Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരിക്കൽ ലോകത്തിന്റെ പ്രതീക്ഷ ഈ രാജ്യമായിരുന്നു; അമേരിക്കൻ അധിനിവേശത്തിനെതിരെയുള്ള മലയാളിയുടെ സ്വപ്‌നഭൂമിയായിരുന്നു; ഇപ്പോഴവിടെ പട്ടിണിമൂലം ആർക്കും പുറത്തിറങ്ങാൻ വയ്യ; വെനസ്വേലയിൽ കന്നുകാലികൾക്കുപോലും രക്ഷയില്ല

ഒരിക്കൽ ലോകത്തിന്റെ പ്രതീക്ഷ ഈ രാജ്യമായിരുന്നു; അമേരിക്കൻ അധിനിവേശത്തിനെതിരെയുള്ള മലയാളിയുടെ സ്വപ്‌നഭൂമിയായിരുന്നു; ഇപ്പോഴവിടെ പട്ടിണിമൂലം ആർക്കും പുറത്തിറങ്ങാൻ വയ്യ; വെനസ്വേലയിൽ കന്നുകാലികൾക്കുപോലും രക്ഷയില്ല

ർമയില്ലേ ഹ്യൂഗോ ഷാവേസിനെ? ചെ ഗുവേരയ്ക്കും ഫിദൽ കാസ്‌ട്രോയ്ക്കും ശേഷം ലാറ്റിനമേരിക്കയിൽനിന്ന് സാമ്രാജ്യത്വ വിരുദ്ധതയുടെ ചിഹ്നമായി വളർന്നുവന്ന നേതാവിനെ? മരണംവരെ അമേരിക്കൻ അധിനിവേശത്തെ ചെറുക്കുമെന്ന് പ്രഖ്യാപിച്ച നേതാവായിരുന്നു അദ്ദേഹം. വെനസ്വേലയുടെ 62-ാമത്തെ പ്രസിഡന്റ്. 2013-ൽ മരിക്കുംവരെ അദ്ദേഹം തന്റെ വാക്കുകളിൽ ഉറച്ചുനിന്നു. തന്റെ രാജ്യത്തെ എണ്ണശേഖരത്തിൽ വിശ്വസിച്ചിരുന്ന ഷാവേസിന്റെ അവസാന കാലമായപ്പോഴേക്കും വെനസ്വേല തളർന്നുതുടങ്ങിയിരുന്നു. ഇപ്പോൾ, ലാറ്റിനമേരിക്കയിലെ ദരിദ്ര രാജ്യങ്ങളിലൊന്നാണവർ.

വെനസ്വേലയുടെ ഇപ്പോഴത്തെ അവസ്ഥ വെളിവാക്കുന്ന ഒരു വീഡിയോ അടുത്തിടെ പുറത്തുവന്നു. പട്ടിണികൊണ്ട് വലഞ്ഞ ജനക്കൂട്ടം ഒരു പശുവിനെ കല്ലുകൊണ്ടും വടികൊണ്ടും ആക്രമിച്ച് കൊലപ്പെടുത്തുന്നതിന്റെ ദൃശ്യമായിരുന്നു അത്. ഞങ്ങൾക്ക് വിശക്കുന്നുവെന്നും സഹിച്ച് മടുത്തുവെന്നും ആക്രോശിച്ചുകൊണ്ടായിരുന്നു ജനക്കൂട്ടം മിണ്ടാപ്രാണിയെ ആക്രമിച്ച് കൊലപ്പെടുത്തിയത്. മെരീദ പ്രവിശ്യയിലെ പാൽമെരീറ്റോയിൽ നടന്ന സംഭവം ലോകം മുഴുവൻ വൈറലായി മാറിക്കൊണ്ടിരിക്കുകയാണിപ്പോൾ.

ക്രിസ്മസ് മുതൽക്ക് വെനസ്വേലയിലെ പല മേഖലകളിലും കടുത്ത പ്രതിഷേധങ്ങളും സമരങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. കൊള്ളയും തീവെപ്പും പലേടത്തുനിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു. പട്ടിണിയും തൊഴിലില്ലായ്മയും ജനങ്ങളെ തെരുവിലിറക്കുകയാണ്. പ്രക്ഷോഭത്തിനിടെ, ഇതുവരെ നാലുപേരെങ്കിലും കൊല്ലപ്പെട്ടു. തലസ്ഥാന നഗരമായ കാരക്കസ് ഒഴികെയുള്ള മേഖലകളിലെല്ലാം കടുത്ത ഭക്ഷ്യ ക്ഷാമവും പകർച്ചവ്യാധികളും റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്.

കന്നുകാലികളെ പരസ്യമായി കശാപ്പ് ചെയ്താണ് ജനക്കൂട്ടം പലേടത്തും പട്ടിണിയകറ്റുന്നതെന്നാണ് റിപ്പോർട്ടുകൾ. പൽമെരീറ്റയിൽമാത്രം ഇതിനകം 300-ലേറെ കന്നുകാലികളെ ഭക്ഷണത്തിനായി ജനങ്ങൾ പ്രാകൃതരീതിയിൽ കൊലപ്പെടുത്തി. മിക്ക പട്ടണങ്ങളിലെയും സൂപ്പർമാർക്കറ്റുകളും കടകളും കാലിയാണ്. ഉള്ളിടത്ത് കടുത്ത തോതിൽ കൊള്ളയും നടക്കുന്നതായാണ് റിപ്പോർട്ടുകൾ. അക്രമസംഭവങ്ങൾ വ്യാപിക്കുകയാണ്. ഇതുവരെ നാലുപേർ മരിക്കുകയും പത്തിലേറെപേർക്ക് പരിക്കേൽക്കുകയും ചെയ്തു.

പ്രസിഡന്റ് നിക്കോളാസ് മദൂരോയുടെ നയങ്ങളാണ് രാജ്യത്തെ ഈ സ്ഥിതിയിലേക്ക് നയിച്ചതെന്ന് പ്രതിപക്ഷ നേതാവായ കാർലോസ് പാപ്പരോനി പറഞ്ഞു. ഭക്ഷ്യക്ഷാമവും പട്ടിണിയും പരിഹരിക്കുന്നതിന് അന്താരാഷ്ട്ര സഹായം സ്വീകരിക്കണമെന്ന് നിക്കേളാസ് മദൂരോയോട് കൊളംബിയൻ പ്രസിഡന്റ് യുവാൻ മാനുവൽ സാന്റോസ് ആവശ്യപ്പെട്ടു. നാലുവർഷമായി തുടരുന്ന സാമ്പത്തിക മാന്ദ്യവും ലോകത്തെ ഏറ്റവും ഉയർന്ന പണപ്പെരുപ്പവുമാണ് വെനസ്വേലയെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടത്. മദൂരോയുടെ സാമ്പത്തിക നയങ്ങളാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന ആരോപണവും ശക്തമാണ്.

പട്ടിണി എന്നുതീരും?

സൂപ്പർ മാർക്കറ്റുകളിലെ ഒഴിഞ്ഞ ഷെൽഫുകൾ നോക്കി നെടുവീർപ്പിടുകയാണ് ജീവനക്കാർ.അവ വീണ്ടും നിറയുമെന്ന് അവർ പ്രതീക്ഷിക്കുന്നില്ല. ചോളം കൊണ്ടുപോകുന്ന ട്രക്കുകളും, ഭക്ഷ്യസംഭരണശാലകളും സർക്കാർ ഉടമസ്ഥയിലുള്ള സൂപ്പർ മാർക്കറ്റുകളും കൊള്ളയടിക്കുന്ന ജനം പട്ടിണി മാറ്റാൻ നെട്ടോട്ടമോടുകയാണ്.

അതേസമയം നിക്കോളാസ് മദുരോയുടെ സർക്കാരാകട്ടെ പഴി ചാരി രക്ഷപ്പെടാനുള്ള തത്രപ്പാടിലാണ്. രാഷ്ട്രീയ എതിരാളികളും വിദേശ ശക്തികളും പൂഴ്‌ത്തിവയ്പും, വിലക്കയറ്റവും സൃഷ്ടിച്ച് കലാപം അഴിച്ചുവിടുകയാണെന്നാണ് സർക്കാർ ആരോപിക്കുന്നത്. ഊഹക്കച്ചവടം അവസാനിപ്പിക്കാൻ, 200 ലേറെ സൂപ്പർ മാർക്കറ്റുകളിലെ വില താഴ്‌ത്തി സർക്കാർ നടത്തിയ പരീക്ഷണവും തിരിച്ചടിയായി. കുറഞ്ഞ വിലയ്ക്ക് ഭക്ഷണം വാങ്ങാൻ ജനം തിരക്ക് കൂട്ടിയതോടെ കാര്യങ്ങ്ൾ കൈവിട്ടുപോയി.

പട്ടിണിയുടെ രാഷ്ട്രീയം

രാജ്യം പട്ടിണിയിൽ പൊറുതിമുട്ടുമ്പോഴും രാഷ്ട്രീയ മുതലെടുപ്പിന് ഒരു കുറവുമില്ല വെനിസ്വേലയിൽ. 2012 ന് ശേഷമുള്ള രാഷ്ട്രീയ -സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം തേടി ഇടതുസർക്കാരും പ്രതിപക്ഷവും ചർച്ചകൾ പുനരാരംഭിച്ചെങ്കിലും വലിയ പ്രതീക്ഷയ്ക്ക് വകയില്ല.ഡിസംബറിൽ നടന്ന ചർച്ചകൾ പൂർണപരാജയമായിരുന്നു. വിദേശത്ത് നിന്നുള്ള ദുരിതാശ്വാസ സഹായം സ്വീകരിക്കണം, രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കണം തുടങ്ങിയ പ്രതിപക്ഷ ആവശ്യങ്ങളോട് മദുരോ പുറം തിരിഞ്ഞ് നിൽപാണ്. കഴിഞ്ഞ വർഷം ട്രംപ് ഭരണകൂടം അടിച്ചേൽപ്പിച്ച സാമ്പത്തിക ഉപരോധത്തിൽ അയവ് വരുത്താൻ പ്രതിപക്ഷം സമ്മർദ്ദം ചെലുത്തണമെന്നാണ് ഭരണകൂടത്തിന്റെ നിലപാട്. സാമ്പത്തിക ഉപരോധം വന്നതോടെ പട്ടിണി പരിഹരിക്കാനുള്ള മാർഗ്ഗങ്ങൾ അടഞ്ഞുവെന്ന് മാത്രമാണ് കടം തിരിച്ചടയ്ക്കാനുള്ള വഴികളും ്അടഞ്ഞു. ഡിസംബറിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് കണ്ണ് വച്ചാണ് നിക്കോളാസ് മദുരോയുടെ അനുരഞ്ജന നീക്കം.

ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ പ്രിസഡന്റ് ഡാനിലോ മേദിന് നയിക്കുന്ന അനുരഞ്ജന ചർച്ചകളിൽ ബൊളിവിയ, ചിലി, മെക്‌സികോ, നിക്കരാഗ്വ എന്നീ രാജ്യങ്ങളുടെ പ്രിതിനിധികളുമുണ്ട്.ഈ വട്ട ചർച്ചകളിലെങ്കിലും അനുരഞ്ജനമുണ്ടായില്ലെങ്കിൽ തങ്ങൽ പിന്മാറുമെന്ന് ചില രാജ്യങ്ങൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.വത്തിക്കാൻ നേതൃത്വം നൽകിയ 2016 റൗണ്ട് ചർച്ചകളും പരാജയമായിരുന്നു.

അധികാരത്തിൽ കടിച്ചുതൂങ്ങി മദുരോ

ഒരിക്കൽ സമ്പൽ സമൃദ്ധമായിരുന്ന രാഷ്ട്രം സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീണതോടെ, സ്വേച്ഛാധിപത്യസ്വഭാവം കാട്ടിയതാണ് മദുരോയെ അപ്രിയനാക്കിയത്. രാഷ്ടീയ എതിരാളികളെയെല്ലാം ജയിലിൽ അടയ്ക്കുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളിലായി നടക്കുന്ന പ്രക്ഷോഭത്തിനിടെ 46 പേരെയാണ് സുരക്ഷാസേന കൊന്നൊടുക്കിയത്.

തന്റെ പാർട്ടിക്ക വെല്ലുവിളികൾ ഉയരാതിരിക്കാൻ പ്രാദേശിക തിരഞ്ഞെടുപ്പ് പലവട്ടം മാറ്റിവച്ചു.കഴിഞ്ഞ ജൂലൈയിൽ നടന്ന തിരഞ്ഞെടുപ്പോടെ, സർക്കാരിൽ പൂർണനിയന്ത്രണം കൈയടക്കാൻ മദുരോയ്ക്കും കൂട്ടർക്കും കഴിഞ്ഞു. പ്രതിപക്ഷത്തിന് മുൻകൈയുണ്ടായിരുന്ന പാർലമെന്റിന്റെ മേലെ ഭരണഘടന വരെ തിരിത്തിയെഴുതാനും, തന്റെ അധികാരങ്ങൾ ഇരട്ടിയാക്കാനുമുള്ള സൂപ്പർബോഡി സൃഷ്ടിക്കുകയായിരുന്നു മദുരോ.

സാമ്പത്തിക പ്രതിസന്ധി വന്ന വഴി

ആഗോള എണ്ണവില ഇടിഞ്ഞതോടെയാണ് 2014 ൽ വെനിസ്വേല പ്രതിസന്ധിയുടെ കാണാക്കയത്തിലേക്ക് വീണത്.കറൻസി നിയന്ത്രണങ്ങൾ കൂടിയായതോടെ പണപ്പെരുപ്പം കുതിച്ചുയർന്നു.700 ശതമാനം വിലക്കയറ്റമാണ് കഴിഞ്ഞ വർഷാവസാനം ഉണ്ടായത്.2015 നും 2016 നും ഇടയിലുള്ള ഭക്ഷ്യക്ഷാമം മൂലം 75 ശതമാനത്തോളം വരുന്ന ജനങ്ങളുടെ ശരീരഭാരം ശരാരരി 19 പൗണ്ടോളം കുറഞ്ഞു.തങ്ങളുടെ പ്രതിസന്ധിക്ക് അമേരിക്കയെ മദുരോ പഴിക്കുമ്പോൾ സാമ്പത്തിക പരിഷ്‌കാരങ്ങൾക്ക് സന്നദ്ധമാവാത്ത മദുരോയെ വൻവെല്ലുവിളിയായാണ് യുഎസ് കാണുന്നത്്.
ക്രൂഡ് ഓയിൽ വില്പന പ്രധാനവരുമാനയുള്ള രാജ്യത്തിന് ഡൊണാൾഡ് ട്രംപിന്റെ യുദ്ധഭീഷണിയും അമേരിക്കൻ ഭരണകൂടം നടത്തുന്ന നയതന്ത്ര മാറ്റങ്ങളും എല്ലാം ദോഷകരമായി തീർന്നു എന്നും, രാജ്യത്തെ കടക്കെണിയിലേയ്ക്ക് തള്ളി വിട്ടുവെന്നും മദുരോ കുറ്റപ്പെടുത്തുന്നു.

അതെ സമയം എണ്ണവില ഉയർന്ന നാളുകളിൽ രാജ്യത്തെ ആഭ്യന്തര ഉദ്പാദനം കുറയ്ക്കാൻ നിർബന്ധിച്ച ഗവൺമെന്റ് കുറഞ്ഞ വിലയിൽ ഭക്ഷ്യസാധനങ്ങൾ ഇറക്കുമതി ചെയ്തു തുടങ്ങിയതാണ് രാജ്യം ഇപ്പോൾ നേരിടുന്ന ദുരവസ്ഥയ്ക്ക് കാരണം എന്നാണ് വിമർശകരും, സാമ്പത്തിക വിദഗ്ദരും അഭിപ്രായപ്പെടുന്നത്. രാജ്യത്തിന് വേണ്ട ഭക്ഷണത്തിന്റെ മൂന്നിൽ രണ്ടു ഭാഗവും ആഭ്യന്തര തലത്തിൽ തന്നെ ഉദ്പാദിപ്പിച്ചിരുന്ന രാജ്യമായിരുന്നു വെനിസ്വേല. പക്ഷെ നിക്കോളാസ് സർക്കാർ തങ്ങളുടെ വികസന പൊങ്ങച്ചങ്ങളുടെ ഭാഗമായി രാജ്യത്തിന് വേണ്ട എഴുപതു ശതമാനം ഭക്ഷണ സാധനങ്ങളും കുറഞ്ഞ വിലയിൽ ഇറക്കുമതി ചെയ്യാൻ തുടങ്ങിയതോടെ ആഭ്യന്തര ഉദ്പാദനം വളരെ കുറയാൻ തുടങ്ങി. ഈ ഉദാരവത്ക്കരണ നയം തന്നെയാണ് ഇപ്പോൾ രാജ്യത്തെ പട്ടിണിയുടെ പടുകുഴിയിലേയ്ക്ക് തള്ളിവിട്ടതെന്ന് അവർ ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP