Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തലയില്ലാത്ത പിതാവിന്റെ ശരീരത്തിൽ കെട്ടിപ്പിടിച്ച ഒമ്പത് വയസുകാരി മകളുടെ കണ്ണുനീർ മായുന്നില്ല; മറ്റൊരു മകളെ കൊലയാളികൾ കൊണ്ടുപോയിട്ട് ഒരു വർഷം; ഐസിസ് ക്രൂരത വിവരിച്ച് ഒരു യസീദി അമ്മ

തലയില്ലാത്ത പിതാവിന്റെ ശരീരത്തിൽ കെട്ടിപ്പിടിച്ച ഒമ്പത് വയസുകാരി മകളുടെ കണ്ണുനീർ മായുന്നില്ല; മറ്റൊരു മകളെ കൊലയാളികൾ കൊണ്ടുപോയിട്ട് ഒരു വർഷം; ഐസിസ് ക്രൂരത വിവരിച്ച് ഒരു യസീദി അമ്മ

നുഷ്യചരിത്രത്തിലെ ഏറ്റവും കൊടും ക്രൂരതയാണ് മതത്തിന്റെ പേര് ദുരുപയോഗം ചെയ്ത് ഐസിസ് ഭീകരർ അനുവർത്തിച്ച് വരുന്നത്. നിസ്സഹായരായ സ്ത്രീകളോടും കുട്ടികളോടും ഇവർ വളരെ പൈശാചികമായാണ് പെരുമാറുന്നത്. ഇറാഖിലെ സിൻജാർ പർവതപ്രദേശം പിടിച്ചെടുക്കുന്നതിനിടെ ഐസിസ് ഭീകരർ ആയിരക്കണക്കിന് യസീദികളെയാണ് കൂട്ട വംശഹത്യയ്ക്ക് വിധേയരാക്കിയത്. ഇവരിൽ പെട്ട നിരവധി സ്ത്രീകളെയും പെൺകുട്ടികളെയും പിടിച്ചെടുക്കുകയും ലൈംഗിക അടിമകളാക്കി മാറ്റുകയും ചെയ്തിരുന്നു.

ഐസിസിന്റെ കൊടും ക്രൂരതയ്ക്ക് വിധേയമായ ആയിരക്കണക്കിന് യസീദി കുടുംബങ്ങളിലൊന്നാണ് 33 കാരിയായ ഹയാറിന്റെത്. ഇപ്പോൾ വടക്കൻ ഇറാഖിലെ ഖാൻകെ അഭയാർത്ഥി ക്യാമ്പിലാണവർ കഴിഞ്ഞ് കൂടുന്നത്. ഐസിസുകാർ കൊലപ്പെടുത്തിയ തന്റെ ഭർത്താവിന്റെ തലയില്ലാത്ത ഉടൽ കെട്ടിപ്പിടിച്ച് മകൾ കരയുന്നതിന് സാക്ഷ്യം വഹിക്കേണ്ടി വന്ന ഹതഭാഗ്യയാണിവർ. അച്ഛന്റെ തലയില്ലാത്ത ഉടൽ കണ്ട ഒമ്പത് വയസുകാരി ഷിലാന്റെ കണ്ണുനീർ ഇനിയും തോർന്നിട്ടില്ല. തന്റെ മറ്റൊരു മകളെ ഐസിസുകാർ തട്ടിക്കൊണ്ടു പോയിട്ട് ഒരു വർഷമായെന്നും അവളെ ലൈംഗിക അടിമയായി മാറ്റുകയായിരുന്നുവെന്നും ഹയാർ വേദനയോടെ വിവരിക്കുന്നു.

തലയില്ലാത്ത പിതാവിന്റെ മൃതദേഹം കണ്ട് ഷിലാന് രണ്ട് മണിക്കൂർ നേരം നേരാംവണ്ണം ശ്വസിക്കാൻ പോലും സാധിച്ചിരുന്നില്ലെന്നാണ് ഹയാർ പറയുന്നത്. ആ ക്രൂരമായ കൊലപാതകമുളവാക്കിയ ആഘാതത്തിൽ നിന്നും മകൾക്കിനിയും പൂർണമായും കരകയറാൻ സാധിച്ചിട്ടില്ലെന്നും ഈ അമ്മ വേദനയോടെ പറയുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റ് മൂന്നിന് ഐസിസുകാർ സിൻജാർ പർവതത്തിന് തെക്ക് ഭാഗത്തുള്ള ടെൽഅസെർ കോംപ്ലക്‌സ് പിടിച്ചെടുത്തതിനെ തുടർന്ന് തങ്ങളുടെ കുടുംബത്തെയും മറ്റ് 50 യസീദികളെയും തടവിലാക്കിയതിനെ തുടർന്നാണ് തന്റെ പിതാവായ ക്വാസം ക്രൂരമായി കൊല ചെയ്യപ്പെട്ടതെന്ന് ഷിലാൻ ഓർക്കുന്നു. പിടിച്ചെടുത്ത തടവുകാരിൽ സ്ത്രീകളെയും കുട്ടികളെയും ഒരു ഭാഗത്തും പുരുഷന്മാരെ മറ്റൊരു മുറിയിലുമായിരുന്നു പാർപ്പിച്ചിരുന്നതെന്ന് ഹയാർ ഓർക്കുന്നു. തുടർന്ന് തന്റെ 16 വയസുകാരിയായ സുന്ദരിയായ മകളെയയും മറ്റ് 23 പെൺകുട്ടികളെയും ഐസിസുകാർ ലൈംഗിക അടിമളാക്കാൻ വേണ്ടി കടത്തി കൊണ്ടും പോയതും ഈ അമ്മ ഞെട്ടലോടെ ഓർക്കുന്നു.

ഒരു വർഷവും ഒരുമാസവുമായിട്ടും തന്റെ മകളെക്കുറിച്ച് ഇനിയും ഒരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് ഹയാർ പറയുന്നത്. ക്രൂരമായ കൊലപാതകങ്ങൾ, ലൈംഗിക അതിക്രമങ്ങൾ, ബലാത്സംഗം, ലിംഗ അസമത്വം തുടങ്ങിയ നരകയാതനകളായിരുന്നു ഐസിസുകാരുടെ കൈകളിലകപ്പെട്ട യസീദികൾ അനുഭവകിക്കേണ്ടി വന്നതെന്നും ഇത് ഇറാഖിലെയും സിറിയയിലെയും പുതിയ തലമുറയിൽ ഭയവും നിരാശയും വൻതോതിൽ നിറച്ചുവെന്നും ഈ അമ്മ പറയുന്നു. ആ ക്രൂരമായ ദിനം തന്റെ ജീവിതത്തെ തന്നെ മാറ്റി മറിക്കുകയായിരുന്നുവെന്നാണ് ഹയാർ പറയുന്നത്. ഐസിസുകാർ യസീദികളെ മതം മാററാൻ ശ്രമിക്കുകയും തങ്ങലുടെ ആൺമക്കളെ ജിഹാദിന് റിക്രൂട്ട് ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. പിടിച്ചെടുത്ത പുരുഷന്മാരോ് മുസ്ലീമാകാൻ ഐസിസുകാർ ആവശ്യപ്പെട്ടെങ്കിലും അവരിൽ പലരും ഇതിന് തയ്യാറാകാതെ ഓടിപ്പോകാൻ ശ്രമിച്ചപ്പോൾ ഭീകരർ വെടിവച്ച് കൊല്ലുകയായിരുന്നുവെന്നാണ് ഹയാർ പറയുന്നത്.ചിലരെ വാളു കൊണ്ട് തലവെട്ടിയാണ് കൊന്നൊടുക്കിയത്.

യുവാവായ ഒരു ഭീകരൻ കുട്ടികളെ കൊല്ലാൻ നോക്കിയപ്പോൾ പുരുഷന്മാരെ മാത്രമെ കൊല്ലാവൂ എന്നും കുട്ടികളെ കൊല്ലരുതെന്നും മുതിർന്ന ഒരു ഭീകരൻ വിലക്കിയ കാര്യവും ഹയാർ ഓർക്കുന്നു. ഐസിസുകാർ ഒരു യസീദി പുരുഷന്റെ തലവെട്ടുന്നത് താൻ നേരിട്ട് കണ്ടിരുന്നുവെന്നാണ് ഹയാറിന്റെ 15 വയസുകാരനായ മകൻ അർകാഡ് വെളിപ്പെടുത്തുന്നത്. കൂട്ടക്കൊല കഴിഞ്ഞതിന് ശേഷം ബാക്കിയുള്ള കുടുംബാംഗങ്ങളെ അടുത്തുള്ള ചെറിയ ബിൽഡിംഗിൽ പാർപ്പിക്കുകയായിരുന്നു. ഈ ബിൽഡിംഗിന്റെ പുറത്തായിരുന്നു നിരവധി മൃതദേഹങ്ങളുടെ കൂട്ടത്തിൽ ഷിലാന്റെ പിതാവിന്റെ തലയില്ലാത്ത ഉടലും കിടന്നത് അവൾ കണ്ടത്. ഹയാറിന്റെ 17 കാരനായ മകൻ ഫർഹാദ് ഇതിനിടെ രക്ഷപ്പെട്ട് സിൻജാർ പർവതത്തിലേക്ക് ഓടിപ്പോവുകയും ചെയ്തിരുന്നു. ഹയാർ ഈ മകന് വേണ്ടി തെരച്ചിൽ നടത്തുമ്പോൾ ശേഷിക്കുന്ന കുടുംബാംഗങ്ങൾ തല പോയ ഗൃഹനാഥന്റെ കുടുംബത്തിന് സമീപം നിൽക്കുകയായിരുന്നു.

തുടർന്ന് കുറച്ച് ദിവസങ്ങൾക്ക് ശേഷം ഐസിസ് തങ്ങളെ ഉപേക്ഷിച്ച് പോവുകയായിരുന്നുവെന്നും ഹയാർ പറയുന്നു. അവർ വീണ്ടും തിരിച്ച് വരുമെന്ന ഭയത്താൽ തങ്ങൾ സിൻജാർ പർവതത്തിലേക്ക് പലായനം ചെയ്യുകയായിരുന്നുവെന്നും അവർ വെളിപ്പെടുത്തുന്നു. 12 ദിവസങ്ങളായിരുന്നു അവർ പർവതത്തിൽ താമസിച്ചിരുന്നത്. തുടർന്ന് 17 കാരനായ മകനെ കണ്ടെത്തുകയും കുടുംബം കുർദിഷ് സേനയുടെ സഹായത്തോടെ അവിടെ നിന്ന് സിറിയൻ അതിർത്തിയിലേക്ക് രക്ഷപ്പെടുകയുമായിരുന്നു. ഷിലാന് ഒരു അഭിഭാഷകയാകണമെന്നായിരുന്നു ആഗ്രഹം. എന്നാൽ പിതാവിന്റെ ക്രൂരമായ അന്ത്യം കണ്ട അവൾക്ക് ആ ആഗ്രഹം നഷ്ടപ്പെട്ടിരിക്കുകയാണ്. തന്റെ ശേഷിക്കുന്ന കുടുംബത്തെയും കൂട്ടി ഇറാഖിന് പുറത്തേക്ക് പോകാനാണ് ഹയാർ ആഗ്രഹിക്കുന്നത്.തന്റെ മൂത്ത മകൾ തിരിച്ച് വരുമെന്നും ഇവർ ഇതിനിടെ പ്രത്യാശിക്കുന്നുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP