Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പട്ടിണി നേരിടാൻ അരുംകൊലയോ? ഏഴ് വയസുള്ള ഇരട്ടകൾ അടക്കം മൂന്ന് മക്കളെ കഴുത്ത് ഞെരിച്ച് കൊന്ന പിതാവ് അറസ്റ്റിൽ

പട്ടിണി നേരിടാൻ അരുംകൊലയോ? ഏഴ് വയസുള്ള ഇരട്ടകൾ അടക്കം മൂന്ന് മക്കളെ കഴുത്ത് ഞെരിച്ച് കൊന്ന പിതാവ് അറസ്റ്റിൽ

വിശപ്പാണ് മനുഷ്യന്റെ അടിസ്ഥാന പ്രശ്‌നമെന്ന് എല്ലാവർക്കുമറിയാം. വിശപ്പിന്റെ വിളി മൂലമാണ് മിക്കവരും ജോലി പോലും ചെയ്യുന്നത്. പട്ടിണിമൂലം വീർപ്പ് മുട്ടുകയും അത് നിവൃത്തിക്കാൻ മാർഗങ്ങളൊന്നുമില്ലാതിരിക്കുകയും ചെയ്യുമ്പോൾ മനുഷ്യർ തങ്ങളുടെ സംസ്‌കാരം പോലും മറന്ന് കൊണ്ട് പരസ്പരം കൊന്നു തിന്ന മൃഗീയ സാഹചര്യങ്ങൾ വരെ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ഇവിടെയിതാ ഒരു പിതാവ് പട്ടിണി കാരണം ഏഴ് വയസ്സുകാരായ ഇരട്ടകളെയും ഇവരുടെ സഹോദരിയായ അഞ്ച് വയസുകാരിയെയും കഴുത്ത് ഞെരിച്ച് കൊന്നിരിക്കുകയാണ്. പട്ടിണി നേരിടാൻ അരും കൊല നടത്തിയ ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

പാക്കിസ്ഥാൻകാരനായ ഇർഷാദ് അഹമ്മദാണ് ഞായറാഴ്ച രാത്രിയിൽ ഈ അരുംകൊല നടത്തിയിരിക്കുന്നത്. പട്ടിണിക്ക് പുറമെ മറ്റൊരു കാരണവും ഈ കൊലപാതകത്തിന് പുറകിലുണ്ട്. അതായത് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് മുടക്കുന്ന പണം വെറുതെയാണെന്നും അത് ലാഭിക്കാൻ വേണ്ടിയാണ് ഇയാൾ ഈ ക്രൂരകൃത്യം ചെയ്തതെന്നും റിപ്പോർട്ടുകളുണ്ട്. ഏഴ് വയസുള്ള ഇരട്ട സഹോദരിമാരായ ചഷ്മാൻ, അമൻ എന്നിവരെയും ഇവരുടെ സഹോദരിയായ അഞ്ച് വയസുകാരിയായ ഫിസയെയുമാണ് ഈ ക്രൂരനായ പിതാവ് കൊന്നിരിക്കുന്നത്.

ഭാര്യഷബാന നാസിനെയും മകനെയും ഒരു വിവാഹത്തിൽ പങ്കെടുക്കാൻ നിർബന്ധിച്ച് പറഞ്ഞയച്ച് ശേഷമാണ് ഇർഷാദ് ഈ കൃത്യം നിർവഹിച്ചത്. വിവാഹത്തിന് പോകുമ്പോൾ തങ്ങളുട മറ്റൊരു പുത്രിയായ രണ്ടുവസയുകാരിയെ ഷബാന കൈയിലെടുത്തതിനാൽ അവളുടെ ജീവൻ രക്ഷപ്പെടുകയായിരുന്നു. വടക്ക് പടിഞ്ഞാറൻ ലാഹോറിൽ നിന്നും 135 മൈലുകൾ അകലെയുള്ള ചാക്ക് ജർമയിലെ തന്റെ വീട്ടിൽ വച്ചാണ് ഇർഷാദ് കൊലപാതകം നടത്തിയത്.

കല്യാണം കൂടി തിരിച്ച് വന്ന ഷബാനയ്ക്ക് തന്റെ മൂന്ന് പിഞ്ചോമനകളുടെയും മൃതദേഹമാണ് കാണാൻ കഴിഞ്ഞത്. ആ സമയം ഇർഷാദ് മുങ്ങുകയും ചെയ്തിരുന്നു. പെൺകുട്ടികളെക്കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നും അതിനാൽ അവർക്ക് വേണ്ടി മുടക്കുന്ന പണം വെറുതെയാണെന്നും ഇർഷാദ് വിശ്വസിച്ചിരുന്നുവെന്നും അതാണ് കൊലയ്ക്കുള്ള പ്രധാന കാരണമെന്നും ഷബാന വെളിപ്പെടുത്തുന്നു. ഇത്തരത്തിൽ കാശ് മുടക്കുന്നത് കുടുംബത്തിലെ പട്ടിണി വർധിപ്പിക്കുകയേ ഉള്ളൂ എന്നും തന്റെ ഭർത്താവ് പറയാറുണ്ടായിരുന്നുവെന്നും അവർ വെളിപ്പെടുത്തുന്നു.

തന്റെ ഒരേയൊരു മകനിൽ മാത്രമെ തനിക്ക് പ്രതീക്ഷയുള്ളൂവെന്നും അതിനാൽ നാല് പെൺമക്കളെയും കൊല്ലുമെന്നും ഇർഷാദ് എപ്പോഴും പറയാറുണ്ടായിരുന്നുവെന്നും ഷബാന പറയുന്നു. സ്‌കൂളിൽ പോകുമ്പോൾ തന്റെ പെൺമക്കൾക്ക് ഒരു ചില്ലക്കാശ് പോലും പോക്കറ്റ് മണി നൽകുന്ന പതിവ് ഇർഷാദിനുണ്ടായിരുന്നില്ലത്രെ. അവരുടെ സ്‌കൂൾ ഫീസ്, യൂണിഫോം, പുസ്തകം തുടങ്ങിയ കാര്യങ്ങൾക്കുള്ള ചെലവുകളെല്ലാം വഹിച്ചിരുന്നത് തന്റെ വീട്ടുകാരായിരുന്നുവെന്നും ഷബാന വേദനയോടെ പറയുന്നു.

തന്റെ നാലാമത്തെ പെൺകുട്ടി പിറന്നപ്പോഴാണ് ഈ പ്രതിസന്ധി രൂക്ഷമായതെന്നാണ് ഷബാന പറയുന്നത്.നാല് പെൺമക്കളുള്ളതിനാൽ തങ്ങൾ പട്ടിണി കിടന്ന് മരിക്കുമെന്ന് ഇർഷാദ് എപ്പോഴും പറയാറുണ്ടായിരുന്നുവത്രെ. അവരുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനും വൻതുക ചെലവാകുമെന്ന് ഈ പിതാവ് ഭയപ്പെടുകയും ചെയ്തിരുന്നു. ഇർഷാദ് തന്റെ പെൺമക്കൾക്ക് നേരെ ഉയർത്തുന്ന ഭീഷണിയെപ്പറ്റി താൻ ആളുകളോട് പറയാൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ ആരും തന്റെ വാക്കുകൾ ഗൗരവത്തിൽ എടുത്തില്ലെന്നുമാണ് അവർ പറയുന്നത്. ഇപ്പോൾ ഫൈസാബാദിലുള്ള തന്റെ രക്ഷിതാക്കളുടെ വീട്ടിലെത്തിയിരിക്കുകയാണ് ഷബാന. ഇവിടെ താൻ സുരക്ഷിതയാണെന്നാണവർ പറയുന്നത്. ഭർത്താവിന്റെ ഗ്രാമത്തിൽ താനാരെയും വിശ്വസിക്കുന്നില്ലെന്നാണ് ഭ്രാന്തമായ അവസ്ഥയിലെത്തിയ ഈ അമ്മ പറയുന്നത്. ഇർഷാദാണ് ഈ കൊലകൾ നടത്തിയതെന്ന് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട കുട്ടികളുടെ കഴുത്തിൽ കയർ മുറുക്കിയ പാടുണ്ടായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായി സഹീർ അഹമ്മദ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP