Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗ്വണ്ടാനമോ എന്നെ കൊല്ലുന്നു

ഗ്വണ്ടാനമോ എന്നെ കൊല്ലുന്നു

ഇവിടെ ഒരാളുടെ തൂക്കം വെറും 77 റാത്തലാണ്. മറ്റൊരാളുടേത് 98. അവസാനമായി എനിക്കറിയാവുന്ന കാര്യം, എന്റെ തൂക്കം 132 റാത്തലാണ് എന്നതാണ്. അത് ഒരു മാസം മുമ്പായിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 10 മുതൽ ഞാൻ പട്ടിണിസമരത്തിലാണ്. 30 റാത്തൽ ഇതിനകം കുറഞ്ഞു. എന്റെ അന്തസ്സ് പുനസ്ഥാപിക്കുന്നതുവരെ ഞാൻ ആഹാരം കഴിക്കില്ല. കഴിഞ്ഞ 11 കൊല്ലവും മൂന്നുമാസവുമായി എന്നെ ഗ്വണ്ടാനമോയിൽ കാരാഗൃഹത്തിലടച്ചിരിക്കയാണ്. ഒരു കുറ്റവും എനിക്കെതിരേ ചുമത്തിയിട്ടില്ല; ഒരു വിചാരണയും എനിക്കു ലഭിച്ചിട്ടുമില്ല.

വർഷങ്ങൾക്കു മുമ്പേ എനിക്കു വീട്ടിലെത്താമായിരുന്നു. ഞാൻ ഒരു ഭീഷണിയാണെന്ന് ആരും കരുതുന്നില്ല. പക്ഷേ, എന്നിട്ടും ഞാനിതാ ഇവിടെത്തന്നെയിപ്പോഴും. വർഷങ്ങൾക്കു മുമ്പ് അമേരിക്കൻ സൈനികമേധാവികൾ പറഞ്ഞു, ഞാൻ ബിൻലാദിന്റെ അംഗരക്ഷകനാണെന്ന്. ഞാൻ മുമ്പു കാണാറുണ്ടായിരുന്ന അമേരിക്കൻ സിനിമകളിലേതുപോലെ വെറും അസംബന്ധമാണത്. പക്ഷേ, അവർതന്നെയും അതു വിശ്വസിക്കുന്നതായി തോന്നുന്നില്ല. എന്നാൽ, ഞാനിവിടെ എത്രകാലം കഴിയണമെന്നതും അവർ തീരുമാനിച്ചതായി തോന്നുന്നില്ല.

2000ത്തിൽ ഞാൻ യമനിലായിരിക്കെ, ഫാക്ടറി ജോലിവകയിൽ എനിക്കു മാസം ലഭിക്കുന്ന 50 ഡോളറിലേറെ അഫ്ഗാനിസ്താനിൽ നേടാമെന്നും അങ്ങനെ എന്റെ കുടുംബത്തെ സഹായിക്കാമെന്നും ഒരു ബാല്യകാലസുഹൃത്ത് എന്നോടു പറഞ്ഞു. അഫ്ഗാനിസ്താനെ സംബന്ധിച്ച് എനിക്ക് ഒന്നും അറിയുമായിരുന്നില്ല. പക്ഷേ, ഞാനൊരു ശ്രമം നടത്തിനോക്കിയതാണത്.

അവനെ വിശ്വസിച്ചതു തെറ്റായി. അവിടെ ജോലിയൊന്നുമില്ലായിരുന്നു. എനിക്കു തിരിച്ചുപോവണമെന്നുണ്ടായിരുന്നു. പക്ഷേ, നാട്ടിലേക്കു പറക്കാൻ പണമില്ല. 2001ലെ അമേരിക്കൻ ആക്രമണത്തെ തുടർന്ന് മറ്റ് ഏവരെയുംപോലെ ഞാനും പാക്കിസ്ഥാനിലേക്കു രക്ഷപ്പെട്ടു. യമനിലെ നയതന്ത്രകാര്യാലയത്തിലെ ചിലരെ കാണാൻ ശ്രമിച്ചപ്പോൾ പാക്കിസ്ഥാനികൾ എന്നെ അറസ്റ്റ് ചെയ്തു. തുടർന്ന് അവരെന്നെ കാന്തഹാറിലേക്ക് അയക്കുകയും ഗ്വണ്ടാനമോയിലേക്കുള്ള ആദ്യവിമാനത്തിൽ തന്നെ നാടുകടത്തുകയും ചെയ്തു.

കഴിഞ്ഞമാസം മാർച്ച് 15നാണ് ജയിൽ ആശുപത്രിയിൽ ഞാൻ രോഗിയായി എത്തിയത്. നിർബന്ധിച്ച് ആഹാരം കഴിക്കുന്നതിന് ഞാൻ വിസമ്മതിച്ചു. അക്രമത്തിനു കോപ്പുകൂട്ടുന്ന തരത്തിൽ എട്ടു പൊലീസുകാരടങ്ങുന്ന ഒരു സംഘം ഇ.ആർ.എഫുകാർ- കൊടും പ്രത്യാക്രമണ സേന- എന്റെ മുറിയിലേക്ക് ഇരച്ചുകയറി. അവരെന്റെ കൈയും കാലും കട്ടിലിനോടു ചേർത്തുകെട്ടി, നിർബന്ധിച്ചു മൂക്കിലൂടെ കുഴലിട്ട് ആഹാരം കഴിപ്പിച്ചു. ഈ അവസ്ഥയിൽ 26 മണിക്കൂർ ഞാൻ കഴിഞ്ഞു. ഈ സമയം അവരെന്നെ ടോയ്‌ലറ്റിൽ പോവാൻ അനുവദിച്ചില്ല. അവർ കഥീറ്റർ അകത്തേക്കു കടത്തി. അതു വേദനാജനകവും അപമാനകരവും അനാവശ്യവുമായിരുന്നു. നമസ്‌കരിക്കാൻ പോലും അവരെന്നെ അനുവദിച്ചില്ല.

എന്റെ മൂക്കിലൂടെ അവർ ആഹാരക്കുഴൽ കടത്തിയത് ഞാൻ ഒരിക്കലും മറക്കില്ല. ഇങ്ങനെ നിർബന്ധിച്ച് ആഹരിപ്പിക്കുന്നത് എത്രമാത്രം വേദനാജനകമാണെന്നത് എനിക്കു വിവരിക്കുക പോലും സാധ്യമല്ല. തള്ളിക്കയറ്റുന്നതുപോലെ ആയിരുന്നു അത്. എനിക്കു ഛർദിക്കാൻ തോന്നി. പക്ഷേ, കഴിഞ്ഞില്ല. തൊണ്ടയിലും നെഞ്ചിലും വയറിലുമെല്ലാം വേദന. ഇതിനു മുമ്പ് അത്തരമൊരു വേദന ഞാൻ അനുഭവിച്ചിട്ടില്ല. ഇനിമേൽ ആർക്കുമീ ക്രൂരമായ ശിക്ഷ നൽകരുതേ എന്നു ഞാൻ കരുതിപ്പോയി.

ദിവസവും രണ്ടുപ്രാവശ്യം അവർ വരും. എന്റെ കൈത്തണ്ടകളും കാലുകളും തലയും കെട്ടിവരിഞ്ഞുവച്ചിരിക്കയാണ്. അവരെപ്പോഴാണു വരുകയെന്നറിയില്ല. ചിലപ്പോൾ രാത്രിയാവും വരുക; രാത്രി ഏറെ വൈകി പതിനൊന്നു മണിക്ക് ഞാനുറങ്ങുമ്പോൾ.

ഇപ്പോൾ ഞങ്ങളിൽ വളരെ പേർ നിരാഹാരസമരം നടത്തുന്നുണ്ട്. എന്നാൽ, നിർബന്ധിച്ച് ആഹാരം കഴിപ്പിക്കാൻ മതിയായ വൈദ്യശാസ്ത്രവിദഗ്ധർ ഇവിടെയില്ല. ഒരു ചടങ്ങുപോലെ അവർ എല്ലാ സമയവും ആളുകളെ നിർബന്ധിച്ച് ആഹാരം കഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

ഒരിക്കൽ നിർബന്ധിച്ച് ആഹാരം കഴിപ്പിക്കുന്നതിനിടയ്ക്ക് നഴ്‌സ് ആഹാരക്കുഴൽ 18 ഇഞ്ച് അധികമായി എന്റെ വയറിലേക്കു കുത്തിയിറക്കി. എന്നെ ആഹരിപ്പിക്കുന്നതു നിർത്തണേ എന്ന് അപേക്ഷിക്കുവോളം വേദനാജനകമായിരുന്നു അത്. എന്നെ ആഹരിപ്പിക്കുന്നതു നിർത്താൻ ആ നഴ്‌സ് വിസമ്മതിച്ചു. അതിനിടയിൽ കുറച്ച് ആഹാരം എന്റെ വസ്ത്രത്തിൽ പതിച്ചു. വസ്ത്രം മാറ്റണമെന്നു ഞാനവരോട് ആവശ്യപ്പെട്ടു. എന്റെ അന്തസ്സിന്റെ അവസാനത്തെ കീറക്കഷണം സംരക്ഷിക്കാൻ പോലും അവർ സമ്മതിച്ചില്ല.

പ്രസിഡന്റ് ഒബാമ ഒരു തടവുകാരനെപ്പോലും യമനിലേക്കു തിരിച്ചയക്കാൻ വിസമ്മതിക്കുന്നുവെന്ന ഒരേയൊരു കാരണംകൊണ്ടു മാത്രമാണ് ഞാനിവിടെ. ഇതിലൊരു അർഥവുമില്ല. ഞാനൊരു മനുഷ്യനാണ്; ഒരു പാസ്‌പോർട്ടല്ല. ഒരു മനുഷ്യനോടെന്നപോലെ എന്നോടു പെരുമാറണമെന്നു ഞാനാഗ്രഹിക്കുന്നു.

ഞാൻ ഇവിടെ മരിക്കാൻ ഇഷ്ടപ്പെടുന്നില്ല. പക്ഷേ, പ്രസിഡന്റ് ഒബാമയും യമൻ പ്രസിഡന്റും വല്ലതും ചെയ്യുന്നതുവരെ (അതു സംഭവിക്കില്ലല്ലോ). അതിനാലാണ് എല്ലാ ദിവസവും ഞാൻ ഈ സാഹസത്തിനു മുതിരുന്നത്.

എവിടെയാണെന്റെ ഭരണകൂടം? നാട്ടിലേക്കു പോവാനായി അവരുദ്ദേശിക്കുന്ന ഏതു സുരക്ഷാനടപടിക്കും വിധേയനാവാൻ, അവ പാടെ അനാവശ്യമാണെങ്കിൽപ്പോലും ഞാൻ തയ്യാറാണ്. സ്വതന്ത്രനാവാൻ ആവശ്യമായ ഏതു കരാറും പാലിക്കാൻ ഞാൻ തയ്യാറാണ്. എനിക്കിപ്പോൾ 35 വയസ്സായി. എനിക്കെന്റെ കുടുംബത്തെ കാണണം. സ്വന്തമായി ഒരു കുടുംബം കെട്ടിപ്പടുക്കണം.

നിരാശാജനകമാണ് ഇപ്പോഴത്തെ അവസ്ഥ. ഇവിടെയുള്ള തടവുകാരെല്ലാം ഭീകരപീഡനം സഹിക്കുകയാണ്. ഇവിടെ ചുരുങ്ങിയത് 40 പേർ നിരാഹാരസമരത്തിലാണ്. ആളുകൾ ക്ഷീണിച്ചു ബോധമറ്റുവീഴുന്നു. ഞാൻ ചോര ഛർദിച്ചു. ഞങ്ങളുടെ തടവിന് ഒരറ്റം കാണുന്നില്ല. ആഹാരം കഴിക്കാതെ മരിക്കാൻ തയ്യാറാവുകയാണ് ഞങ്ങൾ.

അപായകരമാംവിധം വൈകുന്നതിനു മുമ്പ്, ഞങ്ങൾ അനുഭവിക്കുന്ന വേദന ഹേതുവായി, ലോകത്തിന്റെ കണ്ണുകൾ ഗ്വണ്ടാനമോയിലേക്കു വീണ്ടും തിരിയുമെന്നു ഞങ്ങൾ പ്രതീക്ഷിക്കുന്നു.

(യമനീ പൗരനായ സമീർ നാജീ അൽ ഹസ്സൻ മഖ്ബൂൽ വിധിവൈപരീത്യമെന്ന നിലയ്ക്കാണു ഗ്വണ്ടാനമോ തടങ്കൽപ്പാളയത്തിൽ അകപ്പെടുന്നത്. വിചാരണയില്ലാതെ 11 വർഷത്തിലധികമായി ഇരുമ്പുകൂടുകളിൽ കഴിയുന്ന സമീർ, ദ്വിഭാഷിയിലൂടെ നീതി നിഷേധിക്കപ്പെട്ടവർക്കുവേണ്ടിയുള്ള നിയമസഹായ വേദിയുടെ അഭിഭാഷകനോട് ടെലിഫോൺ മുഖേന പറഞ്ഞ ഈ അനുഭവങ്ങൾ ന്യൂയോർക്ക് ടൈംസ് ഈയിടെ പ്രസിദ്ധീകരിച്ചു.)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP