Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യുദ്ധം തുടങ്ങിയാൽ പട്ടിണി ഒപ്പം എത്തും; അഞ്ചുമാസം മാത്രം ജീവിക്കാൻ ഭാഗ്യം ലഭിച്ച ഈ യെമനീസ് കുരുന്ന് ആരുടെ കുറ്റത്തിന് ഇര?

യുദ്ധം തുടങ്ങിയാൽ പട്ടിണി ഒപ്പം എത്തും; അഞ്ചുമാസം മാത്രം ജീവിക്കാൻ ഭാഗ്യം ലഭിച്ച ഈ യെമനീസ് കുരുന്ന് ആരുടെ കുറ്റത്തിന് ഇര?

യെമനിലെ യുദ്ധക്കെടുതികളുടെ കണക്കെടുപ്പിൽ ലോകത്തിനു നേരെയുള്ള ചോദ്യമാണ് ഈ കുരുന്ന്. വെറും അഞ്ചു മാസം മാത്രം ജീവിച്ച ശേഷം ഈ ലോകത്തോട് യാത്ര പറഞ്ഞു പോയ ഉദയ് ഫൈസൽ എന്ന കുരുന്ന് യെമനിലെ യുദ്ധക്കെടുതികളുടെ നേർക്കാഴ്ചയാണ്. യെമനിൽ സനാ മേഖലയിലെ ഹസിയാസ് ഗ്രാമത്തിൽ യുദ്ധകാലത്ത് ജനിച്ച ഈ കുരുന്ന് പട്ടിണി മൂലമാണ് മരണത്തിന് കീഴടങ്ങിയത്.

യുദ്ധം യെമനിൽ പട്ടിണി വിതയ്ക്കുന്നത് ഇതാദ്യമായല്ല. യെമനിൽ വിമതരായ ഹൂതികൾ നടത്തുന്ന വെടിവയ്പും ഇവർക്കെതിരേ സൗദിയുടെ നേതൃത്വത്തിൽ നടത്തുന്ന ഷെല്ലാക്രമണവും മറ്റും സാധാരണക്കാരുടെ ജീവിതമാണ് ദുസ്സഹമാക്കുന്നത്. യുദ്ധത്തിനൊപ്പം തന്നെ ഇവിടെ പട്ടിണിയും എത്തുകയായി. ഭക്ഷ്യവസ്തുക്കളുടെ വിതരണം കുറയുകയും ആഹാരപദാർഥങ്ങൾക്ക് തീപിടിച്ച വില ആകുകയും ചെയ്യുന്നത് സാധാരണം. ദിവസത്തിൽ ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് വിശപ്പടക്കാനാണ് ഇവിടെയുള്ളവരുടെ വിധി.

അഞ്ചു മാസം മുമ്പ് ഒരു യുദ്ധകാലത്താണ് ഉദയ് ഫൈസൽ ജനിക്കുന്നത്. അത് അവന്റെ ആയുസിന്റെ ദൈർഘ്യം കുറയ്ക്കുകയായിരുന്നു. മാസം 200 ഡോളർ പെൻഷൻ വാങ്ങുന്ന പിതാവ് ഫൈസൽ അഹമ്മദിന്റെ പത്താമത്തെ പുത്രനായിട്ടാണ് ഉദയ് ജനിക്കുന്നത്. രണ്ടു മുതൽ 16 വയസുവരെയുള്ള ഒമ്പത് സഹോദരങ്ങളാണ് ഉദയിന് ഉള്ളത്. നിർമ്മാണ ജോലികൾക്കായി ഫൈസൽ ഇടയ്ക്കിടെ പോകുമായിരുന്നുവെങ്കിലും യുദ്ധത്തിൽ ആ ജോലിയും നഷ്ടപ്പെട്ടു. ഇതിനിടെ ഭക്ഷണപദാർഥങ്ങളുടെ വില കുത്തനെ ഉയരുകയും ആഹാരപദാർഥങ്ങൾക്ക് ദൗർലഭ്യം നേരിടുകയും ചെയ്തതോടെ ഫൈസലിന്റെ കുടുംബത്തിന് ദിവസം ഒരു നേരം മാത്രമായി ഭക്ഷണം ചുരുങ്ങി.

 

ഉദയ് ജനിച്ച ദിവസം ആ ഗ്രാമത്തിൽ ഷെല്ലാക്രമണം രൂക്ഷമായിരുന്നു. ഉദയ് ജനിച്ച് 20 ദിവസം മാത്രമാണ് മുലപ്പാൽ കുടിക്കാൻ സാധിച്ചത്. അനാരോഗ്യം മൂലം അവന്റെ അമ്മയ്ക്ക് പാൽ വറ്റിപ്പോകുകയായിരുന്നു. കൂടാതെ മറ്റു കുട്ടികളെ പോറ്റാനുള്ള തത്രപ്പാടിൽ പ്രസവശേഷം ഏറെ അധ്വാനവും അവന്റെ അമ്മയ്ക്ക് നേരിടേണ്ടി വന്നു. അമ്മയുടേയും നവജാതശിശുവിന്റേയും ആരോഗ്യം ഇതോടെ മോശമായിത്തുടങ്ങി. താമസിയാതെ ഉദയ് മരണത്തിന് കീഴടങ്ങി.

ഉദയ് മരിക്കുന്നതിന് രണ്ടു ദിവസം മുമ്പെടുത്ത ഫോട്ടോ യുദ്ധക്കെടുതികളുടെ നേർക്കാഴ്ചയായി മാറിയിരിക്കുകയാണിപ്പോൾ. ഇത് ഉദയിന്റെ മാത്രം കഥയല്ല. ഇങ്ങനെ പോഷകാഹാരക്കുറവ് നേരിടുന്ന ധാരാളം കുട്ടികളാണ് ഇപ്പോൾ യെമനിലുള്ളത്. ലോകത്ത് കുട്ടികളിൽ പോഷകാഹാരക്കുറവ് ഏറ്റവും കൂടുതലുള്ള രാജ്യം കൂടിയാണ് യെമൻ. പട്ടിണി പിടികൂടിയിരിക്കുന്ന യെമനിൽ നിന്ന് വീടുപേക്ഷിച്ച് നാടുകടന്നിട്ടുള്ളവർ ധാരാളം. യുദ്ധത്തിൽ വീടുനശിച്ചവർ അതിലേറെ. പട്ടിണിയും രോഗവുമായി മല്ലടിച്ചു കഴിയുന്ന കുരുന്നുകൾ അടക്കമുള്ളവർ ചോദിക്കുന്നു...ഇതെന്തിന് വേണ്ടി? ആർക്കു വേണ്ടി? ഇതിന് ഉത്തരം നൽകാൻ ഇനിയും ആർക്കുമായിട്ടില്ല...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP