Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അയ്‌ലന് വേണ്ടി കണ്ണീരൊഴുക്കിയ നമ്മൾ എന്തുകൊണ്ട് ഈ കുഞ്ഞുങ്ങളെ മറന്നു...? ആറ് മാസത്തിനകം മുങ്ങി മരിച്ച അഭയാർത്ഥി കുട്ടികളുടെ എണ്ണം 300 കവിഞ്ഞു

അയ്‌ലന് വേണ്ടി കണ്ണീരൊഴുക്കിയ നമ്മൾ എന്തുകൊണ്ട് ഈ  കുഞ്ഞുങ്ങളെ മറന്നു...? ആറ് മാസത്തിനകം മുങ്ങി മരിച്ച അഭയാർത്ഥി കുട്ടികളുടെ എണ്ണം 300 കവിഞ്ഞു

നോഹരവും വർണാഭവുമായ ചെറിയ ഷൂസുകളും ജാക്കറ്റുകളും ധരിച്ച് ചേതനറ്റ് കടൽത്തീരത്ത് കിടക്കുന്ന കുഞ്ഞു ജഡങ്ങൾ.... ഇത്തരം കുഞ്ഞുങ്ങൾക്കെങ്കിലും നല്ലൊരു ഭാവി യൂറോപ്പിൽ കെട്ടിപ്പടുക്കാമെന്ന് സ്വപ്‌നം കണ്ട് അവരുടെ രക്ഷിതാക്കൾ നടത്തിയ സാഹസിക യാത്രക്കിടെ സമുദ്രത്തിൽ മുങ്ങി മരിച്ചതാണീ കുഞ്ഞുങ്ങൾ...യൂറോപ്പിലേക്ക് കുടിയേറാൻ ലക്ഷ്യം വച്ചുള്ള സമുദ്രയാത്രക്കിടെ ബോട്ട് മുങ്ങി കഴിഞ്ഞ സെപ്റ്റംബറിൽ ദാരുണമായി മരിച്ച അയ്‌ലൻ കുർദിയെന്ന മൂന്ന് വയസുകാരനായ സിറിയൻ അഭയാർത്ഥിയെ നമുക്ക് അത്ര വേഗം മറക്കാനാവില്ല. കടൽത്തീരത്തെ മണലിൽ മരിച്ച് കിടക്കുന്ന അവന്റെ ചേതനയറ്റ ശരീരത്തിന്റെ പൊള്ളുന്ന ചിത്രം അഭയാർത്ഥി പ്രശ്‌നത്തിന്റെ കരളലിയിപ്പിക്കുന്ന പ്രതീകമായിത്തന്നെയാണ് നിലകൊള്ളുന്നത്.

എന്നാൽ യൂറോപ്പിൽ ഒരു സമൃദ്ധമായ ജീവിതം സ്വപ്‌നം കണ്ട് നിത്യേനയെന്നോണം ആയിരക്കണക്കിന് പേരാണ് സിറിയ, ഇറാഖ് , മറ്റ് പല രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നും യൂറോപ്പിലേക്ക് കടലിലൂടെ അപകടകരമായ മാർഗങ്ങളിലൂടെ എത്തിച്ചേരാൻ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. ഇവരിൽ നിരവധി കുട്ടികളും അടങ്ങിയിരിക്കുന്നു. അയ്‌ലൻ മുങ്ങി മരിച്ച് ആറ് മാസത്തിനകം ഇത്തരത്തിൽ 300ൽ അധികം കുഞ്ഞുങ്ങൾ കടലിൽ മുങ്ങി മരിച്ചിട്ടുണ്ടെന്നാണ് ഞെട്ടിപ്പിക്കുന്ന പുതിയ വെളിപ്പെടുത്തൽ. അയ്‌ലന് വേണ്ടി കണ്ണീരൊഴുക്കിയ നമ്മൾ ഇതുവരെ എന്തുകൊണ്ട് ഈ കുഞ്ഞുങ്ങളെ മറന്നുവെന്നത് ഹൃദയത്തിൽ തറയ്ക്കുന്ന ഒരു ചോദ്യശരമായി അവശേഷിക്കുന്നു.

സെപ്റ്റംബറിൽ അയ്‌ലൻ മുങ്ങി മരിച്ചതിന് ശേഷം കൃത്യമായി പറയുകയാണെങ്കിൽ 340 കുഞ്ഞുങ്ങളെങ്കിലും കിഴക്കൻ മെഡിറ്ററേനിയൻ കടന്ന് യൂറോപ്പിലേക്കെത്താനുള്ള ശ്രമത്തിനിടയിൽ മുങ്ങി മരിച്ചിട്ടുണ്ടെന്നാണ് രക്ഷാപ്രവർത്തകർ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. ഓരോ ദിവസവും നിരവധി ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മൃതദേഹങ്ങൾ ഗ്രീസിന്റെയും തുർക്കിയുടെയും തീരങ്ങളിൽ അടിയുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്.

യുദ്ധത്താലും ദാരിദ്ര്യത്താലും തങ്ങളുടെ മാതൃരാജ്യങ്ങളിൽ നിന്ന് യൂറോപ്പിലേക്ക് കുടിയേറാനുള്ള ശ്രമത്തിനിടയിലാണ് ഈ കുഞ്ഞുജന്മങ്ങളെ അകാലത്തിൽ കടലിന്റെ ക്രൗര്യം തട്ടിയെടുത്തിരിക്കുന്നത്. ഇത്തരത്തിൽ ഒരു ദിവസം രണ്ട് കുഞ്ഞുങ്ങളെങ്കിലും മരിക്കുന്നുണ്ടെന്നാണ് സൂചന.അയ്‌ലന്റെ മൃതദേഹം കൈകളിൽ എടുത്ത് മാറ്റിയ ശേഷം താൻ ഇത്തരത്തിൽ എത്ര കുഞ്ഞുമൃതദേഹങ്ങൾ എടുത്ത് നീക്കം ചെയ്തിട്ടുണ്ടെന്ന് കണക്കാക്കാൻ ബുദ്ധിമുട്ടാണെന്നാണ് രക്ഷാപ്രവർത്തകനായ ക്രിസ്റ്റിന സാറ വെളിപ്പെടുത്തിയിരിക്കുന്നത്. അയ്‌ലൻ കടൽത്തീരത്ത് മരിച്ച് കമിഴ്ന്ന് കിടക്കുന്ന ചിത്രം ലോകത്തെ ഞെട്ടിച്ച് കൊണ്ടാണ് പ്രചരിച്ചിരുന്നത്.

എന്നാൽ അതിനു ശേഷവും ഒട്ടും സുരക്ഷയില്ലാത്ത മാർഗങ്ങളിലൂടെ കുഞ്ഞുങ്ങളടങ്ങിയ സംഘം കടലിലൂടെ യൂറോപ്പിനെ ലക്ഷ്യം വച്ച് വന്നു കൊണ്ടിരിക്കുകയാണ്. ഇവരിൽ നല്ലൊരു ഭാഗം മുങ്ങിമരിക്കുന്നുണ്ട്. സഹോദരിമാരായ ഡിഖോസ(8), ബസ്മ(12),ഷ്രീൻ(15) എന്നിവരും സേന(4) ഗാലിപ്(5), ഖാലിദ്(2), സൈനബ്(12), ഹൈദർ(8), തുടങ്ങിയവർ ഇത്തരത്തിൽ അടുത്ത കാലത്ത് മുങ്ങി മരിച്ച നൂറ് കണക്കിന് കുഞ്ഞുങ്ങളിൽ ഏതാനും പേർ മാത്രമാണ്.

ഗ്രീക്ക് ദ്വീപായ ലെസ് വോസിൽ രക്ഷാപ്രവർത്തകനായി നിലകൊള്ളുന്നയാളാണ് ക്രിസ്റ്റിന സാറ. ഇപ്രകാരം ഹൃദയഭേദകമായി കുഞ്ഞുങ്ങളുടെ മരണനിരക്ക് ഉയരുമ്പോഴും ലോകത്തിന് അത് എങ്ങനെ സ്വീകരിക്കാനാകുന്നുവെന്നാണ് അദ്ദേഹം ധാർമികരോഷത്തോടെ ചോദിക്കുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച മാത്രം ഏയ്ജിയൻ കടലിൽ ബോട്ടുകൾ മുങ്ങി കുറഞ്ഞത് 10 കുട്ടികളെങ്കിലും മരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.ഗ്രിസിനെ ലക്ഷ്യം വച്ച് വരുകയായിരുന്നു ഈ ബോട്ടുകൾ.തുർക്കിയിൽ നിന്നും ഇത്തരത്തിൽ ഗ്രീസിലേക്കുള്ള അപകടകരമായ കടൽ യാത്രകൾ നടത്തുന്ന അഭയാർത്ഥികളിൽ മൂന്നിലൊന്നും കുട്ടികളാണ്. അപകടകരമായ സമുദ്രയാത്രകൾ നടത്തിയതിന് ശേഷം ഗ്രീസിൽ നിന്നും മാസിഡോണിയൻ അതിർത്തി കടക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും എണ്ണം മുമ്പില്ലാത്ത വിധം ഇപ്പോൾ വർധിച്ചിരിക്കുകയാണെന്നാണ് യൂണിസെഫ് വെളിപ്പെടുത്തിയിരിക്കുന്നത്. അഭയാർത്ഥികളിൽ പത്തിൽ ഒരാൾ 18 വയസിന് കീഴിലുള്ളവരാണെന്നാണ് ജൂൺ മുതലുള്ള പ്രവണതകൾ വ്യക്തമാക്കുന്നത്.

ഏയ്ജിയൻ കടലിലൂടെ നിരവധി കുട്ടികൾ ബോട്ടുകളിൽ കടക്കാൻ ശ്രമിക്കുന്നതിന് തങ്ങൾ സാക്ഷികളാണെന്നും ഇവരിൽ നിരവധി പിഞ്ചുകുഞ്ഞുങ്ങളും ഉൾപ്പെടുന്നുവെന്നാണ് ലെസ് വോസിലെ മെഡിസിൻസ് സാൻസ് ഫ്രണ്ടിയേർസ് റെസ്‌ക്യൂ ആക്ടിവിറ്റീസ് കോഓഡിനേറ്ററായ ക്രിസ്റ്റിന സാറ സാക്ഷ്യപ്പെടുത്തുന്നത്.ബോട്ടുകൾ മുങ്ങിയുള്ള അപകടങ്ങളെ തുടർന്ന് താൻ ആഴ്ചയിൽ ചുരുങ്ങിയത് ഒരു കുഞ്ഞിന്റെയെങ്കിലും മൃതദേഹം എടുത്ത് മാറ്റാറുണ്ടെന്നും ഇത്തരത്തിലുള്ള അപകടത്തിൽ പെട്ടാൽ ചെറിയ കുട്ടികൾ രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം പറയുന്നു.മിക്ക ബോട്ടുകളിലും ഡിഞ്ചികളിലും ലൈഫ് ജാക്കറ്റുകൾ പോലുമില്ലാത്ത അവസ്ഥയാണുള്ളത്. സെപ്റ്റംബറിന് ശേഷം ഇത്തരത്തിൽ കടലിൽ മുങ്ങി മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം കണക്കാക്കിയതിലും കൂടാനാണ് സാധ്യത. നല്ലൊരു വിഭാഗത്തിന്റെയും മൃതദേഹങ്ങൾ കടലിൽ നഷ്ടപ്പെട്ടതിനാൽ അവ എണ്ണത്തിൽ കണക്കാക്കാൻ സാധിച്ചിട്ടില്ല. ചില കുട്ടികളുടെ മൃതദേഹങ്ങൾ മുതിർന്നവരുടെ ശവശരീരങ്ങൾക്കിടയിൽ അകപ്പെട്ടതിനാൽ തിരിച്ചറിയാനും സാധിച്ചിട്ടില്ല. പല കുടുംബങ്ങളും കനത്ത തുക നൽകിയാണ് അനധികൃത ബോട്ടുകളിൽ കയറിപ്പറ്റി മെഡിറ്ററേനിയൻ കടക്കാൻ ശ്രമിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP