Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇനി എണ്ണയെ ആശ്രയിച്ച് മുമ്പോട്ടില്ല; സൗദി അറേബ്യ സാമ്പത്തിക നയങ്ങൾ പൊളിച്ചെഴുതുന്നു; വരുമാന നികുതിയും എണ്ണവില നികുതിയും അടക്കം അനേകം പദ്ധതികൾ

ഇനി എണ്ണയെ ആശ്രയിച്ച് മുമ്പോട്ടില്ല; സൗദി അറേബ്യ സാമ്പത്തിക നയങ്ങൾ പൊളിച്ചെഴുതുന്നു; വരുമാന നികുതിയും എണ്ണവില നികുതിയും അടക്കം അനേകം പദ്ധതികൾ

ത്രയും കാലം എണ്ണവിലയുടെ സമൃദ്ധിയിലായിരുന്നു സൗദി അറേബ്യയുടെ സമ്പദ് വ്യവസ്ഥ നിലകൊണ്ടിരുന്നത്. എന്നാൽ അടുത്ത കാലത്തായി എണ്ണ വില കുത്തനെ ഇടിഞ്ഞതോടെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയെയാണ് അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്നത്.തൽഫലമായി എണ്ണവിലയെ ആശ്രയിച്ച് മുമ്പോട്ടില്ലെന്ന കടുത്ത തീരുമാനമെടുക്കാൻ സൗദി നിർബന്ധിതമായിരിക്കുകയാണ്.ഇതിന്റെ ഭാഗമായി തങ്ങളുടെ സാമ്പത്തികനയങ്ങൾ പൊളിച്ചെഴുതാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി വരുമാനനികുതിയും എണ്ണവില നികുതിയും അടക്കം അനേകം പദ്ധതികൾ നടപ്പിലാക്കാൻ സൗദി ഒരുങ്ങുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇതു സംബന്ധിച്ച കൂടിയാലോചനകൾ നടത്തുന്നതിനായി നൂറുകണക്കിന് സൗദി ഒഫീഷ്യലുകളും കമ്പനി എക്സിക്യൂട്ടീവുകളും ഫോറിൻ കൺസൾട്ടന്റുമാരും റിയാദിലെ ആഡംബര ഹോട്ടലുകളിൽ ഫെബ്രുവരിയിൽ യോഗം ചേർന്നിരുന്നു.എണ്ണവിലയിടിയുന്ന പശ്ചാത്തലത്തിൽ സൗദിയുടെ സമ്പദ് വ്യവസ്ഥ എങ്ങനെയാണ് അതിജീവിക്കുകയെന്ന കാര്യം ചർച്ച ചെയ്യുകയായിരുന്നു ഈ യോഗത്തിന്റെ ലക്ഷ്യം. എണ്ണ വിലയെ ആശ്രയിച്ച് ദീർഘകാലം നിലനിൽക്കാനാവില്ലെന്ന് തെളിഞ്ഞ സ്ഥിതിക്ക് സമ്പദ് വ്യവസ്ഥയെ എങ്ങനെ പുനക്രമീകരിക്കാമെന്ന സൗദി സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായിട്ടായിരുന്നു ഈ വർക്ക്ഷോപ്പ് സംഘടിപ്പിച്ചിരുന്നത്.

പുതുതായി നടപ്പിലാക്കുന്ന മാറ്റങ്ങളെ ദി നാഷണൽ ട്രാൻസ്ഫർമേഷൻ പ്ലാൻ(എൻടിപി) എന്നാണറിയപ്പെടുന്നത്. ഈ പദ്ധതികളിൽ പലതും ഇപ്പോൾ രഹസ്യമാണ്. അവ ഏതാനും ആഴ്ചകൾക്കുള്ളിൽ വെളിച്ചത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പദ്ധതികളെക്കുറിച്ച് ഇപ്പോൾ കൂടുതൽ വിശദീകരിക്കാൻ മിനിസ്റ്റർമാർ തയ്യാറായിട്ടില്ല. പുതിയ പരിഷ്‌കാരങ്ങൾ ഉത്കർഷേച്ഛ നിറഞ്ഞതും അതേ സമയം റിസ്‌കുള്ളതുമാണെന്നാണ് ഒഫീഷ്യലുകളും കൺസൾട്ടന്റുമാരും എക്സിക്യൂട്ടീവുകളും പറയുന്നത്. വസ്തുവകകൾ വിൽക്കൽ, നികുതി വർധിപ്പിക്കൽ, ചെലവ് ചുരുക്കൽ, സ്വകാര്യ മേഖലയ്ക്ക് വലിയ പ്രാധാന്യം നൽകൽ തുടങ്ങിയ പരിഷ്‌കാരങ്ങൾ പുതിയ മാറ്റങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്നുണ്ടാണെന്നാണ് സൂചന. ഇത്തരം മാറ്റങ്ങൾ രാജ്യത്ത് നടപ്പിലാക്കുന്നതിനെക്കുറിച്ച് വർഷങ്ങളായി ചർച്ച ചെയ്യുന്നുണ്ടെങ്കിലും അത് പ്രാവർത്തികമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഇതു വരെ സൗദി നടത്തിയിരുന്നില്ല. എന്നാൽ ഇപ്പോൾ സാമ്പത്തിക ഭരണരംഗത്ത് വന്നിരിക്കുന്ന ചില മാറ്റങ്ങളാണ് പുതിയ പരിഷ്‌കാരങ്ങൾക്ക് കൂടുതൽ അനുകൂലമായ പരിസ്ഥിതി സംജാതമാക്കിയിരിക്കുന്നത്. അതായത് പോളിസി മെയ്ക്കിങ് ഇപ്പോൾ ധനകാര്യമന്ത്രാലയം , സെൻട്രൽ ബാങ്ക് എന്നീ കോൺസർവേറ്റീവ് ബോഡികളിൽ നിന്നും എടുത്ത് മാറ്റപ്പെടുകയും പകരം ഇതിനുള്ള അധികാരം ഇപ്പോൾ കൗൺസിൽ ഓഫ് എക്കണോമിക് ആൻഡ് ഡെവലപ്മെന്റ് അഫയേർസ് കൗൺസിലിലെ 22 അംഗങ്ങളിൽ വന്ന് ചേർന്നിരിക്കുകയുമാണ്. സൽമാൻ രാജാവ് 2015 ജനുവരിയിൽ അധികാരമേറ്റെടുത്ത ശേഷമാണീ കൗൺസിൽ രൂപീകരിക്കപ്പെട്ടിരുന്നത്.

പ്രസ്തുത കൗൺസിലിന്റെ ചെയർമാനായി വർത്തിക്കുന്നത് അബ്ദുള്ളരാജാവിന്റെ മകനും ഡെപ്യൂട്ടി ക്രൗൺ പ്രിൻസുമായ മുഹമ്മദ് ബിൻ സൽമാനാണ്. അദ്ദേഹത്തിന് വെറും 30 വയസു മാത്രമേ പ്രായമുള്ളൂ. പ്രതിരോധ മന്ത്രിയെന്ന നിലയിൽ 2015 മാർച്ചിൽ യെമനിൽ ഇടപെടാൻ സൗദി സൈന്യത്തെ നിയോഗിച്ചത് ഇദ്ദേഹമായിരുന്നു. ഇപ്പോൾ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ പൊളിച്ചെഴുതണമെന്ന ശക്തമായ ആവശ്യം നടപ്പിലാക്കാനായി മുന്നിട്ടിറങ്ങിയിരിക്കുകയാണ്. സൗദി കിങ്ഡം സ്ഥാപിച്ചതിന് ശേഷം സർക്കാർ മുൻകൈയെടുത്ത് ഇത്തരത്തിലുള്ള ഒരു നീക്കം നടത്തുന്നത് ഇതാദ്യമായിട്ടാണെന്നാണ് പ്രമുഖ ബാങ്കറായ മുഹമ്മദ് അൽ-അഫിഫ് പറയുന്നത്.

കൺസൾട്ടന്റിനായി ചെലവാക്കുന്നത് മില്യൺ കണക്കിന് ഡോളറുകൾ
എണ്ണവില ബാരലിന് 30 ഡോളർ താഴെ പോയപ്പോഴാണ് മുഹമ്മദ് രാജകുമാരനും ഉന്നത ഉദ്യോഗസ്ഥരും എൻടിപിയെക്കുറിച്ച് കഴിഞ്ഞ വർഷം അവസാനം ആദ്യമായി ചർച്ച ചെയ്തിരുന്നത്. ഇതിലൂടെ രാജ്യത്തിലെ വാർഷിക ബജറ്റിൽ 100 ബില്യൺ ഡോളറിന്റെ കുറവുണ്ടായിരുന്നു. തൽഫലമായി രാജ്യത്തെ സാമ്പത്തിക രംഗത്ത് ത്വരിതമായ മാറ്റങ്ങൾ വേണമെന്ന ആവശ്യം ശക്തമാവുകയുമായിരുന്നു. മുഹമ്മദ് രാജകുമാരനാണ് അന്തിമമായ തീരുമാനമെടുക്കുന്ന ആളെന്നിരിക്കെ അദ്ദേഹമാണ് അഡെൽ അൽ-ഫക്കിയെ എക്കണോമി ആൻഡ് പ്ലാനിങ് മിനിസ്റ്ററെ നിയമിച്ചത്.പുതിയ പരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട ഫക്കി ഈ ചുരുങ്ങിയ സമയത്തിനുള്ളി ഡസൻ കണക്കിന് ഗ്രൂപ്പുകളുമായി തന്റെ വാട്ട്സ്ആപ്പിലൂടെ ചാറ്റ് നടത്തിയിരുന്നു. എൻടിപിക്കായി വിദേശ കൺസൾട്ടന്റുമാരുടെ സേവനം പ്രയോജനപ്പെടുത്തുന്നതിനായി സൗദി മില്യൺ കണക്കിന് ഡോളറുകളാണ് ചെലവാക്കുന്നത്. കൺസൾട്ടൻസികൾക്കായി സൗദി ചെലവാക്കിയ തുക 2014ൽ 1.06 ബില്യൺ ഡോളറായിരുന്നുവെങ്കിൽ കഴിഞ്ഞ വർഷം അതിൽ 10 ശതമാനം വർധനവുണ്ടായിരുന്നുവെന്നാണ് ലണ്ടൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സോഴ്സ് ഗ്ലോബൽ റിസർച്ച് കണക്കാക്കിയിരിക്കുന്നത്.പാശ്ചാത്യ ഡിഗ്രിയുള്ള കൺസൾട്ടന്റുമാരും മിനിസ്ട്രി ഒഫീഷ്യലുകളും എൻടിപി പ്രാവർത്തികമാക്കാൻ റിയാദിലെ ഖോസമ ഓഫീസ് ബിൽഡിംഗിൽ പ്രവർത്തിച്ച് വരുകയാണ്. ഇവരിൽ പലരും സൗദി യുവാക്കളാണ്.

പൂർവ മാതൃകകൾ

ഇത്തരത്തിലുള്ള സാമ്പത്തിക പരിഷ്‌കാരങ്ങൾ ഇതിന് മുമ്പ് യുഎഇയിൽ നടപ്പിലാക്കിയിരുന്നു. കഴിഞ്ഞ വർഷം ഇത്തരത്തിലുള്ള ചില പരിഷ്‌കാരങ്ങൾ ഇവിടെ ആരംഭിച്ചിരുന്നു. ഗസ്സോലൈൻ സബ്സിഡികൾ വെട്ടിക്കുറയ്ക്കൽ നടത്തിയത് ഇതിന്റെ ഭാഗമായിട്ടായിരുന്നു. ഇതിന് മുമ്പ് 2010ൽ മലേഷ്യയിലും ഇത്തരത്തിലുള്ള പദ്ധതികൾ നടപ്പിലാക്കിയിരുന്നു. വിദേശനിക്ഷേപം കൂടുതൽ ആകർഷിക്കുന്നതിന് മുൻഗണന നൽകിക്കൊണ്ടുള്ള പരിഷ്‌കാരമായിരുന്നു അത്. അന്നതിന് നേതൃത്വം നൽകുന്നതിൽ മുഖ്യപങ്ക് വഹിച്ചവരാണ് കൺസൾട്ടൻസി മാക് കിൻസെ ആൻഡ് കമ്പനി. ഇപ്പോൾ സൗദിയിൽ നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതിയിലും അവർ നിർണായക പങ്ക് വഹിക്കുന്നുണ്ട്. സൗദിയുമായി ബന്ധപ്പെട്ട ചില ദ്വീപുകളിലെ ടൂറിസം സൗകര്യങ്ങൾ വികസിപ്പിക്കാൻ സ്വകാര്യ കമ്പനികളെ നിയോഗിക്കൽ പുതിയ പരിഷ്‌കാരങ്ങളുടെ ഭാഗമാണ്. വിമാനത്താവളങ്ങളിലെ ചുവപ്പ് നാട പരമാവധി ഒഴിവാക്കൽ, ചില സ്‌കൂളുകളിൽ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ പരിഷ്‌കാരങ്ങൾ ഇതിൽ ഉൾപ്പെടുന്നുണ്ട്.ദീർഘകാലമായി സൗദി നടപ്പിലാക്കാനൊരുങ്ങുന്ന സ്വകാര്യ വൽക്കരണത്തെ ത്വരിതപ്പെടുത്താനും എൻടിപി വഴിയൊരുക്കുന്നതാണ്.

എൻടിപി എപ്പോൾ നടപ്പിൽ വരും...? പ്രതിസന്ധികളുണ്ടോ...?

എൻടിപി എപ്പോഴാണ് നടപ്പിൽ വരുകയെന്നതിനെക്കുറിച്ച് ഇപ്പോൾ വ്യക്തമായ ചിത്രം തെളിഞ്ഞിട്ടില്ല. ചിലർ പറയുന്നത് ഇത് വളരെ വൈകി മാത്രമേ നടപ്പിലാവുകയുള്ളുവെന്നാണ്. 2020ലെ ബജറ്റ് കമ്മിയെ അതിജീവിക്കാൻ നികുതി വർധനവിലൂടെയും ചെലവ് ചുരുക്കലിലൂടെും 100 ബില്യൺ ഡോളർ അധികമായ സംഭരിക്കേണ്ടതുണ്ടെന്നും ഇത് ജിഡിപിയുടെ 16 ശതമാനമാണെന്നും തെളിഞ്ഞിട്ടുണ്ട്. ഇതിനാൽ അതിന് മുമ്പ് എൻടിപി എത്രയും വേഗം നടപ്പിലാക്കണമെന്നും ചില വിദഗ്ദ്ധർ നിർദേശിക്കുന്നുണ്ട്. ഇത്തരം പദ്ധതികളുമായി ബന്ധപ്പെട്ട ചില പരിഷ്‌കാരങ്ങൾ വാർത്തകളിൽ നിറയാറുണ്ടെങ്കിലും മിക്കവയും ചെറിയ മാറ്റങ്ങളേ സമ്പദ് വ്യവസ്ഥയിലുണ്ടാക്കാറുള്ളുവെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്.ഇത്തരത്തിൽ ചില രാജ്യങ്ങളിൽ നടപ്പിലാക്കിയ പരിഷ്‌കാരങ്ങൾ വേണ്ട വിധം നടപ്പിലായിട്ടില്ലെന്ന കാര്യം സൗദി എക്കണോമിസ്റ്റായ ഇഹ്സാൻ ബു ഹുലൈഗ ചൂണ്ടിക്കാട്ടുന്നു.ഉദാഹരണമായി മലേഷ്യയിൽ നിക്ഷേപത്തിലെ സ്വകാര്യ മേഖലയുടെ പങ്ക് 2009ലെ 52 ശതമാനത്തിൽ നിന്നും 2014ൽ 64 ശതമാനമായി വർധിപ്പിച്ചിരുന്നു. എന്നാൽ രാജ്യത്തെ കറൻസി ഉൽപന്ന വിലകൾക്കൊപ്പം ഇടിഞ്ഞതിനാൽ അത് പ്രാവർത്തികമായില്ല. ഈ അവസ്ഥ സൗദിയിലുണ്ടാവരുതെന്നും വിദഗ്ദ്ധർ മുന്നറിയിപ്പേകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP