Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലയാളിക്ക് മലയാളത്തിൽ പുതുവൽസരാശംസ; തീവ്രവാദത്തിനെതിരെ ഇന്ത്യയും യുഎഇയും ഒന്നിക്കും; അബുദാബി ഭരണകൂടം വാഗ്ദാനം ചെയ്തത് നാലരലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനം; യുഎന്നിലെ സ്ഥിരാംഗമാകാൻ പിന്തുണയും കിട്ടിയെന്ന് മോദി; ദുബായിലെ ഇന്ത്യാക്കാരെ പ്രധാനമന്ത്രി കൈയിലെടുത്തത് ഇങ്ങനെ

മലയാളിക്ക് മലയാളത്തിൽ പുതുവൽസരാശംസ; തീവ്രവാദത്തിനെതിരെ ഇന്ത്യയും യുഎഇയും ഒന്നിക്കും; അബുദാബി ഭരണകൂടം വാഗ്ദാനം ചെയ്തത് നാലരലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനം; യുഎന്നിലെ സ്ഥിരാംഗമാകാൻ പിന്തുണയും കിട്ടിയെന്ന് മോദി; ദുബായിലെ ഇന്ത്യാക്കാരെ പ്രധാനമന്ത്രി കൈയിലെടുത്തത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: തിങ്ങി നിറഞ്ഞ അൻപതിനായിരം ഇന്ത്യാക്കാരിൽ ബഹു ഭൂരിഭാഗവും മലയാളികളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ മലയാളികൾക്ക് മലയാളത്തിൽ പുതുവൽസരാശംസയുമായി തുടക്കം. യുഎഇയിലെ പ്രവാസികളിലെ മലയാളികളുടെ പ്രവർന്ന മികവിനുള്ള അംഗീകാരം കൂടിയായി പ്രധാനമന്ത്രിയുടെ ആശംസ. അതിന് ശേഷം തീവ്രവാദവും വികസനവുമെല്ലാം ഊന്നി കത്തിക്കയറി. യുഎഇയുമായുള്ള സഹകരണത്തിന്റെ പ്രസക്തി ഊന്നിപറയുകയും ചെയ്തു.

ദുബായ് ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അമ്പതിനായിരത്തോളം പേരാണ് പ്രധാനമന്ത്രിയുടെ പ്രസംഗം കേൾക്കാൻ സ്‌റ്റേഡിയത്തിൽ എത്തിയത്. മാഡിസൺ സ്‌ക്വയറിന് സമാനമായി ഉജ്ജ്വല പ്രസംഗത്തിലൂടെ ദുബായിലെ ജനക്കൂട്ടത്തേയും മോദി കൈയിലെടുത്തു. യുഎഇ എത്രത്തോളം പ്രധാനപ്പെട്ട പങ്കാളിയാണെന്ന് മോദി വ്യക്തമാക്കി. തീവ്രവാദത്തെ എതിരിടാൻ യുഎഇയുടെ പിന്തുണ അനിവാര്യമാണെന്ന് അടിവരയിട്ടാണ് മോദി സംസാരിച്ചത്. ഓരോ വാചകങ്ങൾക്കും നിർത്താത്ത കൈയടിയും കിട്ടി. ഐക്യരാഷ്ട്രസഭയുടെ സ്ഥിരാംഗത്വത്തിന് ഇന്ത്യ നടത്തുന്ന ശ്രമങ്ങൾക്ക് യുഎഇ പിന്തുണ അറിയിച്ചെന്നും വിശദീകരിച്ചു.

പ്രാവാസികൾ മാതൃരാജ്യത്തിനു നൽകുന്ന സംഭാവനകൾ എടുത്തു പറഞ്ഞ മോദി ഭാരതത്തിൽ തന്റെ സർക്കാർ നടപ്പിലാക്കിയ വികസന പദ്ധതികളെ കുറിച്ചും പറഞ്ഞു. വിശപ്പടക്കുന്നതിനും സമ്പാദിക്കാൻ വേണ്ടിയും ഇവിടെയത്തെിയ ഇന്ത്യക്കാർ കഠിനാധ്വാനികളാണ്. പ്രവാസികൾ ഇന്ത്യയുടെ അഭിമാനമാണ്. പ്രവാസികളുടെ സ്‌നേഹവും പെരുമാറ്റവും ഇന്ത്യക്ക് അഭിമാനിക്കാൻ വക നൽകുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സാധാരണക്കാരായപ്രവാസികൾ ഉൾപ്പടെ നാൽപതിനായിരത്തോളം പേരാണ് പ്രധാനമന്ത്രിയുടെ പ്രസംഗം കേൾക്കാൻ സ്റ്റേഡിയത്തിലത്തെിയത്. സ്വീകരണ സമ്മേളനത്തിലേക്കുള്ള പ്രവേശനത്തിനായി വൈകീട്ട് 4.30 മുതൽ മുൻ കൂട്ടി രജിസ്റ്റർചെയ്തവർ സ്റ്റേഡിയത്തിലത്തെി. ദുബൈ ഇന്റർനെറ്റ് സിറ്റി മെട്രോ സ്റ്റേഷനിൽ നിന്ന് സൗജന്യ ബസ് സർവീസും ഏർപ്പെടുത്തിയിരുന്നു.

എന്നാൽ ഈ ജനക്കൂട്ടം പ്രതീക്ഷിച്ച പ്രവാസി ഉന്നമനത്തിനുള്ള പ്രഖ്യാപനമൊന്നും മോദി നടത്തിയില്ല. പ്രവാസികളുടെ പരാതി അറിയിക്കാൻ ഇമൈഗ്രേറ്റ് പോർട്ടലായ മഡാഡ് തുടങ്ങി. വിദേശത്തേക്കുള്ള റിക്രൂട്ട്‌മെന്റ് നടപടി ക്രമങ്ങൾക്കുള്ള പോർട്ടിലിനെ കുറിച്ചും വിശദീകരിച്ചു. ഇതിലെ അപാകതകൾ സമയബന്ധിതമായി പരിഹരിക്കുമെന്ന ഉറപ്പും നൽകി. വിദേശത്തുള്ളവരുടെ സഹായത്തിനായി എല്ലാ എംബസികൾക്കും പ്രത്യേക ക്ഷേമ ഫണ്ട് അനുവദിച്ചിട്ടുണ്ട്. ജയിലിൽ കഴിയുന്ന ഇന്ത്യാക്കാർ അടക്കമുള്ളവരുടെ പ്രശ്‌ന പരിഹാരത്തിന് ഈ ഫണ്ട് ഉപയോഗിച്ച് പരിഹാരമുണ്ടാക്കാം. ചെറിയ പിഴ അടയ്ക്കാൻ കഴിയാത്തതിനാൽ ജയിലുകളിൽ കഴിയുന്നവർക്ക് മോചനമൊരുക്കാനും ഈ ഫണ്ട് വിനിയോഗിക്കുമെന്നും മോദി പറഞ്ഞു.

ഇവിടെ എത്തിയിരിക്കുന്നതിൽ നിരവധി മലയാളികളുണ്ട്. കേരളീയർ ഇന്നു പുതുവർഷം ആരംഭിക്കുകയാണ്. എല്ലാവർക്കും എന്റെ പുതുവത്സരാശംസകൾ-ഇങ്ങനെയാണ് മോദിയുടെ പ്രസംഗത്തിന് അവേശത്തുടക്കം ഉണ്ടായത്. പ്രവാസികൾ ഇന്ത്യയുടെ അഭിമാനം ഉയർത്തിപ്പിടിക്കുന്നു. വർഷങ്ങളായി ഇവിടെ ജോലിചെയ്യുന്നവരാണു നിങ്ങൾ. ഇന്ത്യയുടെ അഭിമാനം ഉയർത്തിപ്പിടിക്കുന്നവരാണ് എന്റെ മുന്നിൽ ഇരിക്കുന്നത്. ദുബായിലെ മണ്ണിൽ ഇന്ത്യയെ കാണുന്നു. ദുബായിലെ മണ്ണിൽ ഇന്ത്യയെയാണു കാണുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.

ദുബായ് മിനി ഇന്ത്യയല്ല. മിനി വേൾഡ് ആയി മാറിയിരിക്കുന്നു. ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഇവിടെയെത്താൻ 34 വർഷം വേണ്ടിവന്നു. ഇന്ത്യയിൽനിന്നു ദുബായിലേക്ക് 700 വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്. എന്നിട്ടും ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഇവിടെ വരാൻ 34 വർഷം വേണ്ടിവന്നു. തീവ്രവാദത്തിനെതിരെ ഇന്ത്യയും യുഎഇയും ഒന്നിച്ചുനിന്നു പോരാടും. തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നവർ ശിക്ഷിക്കപ്പെടണം. ഇന്ത്യ മെയ്ക് ഇൻ ഇന്ത്യ പദ്ധതിക്കു തുടക്കമിട്ടു. ലോകം ഇന്ത്യയെ നിർമ്മിക്കണം. നിരവധി നിക്ഷേപ സാധ്യതകൾ ഇന്ത്യയിലുണ്ട്. ഇന്ത്യയുടെ മാറ്റം ജനങ്ങളുടേത്. ഇന്ത്യ മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണു ലോകം കാണുന്നത്. ഈ മാറ്റത്തിനു കാരണം ഇന്ത്യയിലെ 125 കോടി ജനങ്ങളാണ്.

തീവ്രവാദത്തിനെതിരെ ലോകം ഒന്നിച്ചു നീങ്ങണം. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവർക്ക് ഒപ്പമാണോ അതിനെതിരെ ഉള്ളവർക്കൊപ്പമാണോ നിൽക്കേണ്ടതെന്നു ലോകം തീരുമാനിക്കണം. തീവ്രവാദത്തിനെതിരായ നിർണായക പോരാട്ടത്തിന്റെ സമയമാണിപ്പോൾ. അക്രമങ്ങൾ ആർക്കും നല്ലതു ചെയ്യുന്നില്ല. അക്രമപാതയിലുള്ളവർ അത് അവസാനിപ്പിക്കണം. അവർ രാജ്യത്തിന്റെ മുഖ്യധാരയിലേക്കെത്തണം.അയൽ രാജ്യങ്ങളുമായി നല്ല സൗഹൃദം നിലനിർത്തുകയെന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. വികസനത്തിനുവേണ്ടി തോളോടുതോൾ ചേർന്നു പ്രവർത്തിക്കണം. ബംഗ്ലാദേശുമായി കഴിഞ്ഞ ഒന്നിന് ലാൻഡ് ബോർഡർ കരാർ നിലവിൽവന്നു. നേപ്പാൾ കരയുമ്പോൾ നമുക്കു സന്തോഷിക്കാനാവില്ല. ഇന്ത്യയിൽനിന്നു നേപ്പാളിലേക്കു കഷ്ടിച്ച് 70 മിനിറ്റ് യാത്രയേ വേണ്ടൂ. പക്ഷേ ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഇവിടെയെത്താൻ 17 വർഷം വേണ്ടിവന്നു.

തീവ്രവാദത്തിനെതിരെ ഇന്ത്യയും യുഎഇയും ഒന്നിച്ചുനിന്നു പോരാടും. തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നവർ ശിക്ഷിക്കപ്പെടണം. നല്ല താലിബാൻ, മോശം താലിബാൻ, നല്ല തീവ്രവാദം, മോശം തീവ്രവാദം എന്നിങ്ങനെയുള്ളതൊന്നും ഇനി നടക്കില്ല. മനുഷ്യത്വത്തോടൊപ്പമാണോ തീവ്രവാദത്തോടൊപ്പമാണോ എന്നാണു ജനം തീരുമാനിക്കുന്നത്. യുഎഇ ഇന്ത്യയ്ക്കു നാലര ലക്ഷം കോടി രൂപയുടെ നിക്ഷേപം വാഗ്ദാനം ചെയ്തതായി പ്രസംഗത്തിൽ പ്രധാനമന്ത്രി വിശദീകരിച്ചു. അബുദാബി രാജകുമാരനും യുഎഇ ഭരണാധികാരികൾക്കും അതിയായ നന്ദിയുണ്ട്. ഇവിടെ വന്നു ചേർന്ന എല്ലാ ഇന്ത്യക്കാരും അവർക്കു നിറഞ്ഞ കയ്യടി നൽകണമെന്നും മോദി ആവശ്യപ്പെട്ടു.

തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ശിക്ഷിക്കപ്പെടുക തന്നെ വേണം. ഇക്കാര്യത്തിൽ യു.എ.ഇ. ഇന്ത്യയുമായി യോജിച്ച് പ്രവർത്തിക്കും. ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗൺസിൽ സ്ഥിരാംഗത്വം നേടുക എന്ന ഇന്ത്യയുടെ എക്കാലത്തെയും വലിയ ആഹ്രഹത്തിന് യു.എ.ഇ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രവാസികൾ രാജ്യത്തിന്റെ യശസ്സ് ഉയർത്തിയെന്നും മോദി പറഞ്ഞു. പൊഖ്‌റാൻ ആണവ പരീക്ഷണത്തിനുശേഷം ഇന്ത്യ ഒരുപാട് വിലക്കുകൾ നേരിട്ടു. ഇത് മറികടക്കാൻ അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയി പ്രവാസികളുടെ സഹായമാണ് തേടിയത്. ഇന്നും പ്രവാസികളുടെ സംഭാവന തന്നെയാണ് ഇന്ത്യൻ സമ്പദ്ഘടനയുടെ നട്ടെല്ലെന്ന് പറയാൻ എനിക്ക് അഭിമാനമേ ഉള്ളൂപ്രധാനമന്ത്രി പറഞ്ഞു.

നേരത്തെ ഇന്ത്യയിൽ നിക്ഷേപം നടത്താൻ യു.എ.ഇയിലുള്ള നിക്ഷേപകരെയും മോദി ക്ഷണിച്ചിരുന്നു. രാജ്യത്ത് ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപ സാദ്ധ്യതകളുണ്ടെന്ന് മോദി പറഞ്ഞു. മസ്ദാർ പട്ടണത്തിൽ നിക്ഷേപകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വളരെ വേഗത്തിൽ വികസിക്കുന്ന സമ്പദ്ഘടനയാണ് ഇന്ത്യയുടേത്. ഇന്ത്യ അവസരങ്ങളുടെ നാടാണ്. ഇവിടെയുള്ള 125 കോടി ജനങ്ങൾ വിപണിയല്ല, എന്നാൽ അവർ ശക്തിയുടെ ശ്രോതസാണ്. ഇവിടെ ധാരാളം നിക്ഷേപം ആവശ്യമുള്ള റിയൽ എസ്റ്റേറ്റ് മേഖലയിലും അടിസ്ഥാന സൗകര്യ മേഖലയിലും അനവധി അവസരങ്ങളുണ്ട്.

ഇന്ത്യയിൽ അൻപത് ദശലക്ഷം വീടുകൾ നിർമ്മിക്കാൻ പദ്ധതിയുണ്ടെന്നും അതിന് മികച്ച അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇയുടെ ശക്തിയും ഇന്ത്യയുടെ സാമർത്ഥ്യവും ചേർന്നാൽ ഏഷ്യൻ നൂറ്റാണ്ടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാമെന്നും മോദി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP