Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൊബൈൽ ഫോൺ വാങ്ങി വച്ച അദ്ധ്യാപകനെ വിദ്യാർത്ഥി ക്ലാസ്‌റൂമിൽ കുത്തി; ബ്രിട്ടനിൽ നിന്നും ഒരു ദുരന്തവാർത്ത

മൊബൈൽ ഫോൺ വാങ്ങി വച്ച അദ്ധ്യാപകനെ വിദ്യാർത്ഥി ക്ലാസ്‌റൂമിൽ കുത്തി; ബ്രിട്ടനിൽ നിന്നും ഒരു ദുരന്തവാർത്ത

ഗുരുവിനെ ദൈവത്തിനേക്കാൾ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യണമെന്നാണ് ഭാരതീയ സംസ്‌കാരം നമ്മെ പഠിപ്പിക്കുന്നത്. ഗുരുവിന്റെ ആഗ്രഹ സാഫല്യത്തിനായി പെരുവിരൽ വരെ ദക്ഷിണയായി നൽകിയ ഏകലവ്യനെപ്പോലുള്ള ശിഷ്യരുടെ നാടാണിത്. എന്നാൽ ഇതിന് വിരുദ്ധമായ നിരവധി പ്രവൃത്തികൾ നമ്മുടെ നാട്ടിൽ ഇപ്പോഴുണ്ടാകുന്നുണ്ട്. ബ്രിട്ടനിൽ നിന്നും ഇപ്പോഴിതാ അതിനേക്കാൾ ദാരുണമായ ഒരു വാർത്തെയെത്തിയിരിക്കുന്നു. ക്ലാസിലിരിക്കുന്ന വിദ്യാർത്ഥിയുടെ കൈയിൽ നിന്നും മൊബൈൽ ഫോൺ വാങ്ങി വച്ച അദ്ധ്യാപകനെ വിദ്യാർത്ഥി ക്ലാസ്‌റൂമിൽ വച്ച് കുത്തുകയായിരുന്നു.

കൊലപാതകക്കുറ്റം സംശയിച്ച് ഈ 14കാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഭയവിഹ്വലരായ തന്റെ സഹപാഠികളുടെ മുന്നിൽ വച്ചായിരുന്നു വിദ്യാർത്ഥി അദ്ധ്യാപകനെ കുത്തിവീഴ്‌ത്തിയത്. ഡിക്‌സൻസ് കിങ്‌സ് അക്കാദമയിലുണ്ടായ ഈ ദാരുണ സംഭവത്തെത്തുടർന്ന് വിദ്യാർത്ഥിയെ ബ്രിട്ടനിൽ കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ആക്രമണത്തിൽ പരുക്കേറ്റ സയൻസ് അദ്ധ്യാപകനായ വിൻസെന്റ് ഉസോമഹിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 50 വയസ്സുള്ള നൈജീരിയൻ പൗരനായ ഈ അദ്ധ്യാപകൻ നാല് ആഴ്ചകൾക്ക് മുമ്പാണ് സ്‌കൂളിൽ ജോയിന്റ് ചെയ്യുന്നത്. അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി കൊണ്ടാണ് വിദ്യാർത്ഥി അദ്ധ്യാപകനെ കുത്തിയതെന്നാണ് പൊലീസ് പറയുന്നത്.

നിയമപരമായ പ്രശ്‌നങ്ങളുള്ളതിനാൽ വിദ്യാർത്ഥിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഒരു വർഷം മുമ്പെത്തിയ ഏഷ്യക്കാരനായ ഈ വിദ്യാർത്ഥിക്ക് പെരുമാറ്‌റ വൈകല്യങ്ങളുണ്ടായിരുന്നുവെന്നും ഇത് കാരണം ഇതിന് മുമ്പും സ്‌കൂളിൽ ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഒരു മൊബൈൽ ഫോണുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് 10 സയൻസ് ക്ലാസിലെ വിദ്യാർത്ഥികൾ സാക്ഷ്യപ്പെടുത്തുന്നത്. തങ്ങളുടെ അദ്ധ്യാപകനായ ഉസോമഹ് കോറിഡോറിലെ നിലത്ത് വയറ്റിൽ നിന്നും രക്തം പ്രവഹിച്ച് കിടക്കുന്നതാണ് കണ്ടതെന്നാണ് 13 വയസുകാരിയായ ഒരു വിദ്യാർത്ഥിനി സാക്ഷ്യപ്പെടുത്തുന്നത്.

തന്റെ ഭാര്യയായ ഉ ഡ്വാക്ക് ഇമെഹ്, മക്കളായ സാമുവൽ, ഗ്ലോറി എന്നിവർക്കൊപ്പം ബ്രിട്ടനിലെ ലീഡ്‌സിലാണ് ഈ അദ്ധ്യാപകൻ കഴിയുന്നത്. തന്റെ ഉന്നത വിദ്യാഭ്യാസത്തിന് പണമുണ്ടാക്കാൻ വേണ്ടിയായിരുന്നു അദ്ദേഹം അദ്ധ്യാപനം തെരഞ്ഞെടുത്തത്. സാൽഫോർഡ് യൂണിവേഴ്‌സിറ്റിയിൽ ഇദ്ദേഹം പിഎച്ച്ഡിക്ക് ശ്രമിക്കുന്നുമുണ്ട്. കഴിഞ്ഞ രാത്രിയിൽ കൂടി കുട്ടികളുടെ മോശപ്പെട്ട പെരുമാറ്റത്തെക്കുറിച്ച് ഉസോമഹ് തങ്ങളോട് പറഞ്ഞിരുന്നുവെന്നാണ് കൂട്ടുകാർ സാക്ഷ്യപ്പെടുത്തുന്നത്. വളരെ നല്ല പെരുമാറ്റത്തിനുടമയായിരുന്നു ഉസോമഹ് എന്നാണ് അയൽക്കാരിലൊരാൾ പറയുന്നത്. അദ്ദേഹം തങ്ങളുടെ കമ്മ്യൂണിറ്റിക്ക് അഭിമാനവുമായിരുന്നുവെന്നും അയാൾ കൂട്ടിച്ചേർത്തു.

അദ്ധ്യാപനെ കുത്തിയതിന്റെ പേരിൽ കൊലപാതശ്രമം സംശയിച്ച് 14കാരനായ സ്‌കൂൾ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തുവെന്നാണ് ഡിറ്റെക്ടീവ് സൂപ്രണ്ടായ സൈമൺ അട്കിൻസൻ വെളിപ്പെടുത്തിയിരിക്കുന്നത്. സ്‌കൂൾ പ്രവൃത്തി ദിനം തുടങ്ങി അൽപം കഴിഞ്ഞാണ് സംഭവമുണ്ടായതെന്നാണ് സ്‌കൂൾ ഹെഡ് ടീച്ചറായ നെയ്ൽ മില്ലിയും എക്‌സിക്യൂട്ടീവ് പ്രിൻസിപ്പളായ നിക്ക് വെല്ലെറും നടത്തിയ പത്രസമ്മേളനത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്. ടീച്ചേർസിനെതിരെ കുട്ടികൾ നടത്തുന്ന ആക്രമണങ്ങൾ യുകെയിൽ വ്യാപിക്കുന്ന പ്രവണതയാണുള്ളത്. കഴിഞ്ഞവർഷം ഏപ്രിലിൽ ആൻ മാഗുറി എന്ന 61 കാരിയായ അദ്ധ്യാപിക വിൽ കോർണിക്ക് എന്ന വിദ്യാർത്ഥിയുടെ കുത്തേറ്റ് മരിച്ചിരുന്നു. ബ്രിട്ടനിലെ കോർപസ് ക്രിസ്റ്റി കത്തോലിക്ക് കോളേജിലാണ് സംഭവം നടന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP