Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എട്ട് വൻശക്തികളുടെ അധിപന്മാർക്കിരിക്കാൻ ഒറ്റ കസേര മാത്രം; കൈയും കെട്ടി ട്രംപ് ഇരുന്നപ്പോൾ ചുറ്റിനും ഡെസ്‌കിൽ കൈ വച്ചും ഏന്തി വലിഞ്ഞും ലോക നേതാക്കൾ; ജി7 സമ്മിറ്റിലെ കരട് പ്രമേയത്തിൽ ഒപ്പിടാനും ട്രംപിന് മടി; എല്ലാവരും കാനഡയിൽ ഒത്ത് കൂടിയത് വെറുതെയായോ...?

എട്ട് വൻശക്തികളുടെ അധിപന്മാർക്കിരിക്കാൻ ഒറ്റ കസേര മാത്രം; കൈയും കെട്ടി ട്രംപ് ഇരുന്നപ്പോൾ ചുറ്റിനും ഡെസ്‌കിൽ കൈ വച്ചും ഏന്തി വലിഞ്ഞും ലോക നേതാക്കൾ; ജി7 സമ്മിറ്റിലെ കരട് പ്രമേയത്തിൽ ഒപ്പിടാനും ട്രംപിന് മടി; എല്ലാവരും കാനഡയിൽ ഒത്ത് കൂടിയത് വെറുതെയായോ...?

മറുനാടൻ ഡെസ്‌ക്‌

ടൊറന്റോ: കാനഡയിൽ വച്ച് നടന്ന ജി7 സമ്മിറ്റുമായി ബന്ധപ്പെട്ട ശ്രദ്ധേയമായ ചിത്രങ്ങളും വാർത്തകളും പുറത്ത് വന്നു. സമ്മിറ്റിൽ പങ്കെടുക്കുക്കാനെത്തിയ ട്രംപ് ഒരു കസേരയിലിരിക്കുന്നതും അദ്ദേഹത്തിന്റെ ചുറ്റിലും കസേരയില്ലാത്ത വിധത്തിൽ കഷ്ടപ്പെട്ട് നിൽക്കുന്ന ലോകനേതാക്കളുടെ ചിത്രമാണ് ഇതിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരിക്കുന്നത്. വൻ ശക്തികളുടെ അധിപന്മാർ ട്രംപിന് ചുറ്റും ഡെസ്‌കിൽ കൈവച്ചും ഏന്തി വലിഞ്ഞും നിൽക്കുന്ന ചിത്രമാണിത്. ജി7 സമ്മിറ്റിനെത്തിയ ലോകത്തിലെ വൻ ശക്തികളുടെ അധിപന്മാർക്കിരിക്കാൻ ഒറ്റ കസേര മാത്രമാണോ...? എന്ന ചോദ്യം ഇതെ തുടർന്ന് വിവിധ മാധ്യമങ്ങൾ പരിഹാസത്തോടെ ചോദിച്ചിട്ടുണ്ട്.

ജി7 സമ്മിറ്റിലെ കരട് പ്രമേയത്തിൽ ഒപ്പിടാൻ ട്രംപ് മടി കാണിച്ചുവെന്നും റിപ്പോർട്ടുണ്ട്. ജി 7സമ്മിറ്റിനായി വൻ ശക്തികളുടെ നേതാക്കൾ കാനഡയിൽ ഒത്ത് കൂടിയത് വെറുതെയായോ...??എന്ന നിർണായകമായ ചോദ്യവും ഇതിനെ തുടർന്ന് ഉയരുന്നുണ്ട്. ജി7 സമ്മിറ്റ് കഴിഞ്ഞാൽ പരമ്പരാഗതമായി പുറത്തിറക്കാറുള്ള സംയുക്ത പ്രസ്താവനയയിൽ ഒപ്പിടുന്നതിനാണ് ട്രംപ് വഴങ്ങാതിരുന്നത്. തങ്ങൾ ഭാവിയിൽ നടപ്പിലാക്കാനുദ്ദേശിക്കുന്ന വിശാലമായ ലക്ഷ്യങ്ങൾ, തത്വങ്ങൾ, തുടങ്ങിയവ വെളിപ്പെടുത്തുന്ന ജി 7 സംയുക്ത പ്രസ്താവനയിൽ ഒപ്പ് വയ്ക്കുന്നതിനാണ് ട്രംപ് നിഷേധ നിലപാട് സ്വീകരിച്ചിരിക്കുന്നത്.

ഇതിനെ തുടർന്ന് ജി7 ഇതാദ്യമായി സംയുക്ത പ്രസ്താവന ഇറക്കുന്നതിൽ പരാജയപ്പെടുകയും ചെയ്തു. എന്നാൽ ഇതിന് പകരം ഇപ്രാവശ്യം ഒരു ചെയർ സമ്മറി പുറത്തിറക്കുയാണ് ജി 7 ചെയ്യുന്നത്. ഇതിനിടെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്യൂഡ്യൂവിനെതിരെ കടുത്ത വിമർശനവുമായി ട്രംപ് രംഗത്തെത്തിയിരുന്നു. ട്രൂഡ്യൂ തെറ്റായ പ്രസ്താവനകളിറക്കുന്നുവെന്നാണ് ട്രംപ് കുറ്റപ്പെടുത്തിയിരിക്കുന്നത്. ട്രൂഡ്യൂ സത്യസന്ധനല്ലെന്നും ദുർബലനാണെന്നും ട്രംപ് ആരോപിക്കുന്നു. ഇരുവരും വെള്ളിയാഴ്ച മുഖാമുഖമിരുന്ന് ചർച്ച നടത്തിയതിന് ശേഷമാണ് ട്രംപ് ഈ വിമർശനവുമായി മുന്നോട്ട് വന്നിരിക്കുന്നത്.

അമേരിക്കയെ മറ്റ് രാജ്യങ്ങളുടെ '' പിഗി ബാങ്ക്'' ആക്കി മാറ്റാൻ ഇനിയും താൽപര്യമില്ലെന്നും താൻ മുന്നോട്ട് വച്ചിരിക്കുന്ന താരിഫിനോട് യോജിക്കാത്ത രാജ്യങ്ങൾ സഖ്യരാജ്യങ്ങളാണെങ്കിൽ പോലും അവരുമായി വ്യാപാരബന്ധം തുടരാൻ താൽപര്യമില്ലെന്നുമാണ് ജി 7 സമ്മിറ്റിനെ തുടർന്ന് മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് തറപ്പിച്ച് പറഞ്ഞിരിക്കുന്നത്.

നീതിപൂർവകമായ വ്യാപാരം കെട്ടിപ്പടുക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെന്നും അതിന് വേണ്ടിയാണ് ഇത്തരം കടുത്ത തീരുമാനങ്ങൾ നടപ്പിലാക്കുന്നതെന്നും ട്രംപ് സ്വയം ന്യായീകരിച്ചിട്ടുമുണ്ട്. ജി7 സമ്മിറ്റിൽ ട്രംപ് പങ്കെടുത്ത അവസാനത്തെ ചടങ്ങായ ജെൻജർ ഈക്വാലിറ്റി ഡിന്നറിന് ശനിയാഴ്ച അദ്ദേഹം എത്തിയിരുന്നത് വളരെ താമസിച്ചായിരുന്നു. കാനഡയിലെ സമ്മിറ്റ് വൻ വിജയമായിരുന്നുവെന്നും തന്റെ നല്ല ബന്ധങ്ങൾ ആഘോഷിക്കാൻ സാധിച്ചുവെന്നും ട്രംപ് പ്രസ്താവിച്ചിരുന്നു. താൻ ഏർപ്പെടുത്താനൊരുങ്ങുന്ന പുതിയ ട്രേഡ് താരിഫുകളെ കുറിച്ച് ജി7ലെ മറ്റ് രാജ്യങ്ങളുടെ നേതാക്കൾ ശ്രദ്ധയോടെ ചെവിക്കൊണ്ടിരുന്നുവെന്നും ട്രംപ് അവകാശപ്പെടുന്നു.

വ്യാപാരത്തിന്റെ പേരിൽ മറ്റ് രാജ്യങ്ങൾക്ക് കൊള്ളയടിക്കാൻ അമേരിക്കയെ വിട്ട് കൊടുക്കില്ലെന്നാണ് കാനഡയിൽ നിന്നും വിമാനം കയറും മുമ്പ് ട്രംപ് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചിരിക്കുന്നത്. മറ്റ് രാജ്യങ്ങൾ അവർക്ക് പരമാവധി നേട്ടുമുണ്ടാക്കാൻ ശ്രമിക്കുമെന്നും അതിനവരെ താൻ കുറ്റം പറയില്ലെന്നും എന്നാൽ തന്റെ മുൻഗാമികളായ അമേരിക്കൻ നേതാക്കന്മാരെയാണ് താനിതിന് കുറ്റപ്പെടുത്തുകയെന്നും ട്രംപ് വിശദീകരിക്കുകയും ചെയ്തിരുന്നു.

അമേരിക്കയെ മറ്റ് രാജ്യങ്ങൾ സാമ്പത്തിക നേട്ടത്തിനായി വ്യാപാരത്തിലൂടെ ദുരുപയോഗപ്പെടുത്തിയത് വളരെ അസന്തുലിതമായ വ്യാപാര ബന്ധങ്ങൾക്ക് വഴിയൊരുക്കിയെന്നും അത് യുഎസിന് കടുത്ത ദോഷമുണ്ടാക്കിയെന്നും ട്രംപ് ആരോപിക്കുന്നു. ശനിയാഴ്ച രാവിലെ നടന്ന ബ്രേക്ക്ഫാസ്റ്റിൽ പങ്കെടുക്കാൻ ട്രംപ് വൈകിയാണെത്തിയിരുന്നത്. അദ്ദേഹത്തെ കാത്ത് മറ്റ് നേതാക്കൾ കുറച്ച് നേരമിരുന്നിരുന്നു. ഐഎംഎഫ് മാനേജിങ് ഡയറക്ടറായ ക്രിസ്റ്റിനെ ലാഗാർഡെയ്ക്കും ജർമൻ ചാൻസലറായ ഏൻജെല മെർകലിനും അടുത്താണ് ട്രംപ് ഇരുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവേൽ മാർകോൺ ആരാധനയോടെ ട്രംപിനെ ഉറ്റ് നോക്കുന്നത് ചിത്രത്തിൽ കാണാം.റഷ്യ ജി7 കൂട്ടായ്മയിലേക്ക് തിരിച്ച് വരണമെന്നും റഷ്യൻ പ്രസിഡന്റ് വ്ലാദിമെർ പുട്ടിന് ഇതിൽ ഒരു സീറ്റിന് അർഹതയുണ്ടെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP