Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മൂന്ന് തവണ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ടോണി ബ്ലെയർ ഇപ്പോൾ ബ്രോക്കർ പണിയിൽ; നേതാക്കളെ അറബ് സുൽത്താന്മാരുമായി കൂട്ടിമുട്ടിച്ച് കൊയ്യുന്നത് കോടികൾ

മൂന്ന് തവണ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ടോണി ബ്ലെയർ ഇപ്പോൾ ബ്രോക്കർ പണിയിൽ; നേതാക്കളെ അറബ് സുൽത്താന്മാരുമായി കൂട്ടിമുട്ടിച്ച് കൊയ്യുന്നത് കോടികൾ

ന്ത്യയടക്കമുള്ള ചില രാജ്യങ്ങളിലെ രാഷ്ട്രീയക്കാർ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചാലും പ്രശ്‌നക്കാരായി തുടർന്ന് കൊണ്ടേയിരിക്കുന്ന പതിവാണുള്ളത്. അപ്രിയ സത്യങ്ങൾ അനവസരങ്ങളിൽ വിളിച്ച് പറഞ്ഞും തങ്ങളുടെ അനുഭവങ്ങൾ കുത്തിനിറച്ച് പുസ്തകങ്ങളെഴുതി മറ്റുള്ളവർക്ക് തലവേദന സൃഷ്ടിക്കുകയും അവരിൽ ചിലരുടെ രീതിയാണ്. ഇവരെല്ലാം മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിനെ കണ്ട് പഠിക്കണം.

റിട്ടയർമെന്റിന് ശേഷം ആർക്കും ശല്യമാകാതെ തന്റേതായ ബിസിനസ് ചെയ്ത് ആശാൻ കോടികളാണ് കൊയ്‌തെടുക്കുന്നത്. മൂന്ന് തവണ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ബ്ലെയർ ഇപ്പോൾ ബ്രോക്കർ പണി ചെയ്താണ് വൻതോതിൽ പണം സമ്പാദിക്കുന്നത്. ചൈനയിലെ രാഷ്ട്രീയ ബിസിനസ് നേതാക്കളെ അറബ് സുൽത്താന്മാരുമായി കൂട്ടിമുട്ടിക്കുകയാണ് ടോണി ബ്ലെയർ ഇപ്പോൾ ചെയ്യുന്നത്.

ഇതിലൂടെ ചൈനയിലേക്ക് വൻതോതിൽ നിക്ഷേപം എത്തിക്കാനാണ് ബ്ലെയർ വഴിയൊരുക്കുന്നത്. ടെലിഗ്രാഫ് നടത്തിയ ഒരു അന്വേഷണമാണിക്കാര്യം വെളിച്ചത്തുകൊണ്ടുവന്നിരിക്കുന്നത്. ഇത്തരത്തിലുള്ള ഡീലുകളെക്കുറിച്ചുള്ള തെളിവകളും ഇതിനോടനുബന്ധിച്ച് പുറത്ത് വന്നിട്ടുണ്ട്. ഈ വക പ്രവർത്തനങ്ങളിലൂടെ ടോണി ബ്ലെയർ ചൈനയിൽ ഒരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തു കൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടുണ്ട്. ഡൗകെമിക്കലിന്റെ ചീഫ് എക്‌സിക്യൂട്ടീവിനും ചൈനയിലെ സർക്കാർ ബിസിനസ് നേതാക്കൾക്കും ഇടയിൽ ടോണി ബ്ലെയർ സന്ധി സംഭാഷണങ്ങൾ നടത്തിയതിന് തെളിവ് ലഭിച്ചിരുന്നു.

ആഗോള സാമ്പത്തിക സഹകരണം എന്ന മേഖലയിൽ തന്റെ സാന്നിധ്യത്തിനുള്ള പ്രാധാന്യം ബ്ലെയർ ഈ വക പ്രവർത്തനങ്ങളിലൂടെ ആവർത്തിച്ച് തെളിയിച്ച് കൊണ്ടിരിക്കുകയാണ്. സാമ്പത്തികമായി മുൻപന്തിയിൽ നിൽക്കുന്നതും തന്ത്രപ്രധാനമായതുമായ മിഡിൽ ഈസ്റ്റിനും വളർന്ന് വരുന്ന സൂപ്പർ പവർ ആയ ചൈനയ്ക്കുമിടയിൽ തന്റെ നയതന്ത്രം ഫലപ്രദമായി പയറ്റി ലാഭം കൊയ്യുകയാണ് ബ്ലെയർ ചെയ്യുന്നത്. മുൻ പ്രധാനമന്ത്രി നടത്തുന്ന അന്താരാഷ്ട്ര ബിസിനസിന്റെയും ഉപദേശക പ്രവൃത്തിയുടെയും വ്യാപ്തിയെക്കുറിച്ച് വ്യാഴ്ച ടെലിഗ്രാഫ് വിശദമായി വെളിപ്പടുത്തിയിരുന്നു. ആദ്യമായാണ് ഇതിനെക്കുറിച്ചൊരു വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്. പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും ഒഴിഞ്ഞതിന് ശേഷം ടോണി ബ്ലെയർ 20 പ്രാവശ്യമെങ്കിലും ചൈന സന്ദർശിച്ചിട്ടുണ്ട്. എന്നാൽ പ്രധാനമന്ത്രിയായിരുന്നപ്പോൾ ഒരു രാഷ്ട്രത്തലവനെന്ന നിലയിൽ വെറും അഞ്ച് പ്രാവശ്യം മാത്രമായിരുന്നു ചൈന സന്ദർശിച്ചത്.

മുൻ പ്രധാനമന്ത്രിയെന്ന നിലയിൽ വളരെ നല്ല ഒരു ഇമേജാണ് ബ്ലെയറിന് ചൈനയിലുള്ളത്. 2007 നവംബറിൽ അദ്ദേഹം ചൈനയിലെ വ്യവസായ നഗരമായ ഡോൻഗണിൽ വച്ച് ഒരു പ്രഭാഷണം നടത്തിയിരുന്നു. ഒരു മോഡസ്റ്റ് റിയൽ എസ്‌റ്റേറ്റ് കമ്പനി സംഘടിപ്പിച്ചിരുന്ന പ്രസ്തുത പരിപാടിയിൽ പങ്കെടുത്തതിന് പ്രതിഫലമായി അന്ന് ബ്ലെയറിന് രണ്ട് ലക്ഷം പൗണ്ടായിരുന്നു ലഭിച്ചിരുന്നത്.ബ്ലെയറിന്റെ സാന്നിധ്യം പ്രതീക്ഷിച്ചതിനേക്കാൾ മികച്ച പ്രതികരണമാണുണ്ടാക്കിയതെന്നാണ് പരിപാടി സംഘടിപ്പിച്ച പബ്ലിക് റിലേഷൻസ് കൺസൾട്ടന്റായ ക്യുൻ ഗ്യാങ് അന്ന് പറഞ്ഞിരുന്നത്. തുടർന്ന് കമ്പനിക്ക് ഈ പ്രഭാഷണം ബിസിനസ് വർധിപ്പിക്കുന്നതിൽ ഏറെ ഗുണം ചെയ്തുവെന്നും വെളിപ്പെടുത്തലുകളുണ്ടായിരുന്നു. ബ്ലെയറിന്റ സന്ദർശനത്തോടെ ഈ കമ്പനിക്ക് അന്താരാഷ്ട്ര സ്വാധീനമുണ്ടെന്ന് കസ്റ്റമർമാർ ചിന്തിക്കുകയും കച്ചവടം വർധിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. ബ്ലെയറിന് ചൈനയിൽ നല്ലൊരു ഇമേജുണ്ടെന്നാണ് ക്യുൻ പറയുന്നത്.


അദ്ദേഹത്തെ ആ വിധത്തിലാണ് ചൈന സ്വീകരിച്ച് താമസിപ്പിക്കുകയും ചെയ്യുന്നതെന്ന് കാണാം. ഗ്രാൻഡ് ഹൈയാറ്റ് എന്ന പഞ്ചനക്ഷത്ര ഹോട്ടലിലാണ് ബ്ലെയറിന്റെ താമസം. ഡിപ്ലോമാറ്റുകളും ലോകനേതാക്കളും സന്ദർശിക്കുന്ന ഒരു ഹബായി ഈ ഹോട്ടൽ വർത്തിക്കുന്നു. ഇതിന്റെ എതിർ വശത്തായാണ് മിനിസ്ട്രി ഓഫ് കമേഴ്‌സ്, ഡൗ കെമിക്കലിന്റെ ബീജിങ് ഓഫീസ് എന്നിവ സ്ഥിതി ചെയ്യുന്നത്.ഒരു രാത്രിക്ക് 4000 പൗണ്ട് ചാർജുള്ള പ്രസിഡൻഷ്യൽ സ്യൂട്ടിലാണ് ബ്ലെയർ കഴിയുന്നതെന്നാണ് അവിടുത്തെ ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നത്.17ഉം 18ഉം നിലകളിൽ പ്രൈവറ്റ ഓഫീസും മറ്റ് സൗകര്യങ്ങളുമായാണ് ബ്ലെയർ ഇവിടെ വാഴുന്നത്. ഇവിടെയിരുന്നു കൊണ്ടാണ് ചൈനീസ് നേതാക്കൾക്കും അറബ് ലോകത്തെ സുൽത്താന്മാർക്കുമിടയിൽ പയറ്റേണ്ട നയതന്ത്രവും മറ്റു മധ്യസ്ഥ ചർച്ചകളും ബ്ലെയർ രൂപപ്പെടുത്തുന്നത്.

2010ലെ അഞ്ച് ദിവസത്തെ ചൈനീസ് സന്ദർശനത്തിനിടെ ബ്ലെയർ ഇപ്പോഴത്തെ ചൈനയുടെ പ്രീമിയറായ ലി കെഖിയാൻഗ്, വൈസ് ഫോറിൻ മിനിസ്റ്ററായ ഫു യിങ്, ചൈനയുടെ ഇൻവെസ്റ്റ്‌മെന്റ് കോർപറേഷൻ ചെയർമാനും ഇപ്പോഴത്തെ ധനമന്ത്രിയുമായ ലൗ ജിവെയ് എന്നിവരെ കണ്ടിരുന്നു. 2007 ജൂൺ 27ന് പ്രധാനമന്ത്രിസ്ഥാനം ഒഴിഞ്ഞതിന് ശേഷം യുഎൻ, യുസ്, യൂറോപ്യൻയൂണിയൻ, റഷ്യ എന്നിവയുടെ മിഡിൽ ഈസ്റ്റിലെ സ്ഥാനപതിയായി പോകുന്നതായി അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.ജൂലൈ 2007ൽ തന്നെ അദ്ദേഹം യുഎഇയിലേക്ക് പോവുകയും മുതിർന്ന ഉദ്യോഗസ്ഥർ, രാജകുടുംബാംഗങ്ങൾ, തുടങ്ങിയവരെ സന്ദർശിച്ച് ചർച്ചകൾ നടത്തുകയുമുണ്ടായി. തുടർന്ന് അറബ് രാഷ്ട്രങ്ങളിലും ചൈനയിലും മികച്ച നയതന്ത്രബന്ധങ്ങളിലൂടെ തന്റെ സ്വാധീനം ശക്തമാക്കുകയും അതിലൂടെ നേട്ടമുണ്ടാക്കുകയുമാണ് ബ്ലെയർ ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP