Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുങ്ങിമരിച്ചത് ആയിരത്തോളം പാവങ്ങൾ; രക്ഷാപ്രവർത്തനത്തിന് മുതിരാതെ സായിപ്പിന്റെ ഹുങ്ക്; മനുഷ്യാവകാശം പ്രസംഗിക്കുന്ന ബ്രിട്ടന്റെയും ഇറ്റലിയുടെയും ഇരട്ടത്താപ്പിനെതിരേ ജനരോഷം

മുങ്ങിമരിച്ചത് ആയിരത്തോളം പാവങ്ങൾ; രക്ഷാപ്രവർത്തനത്തിന് മുതിരാതെ സായിപ്പിന്റെ ഹുങ്ക്; മനുഷ്യാവകാശം പ്രസംഗിക്കുന്ന ബ്രിട്ടന്റെയും ഇറ്റലിയുടെയും ഇരട്ടത്താപ്പിനെതിരേ ജനരോഷം

മാൾട്ട: ഇറ്റലിയിലേക്ക് കുടിയേറാൻ ശ്രമിച്ചവരുടെ ബോട്ട് മെഡിറ്ററേനിയൻ കടലിൽ മുങ്ങി മരിച്ചതിനെ തുടർന്ന് രക്ഷാപ്രവർത്തനം അവസാനിപ്പിക്കാനുള്ള ഇറ്റലിയുടെ തീരുമാനത്തെ ബ്രിട്ടീഷ് സർക്കാരും മറ്റ് യൂറോപ്യൻ യൂണിയൻ സംസ്ഥാനങ്ങളും പിന്തുണച്ചതിനെതിരേ രാഷ്ട്രീയ നേതാക്കളും ചാരിറ്റി സംഘടനകളും കടുത്ത എതിർപ്പുമായി രംഗത്തെത്തി. യുദ്ധഭൂമിയായ ലിബിയയിൽ നിന്ന് ഇറ്റലിയിലേക്ക് അനധികൃതമായി കുടിയേറാൻ ശ്രമിച്ചവരുടെ ബോട്ട് മുങ്ങിയാണ് ദുരന്തം സംഭവിച്ചത്. 650 പേരാണ് മരിച്ചതെന്ന് പ്രാഥമിക റിപ്പോർട്ട് സൂചിപ്പിച്ചതെങ്കിലും ആയിരത്തോളം പേരുടെ ജീവൻ ബോട്ട് ദുരന്തത്തിൽ പൊലിഞ്ഞിട്ടുണ്ടാകാമെന്ന് റിപ്പോർട്ടുകൾ.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഉണ്ടാകുന്ന ഏറ്റവും വലിയ കടൽ ദുരന്തമെന്നു വിശേഷിപ്പിക്കാവുന്ന ഈ സംഭവത്തിൽ രക്ഷാപ്രവർത്തനം ഇനി നീട്ടുന്നതിൽ അർഥമില്ലെന്ന ബ്രിട്ടന്റെ നിലപാടാണ് ഇപ്പോൾ കടുത്ത എതിർപ്പിന് ഇടയാക്കിയിരിക്കുന്നത്. ദക്ഷിണ ഇറ്റാലിയൻ ദ്വീപായ ലാംബഡസയിൽ നിന്ന് 193 കിലോമീറ്റർ അകലെ നടന്ന ദുരന്തത്തിൽ 28 പേർ മാത്രമാണ് രക്ഷപ്പെട്ടത്.
ലിബിയൻ തീരത്ത് നിന്ന് ഒരു മത്സ്യബന്ധന ബോട്ടിൽ കുടിയേറ്റത്തിന് പുറപ്പെട്ടവരാണ് ദുരന്തത്തിനിരയായത്. തിങ്ങിനിറഞ്ഞ ബോട്ട് ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ഉലയാൻ തുടങ്ങി. അപകടസൈറൻ മുഴക്കിയപ്പോൾ സഹായത്തെനെത്തിയ ചരക്കുകപ്പൽ കണ്ട് യാത്രക്കാർ ഒരു വശത്തേക്ക് നീങ്ങുകയും ബോട്ട് ചെരിഞ്ഞ് മുങ്ങുകയുമായിരുന്നു.

ആഭ്യന്തരം സംഘർഷം രൂക്ഷമായ ലിബിയയിൽ നിന്നും ഇറ്റലിയിലേക്കുള്ള കുടിയേറ്റം ശക്തമാണ്. ഇത്തരത്തിൽ കടൽമാർഗം അനധികൃതമായി ഓരോ വർഷവും പതിനായിരക്കണക്കിന് ആൾക്കാർ ഇറ്റലിയിലേക്ക് കുടിയേറുന്നത് പതിവായിരിക്കുകയാണ്. അതുകൊണ്ടു തന്നെ അഭയാർഥി ബോട്ടുകളിൽ പലതും അപകടത്തിൽ പെടുന്നതും പതിവായിട്ടുണ്ട്. ഇറ്റലിയിലേക്കുള്ള യാത്രാമധ്യേയാണ് കുടിയേറ്റക്കാരുടെ ബോട്ടുകൾ അപകടത്തിൽ പെടുന്നതിനാൽ ഇറ്റാലിയൻ നേവിയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഓരോ ആഴ്ചയിലും ആയിരക്കണക്കിന് കുടിയേറ്റക്കാരെയാണ് ഇറ്റാലിയൻ നേവി രക്ഷപ്പെടുത്താറുള്ളത്.

എന്നാൽ ഇമിഗ്രന്റ് പട്രോൾ ഓപ്പറേഷൻ സംവിധാനം നിർത്തലാക്കാൻ കഴിഞ്ഞ ഒക്ടോബറിൽ ഇറ്റലി പദ്ധതി തയാറാക്കിയിരുന്നു. രക്ഷാപ്രവർത്തനം അനധികൃത കുടിയേറ്റക്കാർക്ക് പ്രോത്സാഹനമാകുന്നുവെന്നും  ഇറ്റാലിയൻ തീരത്തു നിന്ന് 30 മൈൽ അകലെ മാത്രമേ ഇറ്റാലിയൻ നേവിയുടെ സഹായം നൽകുകയുള്ളൂവെന്നും  അതുകൊണ്ട് ഇതിൽ നിന്നു പിന്തിരിയുകയാണെന്നും ഇറ്റലി വ്യക്തമാക്കിയിരുന്നു. ഇറ്റലിയുടെ ഈ തീരുമാനത്തെ ബ്രിട്ടണും മറ്റ് യൂറോപ്യൻ യൂണിയൻ സംസ്ഥാനങ്ങളും പിന്തുണയ്ക്കുകയുമായിരുന്നു.
കഴിഞ്ഞ ദിവസത്തെ ബോട്ട് ദുരന്തത്തിൽ രക്ഷാപ്രവർത്തനം വ്യാപിപ്പിക്കാൻ ഇറ്റലി ഏറെ താത്പര്യമെടുക്കാതിരുന്നതും അതുകൊണ്ടു തന്നെയാണ്. മനുഷ്യാവകാശ ലംഘനത്തിന് തുല്യമായ ഇത്തരം നടപടികൾക്ക് ഏറെ പിന്തുണ നൽകിയതാണ് ബ്രിട്ടന്റെ നേർക്ക് വിമർശകർ ആക്രമണം തൊടുത്തിരിക്കുന്നത്.

ഇറ്റലി തങ്ങളുടെ രക്ഷാപ്രവർത്തനം നിർത്തിയാൽ പോലും കൂടുതൽ ആൾക്കാർ അനധികൃത കുടിയേറ്റത്തിന് തയാറാകുമെന്നും ഇത് കൂടുതൽ ദുരന്തത്തിൽ കലാശിക്കുമെന്നും വിലയിരുത്തപ്പെടുന്നു. മെഡിറ്ററേനിയൻ കടലിലെ രക്ഷാപ്രവർത്തനം സംബന്ധിച്ച് ബ്രിട്ടൻ തങ്ങളുടെ നിലപാട് പുനർവിചിന്തനം ചെയ്യണമെന്നും ഇറ്റലി രക്ഷാപ്രവർത്തനത്തിന് കൂടുതൽ ഊന്നൽ നൽകണമെന്നും എല്ലാ ഭാഗത്തു നിന്നും സമ്മർദം ഏറിയിട്ടുണ്ട്.

ഇറ്റലിയിലേക്കുള്ള അനധികൃത കുടിയേറ്റം തടയാൻ ഇത്തരത്തിൽ നടപടി കൈക്കൊള്ളുന്നത് ഒട്ടും അഭിലഷണീയമല്ലെന്നും ഇതിൽ കൂടുതൽ ചർച്ചകൾ ആവശ്യമാണെന്നുമാണ് ആംനെസ്റ്റി ഇന്റർനാഷമലും സേവ് ദ ചിൽഡ്രൽ സംഘടനകളും ഒറ്റസ്വരത്തിൽ ആവശ്യപ്പെടുന്നത്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മനുഷ്യക്കടത്താണ് ഇത്തരത്തിൽ നടന്നുവരുന്നതെന്നും ഇതിൽ യൂറോപ്യൻ യൂണിയൻ അടിയന്തിരമായി ഇടപെടണമെന്നും ഇറ്റാലിയൻ പ്രധാനമന്ത്രി മാറ്റിയോ റെൺസി ആവശ്യപ്പെട്ടിരിക്കുകയാണ്.

ശനിയാഴ്ച രാത്രി അപകടത്തിൽ പെട്ട ബോട്ട് ഈജിപ്തിൽ നിന്നാണ് യാത്ര ആരംഭിച്ചതെന്നും പിന്നീട് ലിബിയയുടെ തീരത്തു നിന്നും കൂടുതൽ കുടിയേറ്റക്കാരെ കയറ്റി യാത്ര തുടരുകയുമായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ബോട്ടിൽ എത്ര യാത്രക്കാരുണ്ടെന്നുവെന്നും എത്രപേർ രക്ഷപ്പെട്ടെന്നും കൃത്യമായി ഉടൻ പറയാൻ സാധിക്കില്ലെന്നും ഇറ്റാലിയൻ ന്യൂസ് ഏജൻസിയായ അൻസ റിപ്പോർട്ട് ചെയ്യുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP