Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കലികയറിയ സിംഹങ്ങൾ കാറിന്റെ മുകളിലും ബോണറ്റിലും ചാടിക്കയറി; പേടിച്ച് വിരണ്ട് രണ്ട് കുട്ടികളുമായി കാറിനുള്ളിൽ ഒരു യുവതി; വെസ്റ്റ് മിഡ്‌ലാൻഡ്‌സ് സഫാരി പാർക്കിൽ സംഭവിച്ചത്

കലികയറിയ സിംഹങ്ങൾ കാറിന്റെ മുകളിലും ബോണറ്റിലും ചാടിക്കയറി; പേടിച്ച് വിരണ്ട് രണ്ട് കുട്ടികളുമായി കാറിനുള്ളിൽ ഒരു യുവതി; വെസ്റ്റ് മിഡ്‌ലാൻഡ്‌സ് സഫാരി പാർക്കിൽ സംഭവിച്ചത്

വോർസെസ്റ്റർഷെയറിലെ ബ്യൂഡ്‌ലെയിലെ വെസ്റ്റ് മിഡ്‌ലാൻഡ്‌സ് സഫാരി പാർക്കിൽ ഒരു കാറിന് മുകളിൽ സിംഹങ്ങൾ പാഞ്ഞ് കയറി ആക്രമം നടത്തി ഏതാണ്ട് 50 മിനുറ്റ് നേരം പരിഭ്രാന്തി സൃഷ്ടിച്ചു. ഈ സമയത്ത് കാറിനുള്ളിൽ 23 കാരിയായ യുവതിയും സുഹൃത്തും രണ്ട് കുട്ടികളുമുണ്ടായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. കലികയറിയ സിംഹങ്ങൾ ഹ്യൂണ്ടായ് കാറിന്റെ മുകളിലും ബോണറ്റിലും ചാടിക്കയറി വിളയാട്ടം നടത്തുകയായിരുന്നു. ഈ സമയത്ത് കാറിലുണ്ടായിരുന്നു 23 കാരിയായ അബി ടുഡ്ജും സുഹൃത്ത് ജാസി റെയ്‌നോൾഡ്‌സും കൂടെയുണ്ടായിരുന്ന രണ്ട് കുട്ടികളും മരണത്തെ മുഖാമുഖം കണ്ട് ഞെട്ടി വിറങ്ങലിക്കുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഏവരെയും നടുക്കുന്ന സംഭവം അരങ്ങേറിയിരിക്കുന്നത്.

ഇതേ സമയം സഫാരി പാർക്കിലെ വാർഡന്മാർ സിംഹങ്ങളെ അനുനയിപ്പിച്ച് താഴെയിറക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റുകയും ചെയ്തിരുന്നു. എന്നാൽ കാറിന് മേൽ കടിച്ചും മാന്തിപ്പൊളിച്ചും അടിച്ചും കാർ പൊളിക്കാനെന്ന മട്ടിലായിരുന്നു സിംഹങ്ങളുടെ പെരുമാറ്റം. കാറിന്റെ വിൻഡോ സിംഹങ്ങൾ തകർത്ത് തങ്ങളെ ആക്രമിക്കുമെന്ന് ഭയപ്പെട്ടിരുന്നുവെന്നാണ് കാറിനുള്ളിലുണ്ടായിരുന്ന അബി ഞെട്ടലോടെ വെളിപ്പെടുത്തുന്നത്. മരണത്തെ മുഖാമുഖം കണ്ട ആ നിമിഷത്തിലെ കാഴ്ചകൾ പേടിയോടെയാണെങ്കിലും റെയ്‌നോൾഡ്‌സ് ക്യാമറയിൽ പകർത്തിയിരുന്നു.

സഫാരി പാർക്ക് കാണാൻ സാധാരണ പോലെ എത്തിയ തങ്ങൾക്ക് തികച്ചും അപ്രതീക്ഷിതമായിട്ടാണ് മരണസമാനമായ അനുഭവമുണ്ടായിരിക്കുന്നതെന്നും റെയ്‌നോൾഡ്‌സ് വെളിപ്പെടുത്തുന്നു. കാറിന് മുകളിൽ കയറിയ സിംഹങ്ങൾ കടിപിടികൂടുകയും ഉച്ചത്തിൽ ശബ്ദമുണ്ടാക്കുകയും ചെയ്തിരുന്നതിനാൽ തങ്ങൾ ഞെട്ടിവിറച്ചിരുന്നുവെന്നും റെയ്‌നോൾഡ്‌സ് ഓർക്കുന്നു. ഒരു പെൺസിംഹത്തെ പിന്തുടർന്നെത്തിയ ആൺസിംഹങ്ങളാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. സിംഹങ്ങൾ തടസമുണ്ടാക്കിയതിനാൽ ഗേറ്റ് തുറന്ന് തങ്ങളെ പുറത്തേക്ക് അയക്കാൻ സഫാരി പാർക്കിലെ ജീവനക്കാർക്ക് സാധിച്ചില്ലെന്നും റെയ്‌നോൾഡ്‌സ് പറയുന്നു.

കുട്ടികൾ കൂടുതൽ പേടിക്കുമെന്നതിനാൽ റെയ്‌നോൾഡ്‌സും അബിയും ധൈര്യം സംഭരിച്ച് കാറിലിരിക്കാൻ നിർബന്ധിതരാവുകയായിരുന്നു. സിംഹങ്ങൾ ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് ഓടുന്നതിനിടയിൽ ഈ കാർ ഒരു തടസമായി നിന്നതിനാൽ അവ ഇതിന് മുകളിൽ കയറുകയായിരുന്നുവെന്നാണ് കരുതുന്നത്. ഇതിലൊരു സിംഹം കാറിന്റെ ബോണറ്റിലും മറ്റൊന്ന് കാറിന്റെ മുകളിലും കയറിയിരുന്നു. സംഭ്രമജനകമായ ഈ രംഗങ്ങൾക്കിടെ ഗേറ്റ് തുറക്കുകയും ഇവർക്ക് കാറോടിച്ച് പുറത്തേക്ക് പോകാൻ സാധിക്കുകയുമായിരുന്നു. ഇത്തരം ഒരു സംഭവം ഉണ്ടായെന്ന് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് സഫാരി പാർക്ക് വക്താവ് സ്ഥിരീകരിച്ചിരിക്കുന്നത്. സഫാരി പാർക്ക് സന്ദർശിക്കാനെത്തുന്നവരുടെ സുരക്ഷക്കാണ് തങ്ങൾ പ്രാധാന്യമേകുന്നതെന്നും അദ്ദേഹം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP