Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒടുവിൽ ഇന്ത്യൻ സമ്മർദ്ദങ്ങൾ ഫലം കണ്ടു; ബാങ്കുകളിൽ നിന്നും 9000 കോടി വായ്‌പ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാതെ ബ്രിട്ടനിലേക്ക് മുങ്ങിയ വിജയ് മല്യയെ അറസ്റ്റു ചെയ്തു; ലണ്ടനിലെ അത്യാഢംബര ബംഗ്ലാവിൽ സുഖവാസത്തിൽ കഴിഞ്ഞ കിങ്ഫിഷർ മുതലാളിയെ പിടികൂടിയത് സ്‌കോട്ട്‌ലൻഡ് യാർഡ് പൊലീസ്

ഒടുവിൽ ഇന്ത്യൻ സമ്മർദ്ദങ്ങൾ ഫലം കണ്ടു; ബാങ്കുകളിൽ നിന്നും 9000 കോടി വായ്‌പ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാതെ ബ്രിട്ടനിലേക്ക് മുങ്ങിയ വിജയ് മല്യയെ അറസ്റ്റു ചെയ്തു; ലണ്ടനിലെ അത്യാഢംബര ബംഗ്ലാവിൽ സുഖവാസത്തിൽ കഴിഞ്ഞ കിങ്ഫിഷർ മുതലാളിയെ പിടികൂടിയത് സ്‌കോട്ട്‌ലൻഡ് യാർഡ് പൊലീസ്

ലണ്ടൻ: ഇന്ത്യയിലെ ബാങ്കുകളിൽനിന്ന് 9000 കോടി രൂപയുടെ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ ലണ്ടനിലേക്കു രക്ഷപ്പെട്ട വിവാദ വ്യവസായി വിജയ് മല്യ അറസ്റ്റിൽ. ബ്രിട്ടനിലെ സ്‌കോട്ട്‌ലൻഡ് യാർഡ് പൊലീസാണ് മല്യയെ അറസ്റ്റ് ചെയ്തത്. ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്കാണ് മല്യയെ അറസ്റ്റ് ചെയ്തത്. വെസ്റ്റ്മിനിസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുന്ന മല്യയെ നടപടികൾ പൂർത്തിയാക്കി ഇന്ത്യയ്ക്കു കൈമാറുമെന്നാണു റിപ്പോർട്ടുകൾ.

മല്ല്യയെ ബ്രിട്ടൻ ഇന്ത്യക്ക് കൈമാറുമെന്നാണ് നിലവിൽ പുത്തുവരുന്ന റിപ്പോർട്ടുകൾ. സിബിഐ സംഘം ഉടൻ ലണ്ടനിലേക്ക് പോകുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, മല്ല്യയെ ഇന്ത്യക്ക് വിട്ടുനൽകുന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ലണ്ടനിലെ കോടതിയാണ്.

ഇന്ത്യയുടെ ആവശ്യപ്രകാരമാണ് മല്യയെ ബ്രിട്ടിലെ ഏറ്റവും മികച്ച പൊലീസ് സേനയായ സ്‌കോട്‌ലൻഡ് യാർഡ് അറസ്റ്റ് ചെയ്തത്. മല്യ ഒരു പ്രഖ്യാപിത അപരാധി ആണെന്ന് അറസ്റ്റിനുശേഷം സ്‌കോട്‌ലൻഡ് യാർഡ് പുറപ്പെടുവിച്ച പ്രസ്താവനയിൽ വ്യക്തമാക്കുന്നു. മല്യയ്‌ക്കെതിരേ ഹൈദരാബാദ് ഹൈക്കോടതി അടക്കം പുറപ്പെടുവിച്ച അറസ്റ്റ് വാറന്റുകളുടെ അടിസ്ഥാനത്തിലാണ് വിട്ടുകിട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടത്. ഇതിനെ തുടർന്ന് ബ്രിട്ടൻ കോടതി നടപടികൾ ആരംഭിക്കുകയായിരുന്നു.

കഴിഞ്ഞ വർഷമാണ് വിജയ് മല്യ ബ്രിട്ടനിലേക്കു കടന്നത്. ഒമ്പതിനായിരം കോടിയുടെ വായ്പയെടുത്തശേഷം തിരിച്ചടയ്ക്കാതിരുന്നതിനെ തുടർന്ന് ബാങ്കുൾ നടപടി ആരംഭിക്കാൻ തീരുമാനിച്ചതിനെ തുടർന്നാണ് മല്യ ബ്രിട്ടനിലേക്കു രക്ഷപ്പെടുന്നത്.

ബാങ്കു തട്ടിപ്പു നടത്തിയ വിജയ് മല്യയെ വിട്ടുകിട്ടണമെന്ന് ഇന്ത്യ ബ്രിട്ടനോട് നേരത്തേ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി മല്യയുടെ പാസ്‌പോർട്ട് ഇന്ത്യ റദ്ദാക്കി. എന്നാൽ മല്യയെ ഇന്ത്യയ്ക്കു കൈമാറാൻ ബ്രിട്ടനു സമ്മതമില്ലായിരുന്നു. കൈമാറാനുള്ള ഇന്ത്യയുടെ അഭ്യർത്ഥന തങ്ങളുടെ നിയമപ്രകാരം ബാധകമല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ബ്രട്ടൻ സന്ദർശിക്കുന്നവരുടെ പാസ്‌പോർട്ടിന് സാധുത ഇല്ലെങ്കിലും രാജ്യത്ത് തുടരാൻ അനുവദിക്കുന്ന നിയമം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

എന്നാൽ ഹൈദരാബാദ് ഹൈക്കോടതി പുറപ്പെടുവിച്ച ജാമ്യമില്ലാ വാറന്റുകൾ അടക്കം ചൂണ്ടിക്കാട്ടി മല്യയെ വിട്ടുകിട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലും സമ്മർദം ശക്തമാക്കി. ഇതോടെ പ്രതിയെ വിട്ടുകിട്ടാനുള്ള ഇന്ത്യയുടെ ആവശ്യം പരിഗണിച്ച ഇന്ത്യ കോടതി നടപടികൾ ആരംഭിക്കുകയായിരുന്നു.

ഇപ്പോൾ നിലവിലില്ലാത്ത കിങ് ഫിഷർ എയർലൈൻസ് കമ്പനിയുടെ പേരിലാണ് മല്യ 9,000 കോടി രൂപയുടെ വായ്പ വിവിധ ബാങ്കുകളിൽനിന്നായി എടുത്തത്. സിബിഐയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുമാണ് മല്ല്യയ്‌ക്കെതിരായ കേസുകൾ അന്വേഷിക്കുന്നത്. സിബിഐ ആയിരം പേജു വരുന്ന കുറ്റപത്രമാണു സമർപ്പിച്ചിരിക്കുന്നത്. ഗൂഢാലോചനയും വഞ്ചനാക്കുറ്റവുമാണ് ചുമത്തിയിരിക്കുന്ന പ്രധാന കുറ്റംങ്ങൾ.

കിങ് ഫിഷർ ബിയറുകൾ അടക്കം ഉത്പാദിപ്പിക്കുന്ന യുബി ഗ്രൂപ്പിന്റെ ഉടമസ്ഥനായിരുന്ന മല്യ അപ്രതീക്ഷിതമായാണ് കടക്കെണിയിൽ അകപ്പെടുന്നത്. കിങ് ഫിഷർ എയർലൈൻസിനു വേണ്ടി എടുത്ത വായ്പകളാണ് മല്യയെ കുഴപ്പത്തിലാക്കിയത്. ബാങ്കുകൾ നടപടി സ്വീകരിക്കുമെന്ന് ഉറപ്പായതോടെ 2016 മാർച്ച് രണ്ടിന് അദ്ദേഹം ബ്രിട്ടനിലേക്കു കടന്നു. അന്ന് രാജ്യസഭാംഗമായിരുന്നു മല്യ. പിന്നീട് രാജ്യസഭാംഗത്വം രാജിവച്ചു.

എസ്‌ബിഐയുടെ നേതൃത്വത്തിൽ 17 ബാങ്കുകൾ മല്യയെ വിട്ടുകിട്ടാനും അദ്ദേഹത്തിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി പണം ഈടാക്കാനും സുപ്രീംകോടതിയെ സമീപിക്കുകയുണ്ടായി. തുടർന്ന് മല്യയെ ഇന്ത്യയിലെത്തിക്കാൻ സുപ്രീംകോടതി കേന്ദ്ര സർക്കാരിനു നിർദ്ദേശം നല്കി. മല്യയെ രക്ഷപ്പെടാൻ കേന്ദ്രം സഹായിച്ചുവെന്ന ആരോപണം പ്രതിപക്ഷവും ഉയർത്തി. ഇതിനെ തുടർന്നാണ് പാസ്‌പോർട്ട് റദ്ദാക്കുന്നതടക്കമുള്ള നടപടികൾ ഇന്ത്യ സ്വീകരിച്ചത്.

ഇന്ത്യൻ ബാങ്കുകളെ പറ്റിച്ച് ബ്രിട്ടനിലേക്കു കടന്നിട്ടും അത്യാഡംബര ജീവിതമാണ് മല്യ നയിച്ചിരുന്നത്. ലണ്ടനിലെ അത്യാഡംബര ബംഗ്ലാവിലായിരുന്നു താമസം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP