Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഭയം നൽകാൻ ഒരു രാജ്യം പോലുമില്ല; മരണം കാത്ത് സ്ത്രീകളും കുട്ടികളുമടക്കം എണ്ണായിരത്തോളം റോഹിങ്യ മുസ്ലിങ്ങൾ നടുക്കടലിൽ; മ്യാന്മറിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ദുരിതജീവനുകൾ ലോകത്തോട് സഹായം യാചിക്കുന്നു

അഭയം നൽകാൻ ഒരു രാജ്യം പോലുമില്ല; മരണം കാത്ത് സ്ത്രീകളും കുട്ടികളുമടക്കം എണ്ണായിരത്തോളം റോഹിങ്യ മുസ്ലിങ്ങൾ നടുക്കടലിൽ; മ്യാന്മറിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ദുരിതജീവനുകൾ ലോകത്തോട് സഹായം യാചിക്കുന്നു

ജക്കാർത്ത: ജന്മനാട്ടിലെ പീഡനങ്ങൾ സഹിക്കാനാകാതെ അയൽരാജ്യങ്ങളിലേക്ക് ചേക്കേറാനൊരുങ്ങിയ ആയിരക്കണക്കിന് റോഹിങ്യ മുസ്ലിങ്ങൾ മരണം കാത്ത് നടുക്കടലിൽ. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള മ്യാന്മർ ജനതയാണ് ഒരു ബോട്ടിൽ മരണത്തെ മുഖാമുഖം കണ്ട് കഴിയുന്നത്.

രോഗങ്ങൾക്കും പട്ടിണിക്കും നടുവിലുള്ള ഈ ജനവിഭാഗത്തെ സ്വീകരിക്കാൻ മലേഷ്യയും ഇന്തോനേഷ്യയും തായ്‌വാനും അടക്കമുള്ള അയൽ രാജ്യങ്ങൾ വിസമ്മതിച്ചു. ഇതോടെയാണ് എങ്ങും പോവാനില്ലാതെ ഈ മനുഷ്യർ ലോകത്തിനോട് സഹായം യാചിക്കുന്നത്.

കുട്ടികളുടെ ക്ഷേമങ്ങൾക്കായുള്ള ഒരു സന്നദ്ധ സംഘടനയെ ഒരു ബോട്ടിലുള്ളവർ ബന്ധപ്പെട്ടതോടെയാണ് ഇവരുടെ ഞെട്ടിക്കുന്ന അവസ്ഥ പുറത്തറിഞ്ഞത്. 50 സ്ത്രീകളും 84 കുട്ടികളുമുള്ള ഒരു ബോട്ടിലുള്ളവരാണ് സന്നദ്ധ സംഘടനയെ ബന്ധപ്പെട്ടത്. ഇത്തരത്തിൽ ആയിരങ്ങളാണ് കടലിൽ കുടുങ്ങിക്കിടക്കുന്നത്.

വിവിധ രാജ്യങ്ങളുടെ നാവിക സേനകൾ തിരച്ചിൽ ശക്തമാക്കിയതിനെ തുടർന്ന് പല ബോട്ടുകളിലെയും ഡ്രൈവർമാരും ജീവനക്കാരുമൊക്കെ ബോട്ടുകളിലുള്ളവരെ തനിച്ചാക്കി രക്ഷപ്പെട്ടിരിക്കുകയാണ്. ഭക്ഷണമോ മരുന്നുകളോ ഇല്ലാതെ വിവിധ രോഗങ്ങളാൽ വലഞ്ഞ് സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ ഈ ബോട്ടുകളിൽ കുടുങ്ങിക്കഴിയുകയാണെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.

ഇന്തോനേഷ്യയെ സമീപിച്ചപ്പോൾ അവർ ഓടിക്കുകയായിരുന്നുവെന്ന് ബോട്ടിലുള്ളവർ പറയുന്നു. തങ്ങളുടെ രാജ്യത്ത് അഭയാർത്ഥികളെ പ്രവേശിപ്പിക്കില്ലെന്ന് മലേഷ്യയും വ്യക്തമാക്കി. സമീപ രാജ്യങ്ങളും സമാന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

പ്രശ്‌നം പരിഹരിക്കണമെന്ന് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ ഇടപെടണമെന്ന് മുൻ യു.എസ് കോൺഗ്രസ് അംഗം ടോം ആൻഡ്രെ അമേരിക്കയോട് ആവശ്യപ്പെട്ടു. ആൻഡമാൻ കടൽ കൂട്ട ശവമാടം ആവുന്നതിനു മുമ്പ് ഇടപെടണമെന്ന് രാജ്യാന്തര സമൂഹത്തോടും അദ്ദേഹം ആവശ്യപ്പെട്ടു. അപകടം ഒഴിവാക്കാൻ യു.എൻ അഭയാർഥിവിഭാഗം ഹൈകമീഷണറുടെ മേൽനോട്ടത്തിൽ യു.എസ് ഉൾപ്പെടെ വിദേശ രാജ്യങ്ങളുടെ അടിയന്തരയോഗം ചേർന്നിരുന്നു.

പക്ഷേ, അഭയാർഥികൾക്കായി മലാക്ക കടലിൽ തിരച്ചിൽ നടത്താൻ പദ്ധതികൾ ആലോചിക്കാതെ യോഗം പിരിഞ്ഞു. രക്ഷാപ്രവർത്തനം നടത്തിയാൽപോലും ഇവരെ എന്തുചെയ്യുമെന്നതാണ് പ്രശ്‌നം. മ്യാന്മറിലേക്ക് തിരിച്ചു പോവാൻ ഇവർക്കാവില്ല. ഇനിയും ലക്ഷക്കണക്കിന് അഭയാർത്ഥികൾ വരുമെന്ന ആശങ്കയിൽ മറ്റ് രാജ്യങ്ങൾ ഇവർക്കു നേരെ വാതിൽ അടക്കുകയാണ്.

ബുദ്ധമതക്കാർക്ക് മുൻതൂക്കമുള്ള മ്യാന്മറിൽ ജീവിക്കുന്ന മുസ്ലിം വിഭാഗമാണ് റോഹിങ്യകൾ. ആയിരം വർഷങ്ങൾക്ക് മുമ്പ് ഇവിടെ കുടിയേറിയ കച്ചവടക്കാരുടെ പിന്മുറക്കാരാണിവർ. പടിഞ്ഞാറൻ മ്യാന്മറിലെ അരാകൻ മേഖലയിൽ പ്രത്യേക രാഷ്ട്രവാദം ഉയർത്തുന്ന റോഹിങ്യാ മുസ്ലീങ്ങൾക്കെതിരെ ഭരണകൂടം നിരന്തര ആക്രമണമാണ് നടത്തുന്നത്. വർഷങ്ങൾ പഴക്കമുള്ള സംഘർഷമാണ് മേഖലയിലേത്. ലോകത്ത് ഏറ്റവും വേട്ടയായപ്പെടുന്ന ന്യൂനപക്ഷ സമൂഹമായാണ് റോഹിങ്യ മുസ്ലിങ്ങളെ ഐക്യ രാഷ്ട്ര സഭ കാണുന്നത്. ബംഗ്ലാദേശിലും സൗദി അറേബ്യയിലും പാക്കിസ്ഥാനിലും ഇവർ ഉണ്ടങ്കിലും കൂടുതലും മ്യാന്മറിലാണ്. എല്ലാ രാജ്യങ്ങളിലും ആർക്കും വേണ്ടാത്തവരാണ് സാമ്പത്തികമായും സാമൂഹ്യമായും തകർന്ന ഈ വിഭാഗക്കാർ. സ്വന്തം നാടായ മ്യാന്മറിൽ കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്.

ബുദ്ധിസ്റ്റ് രാജ്യമായ മ്യാന്മറിൽ സർക്കാർ സംവിധാനങ്ങൾ ഇവരെ പതിറ്റാണ്ടുകളായി പൂർണ്ണമായും അവഗണിക്കുകയാണ്. ദേശീയ നിയമം അനുസരിച്ച് ഇവർക്ക് പൗരത്വം പോലുമില്ലാത്ത അവസ്ഥയാണ്. വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിൽ ഇവർക്ക് ഇടമില്ല. യാത്രാസ്വാതന്ത്ര്യവും കർശനമായി നിയന്ത്രിച്ചിരിക്കുകയാണ്. മൂന്ന് വർഷത്തിനിടെ ഈ വിഭാഗത്തിൽ പെട്ട 280 പേരാണ് മ്യാന്മറിൽ കൊല്ലപ്പെട്ടത്. തൊഴിലെടുക്കാൻ അവകാശമില്ലാത്ത ഇവർ വർണ്ണവിവേചന നയത്തിന്റെ ഇരകളായി, അടിമകളായി കഴിയുകയാണ് ഈ ജനവിഭാഗം. ഈ അവസ്ഥയിലാണ്, ഇവർ മറ്റ് രാജ്യങ്ങളിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നത്.

ബോട്ടുകളിൽ മറ്റ് രാജ്യങ്ങളിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രവർത്തിക്കുന്ന കള്ളക്കടത്ത് സംഘങ്ങളും ഇവിടെ സജീവമാണ്. ആയിരക്കണക്കിന് ഡോളർ നൽകിയാണ് ഈ കള്ളക്കടത്ത് ബോട്ടുകളിൽ ഇവർ പുറപ്പെടുന്നത്. എന്നാൽ, ഇത്തരം സംഘങ്ങളെ അടുപ്പിക്കാൻ മറ്റ് രാജ്യങ്ങൾ തയ്യാറല്ല. ഇതിനാൽ, പലപ്പോഴും ഇവർ എങ്ങുമല്ലാതെ ആകുകയാണ്. ഒരുമാസത്തിലേറെയായി കടലിൽ അലയുന്ന സംഘമാണ് മനുഷ്യാവകാശ സംഘടനകളുമായി ബന്ധപ്പെട്ടത്. തായ് മത്സ്യബന്ധന ബോട്ടിലാണ് തങ്ങളെന്നും എവിടെയാണെന്ന് അറിയില്ലെന്നും ഇവർ പറയുന്നു. ഭക്ഷണവും വെള്ളവും തീർന്നു പോയി. സഹായത്തിനായി ഞങ്ങൾ യാചിക്കുകയാണെന്നും അവർ പറയുന്നു. അതിനിടെ മ്യാന്മർ നേവി ബോട്ടിന്റെ എൻജിനും തകർത്തു. കടത്തിയ ഇടനിലക്കാർ നേവി ബോട്ടുകളിൽ രക്ഷപ്പെട്ടു. എൻജിൻ തകർത്തതോടെ ബോട്ടിലുണ്ടായിരുന്ന മൂന്ന് മൊബൈൽ ഫോണുകളും പ്രവർത്തിപ്പിക്കാനാകാത്ത അവസ്ഥയാണ്. കടന്നുപോകുന്ന ബോട്ടുകളിൽ നിന്നൊന്നും സഹായം ലഭിക്കുന്നില്ല. കുടിവെള്ളം തീർന്നിട്ട് 10 ദിവസമായി. ഇത്തരത്തിൽ എണ്ണായിരത്തോളം ആളുകൾ കടലിൽ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP