Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

യുഎഇ ഭരണകൂടം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്ത ക്രിസ്ത്യൻ മഠത്തിന് 1400 വർഷത്തെ പഴക്കം; ആയിരം വർഷത്തിലധികം ക്രിസ്തീയ സന്ന്യാസിമാർ ജീവിച്ചിരുന്ന മഠം ക്രിസ്ത്യൻ - ഇസ്ലാം സഹവർത്തിത്വത്തിന്റെ പ്രതീകം; രാജ്യത്തിന്റെ സാംസ്‌കാരിക ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതാണ് സർ ബനിയാസ് ചർച്ചും മഠവും എന്ന് മന്ത്രി ശൈഖ് നഹ്‌യാൻ ബിൻ മുബാറക് ആൽ നഹ്‌യാൻ

യുഎഇ ഭരണകൂടം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്ത ക്രിസ്ത്യൻ മഠത്തിന് 1400 വർഷത്തെ പഴക്കം; ആയിരം വർഷത്തിലധികം ക്രിസ്തീയ സന്ന്യാസിമാർ ജീവിച്ചിരുന്ന മഠം ക്രിസ്ത്യൻ - ഇസ്ലാം സഹവർത്തിത്വത്തിന്റെ പ്രതീകം; രാജ്യത്തിന്റെ സാംസ്‌കാരിക ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതാണ് സർ ബനിയാസ് ചർച്ചും മഠവും എന്ന് മന്ത്രി ശൈഖ് നഹ്‌യാൻ ബിൻ മുബാറക് ആൽ നഹ്‌യാൻ

മറുനാടൻ മലയാളി ബ്യൂറോ

അബൂദബി: സഹിഷ്ണുതയ്ക്ക് പുത്തൻ നിർവചനങ്ങൾ നൽകി യുഎഇ. 1400 വർഷം പഴക്കമുള്ള ക്രിസ്ത്യൻ മഠം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്താണ് യുഎഇ മാതൃകയായിരിക്കുന്നത്. സഹിഷ്ണുതാ കാര്യ മന്ത്രി ശൈഖ് നഹ്‌യാൻ ബിൻ മുബാറക് ആൽ നഹ്‌യാൻ ഇന്നലെയാണ് മഠം തുറന്നു നൽകിയത്.

ഏഴാം നൂറ്റാണ്ടിൽ നിർമ്മിച്ച മഠം സർ ബനിയാസ് ഐലൻഡിന്റെ കിഴക്കൻ ഭാഗത്താണുള്ളത്. യു.എ.ഇയിൽ കണ്ടെത്തിയതിൽ ഏറ്റവും പഴക്കമുള്ള ക്രിസ്ത്യൻ മഠമാണ് ഇത്. മഠത്തിൽ മേൽക്കൂര സ്ഥാപിക്കുകയും വിളക്കുകൾ ഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മഠത്തെ സംബന്ധിച്ച് വിവരം നൽകുന്ന ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.

30 ആശ്രമവാസികളടങ്ങിയ ചെറിയ സമൂഹമാണ് ഇത് നിർമ്മിച്ചതെന്ന് കരുതുന്നു. 1000 വർഷത്തിലധികം ക്രിസ്തീയ സന്യാസിമാർ ജീവിക്കുകയും പ്രാർത്ഥിക്കുകയും ചെയ്ത ഈ മഠത്തിലെ ഡോർമിറ്ററി ഉൾപ്പെടെയുള്ള ഭാഗങ്ങൾ പൊതുജനങ്ങൾക്ക് ഇതുവരെ കാണാൻ സാധിച്ചിരുന്നില്ല. നൊസ്‌റ്റോറിയൻസ് എന്ന ക്രിസ്തീയ വിഭാഗത്തിൽ ഉൾപ്പെട്ടവരായിരുന്നു ഈ മഠത്തിലുണ്ടായിരുന്ന സന്യാസിമാർ. പ്രാർത്ഥനയും ആടുമെയ്‌ക്കലുമായി കഴിഞ്ഞിരുന്ന ഇവർ ധ്യാനത്തിലധിഷ്ഠിതമായ ലളിത ജീവിതമായിരുന്നു നയിച്ചിരുന്നത്. കിഴക്കിനും പടിഞ്ഞാറിനും ഇടയിലെ യാത്രക്കാർക്കും വ്യാപാരികൾക്കുമുള്ള ഇടത്താവളമായിരുന്നു മഠം.

ഈ ചർച്ച് എങ്ങനെ നശിച്ചു എന്നതിനെ കുറിച്ച് നിരവധി വാദങ്ങളുണ്ട്. എന്നാൽ, ഇസ്‌ലാമിന്റെ ആവിർഭാവത്തോടെ ചർച്ചിന്റെ ഭാഗമായവരിൽ ഭൂരിഭാഗവും ഇസ്‌ലാം സ്വീകരിക്കുകയോ ചർച്ച് വിട്ടുപോവുകയോ ചെയ്തുവെന്ന വാദത്തിനാണ് പ്രാബല്യം. മുസ്‌ലിംകളും ക്രിസ്ത്യാനികളും നിരവധി വർഷങ്ങൾ സഹവർത്തിത്വത്തോടെ ജീവിച്ചുവെന്ന് ചർച്ചിന്റെ നിലനിൽപ് വ്യക്തമാക്കുന്നു. 1992ലാണ് ഈ പ്രദേശം കണ്ടെത്തിയത്. ഇതൊരു ചർച്ചായിരുന്നു എന്നതിന് തെളിവായി വർഷങ്ങൾക്ക് ശേഷം ഇവിടെനിന്ന് കുരിശുകൾ ലഭിച്ചു. ഈ കുരിശുകൾ ലൂവർ അബൂദബിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട് ചർച്ചിന്റെ മധ്യഭാഗം, ചാപ്പൽ, പാചകസ്ഥലങ്ങൾ, വീടുകൾ, ശ്മശാനം എന്നിവയാണ് ഇവിടെ കണ്ടെത്തിയിട്ടുള്ളത്.

രാജ്യത്തിന്റെ സാംസ്‌കാരിക ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതാണ് സർ ബനിയാസ് ചർച്ചും മഠവും എന്നും ഇതിൽ അഭിമാനിക്കാൻ കഴിയുമെന്നും മന്ത്രി ശൈഖ് നഹ്‌യാൻ ബിൻ മുബാറക് ആൽ നഹ്‌യാൻ പറഞ്ഞു. രാജ്യത്തിന്റെ ദീർഘകാലമായുള്ള സഹിഷ്ണുതയുടെയും പരസ്പരം അംഗീകരിക്കലിന്റെയും മൂല്യങ്ങളുടെ നിലനിൽക്കുന്ന തെളിവാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP