Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും അഭയാർത്ഥികളായി ശ്രീലങ്കയിലെ അഹമ്മദീയ മുസ്ലീങ്ങൾ; തിരിച്ചടി ഭയന്ന് വീടുകൾ വിട്ട് പെലീസ് സ്റ്റേഷനുകളിലും പള്ളികളിലും അഭയം പ്രാപിച്ചത് ഒരിക്കൽ ഇസ്ലാമിക രാഷ്ട്രങ്ങളിലെ വേട്ടയാടൽ ഭയന്ന് ലങ്കയിലെത്തിയവർ; ദുർവിധി വിടാതെ പിന്തുടരുന്ന വിശ്വാസി സമൂഹത്തിന്റെ ചരിത്രം ഇങ്ങനെ

സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും അഭയാർത്ഥികളായി ശ്രീലങ്കയിലെ അഹമ്മദീയ മുസ്ലീങ്ങൾ; തിരിച്ചടി ഭയന്ന് വീടുകൾ വിട്ട് പെലീസ് സ്റ്റേഷനുകളിലും പള്ളികളിലും അഭയം പ്രാപിച്ചത് ഒരിക്കൽ ഇസ്ലാമിക രാഷ്ട്രങ്ങളിലെ വേട്ടയാടൽ ഭയന്ന് ലങ്കയിലെത്തിയവർ; ദുർവിധി വിടാതെ പിന്തുടരുന്ന വിശ്വാസി സമൂഹത്തിന്റെ ചരിത്രം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

കൊളംബോ: ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന ചാവേർ ആക്രമണത്തെ തുടർന്ന് രാജ്യത്തെ മുസ്ലിം സമൂഹം ഭീതിയിൽ. നിരവധി കുടുംബങ്ങൾ പലായനം ചെയ്തതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്‌ഫോടനം നടന്ന നെഗോംബോയിലെ അഭയാർ്ഥികളായ അഹമ്മദിയ മുസ്ലീങ്ങൾ പള്ളികളിലും പൊലീസ് സ്റ്റേഷനുകളിലും അഭയം തേടിയതായാണ് റിപ്പോർട്ടുകൾ. മുസ്ലിങ്ങൾക്കെതിരെ വ്യാപക ആക്രമണത്തിന് സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇറാൻ, യെമൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇസ്ലാം മത വിശ്വാസികളുടെ പീഡനങ്ങളെ തുടർന്ന് നാടു വിട്ട് ശ്രീലങ്കയിൽ അഭയം തേടിയവരാണ് നെഗോംബോയിലെ അഹമ്മദിയ മുസ്ലീങ്ങൾ. ഇവിടെയെത്തി സ്വസ്ഥ ജീവിതം നയിക്കുന്നതിനിടെയാണ് നാടിനെ നടുക്കിയ സ്‌ഫോടന പരമ്പര ഇസ്ലാമിക ഭീകരർ സൃഷ്ടിച്ചത്.

ശ്രീലങ്കയിലെ മുസ്ലിം സമൂഹത്തിന് നേരെ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന വാർത്തയെ തുടർന്ന് രാജ്യത്തെ അഹമ്മദിയ മുസ്ലീങ്ങളും ഭീതിയിലാണ്. ഒരിക്കൽ അഭയാർത്ഥികളായി ഇവിടെയെത്തിയ അഹമ്മദിയ വിഭാഗം വീണ്ടും അഭയാർത്ഥികളായിരിക്കുകയാണെന്നാണ് ശ്രീലങ്കയിലെ മനുഷ്യാവകാശ പ്രവർത്തകർ മാധ്യമങ്ങളോടു പറഞ്ഞത്.

ഈസ്റ്റർ ദിനത്തിലെ ഭീകരാക്രമണത്തെ ശ്രീലങ്കയിലെ മുസ്ലിം സമൂഹം അപലപിച്ചു. മുസ്ലിം സമൂഹം ഭീതിയിലാണ് കഴിയുന്നതെന്നും സുരക്ഷ ഉറപ്പാക്കാൻ സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുസ്ലിം കൗൺസിൽ വൈസ് പ്രസിഡന്റ് ഹിൽമി അഹമ്മദ് പറഞ്ഞു. നാഷണൽ തൗഹീദ് ജമാഅത്ത് സംഘടന അപകടകരമാണെന്ന് നേരത്തെ സർക്കാറിന് മുന്നറിയിപ്പ് നൽകിയിരുന്നെന്നും അവരുടെ നേതാവ് സഹ്‌റാൻ ഹാഷിം അറിയപ്പെടുന്ന തീവ്രവാദ ചിന്താഗതിക്കാരനാണെന്നും നേതാക്കൾ പറഞ്ഞു.

2.10 കോടിയാണ് ശ്രീലങ്കയിലെ ജനസംഖ്യ. ഇതിൽ 70 ശതമാനവും ബുദ്ധമത വിശ്വാസികളാണ്. ജനസംഖ്യയുടെ 10 ശതമാനമാണ് മുസ്ലിങ്ങൾ. ഹിന്ദു മതം കഴിഞ്ഞാൽ ഏറ്റവും വലിയ ന്യൂനപക്ഷം മുസ്ലിങ്ങളാണ്. എൽടിടിഇയുമായുള്ള ആഭ്യന്തര യുദ്ധങ്ങൾക്ക് ശേഷം ശ്രീലങ്കയിൽ മുസ്ലിങ്ങൾക്കെതിരെയുള്ള അക്രമം വർധിച്ചിരുന്നു. 2013, 2018 വർഷങ്ങളിൽ മുസ്ലിങ്ങൾക്കെതിരെ തീവ്ര ബുദ്ധമത വിശ്വാസികൾ ചിലയിടങ്ങളിൽ കലാപം അഴിച്ചുവിടുകയും മുസ്ലിങ്ങളുടെ സ്ഥാപനങ്ങൾ വ്യാപകമായി നശിപ്പിക്കുകയും ചെയ്തു. മുസ്ലിങ്ങൾ വിൽക്കുന്ന ഭക്ഷണ സാധനങ്ങൾ വന്ധ്യതക്ക് കാരണമാകുന്നുവെന്ന വിദ്വേഷ പ്രചാരണം അഴിച്ചുവിട്ടിരുന്നു.

ആരാണീ അഹമ്മദിയ മുസ്ലിം
പ്രവാചക കാലഘട്ടത്തിന്റെ 13 തലമുറകൾക്ക് ശേഷം മിർസാ ഗുലാം മുർതദ എന്നൊരാളുടെ മകനായി മിർസാ ഗുലാം അഹമ്മദ് ജനിക്കുന്നതോടുകൂടിയാണ് അഹമ്മദിയാ മുസ്ലിം ജമാഅത്തുമായി ബന്ധപ്പെട്ട ചർച്ചകൾക്കും വിശ്വാസങ്ങൾക്കും തുടക്കം. ഇതാണ് മഹദി ഇമാം എന്നാണ് അഹമ്മദിയ്യാ മുസ്ലിം ജമാഅത്തിന്റെ വിശ്വാസം.എന്നാൽ മറ്റു മുസ്ലിം സംഘടനകളെ സംബന്ധിച്ച് മഹദി ഇമാം ഇപ്പോഴും പ്രത്യക്ഷപ്പെട്ടിട്ടില്ല. പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ലയിലെ ഖാദിയാൻ എന്ന ഗ്രാമത്തിലാണ് മിർസാ ഗുലാം അഹമ്മദ് ജനിക്കുന്നത്. എന്നാൽ പ്രവാചകൻ മുഹമ്മദിന്റെ ഹദീസുകളിലെല്ലാം ഖദാ എന്ന സ്ഥലത്ത് മഹദി ഇമാം വരും എന്നൊരു പ്രവചനവുമുണ്ട്. പഞ്ചാബിലെ ഈ ഖാദിയാൻ എന്ന സ്ഥലത്തിന് ഹദീസിൽ പറഞ്ഞത് ഖദാ എന്ന സ്ഥലത്തോടുള്ള സാമ്യതകളും മിർസാ ഗുലാം അഹമ്മദിനെ മഹദി ഇമാമായി വിശ്വസിക്കാൻ അഹമ്മദിയാക്കളെ പ്രേരിപ്പിച്ചു എന്ന് വേണം കരുതാൻ. അതിനപ്പുറം അദ്ദേഹത്തിന്റെ ചരിത്രങ്ങളിൽ പറയുന്നുണ്ട്.

ജനിച്ചതുമുതൽ സദാസമയവും പള്ളിയും പ്രാർത്ഥനകളും മാത്രമായി ജീവിച്ചിരുന്ന ഒരാളായിരുന്നു അദ്ദേഹം. പിന്നീട് ഇസ്ലാമിന് വേണ്ടി നിരവധി ഗ്രന്ഥങ്ങളും അദ്ദേഹം രചിക്കുകയുണ്ടായി. അതിൽ പ്രധാനപ്പെട്ടതാണ് ഇബ്രാഹിമെ അഹമ്മദിയ എന്ന ഗ്രന്ഥം. പ്രവാചക കാലഘട്ടത്തിന് ആയിരം വർഷങ്ങൾക്കിപ്പുറവും ഇസ്ലാമിന് വേണ്ടി പേനകൊണ്ട് പോരാടുന്ന ആളെന്ന് എല്ലാവരും അദ്ദേഹത്തെ വിശേഷിപ്പിച്ചു. ഇതിന് ശേഷം ദൈവം നേരിട്ട് അദ്ദേഹത്തെ ഈ കാലഘട്ടത്തിൽ അവതരിക്കുന്ന മഹദി ഇമാം താങ്കളാണെന്ന് അറിയിക്കുകയും അത് മിർസാ ഗുലാം അഹമ്മദ് ജനങ്ങളോട് പറയുകയും ചെയ്തു. ഇതൊക്കെ കൊണ്ട് തന്നെ അഹമ്മദിയാക്കൾ അദ്ദേഹത്തെ മഹദി ഇമാം എന്ന് വിശ്വസിക്കുകയും ചെയ്യുന്നു. ഈ പ്രസ്ഥാനത്തിന്റെ തുടക്കത്തിന് കാരണമായ ആളെ ആത്മീയ നേതൃത്വമായി അംഗീകരിച്ചുകൊണ്ട് 1889 മുതൽ അഹമ്മദിയ്യാ മുസ്ലിം ജമാഅത്ത് ലോകത്തുണ്ട്.

അഹമ്മദിയാ മുസ്ലിം ജമാഅത്ത് നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങൾ
പാക്കിസ്ഥാനടക്കമുള്ള രാജ്യങ്ങളിൽ അഹമ്മദിയാക്കളെ ശാരീരികമായി നേരിടുന്നുണ്ട്. മറ്റേതൊരു ഇസ്ലാമിക വിഭാഗത്തെ പോലെ തന്നെ അല്ലെങ്കിൽ അതിനേക്കാളേറെ കൃത്യതയോടെ ഖുർആനിലെ കൽപനകളെല്ലാം കൃത്യമായി പാലിച്ചുകൊണ്ട് തന്നെയാണ് അഹമ്മദിയ്യാ മുസ്ലിം ജമാഅത്തിന്റെ പ്രാർത്ഥനകളും ആചാരങ്ങളും. അതുകൊണ്ടു തന്നെ അഹമ്മദിയാ മുസ്ലിം ജമാഅത്ത് മറ്റൊരു മതമല്ല. മറിച്ച് ഇസ്ലാം തന്നെയാണ്. അഹമ്മദിയാക്കൾ അന്ത്യപ്രവാചകൻ മുഹമ്മദിനെ അംഗീകരിക്കുന്നു.

അഹമ്മദിയാ മുസ്ലിം ജമാഅത്തിലെ അഹമ്മദ് എന്ന പദം മിർസാ ഗുലാം അഹമ്മദിന്റെ അഹമ്മദല്ല. മറിച്ച് പ്രവാചകൻ മുഹമ്മദിന്റെ തന്നെ അനവധി പേരുകളിലൊന്നായ അഹമ്മദാണ്. എല്ലാ മുസ്ലിംകളും ഉച്ചരിക്കുന്ന കലമത്തു തൗഹീദായ ലാ ഇലാഹ ഇല്ലള്ളാ മുഹമ്മദു റസൂലള്ള (അള്ളാഹുവല്ലാതെ മറ്റൊരു ദൈവമില്ലെന്നും മുഹമ്മദ് അവന്റെ പ്രവാചകനാണെന്നും ) എന്നത് തന്നെയാണ് അഹമ്മദിയാക്കളും ഉച്ചരിക്കുന്നത്. വാക്കുകളിൽ പോലും വ്യത്യാസമില്ലാതെ ഈ വാചകം അഹമ്മദിയാക്കളുടെ എല്ലാ പള്ളികളിലും എഴുതിച്ചേർത്തിട്ടുണ്ട്. അഹമ്മദിയാക്കൾ ഹജ്ജിന് പോകുന്നതും എല്ലാവരും പോകുന്ന മക്കയിലേക്കും മദീനയിലേക്കും തന്നെയാണ്.

പാക്കിസ്ഥാനിൽ ഒരു ഇസ്ലാമി സംഘടനക്കും അതിന്റെ പ്രവർത്തകർക്കും നേരിടേണ്ടി വരുന്നത് സമാനതകളില്ലാത്ത പീഡനങ്ങളാണ്. മനുഷ്യാവകാശത്തിന്റെ ഏറ്റവും വലിയ പ്രഖ്യാപിത മതമായ ഇസ്ലാമിന്റെ പേരിൽ രൂപീകൃതമായ രാജ്യത്ത് നിന്നും അവിടുത്തെ ഗവൺമെന്റിൽ നിന്നും അഹമ്മദിയാക്കൾ നേരിടുന്നത് നിയമപരമായ വിലക്കുകളാണ്. പാക്കിസ്ഥാനിൽ 1974ൽ സുൽഫിക്കറലി ഭൂട്ടോയുടെ കാലത്ത് എല്ലാതരം ഇസ്ലാമിക വിധിവിലക്കുകളും നിയമങ്ങളും അനുവർത്തിച്ച് പോരുന്നവരെ അമുസ്ലിം ന്യൂനപക്ഷമായി പ്രഖ്യാപിച്ചുകൊണ്ടാണ് നേരിട്ടത്.

പാക്കിസ്ഥാൻ പാർലമെന്റിൽ ഈ നിയമം പാസാക്കുമ്പോൾ അതിനകത്തുണ്ടായിരുന്ന അതേ ഖുർആനിലെ കൽപനകൾ തന്നെയാണ് അഹമ്മദിയാക്കളും അനുസരിച്ച് പോന്നിരുന്നത്. അതിനപ്പുറം അഹമ്മദിയാക്കൾക്ക് നിസ്‌കരിക്കാൻ പള്ളികൾ ഉപയോഗിക്കരുതെന്നും പാക്കിസ്ഥാൻ പാർലമെന്റ് നിയമം പാസാക്കി. അവർ ഉപയോഗിക്കുന്ന ആരാധനാലയങ്ങൾക്ക് മസ്ജീദ് എന്ന് പറയാനോ, ഖുർആൻ പാരായണം നടത്താനോ, പരസ്പരം സലാം പറയാനോ പാടില്ലെന്നും സർക്കാർ വിലക്കി.

ഏതെങ്കിലുമൊരു അഹമ്മദിയ മുസ്ലിം ജമാഅത്തുകാരൻ അല്ലാഹുവിനെ ആരാധിച്ചാൽ അവൻ ശിക്ഷിക്കപ്പെടാൻ അർഹനാണെന്ന് കൂടി പാക്കിസ്ഥാൻ അവരുടെ നിയമസംഹിതയിൽ എഴുതിച്ചേർത്തു. പിന്നീട് 1984ൽ സിയാഉൽ ഹഖിന്റെ നേതൃത്വത്തിലുള്ള പട്ടാള ഭരണത്തിന് കീഴിൽ ഈ നിയമങ്ങളെല്ലാം കർശനമായി നടപ്പാക്കി അഹമ്മദികളെ ശിക്ഷിക്കാൻ തുടങ്ങി. തെരുവുകളിൽ സർക്കാറിന്റെ ഒത്താശയോടെ തീവ്രവാദികൾ അഹമ്മദികൾ വധിക്കപ്പെടേണ്ടവരാണെന്ന് ബാനറുകളുമേന്തി പ്രചരണം നടത്തി.

2010ൽ ഒറ്റദിവസം അഹമ്മദിയാക്കളുടെ രണ്ട് പള്ളികൾ സർക്കാർ ഒത്താശയോടുകൂടി തകർത്ത് നൂറിലധികം ആളുകളെ തീവ്രവാദികൾ കൊന്നൊടുക്കി. ഏറ്റവുമൊടുവിൽ ഇമ്രാൻഖാൻ അധികാരത്തിലെത്തിയപ്പോഴും ഇതൊക്കെ തന്നെയാണ് പാക്കിസ്ഥാനിലെ അഹമ്മദികളുടെ അവസ്ഥ. ഇമ്രാൻഖാന്റെ സാമ്ബത്തിക ഉപദേഷ്ടാവായി അഹമ്മദിയാ വിഭാഗത്തിൽ പെട്ട ഒരാളെ നിയമിച്ചതിന്റെ പേരിൽ നിരവധി ലഹളകളാണ് അവിടെ നടന്നത്. അവസാനം അയാളെ ജോലിയിൽ നിന്ന് പറഞ്ഞുവിടുകയാണുണ്ടായത്.

അഫ്ഗാനിസ്ഥാൻ, ഇറാൻ, യെമൻ തുടങ്ങിയ ഇസ്ലാമിക രാജ്യങ്ങളിലും അഹമ്മദിയാക്കളുടെ സ്ഥിതി വ്യത്യസ്തമല്ല. ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ അഹമ്മദിയാക്കളും മറ്റ് ഇസ്ലാമിക ഗ്രൂപ്പുകളിൽ നിന്നും വലിയ ഭീഷണിയാണ് നേരിടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP