Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിഷപ്പുമാരും വൈദികരും കന്യാസ്ത്രീകളെ ചൂഷണം ചെയ്തിട്ടുണ്ടെന്ന് ഫ്രാൻസിസ് മാർപ്പാപ്പ; ഇത്തരം കുറ്റകൃത്യങ്ങൾ ഉണ്ടാകുന്നത് സ്ത്രീകളെ രണ്ടാംകിട പൗരന്മാരായി കാണുന്നതുകൊണ്ട്; ഇതിനെതിരെ കൂടുതൽ നടപടികൾ സ്വീകരിക്കണമെന്നും മാർപാപ്പ

ബിഷപ്പുമാരും വൈദികരും കന്യാസ്ത്രീകളെ ചൂഷണം ചെയ്തിട്ടുണ്ടെന്ന്  ഫ്രാൻസിസ് മാർപ്പാപ്പ; ഇത്തരം കുറ്റകൃത്യങ്ങൾ ഉണ്ടാകുന്നത് സ്ത്രീകളെ രണ്ടാംകിട പൗരന്മാരായി കാണുന്നതുകൊണ്ട്; ഇതിനെതിരെ കൂടുതൽ നടപടികൾ സ്വീകരിക്കണമെന്നും മാർപാപ്പ

മറുനാടൻ ഡെസ്‌ക്‌

അബുദാബി: കത്തോലിക്കാ പുരോഹിതന്മാരും ബിഷപ്പുമാരും കന്യാസ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്നും ലൈംഗിക അടിമകളായി പോലും നിലനിർത്തിയിട്ടുണ്ടെന്നും ഫ്രാൻസിസ് മാർപാപ്പ തുറന്ന് സമ്മതിച്ചു. യു.എ.ഇ. പര്യടനത്തിന് ശേഷം മടക്കയാത്രയിൽ മാധ്യമങ്ങളോട് സംസാരിക്കുകവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇങ്ങനെയൊരു പ്രശ്‌നം ലോകത്ത് പലയിടത്തായുള്ള സഭകളിലും കാണാൻ സാധിക്കുമെന്നും ചില പ്രദേശങ്ങളിലും കോൺഗ്രഗേഷനുകളും കൂടുതലായി ഈ പ്രവണത കണ്ടു വരുന്നുണ്ടെന്നും മാർപ്പാപ്പ പ്രതികരിച്ചു. ഇതൊരു സാംസ്‌കാരിക പ്രശ്‌നമാണെന്നും സ്ത്രീകളെ രണ്ടാംകിട പൗരന്മാരായി കാണുന്നതുകൊണ്ടാണ് ഇത്തരം കുറ്റകൃത്യങ്ങൾ ഉണ്ടാകുന്നതെന്നും മാർപ്പാപ്പ കൂട്ടിച്ചേർത്തു.

'എനിക്ക് തോന്നുന്നത് ഇപ്പോഴും ഇങ്ങനെയുള്ള കുറ്റങ്ങൾ തുടരുന്നുണ്ട് എന്നാണ്. അതങ്ങനെ പെട്ടെന്ന് അവസാനിക്കാൻ സാധ്യതയില്ല. അത് തുടരുകയാണ്. സഭയ്ക്ക് ഇങ്ങനെയൊരു കുഴപ്പമുണ്ടോ എന്ന് നിങ്ങൾ ചോദിക്കേണ്ട കാര്യമില്ല. കാരണം അത് സത്യമാണ്. ഇതിനെതിരെ കൂടുതൽ നടപടികൾ സഭ സ്വീകരിക്കേണ്ടതുണ്ടോ? തീർച്ചയായും ഉണ്ട്.' മാർപ്പാപ്പ പറഞ്ഞു.

വത്തിക്കാൻ ഈ പ്രശ്നം പരിഹരിക്കാൻ ഏറെ നാളുകളായി ശ്രമിക്കുകയാണെന്നും, നിരവധി വൈദികരോട് ഇതിന്റെ പേരിൽ വൈദികവൃത്തിയിൽ നിന്നും മാറി നിൽക്കാൻ ആവശ്യപ്പെട്ടുവെന്നും മാർപ്പാപ്പ പറഞ്ഞു.2018 സെപ്റ്റംബർ 21നാണു കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസുമായി ബന്ധപ്പെട്ട് ജലന്ധർ അതിരൂപതയിലെ മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 2014-16 കാലയളവിൽ 13 തവണയാണ് കന്യാസ്ത്രീ ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ചത്.

2018 ജൂണിൽ തന്നെ കന്യാസ്ത്രീ ഫ്രാങ്കോയ്‌ക്കെതിരെ ആരോപണവുമായി രംഗത്ത് വന്നുവെങ്കിലും ഏറെ വൈകിയാണ് പൊലീസ് ഈ കാര്യത്തിൽ നടപടിയെടുക്കാൻ തയ്യാറായത്. വിഷയത്തിൽ നടപടിയെടുക്കാൻ സഭയുടെ മേലധ്യക്ഷന്മാരും സമയമെടുത്തത് ആഗോളതലത്തിൽ തന്നെ വിഷയം വിവാദമാകുന്നതിലേക്ക് വഴിവെച്ചു. കന്യാസ്ത്രീക്ക് നീതി ലഭിക്കാനായി കുറവിലങ്ങാടു മഠത്തിലെ കന്യാസ്ത്രീകൾ തന്നെ നേരിട്ട് രംഗത്തിറങ്ങിയിരുന്നു.

ഏതാനും മാസങ്ങൾക്ക് മുൻപ് കന്യാസ്ത്രീകൾ വൈദികരിൽ നിന്നും ചൂഷണം നേരിട്ടിട്ടുണ്ടെന്നും, അതിനാൽ പലർക്കും ഗർഭച്ഛിദ്രം ചെയ്യേണ്ടി വന്നുവെന്നും വത്തിക്കാൻ മാസികയിൽ വാർത്തകൾ വന്നിരുന്നു. അതേസമയം തന്നെ 'വത്തിക്കാൻ വുമൺ വേൾഡ്' എന്ന വത്തിക്കാനിൽ നിന്നും പ്രസിദ്ധീകരിക്കുന്ന പത്ര സപ്പ്‌ളിമെന്റിലും കന്യാസ്ത്രീകൾ നേരിടുന്ന ചൂഷണങ്ങളെക്കുറിച്ചും, പലരും ഭയം കൊണ്ട് അത് പുറത്ത് പറയാത്തതിനെക്കുറിച്ചും റിപ്പോർട്ടുകളുണ്ടായിരുന്നു.തൊണ്ണൂറുകളിൽ ആഫ്രിക്കയിലെ വൈദികർ കന്യാസ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തതിനെക്കുറിച്ചും വത്തിക്കാൻ സഭയ്ക്ക് പരാതികൾ ലഭിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP