ മുഹമ്മദ് ബുവാസി എന്ന ബിരുദധാരിയുടെ ജീവിതമാർഗമായിരുന്ന ഉന്തുവണ്ടിക്കച്ചവടം അധികൃതർ നിറുത്തലാക്കിയതായിരുന്നു ആത്മഹത്യയ്ക്ക് കാരണം. ഇതിൽ പ്രതിഷേധിച്ചുണ്ടായ പോരാട്ടമാണ് മുല്ലപ്പൂ വിപ്ലവമെന്ന പേരിൽ അറബ് ലോകം മാത്രമല്ല, യൂറോപ്പും അമേരിക്കയും കടന്ന് ഏഷ്യയെ വരെ ബാധിച്ചത്. മുല്ലപ്പൂവിപ്ലവം ബാധിച്ച പ്രദേശങ്ങളിലെല്ലാം വളരെയേറെ മാറ്റങ്ങൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.

ട്യൂണേഷ്യയിലെ വിജയകരമായ പ്രക്ഷോഭത്തെ തുടർന്ന്, ബൂ അസ്സീസി എന്ന തീകൊളുത്തിയ മനുഷ്യന്റെ പ്രതിഷേധതരംഗങ്ങൾ അൾജീരിയ, ജോർഡാൻ, ഈജിപ്റ്റ്,യമൻ എന്നീ രാജ്യങ്ങളേയും പിടിച്ചുലച്ചു. അതു പിന്നീട് മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു. വലുതും ഏറ്റവും സംഘടിതവുമായ പ്രക്ഷോഭ പ്രകടനങ്ങൾ നടന്നത് വെള്ളിയാഴ്ചയിലെ ജുമുഅ പ്രാർത്ഥനക്ക് (വെള്ളിയാഴ്ചയിലെ മധ്യാഹ്ന പ്രാർത്ഥന)ശേഷമായിരുന്നു. ടുണീഷ്യയുടെ ദേശീയപുഷ്പമായ മുല്ലപ്പൂവ് എന്നതിനോട് ചേർത്ത് ഈ സമരങ്ങളെ മുല്ലപ്പൂവിപ്ലവം എന്നും അറിയപ്പെടുന്നു

2012 ജനുവരി ഒന്നു വരെ മൂന്ന് രാജ്യങ്ങളിലെ സർക്കാറുകൾ ഈ പ്രക്ഷോഭഫലമായി കടപുഴകി വീണു. ട്യൂണേഷ്യയിലെ വിപ്ലവത്തെ തുടർന്ന് അവിടുത്തെ പ്രസിഡന്റ് സൈനുൽ ആബിദീൻ ബിൻ അലി 2011 ജനുവരി 14 ന് സൗദി അറേബ്യയിൽ അഭയം തേടി. 2011 ഫെബ്രുവരി 11ന് , 18 ദിവസത്തെ ശക്തമായ പ്രക്ഷോഭത്തെ തുടർന്ന് ഈജിപ്ഷ്യൻ പ്രസിഡന്റ് ഹുസ്‌നി മുബാറക് തന്റെ മുപ്പതു വർഷത്തെ ഭരണം അവസാനിപ്പിച്ചു രാജി നൽകി. 2011 ഓഗസ്റ്റ് 23 ന് ലിബിയയുടെ പ്രസിഡന്റായിരുന്ന് മുഅമ്മർ ഗദ്ദാഫി ഭരണത്തിൽ നിന്ന് പുറത്താക്കപ്പെടുകയും നാഷണൽ ട്രാൻസിഷിനൽ കൗൺസിൽ ബാബുൽ അസ്സീസിയയുടെ നിയന്ത്രണം കയ്യേൽക്കുകയും ചെയ്തു. 2011 ഒക്ടോബർ 20 ന് സിത്രിലെ തന്റെ സ്വന്തം പട്ടണത്തിൽ ഗദ്ദാഫി കൊലചെയ്യപ്പെട്ടു.

മേഖലയിൽ ഈ പ്രക്ഷോഭനാളുകളിൽ നിരവധി ഭരണാധികാരികൾ തങ്ങളുടെ ഭരണകാലയളവ് തീർന്നാൽ ഭരണത്തിൽ നിന്ന് താഴെയിറങ്ങാം എന്നു പ്രഖ്യാപിക്കുകയുണ്ടായി. യമൻ രാഷ്ട്രപതി അലി അബ്ദുല്ല സാലിഹ് 2011 നവംബർ 23 ന് റിയാദിൽ വച്ച് ജി.സി.സി ഉടമ്പടിയിൽ ഒപ്പുവച്ചു. അങ്ങനെ അറബ് ലോകത്തെ ഏകാധിപതിൾ ഓരോന്നായി മുല്ലപ്പൂവിപ്ലവത്തിന്റെ കരുത്തിൽ വീണു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP