Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മഴക്കാലത്ത് പേമാരി അല്ലെങ്കിൽ മഴ ഇല്ലാത്ത അവസ്ഥ.. വേനൽക്കാലത്തുകൊടും വരൾച്ചയും സൂര്യതാപവും.. നാട്ടിലേക്കിറങ്ങുന്ന വന്യമൃഗങ്ങൾ.. കാലം തെറ്റി പൂക്കുന്ന കണിക്കൊന്നയും കായ്ക്കുന്ന ഫലങ്ങളും.. ചത്തൊടുങ്ങുന്ന മണ്ണിരകൾ തവളകൾ.. എല്ലാം വരാൻ പോകുന്ന പലതിന്റെയും സൂചനകൾ ആണ്; ലോക പരിസ്ഥിതി ദിനത്തിൽ അഡ്വ. സുനിൽ സുരേഷ്

മഴക്കാലത്ത് പേമാരി അല്ലെങ്കിൽ മഴ ഇല്ലാത്ത അവസ്ഥ.. വേനൽക്കാലത്തുകൊടും വരൾച്ചയും സൂര്യതാപവും.. നാട്ടിലേക്കിറങ്ങുന്ന വന്യമൃഗങ്ങൾ.. കാലം തെറ്റി പൂക്കുന്ന കണിക്കൊന്നയും കായ്ക്കുന്ന ഫലങ്ങളും.. ചത്തൊടുങ്ങുന്ന മണ്ണിരകൾ തവളകൾ.. എല്ലാം വരാൻ പോകുന്ന പലതിന്റെയും സൂചനകൾ ആണ്; ലോക പരിസ്ഥിതി ദിനത്തിൽ അഡ്വ. സുനിൽ സുരേഷ്

അഡ്വ. സുനിൽ സുരേഷ്

ന്ന് ജൂൺ 5. ലോക പരിസ്ഥിതി ദിനം. സുസ്ഥിര വികസന തത്വങ്ങളും അവയ്ക്കാധാരമായി വർത്തിക്കുന്ന നിയമങ്ങളും കാറ്റിൽ പറത്തി ചൂഷണാത്മകമായി പ്രകൃതിയെ സമീപിച്ചുകൊണ്ടിരിക്കുന്ന മനുഷ്യൻ അവന്റെ ഭാവി ശവക്കല്ലറ ഒരുക്കുന്ന തിരക്കിലാണ്. മഴക്കാലത്ത് പേമാരി അല്ലെങ്കിൽ മഴ ഇല്ലാത്ത അവസ്ഥ.. വേനൽക്കാലത്തുകൊടും വരൾച്ചയും സൂര്യതാപവും.. നാട്ടിലേക്കിറങ്ങുന്ന വന്യമൃഗങ്ങൾ.. കാലം തെറ്റി പൂക്കുന്ന കണിക്കൊന്നയും കായ്ക്കുന്ന ഫലങ്ങളും.. ചത്തൊടുങ്ങുന്ന മണ്ണിരകൾ തവളകൾ.. എല്ലാം വരാൻ പോകുന്ന പലതിന്റെയും സൂചനകൾ ആണ്. ആഗോളതാപനം കടൽ വെള്ളത്തെ നീരാവിയാക്കിമാറ്റി കനത്ത ന്യൂനമർദ്ദത്തെ രൂപപ്പെടുത്തുമ്പോൾ വീണ്ടുമൊരു പ്രളയം വന്നെത്തുമെന്നത് തീർച്ച.

ഭാവി സാഹചര്യങ്ങളിലേക്ക് ഒന്നു കണ്ണോടിക്കാം.

നിലവിൽ വരൾച്ചയും ക്ഷാമവും നേരിട്ടുകൊണ്ടിരിക്കുന്ന ആഫ്രിക്കൻ രാജ്യങ്ങളെ സംബന്ധിച്ച് കാലാവസ്ഥാ വ്യതിയാനത്തിന്റെ തിക്തഫലങ്ങൾ അതിരൂക്ഷം ആയിരിക്കും. ക്ലിപ്തമായ താപനിലകളിൽ മാത്രം വളർച്ചയും ഉല്പാദനവും കാര്യക്ഷമമാകുന്ന വിളകൾക്ക് അന്തരീക്ഷോഷ്മാവിലെ വർദ്ധനവ് തികച്ചും പ്രതികൂലമായിരിക്കും. കൃഷിയും ഉപജീവനവും പരസ്പര പൂരകങ്ങളായിരിക്കുന്ന സമൂഹങ്ങളിൽ ദാരിദ്ര്യം ക്രമേണ പിടിമുറുക്കിത്തുടങ്ങും. ജനസംഖ്യാ വിസ്‌ഫോടനം അതിന്റെ പാരമ്യതയിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ എരിതീയിൽ എണ്ണ ഒഴിച്ചു കൊണ്ട് കാലാവസ്ഥാവ്യതിയാനവും ഭൂമിയുടെ തിരിച്ചുപോക്കിലേക്കുള്ള സാഹചര്യത്തിന് വഴിയൊരുക്കും. പരമ്പരാഗത സ്രോതസ്സുകളെ ചൂഷണം ചെയ്ത് വരുന്നതാണല്ലോ പ്രത്യക്ഷ സാഹചര്യം. പുനർ വിനിയോഗം സാധ്യമല്ലാത്ത ഫോസിൽ ഇന്ധനങ്ങളുടെ അഭാവം ഇതര മാർഗ്ഗങ്ങളിലേക്കു തിരിയുവാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നത് ഒരുവേള ചൂഷണാത്മകവുമായി ഭവിക്കാം.

ഹെക്ടർ കണക്കിന് വനങ്ങൾ വെട്ടിത്തെളിക്കുമ്പോൾ വനസമ്പത്തിനൊപ്പം അമൂല്യമായ ഒരു പക്ഷി സമ്പത്തിനെ കൂടിയാണ് നാശത്തിലേക്ക് തള്ളിവിടുന്നത്. പ്രതികൂല സാഹചര്യങ്ങളോട് പൊരുത്തപ്പെടാനാകാതെ അമൂല്യമായ ജൈവവൈവിധ്യ സമ്പത്തുകൾ മിക്കതും നാശത്തിലേക്ക് നീങ്ങും. പല ജന്തുജാലങ്ങളുടെയും എണ്ണം കുറഞ്ഞു വരുന്നു എന്നതും കാലക്രമേണ ഇവ ഭൂമിയിൽ നിന്നും അപ്രത്യക്ഷമാകും എന്നതും പഠന വിധേയമാക്കപ്പെട്ടുകൊണ്ടിരിക്കുന്ന സംഗതികൾ തന്നെയാണ്.

വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ജന്തുജാലങ്ങൾ ആയിരിക്കും തുടച്ചു നീക്കപ്പെടുവാൻ പോകുന്നവരുടെ പട്ടികയുടെ മുൻനിരയിൽ സ്ഥാനം പിടിക്കുക. ബാലി ദ്വീപിൽ മാത്രം കണ്ടു വന്നിരുന്ന ബാലി കടുവ, പശ്ചിമാഫ്രിക്കൻ കറുത്ത കണ്ടാമൃഗം, ടാസ്‌മേനിയയിൽ മാത്രം കണ്ടു വന്നിരുന്ന ടാസ്‌മേനിയൻ ചെന്നായ, മൗറിഷ്യസ് ദ്വീപുകളിൽ ഉണ്ടായിരുന്ന ഡോഡൊ പക്ഷികൾ ഇവ ഒക്കെയും തന്നെ ഇന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞിരിക്കുന്നു.

കീടനാശിനികളുടെയും മറ്റ് രാസവസ്തുക്കളുടെയും അമിത ഉപയോഗം മണ്ണിന്റെ സ്വാഭാവിക ഗുണങ്ങൾക്കു മേൽ വിഷാംശം കലർത്തപ്പെടുമ്പോൾ സൂക്ഷ്മജീവികൾ മുതൽ മണ്ണിര വരെയുള്ളവയുടെ നിലനിൽപ്പും അപകടത്തിലാകുന്നു. ലോകത്ത് ഇതുവരെ എകദേശം 3000 ദശലക്ഷം ഏക്കർ കൃഷിഭൂമി ഉപയോഗ്യമല്ലാതായിത്തീർന്നിട്ടുണ്ട്. അന്തരീക്ഷ ജല മലിനീകരണങ്ങൾ ജന്തു ജീവിതം ദുസ്സഹമാക്കും. അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്‌സൈഡിന്റെ അമിത വർദ്ധനവ് ജീവജാലങ്ങൾക്ക് ദോഷകരമാകുമ്പോൾ യന്ത്രവൽകൃത ലോകത്തിലെ മാലിന്യങ്ങൾ ഏറ്റുവാങ്ങി കൊണ്ടിരിക്കുന്ന ജലജീവികളുടെ നാശ പ്രക്രിയയും പുരോഗമിച്ചു കൊണ്ടിരിക്കും. ബീച്ച് ടൂറിസത്തിന്റെ അശാസ്ത്രീയ വശങ്ങൾ തീരദേശങ്ങളിലും, ആഴക്കടൽ ഇന്ധന ഖനനം, അശാസ്ത്രീയ മത്സ്യബന്ധന രീതികൾ എന്നിവ സമുദ്രജീവികളുടെ ആവാസ വ്യവസ്ഥിതികളിലും പ്രതികൂല വ്യതിയാനങ്ങൾ സൃഷ്ടിക്കും.

കേരളത്തിലെ 44 നദികളിൽ പലതിലെയും ജലനിരപ്പ് കുറഞ്ഞുവരികയാണ്. ഒരു കാലത്ത് സർവ്വ പ്രതാപിയായി നിറഞ്ഞൊഴുകിയിരുന്ന നിള ഇന്ന് നീർച്ചാലുകളായി ഊർധ്വശ്വാസം വലിക്കുന്ന ദയനീയ കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. അനധികൃത മണൽ വാരലാണ് നിളയുടെയും മറ്റ് നദികളുടെയും അന്തകനായി അവതരിച്ചത്. ഉത്തർപ്രദേശ്, ഹരിയാന, കേരളത്തിലെ കൊടുങ്ങല്ലൂർ, കാസർഗോഡ് എന്നിവിടങ്ങളിലെ ഭൂഗർഭ ജലനിരപ്പിൽ അസാധാരണമായ വ്യതിയാനങ്ങൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. നഗരവൽക്കരണം അതിന്റെ പാരമ്യതയിൽ എത്തുന്ന മുറയ്ക്ക് പ്രകൃതിയുടെ സ്വാഭാവിക നന്മകൾ പതിയെ പിൻവാങ്ങിത്തുടങ്ങും.

ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുപാളിയായ 5 ലക്ഷം ചതുരശ്ര കി.മീറ്റർ വിസ്തൃതിയുള്ള അന്റാർട്ടിക്കയിലെ 'റോസ് ഐസ് ഷൽഫ് ' ഉരുകിക്കൊണ്ടിരിക്കുകയാണെന്നതാണ് പുതിയ കണ്ടെത്തൽ. സമുദ്രജലത്തിന്റെ താപ വ്യതിയാനം ആണ് മുഖ്യ കാരണം. കഴിഞ്ഞ 40 വർഷങ്ങൾക്കുള്ളിൽ സമുദ്രോപരിതല താപനിലയിൽ 0.8 ഡ്രിഗ്രി വർദ്ധനവ് ഉണ്ടായതായാണ് വിലയിരുത്തപ്പെടുന്നത്.

കരയെക്കാൾ കൂടുതൽ ജലഭാഗം ഉള്ള ഭൂമിയിൽ 97 ശതമാനത്തോളം ഉപ്പുവെള്ളം ആണ് എന്നതാണ് വൈരുദ്ധ്യം.
ജലത്തിന് വേണ്ടിയുള്ള ഒരു യുദ്ധം. അത് അനിവാര്യമാണെന്നു തന്നെ വേണം കരുതാൻ. ഇതിനിടയ്ക്ക് ഒരു ആണവയുദ്ധം കൂടി ഉണ്ടായാൽ ലക്ഷക്കണക്കിന് വരുന്ന ജീവജാലങ്ങൾ ഭൂമുഖത്തു നിന്നും കൂട്ടത്തോടെ തുടച്ചു നീക്കപ്പെടും. ഭൂമിയെ ഒരു ശവപ്പറമ്പ് ആക്കി മാറ്റാൻ അതുമതി.. വലിയ ഒരു ശവപ്പറമ്പ്.

എന്നാൽ അന്റാർട്ടിക്കയ്ക്ക് മുകളിലെ ഓസോൺ പാളിയിൽ കണ്ടെത്തിയ വിള്ളൽ പരിഹരിക്കപ്പെട്ടു വരുന്നതായ ആശ്വാസകരമായ വാർത്തകളും ഇതിനിടയ്ക്ക് കേൾക്കാൻ സാധിക്കുന്നുണ്ട്. 2060 ഓടു കൂടി ഇത് പൂർണ്ണമായും പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രകൃതിക്കും ജീവനത്തിനും ഒരു താളം ഉണ്ട്. അതിലെ താളപ്പിഴകൾ ഒരു പരിധിവരെ പ്രകൃതി തന്നെ പരിഹരിക്കും. എന്നാൽ പ്രകൃതിയുടെ പരിധിക്കുമപ്പുറത്തേക്ക് കാര്യങ്ങൾ നീങ്ങുമ്പോൾ നാശപ്രക്രിയ അഥവാ ഡിസ്ട്രക്ഷൻ ആരംഭിക്കുന്നു.

അനിവാര്യമായ അന്ത്യം.. അതെന്തായാലും വന്നുഭവിക്കുന്ന തന്നെ ചെയ്യും. സർവ്വനാശത്തിന് ഇനി വെറും 2 മിനിറ്റുകൾ മാത്രം എന്ന് ലോകാവസാന സങ്കൽപ്പിക ഘടികാരം ആയ ഡൂംസ് ഡേ ക്ലോക്കിലെ സൂചികൾ കാണിച്ചുതരുന്നു. ഒരുപക്ഷെ പ്രകൃതിദുരന്തങ്ങൾ നിമിത്തം ഭൂമിയിലെ ഭക്ഷ്യ സമ്പത്ത് അന്യമായി കഴിഞ്ഞാൽ വരും തലമുറയുടെ രക്ഷയ്ക്കായി നിലവിലുള്ള വിത്തിനങ്ങൾ ശേഖരിച്ച് സംഭരിച്ചു വച്ചിരിക്കുന്ന ഒരു ലോകാവസാന നിലവറ (ഗ്ലോബൽ സീഡ് വാൾട്ട്) തയ്യാറായി കഴിഞ്ഞിരിക്കുന്നു. നോർവേയിലെ ഉത്തരധ്രുവ പ്രദേശത്താണ് 430 അടി ഉയരവും 11000 ചതുരശ്രയടി വിസ്തീർണ്ണവും ഉള്ള 2008 ൽ പ്രവർത്തനമാരംഭിച്ച ഈ നിലവറ.

40 ലക്ഷത്തോളം വിത്തുകൾ സംഭരിക്കുവാൻ ശേഷിയുള്ള ലോകാവസാന വിത്ത് നിലവറ ലോകയുദ്ധങ്ങൾ ഉൽക്കാപതനം സുനാമി ഭൂകമ്പങ്ങൾ തുടങ്ങി സർവ്വവിധ ദുരന്തങ്ങളെയും അതിജീവിക്കുവാൻ കെൽപ്പുള്ളതാണ്. ദുരന്തങ്ങളുടെ ബാക്കിപത്രമായി അവശേഷിക്കപ്പെടുന്ന ഭൂമിയിലെ മനുഷ്യരാശിക്ക് പുതു ജീവനത്തിനായി കൃഷി സാധ്യമാക്കുക എന്നതാണ് മുഖ്യ ലക്ഷ്യം. ധ്രുവങ്ങളിലെ മഞ്ഞുരുകി മഹാപ്രളയം വന്നെത്തിയാൽ കൂടി നിലവറയും അതിനുള്ളിലെ വിത്തുകളും സംരക്ഷിക്കപ്പെട്ടിരിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചിട്ടുള്ള വിവിധ ഇനം വിത്തുകൾ അവയ്ക്ക് അനുയോജ്യമായ താപനില ക്രമീകരിച്ചാണ് സംരക്ഷിക്കപ്പെട്ടിരിക്കുന്നത്. ശരാശരി ഊഷ്മാവ് മൈനസ് 18ഡിഗ്രി. എന്തെങ്കിലും കാരണത്താൽ യന്ത്രസംവിധാനങ്ങൾ പണിമുടക്കിയാലും സ്വാഭാവിക ഊഷ്മാവ് നിലനിർത്തത്തക്ക വിധം ക്രമീകരണങ്ങൾ നടത്തിയിരിക്കുന്നു.

ഊർജ്ജത്തിന്റെ മുഖ്യ സ്രോതസ്സ് ആണല്ലോ സൂര്യൻ. കത്തിജ്വലിക്കുന്ന സൂര്യൻ പ്രപഞ്ചത്തിലെ കോടാനുകോടി നക്ഷത്രങ്ങളിൽ ഒന്ന് മാത്രമാണ്. സൂര്യപ്രഭ ഓരോ 100 മില്യൺ വർഷങ്ങൾ കൂടുന്തോറും ഒരു ശതമാനം എന്ന കണക്കിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സൂര്യതാപം അതികഠിനമാകുന്ന മുറയ്ക്ക് ധ്രുവ പ്രദേശങ്ങളിലെ മഞ്ഞുരുകിത്തുടങ്ങും. സമുദ്രങ്ങളിലെ ജലനിരപ്പ് ഉയരുകയും ആയത് തീരദേശങ്ങളെ വിഴുങ്ങുകയും ചെയ്യും. ഇന്ത്യയിലെ മുംബൈ ഉൾപ്പെടെ പല നഗരങ്ങളും ഈയൊരു ഭീഷണിയിൽ ആണ്. വരുന്ന ഒരു നൂറ്റാണ്ടിനുള്ളിൽ ഗുജറാത്തിലെ കച്ച്, കൊങ്കൺ മേഖല, കേരളത്തിന്റെ തെക്കേ ഭാഗങ്ങൾ എന്നിവിടങ്ങളിൽ ആഗോള താപനത്തിന്റെ ഫലമായി സമുദ്രജലം 3.5 ഇഞ്ച് മുതൽ 2.8 അടി വരെ ഉയരാം. കരഭാഗങ്ങളിലെ സമുദ്രജലത്തിന്റെ അമിത സാന്നിദ്ധ്യം സ്വാഭാവിക ജലസ്രോതസ്സുകളിൽ ലവണാംശം കൂടുന്നതിനും തത്ഫലമായി അതിരൂക്ഷമായ കുടിവെള്ള ക്ഷാമം ഉണ്ടാകുന്നതിനും കാരണമാവാം.

മഹാസമുദ്രങ്ങളെ ആവിയാക്കി മാറ്റാൻ പോന്ന ചൂട് തങ്ങിനിൽക്കുന്ന ഒരു കാലത്തിലൂടെ ഭൂമി കടന്നു പോകേണ്ടതായിട്ടുണ്ട്. കാലക്രമേണ പ്രാണവായു ആയ ഓക്‌സിജൻ ഇല്ലാത്ത ഹരിതാഭ നഷ്ടപ്പെട്ട തിളച്ചു മറിയുന്ന ഒരു ഗോളം ആയി മാറും ഭൂമി. ഭാവിയിൽ ഭൂമിയെ വിഴുങ്ങാൻ തക്ക വലിപ്പമുള്ള ഒരു എക്‌സ് റേ സുനാമിയുടെ വരവും ശാസ്ത്രജ്ഞർ തള്ളിക്കളയുന്നില്ല. ഭൂമിയിൽ നിന്നും 11 മില്യൺ പ്രകാശവർഷങ്ങൾ ദുരത്തായി സ്ഥിതി ചെയ്യുന്ന പെർസൂയസ് എന്ന ഗാലക്‌സികളുടെ കൂട്ടത്തിൽ നിന്നുമാണ് ഈ എക്‌സ് റേ സുനാമി ഉടലെടുക്കുന്നത്. എന്നാൽ ഇത് ഭൂമിയിൽ എത്തുന്നതിനെ സംബന്ധിച്ച് വ്യക്തമായ സ്ഥിരീകരണമൊന്നും ലഭ്യമായിട്ടില്ല. അഥവാ എത്തുമെങ്കിൽ തന്നെ ലക്ഷക്കണക്കിന് പ്രകാശവർഷങ്ങൾ കഴിഞ്ഞിട്ടാവും അത്. നാസയുടെ ചാന്ദ്ര ഒബ്‌സർവേറ്ററിയുടെ നിരീക്ഷണത്തിൽ നിന്നുമാണ് ഈ വിവരങ്ങളൊക്കെ വെളിപ്പെട്ടത്. ഇതിനൊക്കെ മുൻപ് തന്നെ മനുഷ്യകുലത്തിലെ അവസാന കണ്ണിയും ഭൂമുഖത്തു നിന്നും അപ്രത്യക്ഷമായിരിക്കും.

എല്ലാ നക്ഷത്രങ്ങളെയും പോലെ സൂര്യനും ഒരുനാൾ കത്തിയെരിയും. അതിന് ഇനി ഏകദേശം 5 ബില്യൺ വർഷങ്ങൾ കൂടി അവശേഷിക്കുന്നു. നക്ഷത്രങ്ങളെ അന്ത്യ ദിശയിലേക്ക് നയിക്കുന്ന സൂപ്പർനോവ സ്‌ഫോടനത്തിലൂടെ സൂര്യൻ കഥാവശേഷൻ ആകും. താൻ എരിഞ്ഞടങ്ങുന്നതിനു മുൻപ് ഭൂമിയിലുള്ള സകലതിനെയും ഭസ്മം ആക്കിയിരിക്കും സൂര്യൻ. നൂറ്റാണ്ടുകൾ കഴിഞ്ഞാൽ ഭൂമി വാസയോഗ്യമല്ലാത്ത ഒരവസ്ഥയിലേക്ക് എത്തിച്ചേരും എന്നത് തീർച്ചയാണ്. ഭൗമജീവിതം ദുസ്സഹമാകുന്ന സാഹചര്യത്തിൽ ഇതര ഗ്രഹങ്ങളിലേക്ക് ചേക്കേറുന്നത് സംബന്ധിക്കുന്ന സാദ്ധ്യതകൾ ആരാഞ്ഞുവരികയാണ്.

ഭൂമിയിൽ നിന്നും ശരാശരി 3 ലക്ഷം കിലോമീറ്റർ മാത്രം ദൂരത്തുള്ള ചന്ദ്രനിൽ ചാന്ദ്ര കോളനികൾ സ്ഥാപിക്കുന്നത് സാധ്യമാണോ എന്നതിനെ പറ്റി വലിയ ഗവേഷണങ്ങൾ നടന്നു വരുന്നു. പ്രപഞ്ചത്തിൽ ജീവൻ നിലനിൽക്കുന്നത് ഭൂമിയിൽ മാത്രമാണെന്നിരിക്കെ ഇതര ഗ്രഹങ്ങളിലെ ജീവനസാധ്യത തുലോം കുറവാണ് എന്നതാണ് സത്യം. ഭൗമ സാഹചര്യങ്ങളുമായി വിദൂര സാദൃശ്യം വെച്ചുപുലർത്തുന്ന ചൊവ്വ ഗ്രഹത്തിലെ ജീവന സാധ്യതകളും അന്വേഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇന്റർസ്റ്റെല്ലാർ പോലെയുള്ള ഹോളിവുഡ് ചിത്രങ്ങളിൽ ഗ്രഹാന്തര അതിജീവനം ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. ഭൂമിക്ക് സമാനമായ ഗ്രഹം കണ്ടെത്തിയതായ വാർത്തകൾ ഇടയ്ക്കിടെ തലപൊക്കാറുണ്ടെങ്കിലും പ്രായോഗികതലത്തിൽ ഒരു കൗതുകവാർത്ത എന്നതിനപ്പുറം ഇവയ്ക്ക് പ്രസക്തി ഇല്ലാതാകുകയാണ്.

ആകാശത്തിന്റെ സ്ഥിതിയും മറ്റൊന്നല്ല. ഒരുനാൾ ആകാശവും സ്‌പേസ് വേസ്റ്റുകൾ (സ്‌പേസ് ജങ്ക്) കൊണ്ട് മലീമസമാക്കപ്പെടും. 2016 ലെ കണക്കനുസരിച്ച് ഏകദേശം 17,852 കൃത്രിമ വസ്തുക്കൾ ഭുമിയുടെ ഭ്രമണപഥത്തിൽ ചുറ്റിത്തിരിയുന്നുണ്ട്. 1419 കൃതിമ ഉപഗ്രഹങ്ങൾ ഉൾപ്പെടെയാണിത്. 2018 ൽ സ്‌പേസ് എക്‌സ് കമ്പനി ആദ്യമായി ഒരു കാർ ബഹിരാകാശത്തെത്തിക്കുന്നതിൽ വിജയിച്ചിരുന്നു. 2009 ൽ ഇറിഡിയം 33 എന്ന സ്വകാര്യ കൃത്രിമ ഉപഗ്രഹവും കോസ്‌മോസ് 2251 എന്ന റഷ്യൻ മിലിറ്ററി ഉപഗ്രഹവും തമ്മിൽ ബഹിരാകാശത്തുവെച്ച് കൂട്ടിയിടിച്ചു തകർന്നിരുന്നു. ഇവയുടെ ഒക്കെ അവശിഷ്ടങ്ങൾ ബഹിരാകാശത്ത് ലക്ഷ്യമില്ലാതെ ചുറ്റിത്തിരിയുകയാണ്. കാലാവധി കഴിഞ്ഞതും തകർന്നതുമായ കൃത്രിമോപഗ്രഹങ്ങൾ ഗതികിട്ടാതെ അലഞ്ഞു തിരിയുന്ന വെളിമ്പ്രദേശം ആകാനുള്ള യോഗം ആയിരിക്കാം ആകാശഭാവിക്കായി എഴുതപ്പെട്ടു കൊണ്ടിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP