Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പള്ളിയിൽ കയറി ഒമ്പത് പേരെ വെടിവച്ച് കൊന്ന സംഭവം വീണ്ടും തീപ്പൊരിയായി; കറുത്ത വർഗക്കാർ തെരുവിൽ; പതാക കത്തിച്ചും പ്രതിഷേധം: അമേരിക്ക വീണ്ടും വംശീയവെറിയിൽ

പള്ളിയിൽ കയറി ഒമ്പത് പേരെ വെടിവച്ച് കൊന്ന സംഭവം വീണ്ടും തീപ്പൊരിയായി; കറുത്ത വർഗക്കാർ തെരുവിൽ; പതാക കത്തിച്ചും പ്രതിഷേധം: അമേരിക്ക വീണ്ടും വംശീയവെറിയിൽ

മേരിക്കയിൽ കറുത്തവർഗക്കാർക്ക് നേരെയുള്ള പീഡനങ്ങൾ സമീപകാലത്തായി വീണ്ടും വർധിച്ച് വരുന്നതായാണ് കാണാൻ സാധിക്കുന്നത്. ബാൾട്ടിമോറിൽ കറുത്ത വർഗക്കാരനായ ഫ്രെഡിഗ്രേ പൊലീസ് കസ്റ്റഡിയിൽ വച്ച് മരിച്ചതിനെ തുടർന്ന് കറുത്തവർഗക്കാരും പൊലീസും തമ്മിൽ സംഘട്ടനങ്ങളുടെ ഒരു പരമ്പര തന്നെയായിരുന്നു അവിടെ അരങ്ങേറിയിരുന്നത്. അതിന്റെ അലയൊലികൾ അടങ്ങുന്നതിന് മുമ്പിതാ ഒമ്പത് കറുത്ത വർഗക്കാരെ കൂട്ടക്കൊല ചെയ്തുകൊണ്ടുള്ള ചാർലെസ്റ്റൺ ദുരന്തവും ഉണ്ടായിരിക്കുന്നു. കഴിഞ്ഞ ബുധനാഴ്ച ചാർലെസ്റ്റണിലെ ഇമാനുവൽ എഎംഇ ചർച്ചിൽ വച്ചാണ് ഡൗലൻ റൂഫ് എന്ന 20കാരൻ ഒമ്പത് പേരെ അതിക്രൂരമായി വെടിവച്ച് കൊന്നത്. ഇയാൾ കടുത്ത വംശീയ വെറിയുടെ ആൾരൂപമാണെന്ന് വ്യക്തമാക്കുന്ന നിരവധി തെളിവുകൾ പുറത്ത് വന്നു കൊണ്ടിരിക്കുകയുമാണ്. ചാർലെസ്റ്റൺ വെടിവയ്പിനെ തുടർന്ന് കറുത്ത വർഗക്കാർ പലയിടത്തും കടുത്ത പ്രതിഷേധവുമായി തെരുവിലിറങ്ങിയിട്ടുമുണ്ട്.

സൗത്ത് കരോലിനയുടെ വിവിധ ഭാഗങ്ങളിലാണ് കറുത്ത വർഗക്കാർ തെരുവിലിറങ്ങിയിരിക്കുന്നത്. കാപിറ്റോൾ ബിൽഡിംഗിന് മുകളിലെ കോൺഫഡറേറ്റ് പതാക നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സൗത്ത് കരോലിനയുടെ തലസ്ഥാനമായ കൊളംബിയയിൽ കറുത്തവർഗക്കാരുടെ പ്രതിഷേധമരങ്ങേറിയിരുന്നു. സതേൺസ്റ്റേറ്റുകളിൽ നടന്ന അഭ്യന്തര യുദ്ധത്തിന്റെ പ്രതീകമായാണീ പതാക ഉപയോഗിച്ച് വരുന്നത്. ആ സ്‌റ്റേറ്റുകൾ അടിമത്ത നിരോധന നിയമം പിൻവലിക്കാനൊരുങ്ങിയപ്പോഴാണ് അഭ്യന്തരകലാപം അരങ്ങേറിയിരുന്നത്. ആ പതാകം മ്യൂസിയത്തിലേക്ക് മാറ്റണമെന്ന പ്രസിഡന്റ് ഒബാമയുടെ പരാമർശവും ഇവരുടെ പ്രതിഷേധത്തിന് ആക്കം കൂട്ടിയിരിക്കാം. പ്രതിഷേധത്തിന്റെ ഭാഗമായി പലരും കോൺഫഡേറ്റ് പതാക കത്തിക്കുന്നതും കാണാമായിരുന്നു. വംശീയ്‌ക്കെതിരെയുള്ള കറുത്ത വർഗക്കാരുടെ പ്രതിഷേധത്തെ അടിച്ചമർത്തിയ കോൺഫെഡറേറ്റ് സൈനികർക്കുള്ള ബഹുമാനസൂചകമായുള്ള ചാർലെസ്റ്റണിലെ ഒരു സ്മാരകം പ്രതിഷേധക്കാർ പെയിന്റടിച്ചും പ്രതിഷേധവാചകങ്ങൾ എഴുതിയും വികൃതമാക്കുയും ചെയ്തിട്ടുണ്ട്.

ഡൗലൻ റൂഫ് എന്ന കൊലപാതകി വംശീയവെറിയുടെ അപ്പോസ്തലനാണെന്ന് വ്യക്തമാക്കുന്ന നിരവധി വെളിപ്പെടുത്തലുകളാണുണ്ടായിരിക്കുന്നത്. പള്ളിയിൽ വെടിവയ്ക്കുന്നതിനിടെ അത് നിർത്താൻ പലരും ആവശ്യപ്പെട്ടപ്പോൾ അത്തരത്തിലുള്ള പ്രതികരണമായിരുന്നു ആ യുവാവിൽ നിന്നുണ്ടായിരുന്നത്. ്‌നിങ്ങൾ ഞങ്ങളുടെ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നു...നിങ്ങൾ രാജ്യത്തിന്റെ നിയന്ത്രണമേറ്റെടുക്കുന്നു..ഞാനിത് ചെയ്യും..'എന്ന് പറഞ്ഞു കൊണ്ടായിരുന്നുവത്രെ ഇയാൾ നിർദയം വെടിവയ്പ് തുടർന്നത്. അമേരിക്കൻ പതാകയേക്കാൾ ഇയാൾക്ക് ബഹുമാനം കോൺഫഡറേറ്റ് പതാകയോടാണെന്നും വ്യക്തമായിട്ടുണ്ട്. ഈ പതാകയേന്തിക്കൊണ്ടുള്ള തന്റെ നിരവധി ചിത്രങ്ങൾ റൂഫ് ഓൺലൈനിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പുറമെ ഇയാൾ യുഎസ് പതാക കത്തിക്കുന്നതും മുൻ സ്ലേവ് പ്ലാന്റേഷൻ സന്ദർശിക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.

റൂഫിന്റെ ഇത്തരത്തിലുള്ള വിവാദ ചിത്രങ്ങൾ ഒരു വെബ്‌സൈറ്റിലാണ് പ്രചരിക്കുന്നത്. എന്നാൽ ആരാണ് ഈ ചിത്രങ്ങൾ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്തിരിക്കുന്നതെന്ന് വെളിവായിട്ടില്ല. 2000 വാക്കുകളിലുള്ള്ള വംശീയ മാനിഫെസ്റ്റോയും ഈ സൈറ്റിൽ കാണാം. ഇതിന്റെ ഉറവിടം അജ്ഞാതമാണ്. അടിമത്തത്തിന്റെ ചരിത്രവും കറുത്ത വർഗക്കാർ തിങ്ങിപ്പാർക്കുന്ന സ്ഥലവുമായതിനാലാണ് ചാർലെസ്റ്റണെ തന്നെ ആക്രമണത്തിന് തെരഞ്ഞെടുത്തതെന്നും ഇതിൽ സൂചനയുണ്ട്. എഫ്ബിഐ ഈ വെബ്‌സൈറ്റിനെ കുറിച്ച് നിരീക്ഷിച്ച് വരുകയാണെന്നാണ് പൊലീസ് അറിയിച്ചത്.

കറുത്ത വർഗക്കാരായ പ്രതിഷേധക്കാർ ചാർലെസ്റ്റണിലെ വൈറ്റ് പോയിന്റ് ഗാർഡൻസിലുള്ള സ്മാരകം വികൃതമാക്കിയതിന്റെയും കോൺഫഡറേറ്റ് പതാക കത്തിക്കുന്നതിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കോൺഫറഡേറ്റ് പതാക ഇപ്പോഴും ഉപയോഗിക്കുന്നതിനെക്കുറിച്ച് വ്യക്തമായ ഒരു അഭിപ്രായം പറയാൻ പ്രസിഡൻഷ്യൽ സ്ഥാനാരർത്ഥികളൊന്നും തയ്യാറാവുന്നില്ലെന്നതാണ് വാസ്തവം. തങ്ങളുടെ വോട്ടുകൾ നഷ്ടപ്പെടുമോയെന്ന ഭയമാണവരെ അലട്ടുന്നത്.ഹില്ലാരി ക്ലിന്റണടക്കമുള്ളവർ ഇതിൽ തങ്ങളുടെ നിലപാട് അറിയിച്ചിട്ടില്ല. ഈ പതാക നീക്കം ചെയ്യാൻ നിയമം കൊണ്ടുവരാൻ പദ്ധതിയിടുന്നതായി സൗത്ത് കരോലിനയിലെ റിപ്പബ്ലിക്കൻ സ്റ്റേറ്റ് റപ്രസന്റേറ്റീവായ ഡൗഗ് ബ്രാനൊൻ എംഎസ്എൻബിസിയോട് പറഞ്ഞിരുന്നു.

കൂട്ടക്കുരുതിയുണ്ടാക്കിയ വെടിവയ്പിന് ശേഷം ചാർലെസ്റ്റണിലെ ഇമാനുവൽ എഎംഇ ചർച്ച് ഇന്നലെ വീണ്ടും തുറന്നു.തുടർന്ന് നടന്ന പ്രാർത്ഥനയിൽ നിരവധി പേരാണ് ഭാഗഭാക്കായത്. കൊലപാതകിയായ യുവാവ് ബുധനാഴ്ച ഒരുമണിക്കൂർ നേരം പള്ളിയിലെ പ്രാർത്ഥനകളിൽ പങ്കെടുത്തിരുന്നുവെന്നും അതിന് ശേഷമാണ് വെടിയുതിർത്തതെന്നുമാണ് രക്ഷപ്പെട്ടവർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP