Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫലസ്തീനിയൻ ഗർഭിണിയും ബന്ധുക്കളുമായി വേഷം മാറി ആശുപത്രിയിൽ എത്തിയ ഇസ്രയേലി സൈനികർ ഭീകരൻ എന്ന് ആരോപിച്ച് ഫലസ്തീനിയെ അറസ്റ്റ് ചെയ്തു; എതിർക്കാൻ ശ്രമിച്ച ബന്ധുവിനെ വെടി വച്ച് കൊന്നു

ഫലസ്തീനിയൻ ഗർഭിണിയും ബന്ധുക്കളുമായി വേഷം മാറി ആശുപത്രിയിൽ എത്തിയ ഇസ്രയേലി സൈനികർ ഭീകരൻ എന്ന് ആരോപിച്ച് ഫലസ്തീനിയെ അറസ്റ്റ് ചെയ്തു; എതിർക്കാൻ ശ്രമിച്ച ബന്ധുവിനെ വെടി വച്ച് കൊന്നു

ഗസ്സ: കുറ്റവാളികളെ അറസ്റ്റ് ചെയ്യാൻ ലോകമാകമാനമുള്ള കുറ്റാന്വേഷകർ വിവിധ മാർഗങ്ങൾ പയറ്റാറുണ്ട്. അതിനായി ഏത് വേഷവും അവർ കെട്ടാറുമുണ്ട്. എന്നാൽ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന കുറ്റവാളിയെ പിടിക്കാൻ ഗർഭിണിയും സംഘവും ചമഞ്ഞ് ആശുപത്രിയിലെത്തുകയും അറസ്റ്റ് നടത്തുകയും അതിനിടെ ഒരാളെ വെടിവച്ച് കൊല്ലുകയും ചെയ്ത സംഭവം അധികം കേട്ട് കേൾവിയില്ലാത്തതാണ്. ഇസ്രയേലി സൈനികർ ഈ ഒരു രീതിയാണ് കഴിഞ്ഞ ദിവസം പയറ്റിയിരിക്കുന്നത്. ഇത്തരത്തിൽ വേഷപ്പകർച്ച നടത്തിയ സൈനികർ ഭീകരൻ എന്നാരോപിച്ചച് ഫലസ്തീനിയെ അറസ്റ്റ് ചെയ്യുകയും എതിർക്കാൻ ശ്രമിച്ച ബന്ധുവിനെ വെടിവച്ച് കൊല്ലുകയുമായിരുന്നു.

വെസ്റ്റ് ബാങ്കിലെ ഹെർബണിലെ അൽഅഹ്ലി ഹോസ്പിറ്റലിലാണ് നാടകീയമായ ഈ സംഭവങ്ങൾ അരങ്ങേറിയിരിക്കുന്നത്. ഈ ഓപ്പറേഷൻ നടത്താൻ 20 ൽഅധികം ഓഫീസർമാരാണ് വേഷം മാറിയെത്തിയത്. ഇതിലൊരാൾ ഗർഭിണിയായ സ്ത്രീയായി വേഷം മാറുകയായിരുന്നു. തുടർന്ന് അവർ സർജിക്കൽ യൂണിറ്റിൽ പ്രവേശിക്കുകയും അവിടെ ചികിത്സയിലായിരുന്ന കത്തിക്കുത്ത് കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.സെക്യൂരിറ്റി ക്യാമറ ഫൂട്ടേജിൽ ഇതു സംബന്ധിച്ച ദൃശ്യങ്ങൾ കാണാം. കഴിഞ്ഞ മാസം ഒരു ഇസ്രയേലിയെ കത്തിക്കുത്ത് നടത്തിയ കേസിൽ പ്രതിയെന്ന് സംശയിക്കുന്ന ഫലസ്തീനിയായ അസം ഷലാദേഹിനെ പിടിക്കാൻ വേണ്ടിയാണ് ഇസ്രയേലി സൈനികർ ഈ അഭ്യാസം നടത്തിയത്. അറസ്‌ററിനെ പ്രതിരോധിക്കാൻ ശ്രമിച്ച അസമിന്റെ ബന്ധുവായ 27 കാരൻ അബ്ദുള്ളയാണ് സൈനികരുടെ വെടിയേറ്റ് മരിച്ചത്.

സൈനികരുടെ ഈ നടപടിയിൽ ശക്തമായ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. ഇത് കടുത്ത കുറ്റമാണെന്നാണ് അൽഅഹ്ലി ഹോസ്പിറ്റൽ ഡയറക്ടറായ ജിഹാദ് ഷവാർ ആരോപിച്ചിരിക്കുന്നത്. ഇത് അന്താരാഷ്ട്ര നിയമങ്ങൾക്കെതിരാണെന്നും അദ്ദേഹം പറയുന്നു.ആരും ഹോസ്പിറ്റലുകൾ ആക്രമിക്കാറില്ലെന്നും എന്നാൽ ഇസ്രയേലുകാർ അതും ചെയ്തിരിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

അവർ ആശുപത്രി ജീവനക്കാരെ തോക്കിന്മുനയിൽ ഭീഷണിപ്പെടുത്തി നിർത്തി കാര്യം സാധിക്കുകയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.കഴിഞ്ഞ മാസം ഇസ്രയേലിയെ കത്തി കൊണ്ട് കുത്തിയ അസമിനെ അറസ്റ്റ് ചെയ്യാനാണ് തങ്ങൾ ആശുപത്രിയിൽ പ്രവേശിച്ചതെന്നാണ് ഇസ്രയേലി മിലിട്ടറി പറയുന്നത്. അറസ്റ്റിനിടെ ആശുപത്രിയിലെ ഒരാൾ ഇതിനെ എതിർക്കാൻ ശ്രമിച്ചപ്പോൾ വെടിവച്ച് കൊല്ലുകയായിരുന്നുവെന്നും സൈന്യം വെളിപ്പെടുത്തുന്നു. എന്നാൽ ഈ ഓപ്പറേഷനെ കുറിച്ച് കൂടുതൽ വിവരങ്ങൾ കൈമാറാൻ സൈന്യം തയ്യാറായില്ല. വെടിയുണ്ടയേററതിനെ തുടർന്നുള്ള ചികിത്സയ്ക്കായിരുന്നു അസം ആശുപത്രിയിൽ കഴിഞ്ഞിരുന്നത്. കത്തിക്കുത്ത് നടത്തി പലായനം ചെയ്യുന്നതിനിടയിൽ ഇയാൾക്ക് സൈന്യത്തിന്റെ വെടിയേൽക്കുകയായിരുന്നുവെന്നും ഇയാളാണ് പ്രതിയെന്നതിന് ഇതിൽ കൂടുതൽ തെളിവ് വേണ്ടെന്നുമാണ് സൈന്യം പറയുന്നത്. ഇസ്രയേൽ കാരും ഫലസ്തീൻകാരും തമ്മിൽ രണ്ടു മാസങ്ങൾക്ക് മുമ്പാരംഭിച്ച പുതിയ സംഘർഷം ഇപ്പോഴും തുടരുകയാണ്. ഇതിൽ 12 ഇസ്രയേൽ കാരും 78 ഫലസ്തീൻ കാരും മരിച്ചിരുന്നു. ഇസ്രയേൽ കാർക്കെതിരെ കത്തിക്കുത്ത് നടത്തുകയെന്ന പുതിയ ആക്രമണ തന്ത്രമാണ് ഇപ്പോൾ ഫലസ്തീൻ കാർ പ്രയോഗിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP