Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാക്കിസ്ഥാനിൽ സൈനിക ഹെലികോപ്ടർ തകർന്ന് വിദേശ അംബാസഡർമാരടക്കം ആറു പേർ കൊല്ലപ്പെട്ടു; ഹെലികോപ്ടർ തകർത്തതിന്റെ ഉത്തരവാദിത്വം താലിബാൻ ഏറ്റെടുത്തു

പാക്കിസ്ഥാനിൽ സൈനിക ഹെലികോപ്ടർ തകർന്ന് വിദേശ അംബാസഡർമാരടക്കം ആറു പേർ കൊല്ലപ്പെട്ടു; ഹെലികോപ്ടർ തകർത്തതിന്റെ ഉത്തരവാദിത്വം താലിബാൻ ഏറ്റെടുത്തു

ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ സൈനിക ഹെലികോപ്ടർ തകർന്നുവീണ് വിദേശ അംബാസഡർമാരടക്കം ആറു പേർ കൊല്ലപ്പെട്ടു. നോർവീജിയൻ, ഫിലിപ്പിൻസ് അംബാസിഡർമാർ ഉൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. അതിനിടെ ഹെലികോപ്ടർ തകർത്തത് തങ്ങളാണെന്ന അവകാശവാദവുമായി താലിബാൻ രംഗത്തെത്തി.

നോർവീജിയൻ അംബാസിഡർ ലീഫ് എൽ ലാർസെൻ, ഫിലിപ്പിൻസ് അംബാസിഡർ ഡോമിംഗോ ഡി ലുസെനാരിയോ ജൂനിയർ എന്നിവർക്കൊപ്പം മലേഷ്യൻ, ഇന്തോനേഷ്യൻ അംബാസിഡർമാരുടെ ഭാര്യമാരും രണ്ട് ഹെലികോപ്ടർ പൈലറ്റുമാരുമാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.

വടക്കൻ പാക്കിസ്ഥാനിലെ നൾട്ടാർ താഴ്‌വരയിലുള്ള സ്‌കൂളിനുമുകളിലാണ് ഹെലികോപ്ടർ തകർന്നുവീണതെന്ന് പാക് സൈനിക അധികൃതർ ട്വിറ്ററിലൂടെ അറിയിച്ചു. അടിയന്തര ലാൻഡിങ്ങിന് ശ്രമിക്കവെയാണ് വിമാനം തകർന്നുവീണതെന്നാണ് ആദ്യ റിപ്പോർട്ടുകൾ പുറത്തുവന്നത്. സാങ്കേതിക തകരാർ മൂലമാണ് വിമാനം തകർന്നതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് അൽ ജസീറയും റിപ്പോർട്ട് ചെയ്തു. ഇസ്ലാമാബാദിൽ നിന്നും 300 കിലോമീറ്റർ അകലെയാണ് അപകടം നടന്ന സ്ഥലം.

ഇതിനിടെയാണ് ഹെലികോപ്ടർ തകർത്തത് തങ്ങളാണെന്ന അവകാശ വാദവുമായി പാക് താലിബാൻ രംഗത്തെത്തിയത്. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ആയിരുന്നു ലക്ഷ്യമെന്നും പാക് താലിബാൻ വക്താവ് മുഹമ്മദ് ഖൊറസാനിയാണ് അവകാശപ്പെട്ടു. എന്നാൽ ഇതുസംബന്ധിച്ച് സൈനിക അധികൃതരുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.

പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് പങ്കെടുക്കുന്ന ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട ചടങ്ങിൽ സംബന്ധിക്കാനായിരുന്നു നയതന്ത്രപ്രതിനിധികളുടെ യാത്ര. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ബാലിസ്താനിലേക്കുള്ള യാത്ര ഷെരീഫ് റദ്ദാക്കി. അംബാസിഡർമാരുടെ മരണത്തിൽ ഷെരീഫ് നടുക്കവും ദുഃഖവും രേഖപ്പെടുത്തിയതായി റേഡിയ പാക്കിസ്ഥാൻ റിപ്പോർട്ട് ചെയ്തു.

പോളിഷ്, ഡച്ച് അംബാസിഡർമാർ അടക്കം 13 പേർ പരുക്കുകളോടെ രക്ഷപ്പെട്ടുവെന്നും പാക് സൈനിക വക്താവ് അസീം ബജ്വ പറഞ്ഞു. ഇവരെ ജൂട്ടിലാലിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം നടന്ന സ്ഥലത്ത് നിന്ന് 30 കിലോമീറ്റർ അകലെയാണ് ആശുപത്രി. വ്യോമമാർഗമാണ് പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.

പാക്കിസ്ഥാനിലെ ഗിൽഗിത് ബാലിസ്താൻ പ്രദേശത്തേക്ക് നയതന്ത്ര പ്രതിനിധികളെ വഹിച്ചുകൊണ്ടുപോകുകയായിരുന്ന ഹെലികോപ്ടറാണ് തകർന്നുവീണത്. ഹെലികോപ്ടറിൽ 11 വിദേശ നയതന്ത്രപ്രതിനിധികൾ അടക്കം 17 പേരാണ് ഉണ്ടായിരുന്നത്. ഹിമാലയൻ, കാരകോറം, ഹിന്ദു കുഷ് മലനിരകൾ ഒന്നിക്കുന്ന പാക്കിസ്ഥാന്റെ വടക്കേ അറ്റത്തുള്ള പ്രദേശമാണ് ഗിൽഗിത് ബാലിസ്താൻ.

ഹെലികോപ്ടർ തകർന്നുവീണതിനെ തുടർന്ന് സ്‌കൂളിൽ തീപിടിച്ചു. ഗിൽജിറ്റ് ജില്ലയിലെ സൈനിക സ്‌കൂളിൽ കെട്ടിടത്തിനു മുകളിൽ ഹെലികോപ്റ്റർ തകർന്നു വീഴുകയായിരുന്നു. വിമാനവേധ മിസൈൽ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് താലിബാൻ വക്താവ് മുഹമ്മദ് ഖൊറാസനിയുടെ ഇമെയിൽ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു. വ്യോമസേനയുടെ പരിപാടിയിൽ പങ്കെടുക്കാൻ വിവിധ രാജ്യങ്ങളിലെ 37 പ്രതിനിധികൾ അടങ്ങിയ സംഘം മൂന്നു ഹെലികോപ്റ്ററുകളിലായാണ് പുറപ്പെട്ടത്. അതിലൊന്നാണ് പാക്ക് താലിബാൻ ആക്രമണത്തിൽ തകർത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP