Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദുരന്തം വരുത്തിവച്ചത് തീർത്ഥാടകർ മുന്നറിയിപ്പ് നിർദേശങ്ങൾ അവഗണിച്ചതിനാൽ; 364 പേരുടെ ജീവനെടുത്ത 2006ലെ അപകടത്തിന് ശേഷമുണ്ടായ വൻ ദുരന്തം; മാസങ്ങൾ നീണ്ട മുന്നൊരുക്കങ്ങൾ പാളിയ നിരാശയിൽ അധികൃതർ

ദുരന്തം വരുത്തിവച്ചത് തീർത്ഥാടകർ മുന്നറിയിപ്പ് നിർദേശങ്ങൾ അവഗണിച്ചതിനാൽ; 364 പേരുടെ ജീവനെടുത്ത 2006ലെ അപകടത്തിന് ശേഷമുണ്ടായ വൻ ദുരന്തം; മാസങ്ങൾ നീണ്ട മുന്നൊരുക്കങ്ങൾ പാളിയ നിരാശയിൽ അധികൃതർ

മക്ക: ത്യാഗത്തിന്റെ സ്മരണ പുതുക്കി മുസ്ലിംങ്ങൾ ബലിപ്പെരുന്നാൾ ആഘോഷിക്കുന്ന ദിവസം മിനയിൽ ഉണ്ടായ ദുരന്തം ലോകത്തെ മുഴുവൻ ദുഃഖത്തിലാഴ്‌ത്തിയിരിക്കയാണ്. എല്ലാവർഷവും ഹജ്ജിനിടെ ദുരന്തം ഉണ്ടാകാതിരിക്കാൻ വേണ്ടി പ്രത്യേകം മുൻകരുതൽ നടപടികൾ സൗദി സർക്കാർ നടത്തിവരാറുണ്ട്. ഇതിനായി പ്രധാനമായി നിർദേശിച്ചിരുന്നത് ഹാജിമാർ കർശനമായും നിർദേശങ്ങൾ പാലിക്കുക എന്നതായിരുന്നു. ഇങ്ങനെയുണ്ടായ നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്‌ച്ച വന്നതാണ് ഇപ്പോഴത്തെ ദുരന്തത്തിന് പ്രധാനമായും കാരണമായത്.

ബലി പെരുനാൾ ആഘോഷങ്ങൾക്കായി ഹജ് തീർത്ഥാടകർ ഇന്നു പുലർച്ചയോടെ മിനായിലെത്തിയിരുന്നു. ഇവിടെ നടന്ന കല്ലേറ് കർമത്തിനിടെയാണ് തിക്കും തിരക്കുമുണ്ടായത്. തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേകം നിർദേശങ്ങളായിരുന്നു തീർത്ഥാടകർക്ക് നൽകിയിരുന്നത്. ഇത് അവഗണിച്ചതാണ് ദുരന്തത്തിന്റ് വ്യാപ്തി വർധിപ്പിച്ചത്.

കല്ലേറ് കർമം നിർവഹിക്കുന്നതിന് തീർത്ഥാടകരെ സംഘങ്ങളും ഗ്രൂപ്പുകളുമായി തിരിച്ച് ജംറയിൽ എത്തിക്കുകയാണ് ചെയ്യാറ്. ഇതിനായി സമയക്രമം നിശ്ചയിച്ച് ഹജ്ജ് തീർത്ഥാടകർക്ക് സേവനം നൽകുന്ന ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റുകൾ കണിശമായി പാലിക്കണമെന്ന് ഹജ്ജ് മന്ത്രാലയം കർശന നിർദ്ദേശം നൽകിയിരുന്നു. ജംറയിൽ അനിയന്ത്രിതമായ തിക്കും തിരക്കും അനുഭവപ്പെടാതെ നോക്കുന്നതിന് ദുൽഹജ്ജ് പത്ത് മുതൽ പതിമൂന്ന് വരെയുള്ള ദിവസങ്ങളിൽ കല്ലേറ് കർമം നിർവഹിക്കുന്നതിന് ഓരോ ഹജ്ജ് സർവീസ് സ്ഥാപനത്തിനും കീഴിലുള്ള തീർത്ഥാടകർക്ക് ഹജ്ജ് മന്ത്രാലയം പ്രത്യേക സമയക്രമം നിശ്ചയിച്ചിരുന്നു പ്രത്യേകം നിശ്ചയിച്ച സമയത്തല്ലാതെ തീർത്ഥാടകരെ കല്ലേറ് കർമം നിർവഹിക്കുന്നതിന് ജംറയിലേക്ക് പോകാൻ അനുവാദം ഉണ്ടായിരുന്നില്ല.

ഫീൽഡ് ഗൈഡുമാരുടെയും വിദേശ ഹജ്ജ് മിഷൻ പ്രതിനിധികളുടെയും നേതൃത്വത്തിലാണ് കല്ലേറ് കർമം നിർവഹിക്കുന്നതിന് തീർത്ഥാടകരെ സംഘങ്ങളായി ജംറയിലേക്ക് നയിക്കേണ്ടത്. ഓരോ ഗ്രൂപ്പിലും സംഘത്തിലുമുള്ളവരെ ഒരുമിപ്പിച്ച് കൊണ്ടുപോകുന്നതിന് സഹായിക്കുന്ന പ്രത്യേക അടയാളങ്ങൾ തീർത്ഥാടകർക്ക് നേതൃത്വം നൽകുന്ന ഫീൽഡ് ഗൈഡുമാരുടെയും ഹജ്ജ് മിഷൻ പ്രതിനിധികളുടെയും പക്കലുണ്ടായിരിക്കണം എന്നതാണ് നിർദേശിച്ചിരുന്നത്. ഒരു ഗ്രൂപ്പിലെ തീർത്ഥാടകരുടെ എണ്ണം 300ൽ കൂടാൻ പാടില്ലെന്നായിരുന്നു നിർദ്ദേശം. എന്നാൽ ഈ നിർദ്ദേശം പാലിക്കാത്തതാണ് ഇപ്പോഴത്തെ ദുരന്തത്തിന് ഇടയാക്കിയത്.

2006ൽ കല്ലേറു കർമ്മത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 364 പേർ മരിച്ച സംഭവത്തിന് ശേഷമുണ്ടായ പ്രധാന ദുരന്തമാണ് ഇപ്പോൾ മിനയിൽ ഉണ്ടായിരിക്കുന്നത്. തീർത്ഥാടനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അപകടമുണ്ടായത് 1990 ജൂലൈയിലായിരുന്നു. മക്കാ നഗരത്തിലേക്കു കടക്കാനുള്ള തുരങ്കത്തിൽ തിക്കിലും തിരക്കിലുംപെട്ട് ആയിരത്തഞ്ഞൂറോളം പേരാണ് അന്നു മരിച്ചത്. ഇതിൽ അഞ്ചു മലയാളികളും ഉൾപ്പെട്ടിരുന്നു. നാല് ഇന്ത്യക്കാർ ഉൾപ്പടെ 14 തീർത്ഥാടകർ തിക്കിലും തിരക്കിലുംപെട്ടു മരിച്ചു. പിന്നീട് 1994ൽ തിക്കിലും തിരക്കിലും 270 ഹാജിമാരാണു മരിച്ചത്. 1997ൽ മിനായിലെ തമ്പുകളിലുണ്ടായ അഗ്‌നിബാധ 343 പേരുടെ ജീവനെടുത്തു. മരിച്ചവരിൽ നൂറോളം പേർ ഇന്ത്യക്കാരായിരുന്നു.

1998ൽ തിരക്കിൽപ്പെട്ട് നൂറ്റൻപതോളം പേരാണു മരിച്ചത്. ഇവരിൽ അൻപതോളം ഇന്ത്യാക്കാരുണ്ടായിരുന്നു. ഏഴു പേർ മലയാളികളും ഉൾപ്പെട്ടു. പിന്നീട്. 2001ൽ 36 പേർ മരണപ്പെടുകയുണ്ടായി. ഇതിൽ രണ്ട് ഇന്ത്യക്കാരും ഉൾപ്പെടുകയുണ്ടായി. 2006ലും ഹജ് തീർത്ഥാടനത്തിന്റെ സമാപന ദിവസം മിനായിൽ തിക്കിലും തിരക്കിലുംപെട്ടു 364 പേരാണ് ദാരുണമായ മരിച്ചത്.

വർഷംതോറും ഹജ്ജിനെത്തുന്ന തീർത്ഥാടകരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയ്ക്ക് വിപുലമായ സൗകര്യങ്ങൾ സൗദി ഭരണകൂടം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, ഇപ്പോൾ വീണ്ടും ദുരന്തം ഉണ്ടായപ്പോൾ മുന്നൊരുക്കങ്ങളെല്ലാം വൃഥാവിലായതിന്റെ ദുഃഖത്തിലാണ് അധികാരികൾ.

ഇതേ വർഷംതന്നെ ഹജ് കർമങ്ങൾ തുടങ്ങുന്നതിനു രണ്ടുനാൾ മുൻപു മക്കയിലെ ഹറം പള്ളിക്കു സമീപം കെട്ടിടം തകർന്നു മൂന്ന് ഇന്ത്യക്കാർ ഉൾപ്പെടെ 76 പേർ മരണമടഞ്ഞിരുന്നു. ഇതിന്റെ ആഘാതം തീരുന്നതിന മുമ്പാണ് ഇപ്പോൾ വീണ്ടും ദുരന്തം ഉണ്ടായിരിക്കുന്നത്. 164 രാജ്യങ്ങളിൽനിന്നായി 13,84,941 തീർത്ഥാടകർക്കൊപ്പം ആറു ലക്ഷം ആഭ്യന്തര തീർത്ഥാടകർ ഉൾപ്പെടെ 20 ലക്ഷത്തിലേറെ പേരാണ് ഇത്തവണ ഹർജ്ജ് കർമം നിർവഹിക്കാൻ എത്തിയത്.

അനുമതി പത്രമില്ലാത്ത മൂന്നര ലക്ഷത്തിലേറെ പേരെ പൊലീസ് തിരിച്ചയച്ചിരുന്നു. 750,564 പുരുഷന്മാരും 634,377 സ്ത്രീകളുമാണ് ഇത്തവണ എത്തിയിരുന്നത്. ഏറ്റവും കൂടുതൽ തീർത്ഥാടകരുള്ളത് ഇന്തോനേഷ്യയിൽ നിന്നാണ്. 186,000 പേർ. 38 തീർത്ഥാടകരുള്ള ജോർജിയയിൽ നിന്നാണ് ഏറ്റവും കുറഞ്ഞ തീർത്ഥാടകർ ഉള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP