Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രമേശ് രാജു സ്വന്തം ജീവൻ നൽകി രക്ഷിച്ചത് അഞ്ഞൂറോളം വിശ്വാസികളെ; ചാവേറിനെ പള്ളിയിൽ പ്രവേശിക്കാൻ അനുവദിക്കാഞ്ഞതിനാൽ ഒഴിവായത് വൻ ദുരന്തം; ആഭ്യന്തര യുദ്ധം സമ്മാനിച്ച ദുരിതങ്ങൾ തീരും മുമ്പ് കൃഷാന്തിനിക്ക് കാലം കാത്തുവെച്ചത് തോരാ കണ്ണുനീർ

രമേശ് രാജു സ്വന്തം ജീവൻ നൽകി രക്ഷിച്ചത് അഞ്ഞൂറോളം വിശ്വാസികളെ; ചാവേറിനെ പള്ളിയിൽ പ്രവേശിക്കാൻ അനുവദിക്കാഞ്ഞതിനാൽ ഒഴിവായത് വൻ ദുരന്തം; ആഭ്യന്തര യുദ്ധം സമ്മാനിച്ച ദുരിതങ്ങൾ തീരും മുമ്പ് കൃഷാന്തിനിക്ക് കാലം കാത്തുവെച്ചത് തോരാ കണ്ണുനീർ

മറുനാടൻ ഡെസ്‌ക്‌

കൊളംബോ:രമേശ് രാജു എന്ന നാല്പതുകാരനായ കെട്ടിട നിർമ്മാതാവ് സ്വജീവൻ പോലും തൃണവത്ഗണിച്ച് നടത്തിയ ഇടപെടലാണ് ശ്രീലങ്കയിലെ സ്‌ഫോടനങ്ങളിൽ മരണനിരക്ക് കുറയാൻ കാരണമായത്. അതിന് അദ്ദേഹം കൊടുക്കേണ്ടി വന്നത് സ്വന്തം ജീവനാണ്. സിയോൺ ചർച്ചിൽ പൊട്ടിത്തെറിക്കാനെത്തിയ ചാവേറിനെ പള്ളിയുടെ ഉള്ളിൽ പ്രവേശിപ്പിക്കാതെ തടഞ്ഞത് രമേശ് രാജുവായിരുന്നു. പിടിക്കപ്പെടാൻ പോകുന്നു എന്ന തിരിച്ചറിവിൽ പള്ളിക്കു പുറത്തുവെച്ച് ചാവേർ പെട്ടിത്തെറിച്ചപ്പോൾ അതിനൊപ്പം ചിതറിത്തെറിച്ചത് രമേശിന്റെ കുടുംബത്തിന്റെ സ്വപനങ്ങളും സന്തോഷങ്ങളുമായിരുന്നെങ്കിലും സംരക്ഷിക്കാനായത് പള്ളിക്കുള്ളിലുണ്ടായിരുന്ന നൂറുകണക്കിന് വിശ്വാസികളുടെ ജീവനാണ്.

രമേശ് രാജുവും ഭാര്യ സിയോൺ ചർച്ചിലെ സൺഡേ സ്‌കൂൾ അദ്യാപികയുമായ കൃഷാന്തിനിയും മക്കളായ രുക്ഷികയും നിരുബനും ഒരു ഞയറാഴ്‌ച്ചയും കുർബാന കൂടുന്നത് മുടക്കാറില്ലായിരുന്നു. ശ്രീലങ്കയിലെ ആഭ്യന്തര കലാപത്തിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ട കൃഷാന്തിനി തന്റെ ജീവിതത്തിന്റെ പൂർവഭാഗം കഴിച്ചുകൂട്ടിയത് ഒരു അനാഥയായിട്ടാണ്. അവരുടെ ഏകാന്ത ജീവിതത്തിലേക്ക് താങ്ങും തണലുമായി രമേശ് രാജു എന്ന നന്മ കുടിയേറിയിട്ട് അധികനാളായിരുന്നില്ല. അതിനു ശേഷം സന്തോഷം ഇരട്ടിയാക്കി രണ്ടു കുഞ്ഞുങ്ങളുമടങ്ങുന്ന സംതൃപ്ത കുടുംബ ജീവിതം നയിക്കുമ്പോഴും ദൈവം തനിക്കു വച്ചു നീട്ടിയ കരുണയും കരുതലും എന്നും നന്ദിപൂർവം സ്മരിക്കുവാൻ കൂടിയായിരുന്നു കൃഷാന്തിനി ഞയറാഴ്‌ച്ചകൾ മാറ്റിവെച്ചിരുന്നത്. പതിവു മുടക്കാതെ ആ ഈസ്റ്റർ ദിനത്തിലും രമേശ് രാജു തന്റെ ഭാര്യയേയും കുട്ടികളേയും കൂട്ടി സിയോൺ പള്ളിയിലെത്തി.

സൺഡേ സ്‌കൂളിലെ പാഠങ്ങൾ കഴിഞ്ഞപ്പോൾ കൃഷാന്തിനിയും രമേശ് രാജുവും കുട്ടികൾ ഇരുവരും പ്രെയർ ഹാളിന് വെളിയിലിറങ്ങി. മക്കൾക്ക് നന്നായി വിശക്കുന്നുണ്ടായിരുന്നു. കുർബാനയ്ക്ക് ഇനിയും സമയമുണ്ട്. മക്കൾക്ക് ഭക്ഷണം വാങ്ങിക്കൊടുക്കാൻ ഭാര്യയെ ചുമതലപ്പെടുത്തി രമേശ് ബാബു പള്ളിമുറ്റത്ത് നിന്നു. ഭാര്യയും കുട്ടിുകളും അടുത്തുള്ള ടീ ഷോപ്പിലേക്കും പോയി.

കുറച്ചു സമയം കഴിഞ്ഞപ്പോഴാണ് തോളിൽ ഒരു വലിയ ബാഗും പേറികൊണ്ട് ഒരാൾ ആ വഴി വന്നത്. സ്ഥിരമായി പള്ളിയിൽ വരുന്നതിനാൽ പള്ളിയിൽ എത്തുന്നവരെയൊക്കെ നല്ല പരിചയമുണ്ടായിരുന്ന രമേശ് രാജുവിന് അപരിചിതനെ കണ്ടപ്പോൾ പന്തികേട് മണത്തു. അദ്ദേഹം അയാളെ തടഞ്ഞു നിർത്തി വിവരങ്ങൾ ചോദിച്ചു. ബാഗിൽ എന്താണ് എന്ന ചോദ്യത്തിന് കാമറയാണ് പ്രാർത്ഥനയുടെ വിഡിയോ പിടിക്കാൻ വേണ്ടി വന്നതാണ് എന്നായിരുന്നു മറുപടി.

അനുവാദമില്ലാതെ വീഡിയോ എടുക്കാൻ പറ്റില്ലെന്നും, പിതാവിനെ കണ്ട് അനുവാദം വാങ്ങാതെ പള്ളിക്കുള്ളിലേക്ക് കടത്തിവിടില്ലെന്നും രമേശ് രാജു പറഞ്ഞു. എന്നാൽ അത് ചെവിക്കൊള്ളാതെ അപരിചിതൻ അവിടെ തന്നെ നിന്നു. പ്രയർ ഹാളിലേക്ക് കടക്കാൻ ശ്രമിച്ച അപരിചിതനെ തടഞ്ഞു നിർത്താൻ ശ്രമിക്കുന്നതിനിടെയായിരുന്നു സ്‌ഫോടനം.

കൃഷാന്തിനിയും കുട്ടികളും പ്രഭാത ഭക്ഷണവും കഴിഞ്ഞ് തിരിച്ച് പള്ളിക്കുള്ളിലേക്ക് നടന്നുകൊണ്ടിരിക്കുമ്പോഴാണ് പൊട്ടിത്തെറിശബ്ദം കേട്ടത്. ഏകദേശം 450 പേരാണ് ആ പ്രെയർ ഹാളിനുള്ളിൽ അപ്പോഴുണ്ടായിരുന്നത്. കുർബാന കൂടാനായി ഹാളിനുള്ളിൽ കേറിയിരുന്നവർ നാലുപാടിനും പാഞ്ഞു. പള്ളിയുടെ ചില ഭാഗങ്ങൾക്ക് തീപിടിച്ചു. ആംബുലൻസുകൾ മണിമുഴക്കികൊണ്ട് കടന്നുവന്നു, പരിക്കേറ്റവരെയും കൊല്ലപ്പെട്ടവരെയുമെല്ലാം ആശുപത്രികളിലേക്ക് നീക്കി.

കൃഷാന്തിനിയും കുട്ടികളും രമേശിനെ തിരഞ്ഞു. രമേശിനെ കാണാഞ്ഞ് ഭാര്യയും മക്കളും പരിഭ്രമിച്ചു. പിന്നെ, അവർ കരുതി, പരിക്കുപറ്റിയവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയവരുടെ കൂട്ടത്തിൽ രമേശും ഉണ്ടാവുമെന്ന്. അവർ നേരെ ആശുപതിയിലേക്ക് പാഞ്ഞു. എന്നാൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചവരുടെ കൂട്ടത്തിലോ പരിക്കേറ്റവരുടെ കൂട്ടത്തിലോ അവർക്ക് രമേശിനെ കണ്ടെത്താനായില്ല.

ഒടുവിൽ, മണിക്കൂറുകൾക്കു ശേഷം, തിരിച്ചറിയാൻ പ്രയാസമുള്ള രീതിയിൽ ആശുപത്രിയിൽ മരിച്ചുകിടന്ന മൃതദേഹങ്ങൾക്കിടയിൽ നിന്നും തന്റെ ഭർത്താവിന്റെ വെണ്ണീർ നിറമുള്ള മുറിക്കയ്യൻ ഷർട്ട് കൃഷാന്തിനി തിരിച്ചറിഞ്ഞു.

പെട്ടിത്തെറിച്ച ചാവേറിന്റെ ഏറ്റവും അടുത്ത് നിന്നിരുന്നത് രമേശ് രാജുവായിരുന്നു. അതുകൊണ്ടുതന്നെ ആ സ്ഫോടനത്തിന്റെ ഏറ്റവും കൂടുതൽ ആഘാതം ഏറ്റുവാങ്ങിയവരിൽ ഒരാളും. ബോംബ് പൊട്ടിയ ആ നിമിഷം തന്നെ കൊല്ലപ്പെട്ടിരുന്നു അദ്ദേഹം. തിങ്കളാഴ്ച വൈകുന്നേരം രമേശ് രാജുവിന്റെ അടക്ക് നടന്നു. അദ്ദേഹത്തിന്റെ പരിചയക്കാർക്കും, അയൽ വാസികൾക്കും നാട്ടുകാർക്കുമൊപ്പം പൊലീസിൽ നിന്നുള്ള പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. ആ ദിവസം ജീവിതത്തിൽ ആദ്യമായി രാജുവിന്റെ വലിയൊരു ചിത്രം ഫ്‌ളക്‌സിൽ അടിച്ചുവന്നു. അത് കാണാനുള്ള ഭാഗ്യം പക്ഷേ, രാജുവിനുണ്ടായില്ലെന്നു മാത്രം.

രമേശ് രാജുവിന്റെ യഥാസമയമുള്ള ഇടപെടൽ ഇല്ലാതാക്കിയത് അദ്ദേഹത്തിന്റെ ജീവനും ഒരു കുടുംബത്തിന്റെ നാഥനെയും ആണെങ്കിലും അത് രക്ഷിച്ചത് ആ സമയം പള്ളിക്കുള്ളിൽ ഉണ്ടായിരുന്ന അഞ്ഞൂറോളം വിശ്വാസികളുടെ ജീവനാണ്. അന്നവിടെ കൊല്ലപ്പെട്ടത് 28 പേർ മാത്രമായിരുന്നു. ആ ബാഗും കൊണ്ട് അകത്തേക്ക് പോവുന്നതിൽ നിന്നും രമേശ് രാജു എന്ന സാധാരണക്കാരനായ ഇടവകാംഗം ചാവേറിനെ തടഞ്ഞില്ലായിരുനെങ്കിൽ അന്നവിടെ നൂറുകണക്കിനാളുകൾക്ക് അവരുടെ ജീവൻ നഷ്ടമായേനെ.

വിശ്വാസം ഭ്രാന്തമാകുന്നതോടെ വെള്ളത്തിന് തീപിടിക്കുന്ന അവസ്ഥയാണ്. തീയണയ്‌ക്കേണ്ട വെള്ളത്തിനു തന്നെ തീ പിടിച്ചാൽ എന്തു ചെയ്യാനാകും. സർവ്വനാശിയായ തീയായി മാറുന്ന വിശ്വാസത്തിനൊപ്പം തന്നെ മറ്റുള്ളവർക്ക് വെളിച്ചവും ഊർജ്ജവും പകരുന്ന തീനാളങ്ങളും ഉണ്ട് എന്നതാണ് സത്യം. പരജീവനെത്ത ശേഷം പരലോകത്തു പോയി സുഖജീവിതം സ്വപ്‌നം കാണുന്നവരുടെ കാലത്ത് സ്വജീവൻ ബലി നൽകിയും മറ്റുള്ളവരുടെ സ്വർഗ തുല്യമായ ജീവിതങ്ങൾ സംരക്ഷിച്ച രമേശ്‌രാജു ലോകത്തിന് മുന്നിൽ മാതൃകയാകുകയാണ്. നിന്നെ പോലെ നിന്റെ അയൽക്കാരനെയും സ്‌നേഹിക്കണം എന്ന പ്രവാചക വചനത്തിനുമപ്പുറം തന്റെ ജീവനെക്കാളും സഹജീവികളെ സ്‌നേഹിച്ച രമേശ് ബാബുവിന്റെ ജീവിതം തുണയായത് നൂറുകണക്കിന് മനുഷ്യ ജീവനുകൾക്കാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP