Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐസിസ് വധിച്ച കൈല ലോകത്തെ മാറ്റി മറിക്കാൻ ജീവിതം മാറ്റിവച്ച യുവതി; കണ്ണീരൊപ്പുന്നവരെ തേടിയുള്ള യാത്രയിൽ ഇവൾ ഇന്ത്യൻ ദരിദ്രർക്കിടയിലും പ്രവർത്തിച്ചു

ഐസിസ് വധിച്ച കൈല ലോകത്തെ മാറ്റി മറിക്കാൻ ജീവിതം മാറ്റിവച്ച യുവതി; കണ്ണീരൊപ്പുന്നവരെ തേടിയുള്ള യാത്രയിൽ ഇവൾ ഇന്ത്യൻ ദരിദ്രർക്കിടയിലും പ്രവർത്തിച്ചു

സിസ് തടവിൽ കഴിയുകയായിരുന്ന യുഎസ് സ്വദേശിയായ 26കാരി കൈലമുള്ളർ ജോർദാൻ നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് കൊല്ലപ്പെട്ടതിനെ തുടർന്ന് ഇപ്പോൾ മാദ്ധ്യമങ്ങളിൽ നിറയുകയാണല്ലോ.മുളയിലേ അറിയാം വിളയുടെ ഗുണം എന്ന് പറഞ്ഞത് പോലെയായിരുന്നു കൈല മുള്ളറുടെ ജീവിതം. അതായത് വിദ്യാർത്ഥിനിയായിരിക്കുമ്പോൾ തന്നെ ലോകം മാറ്റി മറിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് കൈല വെളിപ്പെടുത്തിയുകയും അതിനനുസരിച്ചുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തിരുന്നു. കണ്ണീരൊപ്പുന്നവരെ തേടിയുള്ള യാത്രയിൽ ഇവൾ ഇന്ത്യൻ ദരിദ്രർക്കിടയിലും പ്രവർത്തിച്ചിരുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അരിസോണയിലെ ഒരു ചെറിയ പട്ടണമായ പ്രീസ്‌കോട്ടിലെ ഈ പെൺകുട്ടിക്ക് വളരെ വലിയ ഒരു സൗഹൃദവലയം അന്നേയുണ്ടായിരുന്നു. അവരുടെ സ്‌കൂൾ ഇയർബുക്കിലെ ചിത്രങ്ങൾ ചടുലമായ വിദ്യാർത്ഥി ജീവിതത്തെയാണ് വരച്ച് കാട്ടുന്നത്. മനുഷ്യസ്‌നേഹം തലയ്ക്ക് പിടിച്ച് ഈ കൊച്ചുസുന്ദരി വർഷങ്ങൾക്ക് ശേഷം ഐസിസിന്റെ താവളത്തിൽ കിടന്ന് മരിക്കുമെന്ന് അന്ന് ആർക്കും ഊഹിക്കാൻ സാധിക്കുമായിരുന്നില്ല. 2013 ഓഗസ്റ്റിലാണ് സിറിയയിലെ ആലെപ്പോവിൽ വച്ച് ഇവർ ഐസിസിന്റെ പിടിയിലായത്. അഭ്യന്തരകലാപത്തെ തുടർന്ന് അഭയാർത്ഥികളായിരുന്നവരുടെ കണ്ണീരൊപ്പാൻ വേണ്ടി അവിടെ ഓടിയെത്തിയതായിരുന്നു കൈല.

തങ്ങളുടെ മകൾ കൊല്ലപ്പെട്ടുവെന്ന് സമ്മതിക്കാൻ കൈലയുടെ രക്ഷിതാക്കളോ ഈ വിവരം സ്ഥിരീകരിക്കാൻ യുഎസ് സർക്കാരിനോ ഇനിയുമായിട്ടില്ല. ജോർദാനും യുഎസിനുമിടയിൽ സ്പർദയുണ്ടാക്കാൻ ഐസിസ് മെഞ്ഞെടുത്ത കെട്ടുകഥയാണിതെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. എന്നാൽ കൈല ഇനിയൊരിക്കലും മാതൃരാജ്യത്തേക്ക് തിരിച്ച് വരില്ലെന്നാണ് ചിലർ ഭയപ്പെടുന്നത്.

കണ്ണീർ കുടിക്കുന്നവരെ സഹായിക്കാൻ കൈല വിദേശത്തേക്ക് പോവുകയും ഇന്റർനാഷണൽ എയ്ഡ് ഏജൻസിയിൽ പ്രവർത്തിക്കുകയും ചെയ്തതിൽ ഒട്ടും അത്ഭുതപ്പെടാനില്ലെന്നാണ് അവരുടെ സ്‌കൂൾ കാലത്തെ സഹപാഠികളിൽ ചിലർ പറയുന്നത്. ദയാലുവും വലിയ ഹൃദയത്തിന്റെ ഉടമയുമായ കൈല പഠിക്കുന്ന കാലത്തെ മറ്റുള്ളവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്നുവെന്നാണ് പ്രിസ്‌കോട്ടിലെ ട്രി സിറ്റി കോളജ് പ്രെപ് ഹൈസ്‌കൂളിലെ സഹപാഠികൾ സാക്ഷ്യപ്പെടുത്തുന്നത്. പ്രിസ്‌കോട്ടിൽ സ്‌കൂൾ വിദ്യാർത്ഥിനിയായിരിക്കുമ്പോൾ അമേരികോർപ്‌സ് പോലുള്ള സംഘടനകളുമായി ബന്ധപ്പെട്ട സന്നദ്ധപ്രവർത്തനങ്ങൾക്ക് കൈലയ്ക്ക് പുരസ്‌കാരങ്ങൾ ലഭിച്ചിരുന്നു. സുദാനിലെ ദർഫർ മേഖലയിൽ പ്രവർത്തിക്കാൻ തനിക്ക് താൽപര്യമുണ്ടെന്ന് 2007ൽ തന്നെ കൈല ഒരു പത്രത്തോട് വെളിപ്പെടുത്തിയിരുന്നു. ദർഫറിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങളുയർത്തിക്കാട്ടി രണ്ട് നിശബ്ദ മാർച്ചുകൾ തന്റെ ഹോംടൗണിൽ 2007ൽ കൈല നടത്തിയിരുന്നു. ഇക്കാര്യത്തിൽ യുഎസിന്റെ നയം മാറ്റുന്നതിനായി കൈല യുഎസ് കോൺഗ്രസിന് കത്തെഴുതുകയും ഫോൺ വിളിക്കുകയും ചെയ്തിരുന്നു.

കൈ തെരഞ്ഞെടുത്ത വഴിയിൽ താൻ അതിശയം കൊള്ളുന്നില്ലെന്നാണ് സ്‌കൂൾ സുഹൃത്തായ ലിസ് പീറ്റേർസ് പറയുന്നത്. അവൾക്ക് എപ്പോഴും മറ്റുള്ളവരെ സഹായിക്കണമായിരുന്നുവെന്നും ലോകവും സമൂഹവും നന്നാക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും ലിസ് ഓർമിക്കുന്നു. സംസ്ഥാനതലത്തിൽ നടത്തിയ എൻവിറോത്തോൺ എന്ന മത്സരത്തിൽ തങ്ങൾ ഇരുവരും ഒന്നിച്ച് പങ്കെടുത്തിരുന്നുവെന്നും ലിസ് വെളിപ്പെടുത്തുന്നു. ഇതിന് പുറമെ കൈല സ്‌കൂളിലെ റോബോട്ടിക് ടീമിലും സജീവമായിരുന്നു. 2007ലാണ് കൈല ഗ്രാജ്വേഷൻ പൂർത്തിയാക്കിയത്. റോവിങ് ടീം, സയൻസ് നാഷണൽ ടീം എന്നിവയിലും കൈല അംഗമായിരുന്നു. സ്‌കൂളിൽ മനുഷ്യാവകാശ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ലിയോ ക്ലബിലും കൈല സജീവമായിരുന്നു. ബിരുദ പഠന കാലത്ത് അവൾ ബെസ്റ്റ് പഴ്‌സണാലിറ്റി, ബെസ്റ്റ് ഡ്രെസ്സ്ഡ്, ബെസ്റ്റ് സ്‌മൈൽ തുടങ്ങിയ പദവികൾ നേടിയിരുന്നു. ഇയർബുക്ക് ഫോട്ടോകളിൽ അവൾ സഹപാഠികളോടൊത്ത് ചിരിച്ച് നിൽക്കുന്നത് കാണാം.

സ്‌കൂൾ പഠനത്തിന് ശേഷം നോർത്തേൺ അരിസോണ യൂണിവേഴ്‌സിറ്റിയിൽ ചേർന്ന കൈല അവിടെയും പ്രവർത്തനങ്ങളിൽ സജീവമായി. അക്കാലത്ത് സന്നദ്ധ സംഘടനകളുടെ ഭാഗമായി വിദേശരാജ്യങ്ങളിലും അവർ സേവനമനുഷ്ഠിച്ചിരുന്നു. ഉത്തരേന്ത്യ, ഇസ്രയേൽ , ഫലസ്തീൻ എന്നിവിടങ്ങളിൽ അവർ പ്രവർത്തിച്ചത് ഇക്കാലത്താണ.് 2011ൽ അവർ വീണ്ടും അരിസോണയിൽ തിരിച്ചെത്തുകയായിരുന്നു. തുടർന്ന് അവിടെ ഒരു എച്ച്‌ഐവി/ എയ്ഡ്‌സ് ക്ലിനിക്കിൽ പ്രവർത്തിക്കുകയും വുമൺസ് ക്ലിനിക്കിൽ വളണ്ടിയറായി സേവനമനുഷ്ഠിക്കുയുമുണ്ടായി. ആ വർഷം അവസാനം കൈല തെക്ക് കിഴക്കൻ ഫ്രാൻസിലേക്ക് പോവുകയും അവിടെ പ്രവർത്തിക്കുയും ചെയ്തു. തുടർന്ന് 2012ൽ കൈല തുർക്കിയിലേക്ക് പോയി. ഡാനിഷ് റെഫ്യൂജി കൗൺസിലിന് വേണ്ടിയായിരുന്നു അവർ അവിടെ പ്രവർത്തിച്ചത്. തുർക്കിയിലേക്ക് സ്ത്രീകളെയും കുട്ടികളെയും അഭയാർത്ഥികളായി കടക്കാൻ സഹായിക്കുകയായിരുന്നു അവരുടെ കർത്തവ്യം. ഐസിസ് ഉയർത്തിയ കലാപത്തിന്റെ ഫലമായി വേർപെട്ട് പോയ കുടുംബാംഗങ്ങളെ ഒന്നിപ്പിക്കാനായി അവർ പലവട്ടം സിറിയയിലേക്കും പോയിരുന്നു. ഇതിനിടെയാണ് കൈല മുള്ളറെ ഐസിസ് തടവ് പുള്ളിയായി പിടിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP