Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഉത്തരകൊറിയയുടെ മുങ്ങിക്കപ്പൽ കാണാതായി; ദക്ഷിണകൊറിയക്കൊപ്പം ചേർന്ന് അമേരിക്കൻ സേനയുടെ അഭ്യാസം; കൊറിയൻ തീരം യുദ്ധത്തിനുള്ള തയ്യാറെടുപ്പിൽ തന്നെ

ഉത്തരകൊറിയയുടെ മുങ്ങിക്കപ്പൽ കാണാതായി; ദക്ഷിണകൊറിയക്കൊപ്പം ചേർന്ന് അമേരിക്കൻ സേനയുടെ അഭ്യാസം; കൊറിയൻ തീരം യുദ്ധത്തിനുള്ള തയ്യാറെടുപ്പിൽ തന്നെ

ലോകത്തിലെ ചിലയിടങ്ങൾ എപ്പോൾ വേണമെങ്കിലും യുദ്ധം പൊട്ടിപ്പുറപ്പെടാവുന്ന സാഹചര്യങ്ങളുള്ള പ്രദേശങ്ങളാണ്. അവ മൂന്നാം ലോക മഹായുദ്ധമായി പരിണമിക്കാനുള്ള സാധ്യതയുമേറെയാണ്. അത്തരത്തിലുള്ള ഒരു പ്രദേശമാണ് കൊറിയൻ പെനിസുല. ഇവിടെ കാലാകാലങ്ങളായി പരമ്പരാഗത വൈരികളായി നിലകൊള്ളുന്ന ഉത്തരകൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള ശത്രുതയാണ് യുദ്ധത്തിന് സദാ സാഹര്യമൊരുക്കുന്നത്. ഉത്തരകൊറിയ അടുത്തിടെ യുഎന്നിനെയും അമേരിക്കയടക്കമുള്ള നിരവധി രാജ്യങ്ങളെയും ധിക്കരിച്ച് കൊണ്ട് നടത്തിയ ആണവപരീക്ഷണങ്ങൾ മേഖലയിലെ യുദ്ധസാധ്യത വർധിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ദക്ഷിണകൊറിയയു അമേരിക്കയും ചേർന്ന് നടത്തുന്ന വാർഷിക സംയുക്ത സൈനിക അഭ്യാസം പ്രദേശത്തെ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയിരിക്കുകയാണ്. ഇതിനിടെ ഇപ്പോഴിതാ ഉത്തര കൊറിയയുടെ മുങ്ങിക്കപ്പൽ കാണാതായിരിക്കുക കൂടി ചെയ്തതോടെ ഇവിടെ ഏത് സമയവും യുദ്ധം പൊട്ടിപ്പുറപ്പെടാമെന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്.

തങ്ങളുടെ കിഴക്കൻ തീരത്ത് നിന്നാണ് ഉത്തരകൊറിയയുടെ മുങ്ങിക്കപ്പൽ നാടകീയമായ രീതിയിൽ കാണാതായിരിക്കുന്നത്. ഇതിന് വേണ്ടിയുള്ള തെരച്ചിൽ രാജ്യം ഊർജിതമാക്കിയിട്ടുണ്ട്.മുങ്ങിക്കപ്പൽ കടലിനടിയിൽ ലക്ഷ്യം തെറ്റി ഒഴുകുകയോ മുങ്ങിപ്പോവുകയോ ചിലപ്പോൾ അഭ്യാസത്തിനിടെ സാങ്കേതികപ്രശ്‌നത്തിന് അടിപ്പെടുകയോ ചെയ്തിരിക്കാമെന്നാണ് യുഎസ് ഒഫീഷ്യലുകളും യുഎസ് രഹസ്യാന്വേഷണ ഏജൻസികളും പറയുന്നത്. സബ്മറൈനിൽ നിന്ന് ലോഞ്ച് ചെയ്യാവുന്ന ബാലിസ്റ്റിക് മിസൈലുകൾ വികസിപ്പിക്കാൻ തങ്ങൾ ശ്രമിക്കുകയാണെന്ന് ഉത്തര കൊറിയ പ്രഖ്യാപനം നടത്തിയതിന് ശേഷമാണീ മുങ്ങിക്കപ്പൽ കാണാതായിരിക്കുന്നതെന്നതും ആശങ്ക ജനിപ്പിക്കുന്നുണ്ട്. എന്നാൽ ഇത്തരം പരീക്ഷണം നടത്തുന്നുണ്ടെന്ന് ഉത്തരകൊറിയ വീഡിയോകളിലൂടെ വെളിപ്പെടുത്തിയത് വ്യാജമാണെന്ന് പാശ്ചാത്യവിദഗ്ദ്ധർ സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

അമേരിക്കൻ സൈനികരും സൗത്തുകൊറിയൻ സൈന്യവും ചേർന്ന് നാടകീയമായ ബിച്ച് ലാൻഡിഗാണ് സംയുക്ത സൈനിക അഭ്യാസത്തിന്റെ ഭാഗമായി നടത്തിയത്. ഇത് ഉത്തരകൊറിയയെ ആക്രമിക്കുന്നതിനെ അനുകരിക്കുന്ന വിധത്തിലാണവർ നടത്തിയിരിക്കുന്നത്. പ്രകോപനമുണ്ടാക്കാത്ത പരിശീലനം എന്നാണ് യുഎസും ദക്ഷിണ കൊറിയയും ഇതിനെ വിശേഷിപ്പിക്കുന്നതെങ്കിലും ഇത് തങ്ങളുടെ രാജ്യത്തിന് ഭീഷണി ഉയർത്തുന്ന വിധത്തിലുള്ളതാണെന്നാണ് ഉത്തരകൊറിയ ആരോപിക്കുന്നത്. ഇക്കാരണത്താൽ ആണവായുധങ്ങളടക്കമുള്ള ആയുധങ്ങൾ തയ്യാറാക്കി വയ്ക്കാൻ ഉത്തരകൊറിയയുടെ സുപ്രീം ലീഡറായ കിം ജോംഗ് ഉൻ ഉത്തരവിടുകയും ചെയ്തിരുന്നു.17,000 അമേരിക്കൻ ട്രൂപ്‌സും മൂന്ന് ലക്ഷത്തിലധികം ദക്ഷിണകൊറിയൻ സൈനികരുമാണ് ഇപ്പോൾ നടക്കുന്ന സൈനിക അഭ്യാസത്തിൽ ഭാഗഭാക്കാകുന്നത്. ഇതൊരു ആണവയുദ്ധത്തിലേക്ക് നയിക്കുമെന്നാണ് ഉത്തരകൊറിയ മുന്നറിയിപ്പേകിയിരിക്കുന്നത്.

സൗത്തുകൊറിയയുടെ കിഴക്കൻ തീരത്തെ ബീച്ചിൽ സംയുക്ത അഭ്യാസത്തിന്റെ ഭാഗമായാണ് ഇരു രാജ്യങ്ങളിലെയും സൈനികർ നാടകീയമായി ലാൻഡ് ചെയ്തിരുന്നത്. ഉത്തരകൊറിയയിൽ കടന്ന് കയറുന്നതിന്റെ പ്രതീകാത്മകമായ പരിശീലനമാണിതെന്ന് സൂചനയുണ്ട്. എട്ടാഴ്ചയോളം നീളുന്ന ഈ സംയുക്ത അഭ്യാസം രണ്ടു രാജ്യങ്ങൾ ചേർന്ന് നടത്തുന്ന ഏറ്റവും വലിയ സൈനിക അഭ്യാസമാണെന്ന് വിശ്വസിക്കപ്പെടുന്നു.ജനുവരിയിൽ ഉത്തരകൊറിയ തങ്ങളുടെ നാലാമത് ആണവ പരീക്ഷണം നടത്തിയത് മുതലാണ് കൊറിയൻ പെനിസുലയിൽ വീണ്ടും സംഘർഷസാധ്യത മൂർധന്യത്തിലെത്തിയിരുന്നത്. തുടർന്ന് ഫെബ്രുവരിയിൽ ഉത്തരകൊറിയ ലോംഗ് റേഞ്ച് റോക്കറ്റുകളും പരീക്ഷിച്ചിരുന്നു. ഇതിനെതുടർന്ന് രാജ്യത്തിന്റെ മേൽ പുതിയ യുഎൻ ഉപരോധങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP