Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

40 ഇഞ്ചുവരെ ഉയരത്തിൽ മഞ്ഞ് കുന്ന് കൂടി; മിക്കയിടങ്ങളിലും വീടുകൾ മൂടി മഞ്ഞ് വീഴ്ച; ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിൽ നടുങ്ങി അമേരിക്ക; അനേകം മരണങ്ങൾ

40 ഇഞ്ചുവരെ ഉയരത്തിൽ മഞ്ഞ് കുന്ന് കൂടി;  മിക്കയിടങ്ങളിലും വീടുകൾ മൂടി മഞ്ഞ് വീഴ്ച; ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിൽ നടുങ്ങി അമേരിക്ക; അനേകം മരണങ്ങൾ

ലോകത്തിലെ ഏറ്റവും വലിയ ശക്തിയും ലോക പൊലീസുമായ സാക്ഷാൽ അമേരിക്ക ഇപ്പോൾ ജോനാസ് കൊടുങ്കാറ്റിന് മുന്നിൽ മുട്ടുമടക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. അമേരിക്കയെയും കൊണ്ടേ പോകൂ എന്ന വിധത്തിലാണ് ഈ കാറ്റും തുടർന്നുണ്ടായ കനത്ത മഞ്ഞും ഇവിടെ നാശം വിതച്ച് കൊണ്ടിരിക്കുന്നത്. പലയിടങ്ങളിലും 40 ഇഞ്ചുവരെയാണ് മഞ്ഞ് കുന്നു കൂടിയിരിക്കുന്നത്. മിക്കയിടങ്ങളിലും വീടുകളെ കാണാതാക്കുന്ന വിധത്തിലാണ് മഞ്ഞ് വീണു കൊണ്ടിരിക്കുന്നത്.

അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രകൃതിദുരന്തത്തിനാണ് രാജ്യം ഇപ്പോൾ കീഴടങ്ങിയിരിക്കുന്നത്.ഇപ്പോഴത്തെ കടുത്ത കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായി ചുരുങ്ങിയത് 19 പേരെങ്കിലും വിവിധയിടങ്ങളിലായി കൊല്ലപ്പെട്ടിട്ടുണ്ട്. കനത്ത മഞ്ഞിനെയും കാറ്റിനെയും തുടർന്ന് 12,000 വിമാനങ്ങൾ യാത്ര റദ്ദാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പലയിടങ്ങളിലുമുണ്ടായ കനത്ത വെള്ളപ്പൊക്കം മൂലം നിരവധി കാറുകളാണ് റോഡുകളിൽ 24 മണിക്കൂറിൽ പരം കുടുങ്ങിപ്പോയിരിക്കുന്നത്. നൂറ്റാണ്ടിലെ തന്നെ ഏറ്റവും ശക്തമായ മഞ്ഞ് വീഴ്ചയാണ് രാജ്യത്തുടനീളമുണ്ടായിരിക്കൊണ്ടിരിക്കുന്നത്.

രാജ്യത്തിന്റെ കിഴക്കൻ സംസ്ഥാനങ്ങളിലാണ് തണുപ്പും മഞ്ഞുമേറെയുള്ളത്. ന്യൂയോർക്ക് , വാഷിങ്ടൺ എന്നീ മഹാനഗരങ്ങളിൽ എട്ടിഞ്ചിലധികം മഞ്ഞ് വീണിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ടോടെ വീശിയടിച്ച ജോന്നാസ് കൊടുങ്കാററ് വാഷിങ്ടണിൽ കനത്ത നാശമാണ് വിതച്ചിരിക്കുന്നത്. വിമാനങ്ങളും ട്രെയിനുകളും നിശ്ചലമായതോടോ ജനങ്ങൾ വീടിനുള്ളിൽ തന്നെ അകപ്പെട്ട അവസ്ഥയാണ് മിക്കയിടങ്ങളിലുമുള്ളത്.

അമേരിക്കയുടെ കിഴക്കൻ തീരങ്ങളിൽ ഇന്നലെ രാവിലെ വൻ തോതിൽ മഞ്ഞ് വീണിരുന്നു. ശനിയാഴ്ച വീശിയടിച്ച ജോനാസിന്റെ താണ്ഡവമാണിതിന് കാരണം. ഈസ്റ്റ് കോസ്റ്റിലെ ഗ്ലെൻഗറി, വെസ്റ്റ് വെർജീനിയ, എന്നിവിടങ്ങളിൽ 40 ഇഞ്ചോളം മഞ്ഞ് വീഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 67 ഇടങ്ങളിൽ രണ്ടടിയോളം മഞ്ഞ് വീഴ്ചയുണ്ടായിട്ടുണ്ട്. ഇവയിൽ ഭൂരിഭാഗം പ്രദേശങ്ങളും വെസ്റ്റ് വെർജീനിയ, വെർജീനിയ, മേരിലാന്റ് എന്നിവിടങ്ങളിലാണ്.ബാൾട്ടിമോറിൽ 29 ഇഞ്ചോളമാണ് മഞ്ഞ് വീണിരിക്കുന്നത്. ന്യൂയോർക്ക് നഗരത്തിൽ 26.5 ഇഞ്ചാണ് മഞ്ഞ് വീണിരിക്കുന്നത്.

പ്രതികൂലമായ കാലാവസ്ഥയെ തുടർന്ന് 10 എമർജൻസികളാണ് വിവിധയിടങ്ങളിൽ പ്രഖ്യാപിച്ചിട്ടുള്ളത്. ന്യൂജഴ്‌സിയിൽ കടലോരമേഖലകളിൽ വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കെന്റക്കിയിലും പെൻസിൽ വാനിയയിലും മോട്ടോറിസ്റ്റുകൾ റോഡുകളിലെ കനത്ത മഞ്ഞ് കാരണം 24 മണിക്കൂറുകളോളം റോഡിൽ കുടുങ്ങിപ്പോയിരുന്നു. മരിച്ച 19 പേരിൽ 13ഉം പ്രതികൂലമായ കാലാവസ്ഥ മൂലമുണ്ടായ കാറപകടങ്ങളിലാണ് കൊല്ലപ്പെട്ടിരിക്കുന്നത്. അർകാൻസാസ്, നോർത്ത് കരോലിന, കെന്റക്കി, ഓഹിയോ, ടെന്നെസീ, വെർജീനിയ എന്നിവിടങ്ങളിലാണ് ഈ അപകടങ്ങൾ സംഭവിച്ചിരിക്കുന്നത്. ഒരാൾ മേരിലാന്റിലും മറ്റ് മൂന്ന് പേർ ന്യൂയോർക്ക് സിറ്റിയിലും കനത്ത മഞ്ഞ് താങ്ങാനാവാതെ മരിച്ചിട്ടുണ്ട്. വെർജീനിയയിൽ രണ്ടു പേർ മരിച്ചത് ഹൈപോതെർമിയ കാരണമാണ്. സ്‌റ്റേറ്റൻ ഐസ്ലാൻഡിൽ ഒരാളും ക്യൂൻസിൽ രണ്ടു പേരും മരിച്ചിട്ടുണ്ടെന്നാണ് ന്യൂയോർക്ക് പൊലീസ് വകുപ്പ് ചീഫായ ജിം ഓ നെയ്ൽ ഇന്നലെ വെളിപ്പെടുത്തിയിരിക്കുന്നത്.

ശനിയാഴ്ച മുതൽ അത്യാവശ്യമല്ലാത്ത വാഹനങ്ങളെ ന്യൂയോർക്ക് സിറ്റിയിലെയും ബാൾട്ടിമോറിലെയും റോഡുകളിൽ നിന്ന് വിലക്കിയിരുന്നു. ഇന്നലെ രാവിലെയോടെയാണ് നിരോധനങ്ങൾ ചിലയിടങ്ങളിൽ നീക്കം ചെയ്തതത്. കനത്ത കാറ്റ് കാരണം നിർത്തി വച്ചിരുന്ന വ്യോമഗതാഗതം ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ന്യൂയോർക്ക് സിറ്റി, വാഷിങ്ടൺ ഡിസി എന്നിവിടങ്ങളിൽ ഭാഗികമായി പുനരാരംഭിച്ചതെന്നാണ് യുണൈറ്റഡ് എയർലൈൻസ് പറയുന്നത്. ഈ വീക്കെൻഡിൽ മൊത്തം റദ്ദാക്കിയ വിമാനങ്ങളുടെ എണ്ണം 12,000 ത്തോളമായിട്ടുണ്ടെന്നാണ് കണക്ക്.സാധാരണ തിരക്കേറിയ ന്യൂയോർക്ക് നഗരം കനത്ത മഞ്ഞ് വീഴ്ചയെ തുടർന്ന് ആളൊഴിഞ്ഞ പ്രേതനഗരം പോലെയായിത്തീർന്നിരുന്നു. ബ്രോഡ് വേയിലൂടനീളം ഇരുട്ടായിരുന്നു. മാഡിസൻസ്‌ക്വയർ ഗാർഡനിൽ ഇന്നലെ നടത്താനിരുന്ന ഷോ ബ്രൂസ് സ്പ്രിങ്സ്റ്റീൻ റദ്ദാക്കുകയും ചെയ്തിരുന്നു. സാധാരണ വാഷിങ്ടണിൽ ചരിത്ര സ്മാരകങ്ങൾ കാണാൻ എപ്പോഴും ടൂറിസ്റ്റുകളുടെ തിരക്കുണ്ടാകാറുണ്ട്. എന്നാൽ കനത്ത മഞ്ഞ് കാരണം ഇത്തരം കേന്ദ്രങ്ങൾ ഇന്നലെ അടച്ച നിലയിലായിരുന്നു.

ന്യൂജഴ്‌സിയിലെ നിരവധി കടലോര റിസോർട്ട് ടൗണുകൾ വെള്ളം കയറി ഒറ്റപ്പെട്ട നിലയിലായിരുന്നു. ശനിയാഴ്ച തിര ഇവിടേക്ക് അടിച്ച് കയറിയതിനെ തുടർന്നാണിത് സംഭവിച്ചത്. ന്യൂജഴ്‌സിയിൽ ഒരു ലക്ഷത്തോളം വീടുകൾ വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെട്ട് ഇരുട്ടിലായിട്ടുണ്ട്. കനത്ത കാറ്റ് കാരണം ജേഴ്‌സി തീരത്ത് റെക്കോർഡിനടുത്ത് ശക്തിയിലുള്ള ഭീമൻ തിരകൾ ആഞ്ഞടിച്ചിരുന്നു.ജപ്പാനിൽ സുനാമി സമയത്തുണ്ടായതിന് ഏറെക്കൂറെ സമാനമായിരുന്നു ഇവിടുത്തെ തിരകളെന്നാണ് ചിലർ സാക്ഷ്യപ്പെടുത്തുന്നത്.അറ്റ്‌ലാന്റിക് സിറ്റിക്ക് സമീപമുള്ള ബാരിയർ ദ്വീപുകളിലും തിരകൾ ശക്തമായതിനെ തുടർന്നുള്ള വെള്ളപ്പൊക്കം സംജാതമായിരുന്നു. ഗൾഫ് കോസ്റ്റിൽ കാറ്റ് വികസസിച്ചതിനെ തുടർന്ന് അർകൻസാസ്, ടെന്നെസീ, കെന്റക്കി എന്നിവിടങ്ങളിൽ വെള്ളിയാഴ്ച കനത്ത മഞ്ഞ് വീഴ്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. ഈർപ്പം കലർന്ന വായു അറ്റ്‌ലാന്റിക്കിൽ നിന്നെത്തുകയും അത് തണുത്ത കാറ്റുമായി ചേർന്ന് വിന്ററിനെ കടുത്തതാക്കുകയായിരുന്നുവെന്നാണ് മെറ്റീരിയോളജിസ്റ്റുകൾ പറയുന്നത്.

രാത്രിയിലുടനീളം തങ്ങൾ റോഡുകളിൽ 1000ത്തോളം കൂട്ടിയിടികൾ ഉണ്ടായിരുന്നതായി വെർജീനിയ പൊലീസ് റിപ്പോർട്ട് ചെയ്യുന്നു.മറ്റ് 900പേരുടെ വാഹനങ്ങൾ ബ്രേക്ക് ഡൗണുകൾക്ക് വിധേയമാവുകയും ചെയ്തിരുന്നു. രാജ്യത്താകമാനം 170,000 പേർ വൈദ്യുതിയില്ലാതെ ഇരുട്ടിലായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇവരിൽ ഭൂരിഭാഗവും നോർത്ത് കരോലിനയിലും സൗത്ത് കരോലിനയിലുമാണ്. ന്യൂയോർക്കിൽ റോഡിൽ കാഴ്ച അസാധ്യമായതിനാൽ എല്ലാ ബസ് സർവീസുകളും ശനിയാഴ്ച ഉച്ചയോടെ റദ്ദാക്കിയിരുന്നു. മഞ്ഞോട് കൂടിയ കാറ്റിനിടയിൽ ഇടിമിന്നലെത്തിയെന്ന അപൂർവതയ്ക്ക് സാക്ഷ്യം വഹിച്ച പ്രദേശമാണ് മേരിലാന്റ്. ഇവിടെ ശനിയാഴ്ച രാവിലെയോടെ നിലത്ത് 20 ഇഞ്ചോളം മഞ്ഞും വീണിരുന്നു.നൂറുകണക്കിന് ഡ്രൈവർമാരാണ് കെന്റക്കിയിലെ ഇന്റർസ്‌റ്റേറ്റ് 75ൽ നിരനിരയായി കാത്ത് കെട്ടിക്കിടന്നത്. വിവിധ വാഹനങ്ങൾ തമ്മിലുള്ള കൂട്ടിയിടികളും കനത്ത മഞ്ഞ് വീഴ്ചയും കാരണമായിരുന്നു ഈ ഗതാഗത സ്തംഭനം. രാത്രിമുഴുവൻ റോഡിൽ കാത്ത് കെട്ടിക്കിടന്ന മിക്ക ഡ്രൈവർമാർക്കും മണിക്കൂറുകളോളം കഴിഞ്ഞ് ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ശാപമോക്ഷം ലഭിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ഏതാണ്ട് രണ്ട് ഡസനോളം സ്ഥലങ്ങളിൽ 20 ഇഞ്ചോളം മഞ്ഞ് വീണിട്ടുണ്ടെന്നാണ് നാഷണൽ വെതർ സർവീസ് പറയുന്നത്. വെസ്റ്റ് വെർജീനിയയിലെ ഒരു ഗ്രാമീണ പ്രദേശത്ത് 40 ഇഞ്ചോളം മഞ്ഞ് വീണിരുന്നു. ഇന്നലെ രാവിലെ വരെ വിവിധയിടങ്ങളിൽ തുടർച്ചയായി കനത്ത മഞ്ഞ് വീണ്ടു കൊണ്ടിരുന്നിരുന്നു. കിഴക്കൻ തീരത്ത് ഡെവെ ബീച്ച്, ഡെലാവാർ, ലാൻഗ്ലേ എയർഫോഴ്‌സ് ബേസ്, വെർജീനിയ, എന്നിവിടങ്ങളിൽ 75 എംപിഎച്ച് വേഗതയിലുള്ള കാറ്റാണ് വീശിയടിച്ചതെന്നാണ് വെതർ സർവീസിന്റെ സ്റ്റോം ട്രാക്കിങ് പേജ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.പാരീസിലേക്ക് അഞ്ച് ദിവസത്തെ സന്ദർശനത്തിന് പോയ പ്രതിരോധ സെക്രട്ടറി ആഷ് കാർട്ടർ രാജ്യത്തെ കനത്ത പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ യുഎസിലേക്ക് കുതിച്ചെത്തിയിരുന്നു. എന്നാൽ പ്രതികൂലമായ കാലാവസ്ഥ കാരണം അദ്ദേഹത്തിന്റെ ഹൈടെക് വിമാനത്തിന് മുൻകൂട്ടി പ്ലാൻ ചെയ്ത പ്രകാരം മേരിലാന്റിലെ ആൻഡ്ര്യൂസ് എയർഫോഴ്‌സ് ബേസിൽ ലാന്റ് ചെയ്യാനായിരുന്നില്ല. തുടർന്ന് വിമാനം സൗത്തിലേക്ക് തിരിച്ച് വിടുകയായിരുന്നു. തുടർന്ന് ഫ്‌ലോറിഡയിലെ താംപയിലാണ് അദ്ദേഹം ലാൻഡ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP