Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വേൾഡ് ട്രേഡ് സെന്റർ തകർത്ത സംഭവത്തിൽ സൗദിക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്ത്; സൗദിയിൽ എത്തിയ ഒബാമയ്ക്ക് മൗനം; അമേരിക്കയിൽ കടുത്ത രോഷം

വേൾഡ് ട്രേഡ് സെന്റർ തകർത്ത സംഭവത്തിൽ സൗദിക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്ത്; സൗദിയിൽ എത്തിയ ഒബാമയ്ക്ക് മൗനം; അമേരിക്കയിൽ കടുത്ത രോഷം

റിയാദ്: 2001 സെപ്റ്റംബർ 11ന് അമേരിക്കയിൽ നടന്ന ഭീകരാക്രമണം നടത്തി വേൾഡ് ട്രേഡ് സെന്റർ തകർത്ത സംഭവത്തിൽ സൗദി അറേബ്യയ്ക്ക് നേരിട്ട് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന രഹസ്യ രേഖകൾ പുറത്ത് വന്നു. അൽ-ഖ്വയ്ദ ബോംബ് നിർമ്മാതാവായ ഘാസൻ അൽ-ഷാർബിയുടെ ഫ്ലൈറ്റ് സർട്ടിഫിക്കറ്റുമുൾക്കൊള്ളുന്നതും സൗദി എംബസിയിൽ നിന്നും പിടിച്ചെടുത്തതുമായ രേഖകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.2002ൽ അറസ്റ്റിലാകുന്നതിന് മുമ്പ് ഷർബി ഈ രേഖകൾ സൗദി എംബസിയിൽ പൂഴ്‌ത്തുകയായിരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

ഈ രേഖകൾ കഴിഞ്ഞ വർഷം അമേരിക്കൻ ഇൻവെസറ്റിഗേറ്റർമാർ ആരുടെയും ശ്രദ്ധയിൽ പെടാതെ പേരിന് മാത്രം പരസ്യപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ യുഎസിലെ ആക്ടിവിസ്റ്റായ ബ്രിയാൻ മാക് ഗ്ലിൻചെ ഈ രേഖകൾ കണ്ടെടുക്കുകയും അവയെ കുറിച്ച് തന്റെ വെബ്സൈറ്റിൽ വിശദമായി എഴുതുകയും ചെയ്തതിനെ തുടർന്നാണ് ഇതിനെക്കുറിച്ച് പൊതുജനം വിശദമായി അറിയാനിടയായിരിക്കുന്നത്. ഈ രേഖകൾ പുറത്ത് വന്ന് അധികം വൈകാതെയാണ് പ്രസിഡന്റ് ബരാക് ഒബാമ സൗദിയിലെത്തി സൽമാൻ രാജാവിനെ കണ്ടിരിക്കുന്നത്. എന്നാൽ ഈ അവസരത്തിൽ ഒബാമ പ്രസ്തുത രേഖകളെക്കുറിച്ച് മൗനം പാലിക്കുകയാണെന്നാണ് റിപ്പോർട്ട്.ആക്രമണത്തിൽ സൗദിയുടെ പങ്ക് വ്യക്തമായതോടെ അമേരിക്കയിൽ എങ്ങും കടുത്ത രോഷം പടരുകയാണ്.

തീവ്രവാദത്തെ ചെറുക്കൽ, ഐസിസ് ഉയർത്തുന്ന ഭീഷണി, തുടങ്ങിയവയെക്കുറിച്ച് ചർച്ച ചെയ്യാനാണ് ഒബാമ സൗദിയിലെത്തിയതെന്നാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതെങ്കിലും വേൾഡ് ട്രേഡ് സെന്റർ തകർത്ത ഭീകരാക്രമണത്തിൽ സൗദിക്ക് പങ്കുണ്ടെന്ന ആരോപണം നേരത്തെ തന്നെ ശക്തമാവുകയും അതിനെ തുടർന്നുള്ള വിവാദങ്ങളെത്തുടർന്ന് സൗദിയുമായുണ്ടായ പ്രശ്നങ്ങൾ ചർച്ച ചെയ്യാനുമാണ് ഒബാമ ഈ അടിയന്തിര സന്ദർശനം നടത്തുന്നതെന്നുമുള്ള തരത്തിലുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു.സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം സൗദി അറേബ്യയ്ക്കാണെന്ന് ആരോപിച്ച് സൗദിക്കെതിരെ കേസുമായി അമേരിക്ക കുറച്ച് മുമ്പ് രംഗത്തെത്തിയിരുന്നു.

എന്നാൽ ഇതുമായി ബന്ധപ്പെട്ട ബിൽ അമേരിക്കൻ കോൺഗ്രസിൽ പാസാക്കുകയാണെങ്കിൽ അമേരിക്കയിലുള്ള തങ്ങളുടെ ട്രഷറി സെക്യൂരിറ്റികളും മറ്റ് വസ്തുവകകളും വിൽക്കുമെന്ന ഭീഷണിയുമായി സൗദിയും രംഗത്തെത്തുകയായിരുന്നു. ഏതാണ്ട് 750 ബില്യൺ ഡോളറിന്റെ ആസ്തികൾ വിൽക്കുമെന്നാണ് സൗദി ഭീഷണി മുഴക്കിയിരുന്നത്.കഴിഞ്ഞ മാസം തന്റെ അമേരിക്കൻ സന്ദർശനത്തിനിടെ സൗദി വിദേശകാര്യമന്ത്രിയായ അഡെൽ അൽ-ജുബെയ്റാണീ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതിൽ ഭയചകിതനായ ഒബാമ ഇത് ഒത്തു തീർപ്പാക്കാനുള്ള ചർച്ചകൾക്കാണ് സൗദി സന്ദർശിക്കുന്നതെന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ടുകൾ. ആക്രമണത്തിൽ സൗദിക്കുള്ള പങ്ക് വ്യക്തമാക്കുന്ന അമേരിക്കൻ കോൺഗ്രസിന്റെ 28 പേജുകളുള്ള റിപ്പോർട്ട് പ്രസിദ്ധീകരിക്കണമെന്നുള്ള സമ്മർദം ഒബാമയ്ക്ക് മേൽ ശക്തമാകുന്ന സാഹചര്യത്തിലുമാണ് അദ്ദേഹം സൗദി സന്ദർശിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

താൻ കണ്ടെടുത്ത് പ്രസിദ്ധീകരിച്ചിരിക്കുന്ന ഇപ്പോഴത്തെ രേഖകൾ ഈ ആക്രമണത്തിൽ സൗദി സർക്കാരിന്റെ ഒഫീഷ്യലുകളും ഉന്നതരും ഉൾപ്പെട്ടിരിക്കുന്നുവെന്ന സത്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നാണ് ആക്ടിവിസ്റ്റായ ബ്രിയാൻ പറയുന്നത്. നാല് യാത്രാ വിമാനങ്ങൾ ഹൈ ജാക്ക് ചെയ്ത് ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്റർ, പെന്റഗൺ എന്നിവിടങ്ങളിൽ ഇടിച്ചിറക്കിയായിരുന്നു ഭീകരർ ആക്രമണം നടത്തിയിരുന്നത്. ഇത്തരത്തിൽ വിമാനം ഹൈജാക്ക് ചെയ്തവർ മാത്രമല്ല ഇതിന്റെ സൂത്രധാരനായ ഒസാമ ബിൻലാദനും സൗദി വംശജനാണ്. പ്രസ്തുത ആക്രണത്തിൽ 3000ത്തോളം പേരാണ് കൊല്ലപ്പെട്ടിരുന്നത്.28 പേജ് വരുന്ന റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ ആക്രമണത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾ അമേരിക്കൻ കോൺഗ്രസിന് മുകളിൽ നിരന്തരം സമ്മർദം ചെലുത്തി വരുന്നുണ്ട്.

ഇക്കാര്യത്തിൽ ഒബാമ സൗദിയുടെ ഭാഗത്താണ് നിൽക്കുന്നതെന്ന് അവർ ആരോപണമുന്നയിച്ചതിനെ തുടർന്ന് ഒബാമ ധർമസങ്കടത്തിലുമാണ്. വസ്തുവകകൾ വിൽക്കുമെന്ന സൗദിയുടെ ഭീഷണിക്കും ഇവരുടെ ആരോപണങ്ങൾക്കുമിടയിൽ കിടന്ന് അദ്ദേഹം വീർപ്പ് മുട്ടുകയാണെന്നാണ് യാഥാർത്ഥ്യം.സൗദിക്ക് പ്രസ്തുത ആക്രമണത്തിൽ പങ്കുണ്ടെന്ന് തെളിയിക്കുന്ന ബിൽ പാസാക്കരുതെന്ന് സൗദിയുടെ ഭീഷണിക്ക് മുമ്പിൽ വഴങ്ങി അമേരിക്കൻ കോൺഗ്രസിന് മുകളിൽ സമ്മർദം ചെലുത്താൻ ഒബാമ ഭരണകൂടം നിർബന്ധിതമാവുകയും ചെയ്തിരുന്നു.

ഇരുരാജ്യങ്ങളുടെയും ബന്ധത്തിൽ വളർന്ന് കൊണ്ടിരിക്കുന്ന വിള്ളൽ ഇന്നലെ ഒബാമ സൗദിയിൽ ലാൻഡ് ചെയ്തത് മുതൽ ദൃശ്യമായിരുന്നു. അദ്ദേഹത്തെ സ്വീകരിക്കാൻ ഫൈസൽ ബിൻ ബൻദാർ ബിൻ അബ്ദുൾ അസീസ് അൽ സൗദ് രാജകുമാരൻ മാത്രമാണ് എത്തിയിരുന്നത്. റിയാദിലെ ഗവർണറായ അദ്ദേഹം രാജാവിനെ തുറന്ന് എതിർക്കുന്നയാളാണ്. ഇതിന് പുറമെ സൗദിയിലെ സ്റ്റേറ്റ് ടെലിവിഷൻ ഒബാമയുടെ സന്ദർശനത്തെക്കുറിച്ച് ഉടൻ വാർത്തകൾ നൽകിയിരുന്നുമില്ല. ഇതിന് പകരമായി സൽമാൻരാജാവ് ഇവിടെയെത്തുന്ന മറ്റ് ഗൾഫ് രാജ്യങ്ങളിലെ നേതാക്കന്മാരെ സ്വീകരിക്കുന്നതായിരുന്നു ടെലിവിഷനിൽ കാണിച്ചിരുന്നത്.

ഗൾഫ് കോഓപ്പറേഷൻ സമ്മിറ്റിൽ പങ്കെടുക്കാനാണ് അറബ് നേതാക്കന്മാർ ഇവിടെയെത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP