Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുലർച്ചെ പെയ്ത മഴയിൽ സ്തംഭിച്ച് യുഎഇ; യാത്രക്കാർ റോഡിൽ കുടുങ്ങിയത് അഞ്ച് മണിക്കൂർ വരെ: യാത്രക്കാരെ കാത്ത് വിമാനങ്ങൾ വൈകിയോടി

പുലർച്ചെ പെയ്ത മഴയിൽ സ്തംഭിച്ച് യുഎഇ; യാത്രക്കാർ റോഡിൽ കുടുങ്ങിയത് അഞ്ച് മണിക്കൂർ വരെ: യാത്രക്കാരെ കാത്ത് വിമാനങ്ങൾ വൈകിയോടി

സ്വന്തം ലേഖകൻ

ദുബായ്: പുലർച്ചെ പെയ്ത തകർപ്പൻ മഴയിൽ യുഎഇ സ്തംഭിച്ചു. നിർത്താത പെയ്ത മഴയിൽ റോഡുകളിൽ വെള്ളം നിറഞ്ഞതോടെ വാഹനങ്ങൾ മണിക്കൂറുകളോളം റോഡിൽ കുരുങ്ങി. വാഹനങ്ങൾ ഒന്നൊന്നായി റോഡുകളിൽ നിറഞ്ഞതോടെ നടന്ന് നീങ്ങാൻ പോലും ആവാത്ത അവസ്ഥയായിരുന്നു റോഡുകളിൽ. ഗതാഗതം താറുമാറായതോടെ വാഹനങ്ങൾ കൂട്ടിയിടിച്ചും ഡിവൈഡറുകളിൽ ഇടിച്ചുകയറിയും അപകടങ്ങളുണ്ടായി. ആളപായമില്ലെന്നാണു റിപ്പോർട്ട്. 10 മണിക്കൂറിനിടെ 154 അപകടങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്.

ചൊവ്വ രാത്രി 12 മുതൽ ഇന്നലെ രാവിലെ 10 വരെയുള്ള കണക്കാണിത്. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഉൾപ്പെടെയുള്ള പ്രധാനപാതകളിൽ അപകടങ്ങളുണ്ടായി. സഹായമാവശ്യപ്പെട്ട് 4581 ഫോൺ വിളികൾ എത്തിയതായി ദുബായ് പൊലീസ് ഓപറേഷൻ ഡയറക്ടർ കേണൽ തുർകി ബിൻ ഫാരിസ് അറിയിച്ചു. ഉച്ചയോടെ മഴ മാറി അന്തരീക്ഷം തെളിഞ്ഞെങ്കിലും പലയിടങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമായി തുടർന്നു.

ശക്തമായ മഴയിൽ റോഡുകളിൽ രൂപംകൊണ്ട വെള്ളക്കെട്ടിൽ നൂറുകണക്കിനു യാത്രക്കാരാണു കുടുങ്ങിയത്. ഷാർജയിൽ നിന്നു ദുബായിലെ ജോലിസ്ഥലത്തേക്കു പോയവർ മണിക്കൂറുകളോളം റോഡിൽ കുടുങ്ങി. ചെറുവാഹനങ്ങൾ വെള്ളം കയറി നിന്നുപോയതോടെ കുരുക്കു കൂടുതൽ രൂക്ഷമായി. 5 മണിക്കൂറോളമെടുത്താണ് പലരും ഓഫിസുകളിൽ എത്തിയത്. ഉപപാതകളിലൂടെ തിരികെ പോകാനോ വാഹനം എവിടെയെങ്കിലും ഒതുക്കാനോ പറ്റാത്ത സാഹചര്യമായി.

വെള്ളക്കെട്ട് നീക്കം ചെയ്യാൻ വിവിധ എമിറേറ്റുകളിൽ അടിയന്തര നടപടികൾ ആരംഭിച്ചു. രാത്രി വൈകിയും ടാങ്കറുകളിൽ വെള്ളം പമ്പ് ചെയ്തു നീക്കുകയാണ്. ബോട്ട് സർവീസുകളും വൈകി. ദുബായ്-ഷാർജ സർവീസ് മുടങ്ങി. ജലയാന സർവീസുകളെക്കുറിച്ച് അറിയാൻ വിളിക്കേണ്ട നമ്പർ: 800 9090. വെള്ളക്കെട്ടു മൂലം കൂടുതൽ പേർ മെട്രോയെ രാവിലെ മുതൽ വൻ തിരക്കായിരുന്നു. ഗ്രീൻ ലൈനിൽ സർവീസുകൾ അൽപം വൈകി.

പുലർച്ചെയുള്ള പല വിമാനസർവീസുകളും വൈകി. ഒട്ടേറെ യാത്രക്കാർ വഴിയിൽ കുടുങ്ങിയതു കണക്കിലെടുത്തും ചില വിമാനങ്ങൾ വൈകിയാണ് പുറപ്പെട്ടത്. രാവിലെ 11 നു പുറപ്പെടേണ്ട പുറപ്പെടേണ്ട സ്‌പൈസ് ജെറ്റ് വിമാനം യാത്രക്കാരുടെ സൗകര്യാർഥം 45 മിനിറ്റ് വൈകിയാണ് പുറപ്പെട്ടതെന്ന് സ്‌പൈസ് ജെറ്റ് അധികൃതർ അറിയിച്ചു. എമിറേറ്റ്‌സിന്റെ പല സർവീസുകളും അരമണിക്കൂറോളം വൈകി. കേരളത്തിലേക്കുള്ള സർവീസുകൾ രാത്രിയിൽ ആയതിനാൽ ബാധിച്ചില്ല. എയർഇന്ത്യ, എയർഇന്ത്യ എക്സ്‌പ്രസ് വിമാനങ്ങൾ കൃത്യസമയത്തു പുറപ്പെട്ടതായി അധികൃതർ അറിയിച്ചു. ദുബായിൽ നിന്നുള്ള സർവീസുകളെക്കുറിച്ചറിയാൻ വിളിക്കേണ്ട നമ്പർ:+971 4 2166666.

സ്‌കൂൾ ബസുകളും ഗതാഗതക്കുരുക്കിൽ പെട്ടതോടെ കുട്ടികൾ വലഞ്ഞു. കുട്ടികളെ ബുദ്ധിമുട്ടി അയയ്‌ക്കേണ്ടെന്നു പല സ്‌കൂൾ അധികൃതരും രക്ഷിതാക്കളെ അറിയിച്ചു. പല രക്ഷിതാക്കളും കുട്ടികളെ വിട്ടില്ല. ഹാജർ നില വളരെ കുറവായിരുന്നു. അതേസമയം മഴയത്ത് ബൈക്ക് ഓടിച്ചാൽ 2,000 ദിർഹം പിഴ ചുമത്തുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. ഇതിന് പുറമെ ലൈസൻസിൽ 23 ബ്ലാക് പോയിന്റ് പതിയുകയും ചെയ്യും. വലിയ വാഹനങ്ങൾ വഴയിൽ കുടുങ്ങിക്കിടക്കുമ്പോൾ ബൈക്ക് യാത്രികർ കൂടുതൽ സുരക്ഷാപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതു കണകകിലെടുത്താണ് ബൈക്കിന് മഴക്കാലത്ത് നിയന്ത്രണം ഏർപ്പെടുത്തുന്നത്.

ഇനിയുള്ള ദിവസങ്ങളിലും അസ്ഥിര കാലാവസ്ഥ തുടരുമെന്ന് പ്രിൻസിപ്പൽ മീറ്റിയോറോളജിക്കൽ ഡാറ്റാ അനലിസ്റ്റ് ആസിഫ്ഷാ മനോരമയോടു പറഞ്ഞു. ആകാശം മേഘാവൃതമായിരിക്കുമെങ്കിലും മഴയ്ക്കു സാധ്യത കുറവാണ്. ചില മേഖലകളിൽ വെള്ളി വരെ രാത്രിയിൽ മൂടൽമഞ്ഞിനു സാധ്യതയുണ്ട്. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ദുബായിയുടെ പ്രാന്തപ്രദേശങ്ങളിലും വടക്കൻ എമിറേറ്റുകളിലെ ചില മേഖലകളിലും ശരാശരിയിൽ താഴെ മഴ പ്രതീക്ഷിക്കാം. ഇന്നും നാളെയും തീരദേശമേഖലകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശുമെന്നും അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP