Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശമ്പളമില്ല, ഭക്ഷണമില്ല; തൊഴിലുടമയുടെ പിടിപ്പുകേടുകൊണ്ട് മസ്‌ക്കറ്റിലെ കൺസ്ട്രക്ഷൻ സൈറ്റിൽ കുടുങ്ങിക്കിടക്കുന്നത് നൂറോളം പ്രവാസി തൊഴിലാളികൾ

ശമ്പളമില്ല, ഭക്ഷണമില്ല; തൊഴിലുടമയുടെ പിടിപ്പുകേടുകൊണ്ട് മസ്‌ക്കറ്റിലെ കൺസ്ട്രക്ഷൻ സൈറ്റിൽ കുടുങ്ങിക്കിടക്കുന്നത് നൂറോളം പ്രവാസി തൊഴിലാളികൾ

മസ്‌ക്കറ്റ്: ശമ്പളവും മെച്ചപ്പെട്ട ഭക്ഷണവുമില്ലാതെ മസ്‌ക്കറ്റിൽ നൂറോളം പ്രവാസി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. തൊഴിലുടമ മാസങ്ങളായി ശമ്പളം നൽകാത്തതും എംപ്ലോയ്‌മെന്റ് വിസാ പുതുക്കാൻ പരാജയപ്പെട്ടതും തൊഴിലാളികൾ കുടുങ്ങിക്കിടക്കാൻ ഇടയാക്കിയിരിക്കുകയാണ്. മസ്‌ക്കറ്റിനു സമീപം ഒരു കൺസ്ട്രക്ഷൻ സൈറ്റിലാണ് നൂറോളം വിദേശ തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നത്. ഇവരിൽ പകുതിയോളം പേർക്ക് മതിയായ ലേബർ കാർഡു പോലുമില്ല.

കഴിഞ്ഞ നാലു മാസമായിട്ട് ഈ സൈറ്റിലുള്ളവർക്ക് തൊഴിലുമില്ല ശമ്പളവുമില്ല. എന്തിനേറെ മെച്ചപ്പെട്ട ഭക്ഷണവും മെഡിക്കൽ സപ്പോർട്ടും ലഭിക്കുന്നില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്. ജോലിയും ശമ്പളവുമില്ലാതായതോടെ ഇവരിൽ ചിലർ രാജി വയ്ക്കാൻ ഒരുങ്ങിയെങ്കിലും ഇവരുടെ രാജിക്കത്ത് തൊഴിലുടമ സ്വീകരിക്കാത്തതും ഇവരെ വെട്ടിലാക്കുന്നു. തൊഴിലുടമ എംപ്ലോയ്‌മെന്റ് വിസ പുതുക്കാത്തതിനാൽ രാജ്യം വിടാനും സാധിക്കാത്ത അവസ്ഥയാണിപ്പോൾ. ചുരുക്കത്തിൽ ഇവർ രാജ്യത്ത് അനധികൃതമായി താമസിക്കുന്നതിന് തുല്യമാണെന്നും വിലയിരുത്തപ്പെടുന്നു.

ഈ വർഷം ആദ്യത്തെ നാലു മാസം മാത്രമാണ് ഇവർക്ക് ശമ്പളം ലഭിച്ചത്. ബാക്കി മാസത്തെ ശമ്പളം എന്നു ലഭിക്കുമെന്ന് ഇവർക്ക് നിശ്ചയമില്ല. പ്രൊജക്ടുകൾ നടക്കാത്തതിനാൽ നാലു മാസമായി ഇവർ വെറുതെ ഇരിക്കുകയാണ്. പലർക്കും ലേബർ കാർഡ് പോലുമില്ലാത്തതിനാൽ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായാൽ ആശുപത്രിയിൽ പോകാൻ പോലുമാകാത്ത അവസ്ഥയിലാണ്.

തങ്ങളുടെ ശോച്യാവസ്ഥ വിവരിച്ചുകൊണ്ട് തൊഴിലാളികളിൽ ചിലർ ഇന്ത്യൻ എംബസിക്ക് പരാതി നൽകിയിട്ടുണ്ട്. ലേബർ കാർഡ് കാലാവധി അവസാനിക്കാൻ ഏതാനും നാളുകൾ ബാക്കിയുള്ള തൊഴിലാളികൾ ഈ കമ്പനിയിൽ നിന്നു പിരിഞ്ഞുപോകാൻ കത്ത് നൽകിയെങ്കിലും കമ്പനിയുടമ ഇതു സ്വീകരിക്കാത്തതും ഇവരെ വെട്ടിലാക്കിയിരിക്കുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP