Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സമനില തെറ്റിയ കോപൈലറ്റ് പ്രധാന പൈലറ്റിനെ പൂട്ടിയിട്ടു മനപ്പൂർവ്വം വിമാനം മലനിരകളിലേക്ക് പറപ്പിച്ചു ഇടിച്ചു തകർത്തു; ജർമൻ വിമാനാപകടം അട്ടിമറിയെന്ന ബ്ലാക് ബോക്‌സ് റിക്കോർഡിൽ ഞെട്ടി ലോകം

സമനില തെറ്റിയ കോപൈലറ്റ് പ്രധാന പൈലറ്റിനെ പൂട്ടിയിട്ടു മനപ്പൂർവ്വം വിമാനം മലനിരകളിലേക്ക് പറപ്പിച്ചു ഇടിച്ചു തകർത്തു; ജർമൻ വിമാനാപകടം അട്ടിമറിയെന്ന ബ്ലാക് ബോക്‌സ് റിക്കോർഡിൽ ഞെട്ടി ലോകം

 പാരീസ്: ആൽപ്‌സ് പർവതത്തിൽ തകർന്നുവീണ ജർമൻ വിങ്‌സ് വിമാനം, പൈലറ്റ് കോക് പിറ്റിലില്ലായിരുന്ന സമയത്ത് സഹപൈലറ്റ് മനപ്പൂർവം താഴേക്ക് ഇടിച്ചിറക്കിയതാണെന്ന് വെളിപ്പെടുത്തൽ. ബ്ലാക്‌ബോക്‌സിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിമാനക്കമ്പനിയുടെ ഈ വിശദീകരണം. കോക്പിറ്റിൽ നിന്നുള്ള ശബ്ദങ്ങൾ ലഭിച്ചതിൽ നിന്നാണ് ഇത്തരത്തിലൊരു നിഗമനത്തിൽ എത്തിയത്.

സഹപൈലറ്റ് ആൻഡ്രിയാസ് ലൂബിറ്റ്‌സാണ് (28) വിമാനത്തെ താഴേക്ക് കുത്തിയിറക്കിയത്. അപകടം മണത്ത പൈലറ്റ് കോക്പിറ്റിന്റെ വാതിലിൽമുട്ടി വിളിക്കുന്ന ശബ്ദം വോയ്‌സ് റെക്കോർഡറിലുണ്ട്. പലതവണ മുട്ടിവിളിച്ചെങ്കിലും സഹപൈലറ്റ് വാതിൽ തുറക്കുകയോ മറുപടി നൽകുകയോ ചെയ്തില്ല. മറുപടി നൽകാതിരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. എയർ കൺട്രോളേഴ്‌സും പലതവണ വിമാനവുമായി ആശയവിനിമയം പുലർത്താൻ ശ്രമിച്ചു. എന്നാൽ അവർക്കും സഹപൈലറ്റ് മറുപടി നൽകിയില്ല.

വിമാനം അപകടത്തിൽ പെടുന്ന സമയത്ത് കോക്പിറ്റിൽ ഒരു പൈലറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളു. മണിക്കൂറിൽ 430 മൈൽ വേഗതയിലാണ് വിമാനം ആൽപ്‌സ് പർവത നിരയിൽ ഇടിച്ചിറങ്ങിയത്. ജർമൻകാരനായ കോ പൈലറ്റ് ആൻഡ്രൂ ലുബിറ്റ്‌സ് (28) വിമാനം താഴ്‌ത്തുന്നതിനുള്ള ബട്ടൺ അമർത്തി വച്ചിരിക്കുകയായിരുന്നു ഈ സമയം. ലുബിറ്റ്‌സിന് കടുത്ത മാനസിക സംഘർഷം ഉണ്ടായിരുന്നു. വിഷാദ രോഗിയുമായിരുന്നു. വിഷാദ രോഗത്തെ തുടർന്ന് 2008ൽ പഠനം പോലും ഉപേക്ഷിക്കേണ്ടി വന്ന ചരിത്രമുള്ള വ്യക്തിയാണ് ലുബിറ്റ്‌സ്.

പുറത്തേക്കുപോയ പൈലറ്റ് കതകിൽ ചെറുതായി തട്ടുന്നതിന്റെ ശബ്ദം വോയിസ് റെക്കോർഡറിലുണ്ട്. എന്നാൽ, കോക്പിറ്റിൽ ഉണ്ടായിരുന്ന പൈലറ്റിന്റെ അവസ്ഥയെപ്പറ്റി കോക്പിറ്റ് വോയിസ് റെക്കോർഡറിൽ നിന്നു കണ്ടെടുത്ത സംഭാഷണങ്ങളിൽ നിന്നു വ്യക്തമല്ല. അകത്തുനിന്ന് ഉത്തരമൊന്നും ലഭിച്ചിരുന്നില്ല. തുടർന്ന് ശക്തമായി തട്ടുന്ന ശബ്ദവും കേൾക്കാം. കോക്പിറ്റിൽ നിന്ന് ഉത്തരം ലഭിക്കാത്തതിനാൽ കതക് തകർക്കാൻ ശ്രമിക്കുന്നതായും ശബ്ദത്തിൽനിന്നും മനസിലാകുന്നുണ്ടെന്നും വോയിസ് റെക്കോർഡർ പരിശോധിച്ച ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ കോക്പിറ്റിലുണ്ടായിരുന്ന പൈലറ്റ് എന്തിനാണ് പുറത്തുപോയതെന്നു മനസിലാകുന്നില്ലെന്നും അധികൃതർ പറഞ്ഞു.

ആൻഡ്രൂ ലുബിറ്റ്‌സ് 2013 ലാണ് പൈലറ്റ് പരിശീലനം പൂർത്തിയാക്കിയത്. തുടർന്ന് കോ പൈലറ്റായി ജർമൻ വിങ്‌സിൽ ജോലിയിൽ പ്രവേശിക്കുകയായിരുന്നു. വിമാനം അപകടത്തിൽപ്പെടുന്നതിനു മുൻപ് പൈലറ്റുമാർ തമ്മിൽ സംസാരിച്ചതിന്റെ വിവരങ്ങൾ വോയിസ് റെക്കോർഡറിൽ നിന്നും ശേഖരിച്ചിട്ടുണ്ട്. ബാഴസലോണയിൽ നിന്നു പറന്ന വിമാനത്തിന്റെ ആദ്യസമയങ്ങളിലെ സംഭാഷണം വളരെ ലളിതമായിരുന്നു. തുടർന്നുള്ള സംഭാഷണങ്ങളിൽ നിന്നാണ് ഒരു പൈലറ്റ് കോക്പിറ്റിനു പുറത്തായിരുന്നുവെന്ന സംശയമുയർന്നത്.

സ്‌ഫോടനത്തെ തുടർന്നല്ല വിമാനം തകർന്നതെന്ന് നേരത്തെ തന്നെ വ്യക്തമായിട്ടുണ്ട്. ഭീകരാക്രമണമോ പ്രതികൂല കാലാവസ്ഥയോ അല്ല അപകടകാരണം. സ്‌പെയിനിലെ ബാഴ്‌സലോണയിൽനിന്ന് ജർമനിയിലെ ഡുസൽഡോർഫിലേക്കു പറന്ന വിമാനമാണ് 150 പേരുമായി ഫ്രാൻസിൽ ആൽപ്‌സ് പർവതനിരയിൽ തകർന്നുവീണത്. കോപൈലറ്റ് മനഃപൂർവം തകർക്കുകയായിരുന്നുവെന്ന റിപ്പോർട്ട് പുറത്തുവിട്ടത് ദുരന്തത്തെക്കുറിച്ച് അന്വേഷിക്കുന്ന ഫ്രഞ്ച് അധികൃതരാണ്.

ബജറ്റ് എയർലൈനുകൾ സാധാരണ ഉപയോഗിക്കുന്ന വിമാനമാണ് എ320. ആറു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് എയർബസ് വിമാനം അപകടത്തിൽപെടുന്നത്. അടിക്കടിയുണ്ടാകുന്ന വിമാന ദുരന്തങ്ങൾ പ്രവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി വിമാന ദുരന്തങ്ങളാണുണ്ടായത്. ഈ സാഹചര്യത്തിൽ ജർമ്മനിയിലെ മുൻനിര വിമാനക്കമ്പനിയായ ലുഫ്താൻസയുടെ ബജറ്റ് സർവീസായ ജർമൻവിങ്‌സിനെ പ്രതിക്കൂട്ടിലാക്കി റിപ്പോർട്ടുകൾ പുറത്തു വരുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തൽ.

24 വർഷം പഴക്കമുള്ള വിമാനം 1991 മുതൽ ലുഫ്താൻസ ഉപയോഗിക്കുന്നതാണ്. രാവിലെ 8.35ന് ബാഴ്‌സലോണയിൽ നിന്ന് പുറപ്പെട്ട വിമാനം 10.35ന് ഡസൽഡോർഫിൽ എത്തേണ്ടതായിരുന്നു. കാണാതാകുന്നതിന് തൊട്ടുമുമ്പ് വിമാനം 31,200 അടി ഉയരത്തിലായിരുന്നു പറന്നുകൊണ്ടിരുന്നത്. കഴിഞ്ഞവർഷം നിരവധി ആകാശ ദുരന്തങ്ങൾ ലോകത്ത് ഉണ്ടായിരുന്നു. മുപ്പതിലേറെ വിമാനാപകടങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ വർഷം ഉണ്ടായത്.

239 പേരുമായി പുറപ്പെട്ട മലേഷ്യൻ വിമാനം എംഎച്ച് 370 എവിടെ പോയെന്നതിനെ കുറിച്ച് ഇതുവരെ യാതൊരു വിവരങ്ങളും ലഭിച്ചിരുന്നില്ല. ഇതിന് ശേഷം 2014 ജൂലായ് ഒന്നിന് മറ്റൊരു മലേഷ്യൻ വിമാനമായ എംഎച്ച് 17 യു്രൈകനിൽ തകർന്നുവീണു. 280 യാത്രക്കാരും 15 ജീവനക്കാരും ഉൾപ്പെടെ 295 യാത്രക്കാർ ദുരന്തത്തിൽ പെട്ടു. മിസൈൽ ആക്രമണത്തിലായിരുന്നു വിമാനം തകർന്നുവീണത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP