Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫിലിപ്പീനികൾക്ക് കൈയടിച്ച് മലയാളികൾ; സംഭവം റോഹിങ്ക്യൻ മുസ്ലിംങ്ങൾക്ക് അഭയം നൽകാമെന്ന് പ്രഖ്യാപിച്ചതോടെ; പിന്നാലെ താൽക്കാലിക അഭയം നൽകാമെന്ന് പ്രഖ്യാപിച്ച് മലേഷ്യയും ഇന്തോനേഷ്യയും രംഗത്ത്

ഫിലിപ്പീനികൾക്ക് കൈയടിച്ച് മലയാളികൾ; സംഭവം റോഹിങ്ക്യൻ മുസ്ലിംങ്ങൾക്ക് അഭയം നൽകാമെന്ന് പ്രഖ്യാപിച്ചതോടെ; പിന്നാലെ താൽക്കാലിക അഭയം നൽകാമെന്ന് പ്രഖ്യാപിച്ച് മലേഷ്യയും ഇന്തോനേഷ്യയും രംഗത്ത്

ജക്കാർത്ത: ഫിലിപ്പീനികൾ മാതൃക തീർത്തപ്പോൾ സോഷ്യൽ മീഡിയയിൽ മലയാളികളുടെ കൈയടി. അടിയുറച്ചുനിൽക്കാൻ ഒരുപിടി മണ്ണുതേടി നടക്കടലിൽ അലയുന്ന റോഹിങ്ക്യ മുസ്ലിംങ്ങൾക്ക് അഭയം നൽകാമെന്ന് ഫിലിപ്പീൻസിന്റെ പ്രഖ്യാപനമാണ് മലയാളികളെയും സന്തോഷിപ്പിച്ചത്. മുസ്ലിംരാഷ്ട്രങ്ങൾ ആട്ടിപ്പായിച്ച വേളയിലായിരുന്നു മുസ്ലിം രാഷ്ട്രം അല്ലാതിരുന്നിട്ടു കൂടി കാരുണ്യത്തിന്റെ സഹായഹസ്തം നീട്ടി ഫിലിപ്പീൻസ് രംഗത്തെത്തിയതിനാണ് സോഷ്യൽ മീഡിയയിലൂടെ മലയാളികൾ അഭിനന്ദനം ചൊരിഞ്ഞത്. റോഹിങ്ക്യ മുസ്ലീങ്ങളുടെ വാർത്ത ഇന്ത്യയിലെ ദേശീയ മാദ്ധ്യമങ്ങളേക്കാൾ കാര്യമായി ശ്രദ്ധിച്ചത് മലയാളം മാദ്ധ്യമങ്ങൾ ആയിരുന്നു. അതുകൊണ്ട് തന്നെയാണ് ഫിലിപ്പീൻസ് അഭയം നൽകാമെന്ന് പ്രഖ്യാപിച്ചപ്പോൾ അതിനെ പ്രശംസിച്ച് മലയാളികൾ രംഗത്തെത്തിയതും.

എഴുപതുകളിൽ വിയറ്റ്‌നാമീസ് സഞ്ചാരികൾക്ക് അഭയം നൽകിയത് പോലെ കപ്പലിലുള്ള ജനങ്ങൾക്ക് മാനുഷിക പിന്തുണയും സഹായവും തങ്ങൾ നൽകുമെന്ന് ഫിലിപ്പിൻസ് പ്രസിഡന്റ് ബെനിഗ്‌നോ അക്വിനോയുടെ വക്താവ് ഹെർമിനിറ്റോ കൊളോമ പറഞ്ഞിരുന്നു. ഫിലിപ്പിൻസിന്റെ സഹായ വാഗ്ദാനം അതുവരെ നിഷേധ നിലപാട് സ്വീകരിച്ചിരുന്ന മറ്റ് മുസ്ലിംരാജ്യങ്ങൾക്കും പ്രേരണയായി. അന്താരാഷ്ട്ര സമൂഹത്തിൽനിന്നുമുള്ള സമ്മർദങ്ങൾ കൂടി ശക്തമായ സാഹചര്യത്തിൽ റോഹിങ്ക്യൻ അഭയാർഥികൾക്ക് താൽക്കാലിക അഭയം നൽകാമെന്ന് മലേഷ്യയും ഇന്തോനേഷ്യയും സമ്മതിക്കുകയായിരുന്നു.

മ്യാന്മറിൽ ബുദ്ധവിഭാഗങ്ങളുടെയും സർക്കാറിന്റെയും പീഡനങ്ങളിൽനിന്ന് രക്ഷതേടാൻ കടൽവഴി ഇറങ്ങിത്തിരിച്ച റോഹിങ്ക്യൻ മുസ്ലിംകൾക്ക് അയൽരാജ്യങ്ങളെല്ലാം അഭയം നിഷേധിച്ചിരുന്നു. ആരും അയം നൽകതെ കടലിൽ മരിച്ചുവീഴുന്ന സാഹചര്യം ഉണ്ടായതോടെ അഭയാർഥികളോട് മാനുഷിക പരിഗണന കാണിക്കണമെന്ന് ഇന്തോനേഷ്യയിലെയും മലേഷ്യയിലെയും വിവിധ സംഘടനകൾ സ്വന്തം സർക്കാറുകളോട് ആവശ്യപ്പെടുകയുണ്ടായി.

7000ത്തോളം പേർക്ക് താൽക്കാലിക അഭയകേന്ദ്രം ഒരുക്കാമെന്നാണ് ഒടുവിലായി രണ്ടു രാജ്യങ്ങളും അറിയിച്ചിരിക്കുന്നത്. ഇരു രാജ്യങ്ങളിലുമായി 3000ത്തോളം പേർ ഇതിനകം അഭയം തേടിയിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ അടക്കമുള്ള അഭ്യർത്ഥന തള്ളിയാണ് ഇരു രാജ്യങ്ങളും തായ്‌ലൻഡും റോഹിങ്ക്യക്കാരെ തീരത്തേക്ക് അടുക്കാനനുവദിക്കാതെ ആട്ടിപ്പായിച്ചുകൊണ്ടിരുന്നത്. ഇവരെ താൽക്കാലികമായി സ്വീകരിക്കാമെന്ന് ഇപ്പോൾ നിലപാടെടുത്തെങ്കിലും അഭയാർഥികളുടെ ഭാവി സംബന്ധിച്ച് അന്താരാഷ്ട്ര സമൂഹം തീരുമാനമെടുക്കണമെന്നും ഈ രാഷ്ട്രങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. 'നിലവിൽ പുറംകടലിൽ കുടുങ്ങിക്കിടക്കുന്നവർക്ക് മാത്രമാണ് ഞങ്ങൾ താൽക്കാലിക അഭയം നൽകുക. ഇനിയും പ്രവാഹമുണ്ടാവുകയാണെങ്കിൽ ഒരു കാരണവശാലും അവരെ അടുപ്പിക്കുകയില്ല' മലേഷ്യൻ വിദേശകാര്യ മന്ത്രി അനിഫ അമൻ പറഞ്ഞു. അതേസമയം, തങ്ങളുടെ സമുദ്രമേഖലയിൽ അകപ്പെട്ടവരിലെ രോഗികൾക്ക് ചികിത്സ നൽകാൻ തയാറാണെന്ന് തായ്‌ലൻഡ് അറിയിച്ചു.

ഇതിനിടെ, റോഹിങ്ക്യൻ വിഷയം ചർച്ചചെയ്യാൻ ക്വാലാലംപൂരിൽ നടന്ന ചർച്ചയിൽ തായ്‌ലൻഡും സംബന്ധിച്ചു. വിഷയത്തിൽ കൂടുതൽ ചർച്ച നടത്താൻ അടുത്തയാഴ്ച ബാങ്കോക്കിൽ സമ്മേളനം വിളിച്ചുചേർത്തിട്ടുണ്ടെന്നും തായ് അധികൃതർ അറിയിച്ചു. മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറാനുള്ള ഇടത്താവളമായി റോഹിങ്ക്യക്കാർ കാണുന്നത് തായ്‌ലൻഡിനെ ആയതിനാൽ, മറ്റുള്ളവരെക്കാൾ പ്രശ്‌നങ്ങൾ നേരിടുന്നത് തങ്ങളാണെന്നാണ് തായ് പ്രധാനമന്ത്രി പ്രയുത്ചാൻ ഓച വാദിക്കുന്നത്. നിലവിലുള്ളതിനെക്കാൾ കൂടുതൽ അഭയാർഥികളെ സ്വീകരിക്കണമോ വേണ്ടയോ എന്നതു സംബന്ധിച്ച്, ഈമാസം 29ന് ചേരുന്ന സമ്മേളനത്തോടെ തീരുമാനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP