Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒബാമയും മിഷേലും മക്കളും വിമാനത്താവളത്തിൽ കാത്തുനിന്നു; സ്വീകരണം കഴിഞ്ഞു മടങ്ങിയത് സാദാ കാറിൽ; പോപ്പ് ഫ്രാൻസിസ് അമേരിക്കയിൽ മണ്ണിൽ കാലുകുത്തിയത് ലാളിത്യത്തിന്റെ സന്ദേശവുമായി

ഒബാമയും മിഷേലും മക്കളും വിമാനത്താവളത്തിൽ കാത്തുനിന്നു; സ്വീകരണം കഴിഞ്ഞു മടങ്ങിയത് സാദാ കാറിൽ; പോപ്പ് ഫ്രാൻസിസ് അമേരിക്കയിൽ മണ്ണിൽ കാലുകുത്തിയത് ലാളിത്യത്തിന്റെ സന്ദേശവുമായി

മേരിക്കയിൽ അഞ്ചുദിവസത്തെ സന്ദർശനത്തിനായി എത്തിയ ഫ്രാൻസിസ് മാർപാപ്പയെ വിമാനത്താവളത്തിൽ സ്വീകരിക്കാനായി പ്രസിഡന്റ് ബരാക് ഒബാമയെത്തിയത് സകുടുംബം. വിമാനത്താവളത്തിലെ ടാർമാക്കിൽ അമേരിക്കയിലെ ഒന്നാം നമ്പർ കുടുംബം പോപ്പിനെ കാത്തുനിന്നത് അപൂർവ കാഴ്ചയുമായി. എന്നാൽ, വിമാനം ലാൻഡ് ചെയ്തശേഷം വിമാനത്തിൽനിന്നിറങ്ങാൻ പോപ്പിന് രണ്ടരമിനിറ്റോളം വാതിലിനരികെ കാത്തുനിൽക്കേണ്ടിവന്നത് ആശയക്കുഴപ്പമുണ്ടാക്കുകയും ചെയ്തു.

ബരാക് ഒബാമ, ഭാര്യ മിഷേൽ, മക്കളായ മലിയ, സാഷ എന്നിവരാണ് വിമാനത്താവളത്തിലെത്തി കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനെ കാത്തുനിന്നത്. മിഷേലിന്റെ അമ്മ മരിയൻ റോബിൻസണും ഇവർക്കൊപ്പമുണ്ടായിരുന്നു. ന്യുയോർക്കിലെ ജോയിന്റ് ബേസ് ആൻഡ്രൂസ് വിമാനത്താവളത്തിലാണ് മാർപാപ്പ എത്തിയത്. അമേരിക്കയിലെ കർദിനാൾമാരും ബിഷപ്പുമാരും അടക്കം വലിയൊരു സംഘവും അദ്ദേഹത്തെ സ്വീകരിക്കാനായെത്തി.

അമേരിക്കൻ മണ്ണിൽ ആദ്യമായെത്തിയ പോപ്പിന് വിമാനത്തിന്റെ വാതിലിനരികെ രണ്ടരമിനിറ്റോളം കാത്തുനിൽക്കേണ്ടിവന്നത് ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. എവിടെയും സമയത്ത് എത്താത്ത അമേരിക്കൻ പ്രസിഡന്റ്് വൈകിയതുകൊണ്ടാണിതെന്ന് ആദ്യം കരുതിയെങ്കിലും, വത്തിക്കാനിൽനിന്ന് മാർപാപ്പയ്‌ക്കൊപ്പം സഞ്ചരിക്കുന്ന മാദ്ധ്യമ സംഘം നിലത്തിറങ്ങുന്നതിനുവേണ്ടിയാണ് പോപ്പിന് കാത്തുനിൽക്കേണ്ടിവന്നതെന്ന് പിന്നീട് വിശദീകരിക്കപ്പെട്ടു.

പോപ്പിന്റെ വിമാനം ലാൻഡ് ചെയ്തയുടൻ ചുവപ്പ് പരവതാനി വിരിച്ചാണ് അദ്ദേഹത്തെ അമേരിക്കയിലേക്ക് സ്വാഗതം ചെയ്തത്. പോപ്പിനെ സ്വീകരിച്ചശേഷം ഒബാമ തന്റെ കുടുംബത്തെ അദ്ദേഹത്തിന് പരിചയപ്പെടുത്തിക്കൊടുത്തു. വൈസ് പ്രസിഡന്റ് ജോ ബൈഡനും അദ്ദേഹത്തെ സ്വീകരിക്കാനെത്തി. സ്വീകരണത്തിനുശേഷം ഇരുവരും വ്യത്യസ്ത വാഹന വ്യൂഹത്തിലാണ് വിമാനത്താവളത്തിൽനിന്ന് പുറത്തേയ്കക് പോയത്.

ഒബാമ തന്റെ ഔദ്യോഗിക വാഹന വ്യൂഹത്തിൽ യാത്ര പുറപ്പെട്ടപ്പോൾ, സാധാരണ ഫിയറ്റ് കാറിലാണ് പോപ്പ് മടങ്ങിയത്. അദ്ദേഹം കയറിയതോടെ തങ്ങളുടെ സ്ഥാപനം അനുഗ്രഹിക്കപ്പെട്ടുവെന്ന് ഫിയറ്റ് അമേരിക്ക ട്വിറ്ററിലൂടെ അറിയിച്ചു. ഫിയറ്റ് നിർമ്മിച്ച വത്തിക്കാൻ സിറ്റി 1 എന്ന നമ്പരിലുള്ള പോപ്പ്‌മൊബീലിലാകും വിശ്വാസികൾക്കിടയിലൂടെ പോപ്പ് സഞ്ചരിക്കുക.

ക്യൂബയിൽനിന്നാണ് പോപ്പ് അമേരിക്കയിലെത്തിയത്. ക്യൂബയും അമേരിക്കയുമായി സൗഹൃദത്തിന്റെ പാതയിൽ സഞ്ചരിക്കണമെന്ന് പോപ്പ് ആവശ്യപ്പെട്ടിരുന്നു. തന്റെ യാത്ര ക്യൂബ വഴിയാക്കിയതിനെയും പോപ്പ് അങ്ങനെയാണ് കണ്ടത്. കഴിഞ്ഞ വർഷം അമേരിക്കയും ക്യൂബയുമായുണ്ടാക്കിയ ഉഭയകക്ഷി കരാറിനും പോപ്പിന്റെ അനുഗ്രഹാശിസ്സുകളുണ്ടായിരുന്നു. 

അഞ്ചുദിവസത്തെ സന്ദർശനത്തിനായാണ് പോപ്പ് അമേരിക്കയിലെത്തിയത്. 2013-ൽ മാർപാപ്പയായശേഷം ആദ്യമായാണ് അദ്ദേഹം അമേരിക്കയിലെത്തുന്നതും. ബുധനാഴ്ച വൈറ്റ്ഹൗസിൽ നൽകുന്ന സ്വീകരണത്തിൽ പോപ്പ് വീണ്ടും ഒബാമയുമായി കൂടിക്കാഴ്ച നടത്തും. നൂറിലേറെ വിദേശ രാഷ്ട്രത്തലവന്മാർ പങ്കെടുക്കുന്ന യു.എൻ സമ്മേളനത്തിനൊപ്പമാണ് മാർപാപ്പയുടെ സന്ദർശനവും. അമേരിക്കൻ ചരിത്രത്തിലെ തന്നെ ഏറ്റവും കനത്ത സുരക്ഷാ സംവിധാനങ്ങളാണ് അവിടെ ഒരുക്കിയിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP