Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മോദിയെ കൊല്ലാൻ പാമ്പുകളെ അയക്കും എന്ന് ഭീഷണിപ്പെടുത്തിയ പോപ് ഗായികക്കെതിരെ കേസെടുത്തത് വന്യജീവികളെ കൈവശം വെച്ചതിന്; ഇന്ത്യൻ പ്രധാനമന്ത്രിക്കെതിരെ വീഡിയോ പോസ്റ്റ് ചെയ്ത റാബി പിർസാദ തെറ്റുകാരിയെന്ന് കണ്ടാൽ ലഭിക്കുക അഞ്ചു വർഷം തടവും പിഴയും; ഉരഗങ്ങളെ വാടകക്കെടുത്തതെന്ന് പാക് യുവതിയുടെ വിശദീകരണം

മോദിയെ കൊല്ലാൻ പാമ്പുകളെ അയക്കും എന്ന് ഭീഷണിപ്പെടുത്തിയ പോപ് ഗായികക്കെതിരെ കേസെടുത്തത് വന്യജീവികളെ കൈവശം വെച്ചതിന്; ഇന്ത്യൻ പ്രധാനമന്ത്രിക്കെതിരെ വീഡിയോ പോസ്റ്റ് ചെയ്ത റാബി പിർസാദ തെറ്റുകാരിയെന്ന് കണ്ടാൽ ലഭിക്കുക അഞ്ചു വർഷം തടവും പിഴയും; ഉരഗങ്ങളെ വാടകക്കെടുത്തതെന്ന് പാക് യുവതിയുടെ വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

ഇസ്ലാമാബാദ്: നരേന്ദ്ര മോദിയെ കൊല്ലാൻ പാമ്പുകളെ അയക്കുമെന്നും നരകത്തിൽ മരിക്കാൻ തയ്യാറായിക്കൊള്ളു എന്നും വീഡിയോയിലൂടെ ഭീഷണി മുഴക്കിയ പാക്കിസ്ഥാനി ഗായികക്കെതിരെ പാക്കിസ്ഥാനിൽ കേസ്. വന്യജീവികളെ അനധികൃതമായി കൈവശം വെച്ചതിന്റെ പേരിൽ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ വന്യജീവി വകുപ്പാണ് പോപ് ഗായികയായ റാബി പിർസാദക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

കശ്മീരിന്റെ പ്രത്യേക അധികാരങ്ങൾ ഇല്ലാതാക്കുകയും പുനഃസംഘടിപ്പിക്കുകയും ചെയ്തതിന് പിന്നാലെയായിരുന്നു പാക്കിസ്ഥാൻ ഗായിക ഈ മാസം ആദ്യം മോദിക്കെതിരെ ശാപവാക്കുകളും ഭീഷണിയും മുഴക്കി രംഗത്തെത്തിയിരുന്നത്. പാമ്പുകളെ കയ്യിൽപിടിച്ചുകൊണ്ട് കശ്മീർ വിഷയത്തെ കുറിച്ച് സംസാരിക്കുന്ന റാബി, ഇവയെല്ലാം പ്രധാനമന്ത്രി മോദിക്കുള്ള സമ്മാനങ്ങളാണെന്നും എന്റെ സുഹൃത്തുക്കൾ നിങ്ങളെ ആസ്വദിച്ച് ഭക്ഷിക്കുമെന്നും വീഡിയോയിൽ പറഞ്ഞിരുന്നു. ഈ സമയത്ത് പെരുമ്പാമ്പുകളും മുതലകളും നിലത്തുകിടക്കുന്നതും കാണാം.

പ്രധാനമന്ത്രി മോദിക്കുള്ള പ്രത്യേക സമ്മാനങ്ങളാണിവയെന്ന തലക്കെട്ടോടുകൂടിയാണ് പിർസാദ പാമ്പുകൾക്കൊപ്പം കളിക്കുന്ന വീഡിയോ പുറത്തുവിട്ടത്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് തന്റെ പാമ്പ് നരേന്ദ്ര മോദിയെ ആക്രമിക്കുമെന്ന് പിർസാദ വീഡിയോയിലൂടെ പരോക്ഷമായി ഭീഷണിപ്പെടുത്തുന്നു. വീഡിയോയിൽ മാരകമായ പാമ്പുകളെയും മറ്റ് വിഷജീവികളെയും നിയന്ത്രണ രേഖയിലൂടെ അയക്കുമെന്ന് ഭാരതീയർക്ക് മുന്നറിയിപ്പ് നൽകുന്നു.

'ഒരു കശ്മീരി പെൺകുട്ടിയെന്ന നിലയിൽ, ഈ പാമ്പുകളെയെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിക്കുന്നു നരകത്തിൽ വെച്ച് മരിക്കാൻ തയ്യാറായിക്കൊള്ളുക ഇതായിരുന്നു പിർസാദയുടെ വാക്കുകൾ. കശ്മീരികളുമായി ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പാട്ടുകളും പിർസാദ വീഡിയോയിൽ പങ്കുവെച്ചിരുന്നു. ഇതാദ്യമായല്ല പിർസാദ ഇത്തരത്തിൽ ഇന്ത്യക്കെതിരെ മോശം പരാമർശങ്ങൾ ഉന്നയിക്കുന്നതെന്നും ശ്രദ്ധേയമാണ്.

സൽമാൻ ഖാനും ബോളിവുഡ് സിനിമയുമാണ് തങ്ങളുടെ നാട്ടിൽ കുറ്റകൃത്യങ്ങൾ പെരുകാൻ കാരണമെന്ന് റാബി പിർസാദ ആരോപിച്ചിരുന്നു. പാക്കിസ്ഥാൻ ചലച്ചിത്രവ്യവസായത്തിനും ഇന്ത്യൻ സിനിമ ക്ഷീണം ഉണ്ടാക്കുകയാണെന്നും പിർസാദ പറഞ്ഞിരുന്നു. ഓരോ ബോളിവുഡ് ചിത്രങ്ങളും റിലീസ് ചെയ്യുമ്പോഴും ഏന്തെങ്കിലും ക്രിമിനൽക്കുറ്റങ്ങളോ നിയമലംഘനമോ നടക്കുകയാണ്. പ്രത്യേകിച്ച് സൽമാൻഖാന്റെ ചിത്രങ്ങൾ. ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാക്കളോട് എനിക്ക് ചോദിക്കാനുള്ളത് നിങ്ങൾ യഥാർത്ഥത്തിൽ യുവാക്കളെ എന്താണ് പഠിപ്പിക്കുന്നത് എന്നാണ്. ഇത് ശരിക്കും കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്ല്യമാണ് എന്നായിരുന്നു നേരത്തേ റാബിയുടെ പ്രതികരണം.

സൽമാൻഖാനു പുറമേ ബോളിവുഡിനെതിരെയും രൂക്ഷ വിമർശനങ്ങളാണ് താരം ഉന്നയിച്ചത്. ' ഒരു പാക്കിസ്ഥാൻ ചിത്രം അതിന്റെ ഏറ്റവും മികച്ച അവസ്ഥയിലെത്തുമ്പോൾ അത് നൽകുന്ന സന്ദേശം സദാചാരപരമായ പാഠങ്ങളാകും. അതിന്റെ കഥാരീതി ഉയർത്തിക്കാട്ടുക സാമൂഹ്യ മൂല്ല്യങ്ങളുമാണ്. സമൂഹത്തിന് ഗുണപരമായ കാര്യങ്ങളാണ് നമ്മൾ പഠിപ്പിക്കുന്നത്. പക്ഷേ ഒരു ബോളിവുഡ് ചിത്രം പുറത്തിറങ്ങിയാൽ അതൊക്കെ നശിപ്പിക്കുമെന്നായിരുന്നു റാബിയുടെ ആരോപണം.

പെരുമ്പാമ്പ്, മുതല തുടങ്ങിയ വന്യജീവികളെ അനധികൃതമായി കൈവശം വെച്ചതിനാണ് റാബിക്കെതിരെ നടപടിയെടുത്തത്. പിഴയൊടുക്കാനാണ് വകുപ്പ് റാബിയോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് പാക്കിസ്ഥാനി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തെറ്റുകാരിയെന്ന് കണ്ടെത്തിയാൽ അഞ്ചുവർഷം തടവും പിഴയും ലഭിക്കാനുള്ള കുറ്റമാണ് റാബിയുടെ പേരിലുള്ളത്. അതേസമയം പാമ്പുകളും മുതലകളും തന്റേതല്ലെന്നും വീഡിയോ ചിത്രീകരിക്കുന്നതിനായി വാടകയ്ക്ക് എടുത്തതാണെന്നും റാബി പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP