Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിയമം പരിഷ്‌കരിച്ചില്ലെങ്കിൽ സ്‌കോട്ട്‌ലൻഡ് സ്വന്തമായി പോസ്റ്റ് സ്റ്റഡി വിസ ഏർപ്പെടുത്തുമെന്ന് എസ്എൻപി; ഇന്ത്യൻ വിദ്യാർത്ഥികളുടെ ചാകര വെട്ടിയൊതുക്കാൻ ഒരുങ്ങി കാമറോണും

നിയമം പരിഷ്‌കരിച്ചില്ലെങ്കിൽ സ്‌കോട്ട്‌ലൻഡ് സ്വന്തമായി പോസ്റ്റ് സ്റ്റഡി വിസ ഏർപ്പെടുത്തുമെന്ന് എസ്എൻപി; ഇന്ത്യൻ വിദ്യാർത്ഥികളുടെ ചാകര വെട്ടിയൊതുക്കാൻ ഒരുങ്ങി കാമറോണും

പോസ്റ്റ് സ്റ്റഡി വിസ എന്ന പേരിൽ അനേകായിരം മലയാളികൾ യുകെയിൽ എത്തിയിട്ട് അധികകാലം ആയിട്ടില്ല. പഠനം കഴിഞ്ഞാൽ രണ്ട് വർഷം ജോലി ചെയ്യാനുള്ള വിസയായിരുന്നു അത്. അവരിൽ മഹാഭൂരിപക്ഷവും പഠന ശേഷവും വർക്ക് പെർമിറ്റ് തരപ്പെടുത്തി തുടരുന്നു. എന്നാൽ ഇക്കഴിഞ്ഞ സർക്കാർ നടത്തിയ പരിഷ്‌കാരങ്ങളുടെ ഭാഗമായി പോസ്റ്റ് സ്റ്റഡി വിസയും എടുത്തു കളഞ്ഞു. കൂടുതൽ നിയന്ത്രണങ്ങൾ ഓരോ ദിവസവും പ്രഖ്യാപിക്കുമ്പോൾ ബ്രിട്ടൺ ഇങ്ങനെ ഒരു കാര്യം പുനരവലോകനം ചെയ്യുന്ന കാര്യം ആർക്കും ആലോചിക്കാൻ കൂടി വയ്യ.ഇവിടേക്കെത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ ചാകരെയെ വെട്ടിയൊതുക്കാൻ ഒരുങ്ങിപ്പുറപ്പെട്ടിരിക്കുകയാണ് കാമറോൺ എന്ന് അദ്ദേഹത്തിന്റെ പ്രവൃത്തികൾ വ്യക്തമാക്കുന്നുമുണ്ട്.

എന്നാൽ സ്‌കോട്ട്‌ലന്റിൽ ഇന്ത്യൻ വിദ്യാർത്ഥികളെ കൂടിയേ മതിയാവൂ എന്ന വാശിയിലാണ് സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാർട്ടി. ഒട്ടേറെ സ്വാതന്ത്ര്യം അവർക്ക് പുതുതായി അനുവദിച്ചെങ്കിലും ഇമിഗ്രേഷൻ കാര്യത്തിൽ ഇനിയും അത് നൽകിയിട്ടില്ലാത്തത് മൂലം അതിന് പ്രായോഗികമായ തടസ്സമുണ്ട്. എന്തായാലും സ്‌കോട്ട്‌ലന്റിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് രണ്ട് വർഷത്തെ പോസ്റ്റ് സ്റ്റഡി വിസ അനുവദിച്ചേ മതിയാവൂ എന്ന വാശിയിലാണ് എസ്എൻപി ഇപ്പോൾ. അതിനുള്ള അന്ത്യ ശ്വാസനം സർക്കാരിന് നൽകി കഴിഞ്ഞു. അത് അനുവദിച്ചില്ലെങ്കിൽ സ്വന്തമായി നിയമം കൊണ്ട് വന്ന് ഇത് പാലിക്കുമെന്ന ഭീഷണിയാണ് എസ്എൻപി ഇപ്പോൾ ഉയർത്തുന്നത്.

2012 ഏപ്രിലിൽ യുകെ ഗവൺമെന്റ് നിരോധിച്ച ടയർ 1 വിസ( പോസ്റ്റ്സ്റ്റഡി വർക്ക്) പുനഃസ്ഥാപിക്കുമെന്നത് എസ്എൻപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. ടയർ 1 വിസ ഇ്ല്ലാതായതോടെ ഉന്നതപഠനത്തിനായി ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളിലെത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളുട എണ്ണത്തിൽ 50 ശതമാനം താഴ്ചയുണ്ടായിരുന്നു.സ്‌കോട്ട്‌ലൻഡിന് ഇമിഗ്രേഷൻ ആവശ്യമാണെന്നും രാജ്യത്തിന് ഇന്ത്യയിൽ നിന്നുള്ള മിടുക്കന്മാരായ വിദ്യാർത്ഥികളെ ഇവിടുത്തെ 19 യൂണിവേഴ്‌സിറ്റികളിലേക്കും പഠിക്കാനായും അതിന് ശേഷം ഇവിടെ ജോലി ചെയ്ത് ഇവിടുത്തെ സമ്പദ് വ്യവസ്ഥയെ വികസിപ്പിക്കാനും ആവശ്യമുണ്ടെന്നുമാണ് സ്‌കോട്ട്‌ലൻഡിലെ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് മിനിസ്റ്ററായ ഹുമാസ യൂസഫ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞിരിക്കുന്നത്. സ്‌കോട്ട്‌ലൻഡിലെ ജനതയ്ക്ക് പെട്ടെന്ന് പ്രായമായി വരുകയാണെന്നും അതിനാൽ ഇവിടെ കഴിവുറ്റ തൊഴിലാളികളുടെ പോരായ്മ നന്നായി അഭിമുഖീകരിക്കുന്നുണ്ടെന്നും മിനിസ്റ്റർ പറയുന്നു. ആ ഒഴിവുകൾ നികത്താൻ ഇന്ത്യയിൽ നിന്നുള്ള മിടുക്കന്മാരായ കുടിയേറ്റക്കാരെ ആവശ്യമുണ്ട്. സ്‌കോട്ട്‌ലൻഡിന് എൻജിനീയർമാർ, എണ്ണവാതക വ്യവസായത്തിലെ വിഗദ്ധന്മാർ, ഹെൽത്ത് കെയർ സ്‌പെഷ്യലിസ്റ്റുകൾ, പീഡിയാട്രീഷ്യൻസ് തുടങ്ങിയവരെ വൻതോതിൽ ആവശ്യമുണ്ടെന്നും സ്‌കോട്ട്‌ലൻഡ് മിനിസ്റ്റർ വെളിപ്പെടുത്തുന്നു.

സ്‌കോട്ട്‌ലൻഡ് വിസ സ്‌കീം പ്രകാരം, സ്‌കോട്ടിഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മിടുക്കരായ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇവിടെ ജോലി ചെയ്യാനുള്ള അവസരം 2006ൽ ആദ്യമായി ഇവിടെ നടപ്പിലാക്കിയത് ഗ്ലാസ്‌കോ ആയിരുന്നുവെന്ന് മന്ത്രി പറയുന്നു. ഈ സ്‌കീം പ്രകാരം മിടുക്കരായ ഇന്ത്യൻ വിദ്യാർത്ഥികളടക്കമുള്ള വിദേശീയർക്ക് ഇവിടെ ജോലിചെയ്യാനായി രണ്ടുവർഷം കൂടി തുടരാനും കൂടുതൽ പ്രവൃത്തിപരിചയം നേടാനും സാധിച്ചിരുന്നു. 2008 ൽ യുകെ വൈഡ് ടയർ 1 വിസ(പോസ്റ്റ്സ്റ്റഡി വർക്ക്) യിൽ ലയിപ്പിക്കുന്നത് വരെ പ്രസ്തുത സ്‌കീം നിലനിന്നിരുന്നു. എന്നാൽ ഡേവിഡ് കാമറോണിന്റെ നേതൃത്ത്വത്തിലുള്ള സഖ്യകക്ഷി സർക്കാർ ഇത് പിന്നീട് റദ്ദാക്കുകയായിരുന്നു.

പോസ്റ്റ് സ്റ്റഡി വിസ പുനഃസ്ഥാപിക്കാൻ വേണ്ടി അടുത്ത മാസം യുകെ ഗവൺമെന്റുമായി വിലപേശൽ നടത്തുമെന്നാണ് ഇന്റർനാഷണൽ ഡെവലപ്‌മെന്റ് മിനിസ്റ്റർ പറയുന്നത്.ഇക്കാര്യത്തിൽ സ്‌കോട്ടിഷ് പാർലമെന്റിലെ എല്ലാ പാർട്ടികൾക്കും യോജിപ്പാണുള്ളത്. ഇക്കാര്യത്തിനായി താൻ യുകെ ഇമിഗ്രേഷൻ മിനിസ്റ്ററായ ജെയിംസ് ബ്രോക്കെൻഷെയറിനെ കാണുന്നുണ്ടെന്നും ഹുമാസ യൂസഫ് പറഞ്ഞു. സ്‌കോട്ട്‌ലൻഡിന്റെ ആവശ്യങ്ങൾ വെസ്റ്റ്മിൻസ്റ്റർ മനസിലാക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഥവാ ഇക്കാര്യം യുകെ നിരസിക്കുകയാണെങ്കിൽ തങ്ങൾ ഫ്രഷ് ടാലന്റ് വർക്കിങ് ഇൻ സ്‌കോട്ട്‌ലൻഡ് സ്‌കീം വിസ പുനഃസ്ഥാപിക്കുമെന്നും മന്ത്രി ഉറപ്പ് നൽകുന്നു. ഈ വിസ പ്രകാരം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സ്‌കോട്ട്‌ലാൻഡിലെ യൂണിവേഴ്‌സിറ്റികളിൽ പഠിക്കാനും അതിന് ശേഷം ഇവിടെ ജോലി ചെയ്യാനും സാധിക്കും.

പുതിയ വിസ എത്തരത്തിലാണ് സ്‌കോട്ട്‌ലൻഡിൽ പ്രാവർത്തികമാക്കേണ്ടെതെന്നതിനെ കുറിച്ച് ആലോചിക്കാൻ എസ്എൻപി 12 അംഗങ്ങളുള്ള ഒരു ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. ഇതിൽ എസ്എൻപി, ലേബർ പാർട്ടി, കൺസർവേറ്റീവ് പാർട്ടി, ലിബറൽ ഡെമോക്രാറ്റ്, ഗ്രീൻപാർട്ടി എന്നിങ്ങനെ സ്‌കോട്ട്‌ലൻഡിലെ എല്ലാ രാഷ്ട്രീയ പാർട്ടികളിൽ നിന്നുമുള്ള ഓരോ പ്രതിനിധികളെ വീത്ം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ യൂണിവേഴ്‌സിറ്റികൾ, വ്യവസായം എന്നിവയിൽ നിന്നുള്ള പ്രതിനിധികളെയും ഈ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2010 2011 നും 2013 2014നും ഇടയിൽ സ്‌കോട്ട്‌ലൻഡിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കാനെത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 63 ശതമാനം ഇടിവുണ്ടായിട്ടുണ്ട്.

എന്തായാലും എസ്എൻപിയുടെ പ്രഖ്യാപനം മലയാളികൾക്ക് വീണ്ടും ആവേശം പകർന്നിട്ടുണ്ട്. രണ്ട് വർഷത്തെ പോസ്റ്റ് സ്റ്റഡി വിസ ഉണ്ടെങ്കിൽ 19 യൂണിവേഴ്‌സിറ്റികളിൽ അനേകം പേർക്ക് പഠിക്കാം. ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റികളെ വച്ച് നോക്കുമ്പോൾ സ്‌കോട്ടിഷ് യൂണിവേഴ്‌സിറ്റികളുടെ ഫീസ് കുറവാണ്. എന്ന് മാത്രമല്ല യുകെ യൂണിവേഴ്‌സിറ്റി എന്ന പേരാണ് ലഭിക്കുന്നത്. രണ്ട് വർഷം ജോലി ചെയ്താൽ പഠിച്ച് പഠനം വസൂലാക്കാനും പറ്റും. മാത്രമല്ല ഇതേ വിസയിൽ തന്നെ ഇംഗ്ലണ്ടിലേക്കും എത്താൻ കഴിയും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP