Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സയണിസ്റ്റ് ഭീകരതക്ക് ഒത്താശ പിടിക്കുന്നവർക്ക് ഇനിയെന്തെങ്കിലും പറയാനുണ്ടോ? കല്ലെറിഞ്ഞ കുറ്റത്തിന് രണ്ട് മാസമായി പതിനാലുകാരി പെൺകുട്ടി ഇസ്രയേൽ ജയിലിൽ; ഇസ്രയേൽ സൈന്യത്തിന്റെ ഭീകരതയ്‌ക്കെതിരെ ഇസ്രയേലി മനുഷ്യാവകാശ സംഘടനയും രംഗത്ത്

സയണിസ്റ്റ് ഭീകരതക്ക് ഒത്താശ പിടിക്കുന്നവർക്ക് ഇനിയെന്തെങ്കിലും പറയാനുണ്ടോ? കല്ലെറിഞ്ഞ കുറ്റത്തിന് രണ്ട് മാസമായി പതിനാലുകാരി പെൺകുട്ടി ഇസ്രയേൽ ജയിലിൽ; ഇസ്രയേൽ സൈന്യത്തിന്റെ ഭീകരതയ്‌ക്കെതിരെ ഇസ്രയേലി മനുഷ്യാവകാശ സംഘടനയും രംഗത്ത്

ഗസ്സ: ഫലസ്തീനിലെ കുരുന്നുകളെ കൊന്നൊടുക്കുന്ന സയണിസ്റ്റ് ഭീകരതയെ ന്യായീകരിക്കുന്ന പാശ്ചാത്യ ശക്തികൾ ഇനിയെന്ത് ന്യായം പറയും? കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് ഫലസ്തീനിൽ നടക്കുന്നതെന്ന് വ്യക്തമാകുന്നതിനിടെ ഞെട്ടിക്കുന്ന ഒരു റിപ്പോർട്ടു കൂടി പുറത്തുവന്നു. ഫലസ്തീൻ ജനതയുടെ മേൽ മിസൈൽ ഷെല്ലുകൾ വർഷിക്കുന്ന ഇസ്രയേൽ സൈന്യത്തിന്റെ ക്രൂരതയ്‌ക്കെതിരെ ഒരു കല്ലെടുത്തെറിഞ്ഞു എന്ന കുറ്റത്തിന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രണ്ട് മാസത്തോളമായി തടവിൽ പാർപ്പിച്ചിരിക്കയാണ് ഇസ്രയേൽ. 14 വയസുകാരിയായ ഫലസ്തീൻ പെൺകുട്ടിയെയാണ് ഇസ്രയേൽ അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കുകയും കോടതി രണ്ട് മാസത്തെ തടവുശിക്ഷയും 1,500 ഡോളർ പിഴയും ശിക്ഷ വിധിച്ചത്. വെസ്റ്റ്ബാങ്കിലൂടെ കടന്നുപോയ കാറിന് നേരെ കല്ലെറിഞ്ഞു എന്ന കുറ്റത്തിനായാണ് ഇസ്രയേലുകാർ ഈ ക്രൂരത പ്രവർത്തിച്ചത്.

മാലിക് അൽ ഖത്തീബ് എന്ന പെൺകുട്ടിക്കാണ് ഈ ദുരനുഭവം നേരിടേണ്ടി വന്നത്. കല്ലെറിഞ്ഞെന്ന കുറ്റത്തിന് കഴിഞ്ഞമാസം അറസ്റ്റു ചെയ്ത പെൺകുട്ടിയെ ഇസ്രയേൽ മിലിട്ടറി കോടതി ശിക്ഷിച്ചു എന്നതു തന്നെയാണ് ഇതിലെ ക്രൂരമായ കാര്യം. അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കി ഇസ്രേയേൽ ശിക്ഷിച്ച പ്രായപൂർത്തിയാകാത്തവരിൽ ഒരാൾ മാത്രമാണ് മലാക് അൽ ഖത്തീബിന്റേത്. ഇസ്രയേൽ ശിക്ഷിച്ച പ്രായം കുറഞ്ഞ പെൺകുട്ടിയാണ് മലാക്കെന്ന് ഫലസ്തീൻ അധികൃതരും വ്യക്തമാക്കുന്നു.

ഫലസ്തീൻകാരും ഇസ്രയേലുകാരും ഒരുപോലെ ഉപയോഗിക്കുന്ന വെസ്റ്റ്ബാങ്കിലെ റോഡിലൂടെ ഇക്കഴിഞ്ഞ ഡിസംബർ 31ന നടക്കാനിറങ്ങിയ പെൺകുട്ടി കാറിന് നേരെ കല്ലെറിഞ്ഞുവെന്ന കുറ്റത്തിനാണ് അറസ്റ്റു ചെയ്തതെന്നാണ് മലാക്കിന്റെ മാതാപിതാക്കളോട് ഇസ്രയേൽ സൈന്യം പറഞ്ഞിരിക്കുന്നത്. പെൺകുട്ടിയിൽ നിന്നും കത്തിയും കണ്ടെടുത്തുവെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ കാറിന് നേരെയാണ് മലാക്ക് കല്ലെറിഞ്ഞതെന്നാണ് ഇവരുടെ വാദം.

അതേസമയം കേവലം 14 വയസ് പ്രായം മാത്രമുള്ള പെൺകുട്ടി സൈനികർക്ക് എങ്ങനെ ഭീഷണിയാകുമെന്നാണ് മലാക്കിന്റെ പിതാവ് അലി അൽ ഖത്താബ് ചോദിക്കുന്നത്. കോടതി ശിക്ഷിച്ച ശേഷം പ്രായപൂർത്തിയാകാത്തവരെ പാർപ്പിക്കുന്ന സ്ഥലത്തുകൊണ്ടുപോകുന്നതിന് പകരം പെൺകുട്ടിയെ മുതിർന്ന വനിതാ കുറ്റവാളികളെ പാർപ്പിക്കുന്ന ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. കല്ലെറിഞ്ഞെന്ന് ആരോപിച്ച് ഇസ്രയേലി പെൺകുട്ടിയെ ശിക്ഷിച്ച സംഭവത്തിൽ ഫലസ്തീൻ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഫലസ്തീൻകാരോട് ഇസ്രയേൽ കാട്ടുന്ന കൊടും ക്രൂരതയുടെ ഒടുവിലെ ഉദാഹരണമാണ് ഇതെന്നും ഇവർ പറയുന്നു.

പതിനാലുകാരിയെ കല്ലെറിഞ്ഞ കുറ്റത്തിന് അറസ്റ്റു ചെയ്ത സംഭവത്തിൽ പരസ്യ പ്രതിഷേധിച്ച് വെസ്റ്റ്ബാങ്കിൽ വിവിധ സംഘടനകളുടെ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. അറബ് ലോകത്തും പ്രതിഷേധത്തിന്റെ പ്രതിധ്വനികൾ എത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലും പ്രതിഷേധം ശക്തമായിട്ടുണ്ട്. #FreeMalak എന്ന് ഷാഹ് ടാഗോടെ ട്വിറ്ററിലും പ്രതിഷേധം ശക്തമാകുയണ്.

അതിനിടെ ഫലസ്തീനിലെ സാധാരണക്കാരുടെ വീടുകൾ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്ന ഇസ്രയേൽ നയത്തെ ചോദ്യം ചെയ്ത് ഇസ്രയേലി മനുഷ്യാവകാശ സംഘടനയായ ബിത്സെലെം രംഗത്തെത്തി. കഴിഞ്ഞ ജൂണിൽ തുടങ്ങി 51 ദിവസം തുടർച്ചയായി ഗസ്സയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിനിടെ മേഖലയിലെ ഭവനങ്ങൾ തകർത്തത് കരുതിക്കൂട്ടിയായിരുന്നുവെന്ന് കഴിഞ്ഞദിവസം പുറത്തവിട്ട റിപ്പോർട്ടിൽ സംഘടന ആരോപിച്ചു. കഴിഞ്ഞ വേനൽക്കാലത്ത് ഗസ്സയിൽ നടന്ന ആക്രമണത്തിനിടെ വീടുകൾ തകർത്തതിനെ തുടർന്ന് നൂറുകണക്കിന് സാധാരണക്കാർ കൊല്ലപ്പെട്ടിരുന്നു.

ഇസ്രയേൽ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾ ലംഘിച്ചതായി ബിത്സെലെമിന്റെ റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. 70 ആക്രമണ സംഭവങ്ങൾ പഠിച്ചാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. ഇതിൽ 606 പേരാണ് കൊല്ലപ്പെട്ടത്. മരിച്ചവരിൽ അഞ്ചു വയസ്സിനു താഴെയുള്ള 93 കുട്ടികളും ഉൾപ്പെടുന്നുവെന്ന് 49 പേജ് വരുന്ന റിപ്പോർട്ടിൽ പറയുന്നു. ഗസ്സയിലെ ഭവനങ്ങളിൽ ഒളിച്ചിരിക്കുന്ന ഹമാസ് പോരാളികളെ ലക്ഷ്യമിട്ടാണ് തങ്ങൾ ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടതെന്നായിരുന്നു നേരത്തെ ഇസ്രയേൽ നൽകിയ വിശദീകരണം. ഇത് തെറ്റായിരുന്നുവെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

നിർണായകമായ സാഹചര്യത്തിലാണ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ഗസ്സയിൽ യുദ്ധകുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടോ എന്നറിയാൻ ഈ മാസം പ്രാഥമിക അന്വേഷണം നടത്തുമെന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രഖ്യാപിച്ചിട്ടുണ്ട്. മാർച്ച് 17ന് രാജ്യം തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കുന്ന സാഹചര്യത്തിൽ വന്ന പ്രഖ്യാപനം ഇസ്രയേൽ ഭരണകൂടത്തെ അസ്വസ്ഥമാക്കിയിരുന്നു. വീടുകൾ തകർത്തതിനെ തുടർന്ന് സാധാരണജനങ്ങൾ കൊല്ലപ്പെട്ടത് അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അന്വേഷണത്തിൽ നിർണായകമാവുമെന്നാണ് വിലയിരുത്തൽ. ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ ബാൻ കി മൂൺ രൂപംകൊടുത്ത അന്വേഷണ കമീഷനും യു.എൻ മനുഷ്യാവകാശ കൗൺസിലും ഇസ്രയേലി സ്‌റ്റേറ്റ് കംപ്‌ട്രോളർ ജോസഫ് ഷാപിറയും യുദ്ധത്തിന്റെ കുറ്റവിചാരണ സംബന്ധിച്ച കാര്യങ്ങൾ പരിശോധിച്ചുവരുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP