Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുരുഷനൊപ്പം സ്ത്രീ ഇരുന്നു; ശരീരം മുഴുവൻ മറയ്ക്കുന്നതിന് പകരം മുഖം കാണിച്ചു; സൗദിയുടെ ചരിത്രത്തിലെ ആദ്യത്തെ വാർത്താ വായനക്കാരിയായി വിയം അൽ ദഖീൽ റെക്കോഡിട്ടത് ഇങ്ങനെ; സ്ത്രീകളെ മനുഷ്യരായി കാണാൻ തുടങ്ങിയ സൗദിക്ക് കൈയടിച്ച് ലോകം

പുരുഷനൊപ്പം സ്ത്രീ ഇരുന്നു; ശരീരം മുഴുവൻ മറയ്ക്കുന്നതിന് പകരം മുഖം കാണിച്ചു; സൗദിയുടെ ചരിത്രത്തിലെ ആദ്യത്തെ വാർത്താ വായനക്കാരിയായി വിയം അൽ ദഖീൽ റെക്കോഡിട്ടത് ഇങ്ങനെ; സ്ത്രീകളെ മനുഷ്യരായി കാണാൻ തുടങ്ങിയ സൗദിക്ക് കൈയടിച്ച് ലോകം

മറുനാടൻ ഡെസ്‌ക്‌

ദമാം: വോട്ടുചെയ്യാനും വാഹനമോടിക്കാനും സ്വന്തമായി ബിസിനസ് സംരംഭങ്ങൾ ആരംഭിക്കാനും സ്വാതന്ത്ര്യം ലഭിച്ച സൗദി അറേബ്യയിൽ സ്ത്രീകൾക്ക് പുതിയൊരു മേഖലയിൽക്കൂടി വാതിലുകൾ തുറന്നിട്ടു. സൗദിയുടെ ഔദ്യോഗിക ടിവി ചാനലിൽ ചരിത്രത്തിലാദ്യമായി ഒരു സ്ത്രീ വാർത്താ അവതാരകയായി. വിയം അൽ ദഖീലാണ് ചരിത്രത്തിൽ എക്കാലവും ഓർമിക്കപ്പെടുന്ന ആ മുഹൂർത്തത്തിന് അവകാശിയായത്.

അൽ-സൗദിയ ചാനലിന്റെ രാത്രി ഒമ്പതരയ്ക്കുള്ള വാർത്തയിലാണ് സഹപ്രവർത്തകനൊപ്പം വിയം അൽ ദഖീൽ പ്രത്യക്ഷപ്പെട്ടത്. മുഖം മറയ്ക്കാതെ പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നതിന് വിലക്കുള്ള സൗദിയിൽ, മുഖം പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു വിയമിന്റെ വാർത്താ അവതരണം. യാഥാസ്ഥിതിക രാജ്യത്തെ വിപ്ലവകരമായ മാറ്റമാണ് വിയം വാർത്താ അവതാരകയായതിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് സോഷ്യൽ മീഡിയ ഇതിനോട് പ്രതികരിച്ചു.

സൽമാൻ രാജാവിന്റെ മകൻ മുഹമ്മദ് ബിൻ സൽമാൻ കിരീടാവകാശിയായതോടെയാണ് സൗദിയിൽ സ്ത്രീകൾക്ക് സ്വാതന്ത്ര്യം അനുവദിച്ചുതുടങ്ങിയത്. വോട്ടവകാശം നേരത്തെ തന്നെ ലഭിച്ചിരുന്നുവെങ്കിലും, ഡ്രൈവ് ചെയ്യാനുള്ള അവകാശത്തിനുവേണ്ടിയുള്ള പോരാട്ടം വിജയം കണ്ടിരുന്നില്ല. മുഹമ്മദ് ബിൻ സൽമാൻ ആ സ്വാതന്ത്ര്യം സ്ത്രീകൾക്ക് അനുവദിച്ചു. പിന്നീട് സ്വന്തം നിലയ്ക്ക് വ്യവസായ-വാണിജ്യ സംരംഭങ്ങൾ തുടങ്ങാനുള്ള സ്വാതന്ത്ര്യം അനുവദിച്ചു.

മാധ്യമപ്രവർത്തനരംഗത്ത് ഏറെ അനുഭവസമ്പത്തുള്ളയാണ് വിയം അൽ ദഖീൽ. നേരത്തെ സിഎൻബിസി അറേബ്യയുടെ റിപ്പോർട്ടറായും ബഹ്‌റൈനിലെ അൽ-അറബ് ന്യൂസ് ചാനലിനെ വാർത്താ അവതാരകയായും പ്രവർത്തിച്ചിരുന്നു. സൗദിയിലെ ഔദ്യോഗിക ടിവി ചാനലാണ് അൽ സൗദിയ. സാംസ്‌കാരിക, വാർത്താവിനിമയ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ചാനലാണിത്.

മുഹമ്മദ് ബിൻ സൽമാന്റെ 'വിഷൻ 2030' പദ്ധതിയനുസരിച്ച് സൗദിയെ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം സ്വാതന്ത്ര്യങ്ങൾ സ്ത്രീകൾക്ക് അനുവദിക്കുന്നത്. സ്റ്റേഡിയത്തിലെത്തി ഫുട്‌ബോൾ മത്സരങ്ങൾ കാണാനും പുരുഷന്മാർക്ക് മാത്രമായി നീക്കിവെച്ചിരുന്ന പല തൊഴിൽ മേഖലകളിലും പ്രവർത്തിക്കാനും ഇപ്പോൾ സ്ത്രീകൾക്ക് സ്വാതന്ത്ര്യമുണ്ട്. പുരുഷനായ ബന്ധുവിന്റെ പിന്തുണയില്ലാതെ തനിച്ച് കാര്യങ്ങൾ ചെയ്യാൻ വഴിയൊരുക്കി ഗാർഡിയൻഷിപ്പ് നിയമം മാറ്റിയതും സ്ത്രീകൾക്ക് പുതിയ മേഖലകൾ തുറന്നിട്ടു.

നിലവിൽ സൗദിയിലെ തൊഴിൽ മേഖലയിൽ 22 ശതമാനം മാത്രമാണ് സ്ത്രീകൾ. ആകെ തൊഴിലാളികളുടെ മൂന്നിലൊന്നെങ്കിലുമായി സ്ത്രീകളെ ഉയർത്തുകയെന്ന ലക്ഷ്യമാണ് മുഹമ്മദ് ബിൻ സൽമാനുള്ളത്. പത്തുവർഷത്തിനുള്ളിൽ ഈ ലക്ഷ്യം പൂർത്തീകരിക്കണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. എന്നാൽ, ഇതേസമയത്തുതന്നെ, സ്ത്രീകളുടെ അവകാശവാദങ്ങൾക്കായി പോരാടിയ മനുഷ്യാവകാശ പ്രവർത്തകരെ തുറുങ്കിലടയ്ക്കുന്ന നടപടിയും മറുഭാഗത്ത് തുടരുന്നുണ്ടെന്നതാണ് വിചിത്രമായ കാര്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP