Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അന്യന്റെ അദ്ധ്വാനത്തിന്റെ വിയർപ്പും കാരുണ്യത്തിന്റെ ഉറവും മുതലെടുത്ത് ആഴത്തിൽ വേരിറങ്ങുന്ന നന്മമരങ്ങൾ പ്രബുദ്ധകേരളത്തിൽ പടരുന്ന അർബുദമാകുമ്പോൾ! അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

അന്യന്റെ അദ്ധ്വാനത്തിന്റെ വിയർപ്പും കാരുണ്യത്തിന്റെ ഉറവും മുതലെടുത്ത് ആഴത്തിൽ വേരിറങ്ങുന്ന നന്മമരങ്ങൾ പ്രബുദ്ധകേരളത്തിൽ പടരുന്ന അർബുദമാകുമ്പോൾ!  അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

അഞ്ജു പാർവ്വതി പ്രഭീഷ്

നന്മമരം അന്യന്റെ അദ്ധ്വാനത്തിന്റെ വിയർപ്പും അവരുടെ ഹൃദയത്തിലെ കനിവും മുതലെടുത്ത് സമൂഹമാധ്യമവിപണി ലക്ഷ്യമാക്കി കൃത്യമായ,സമർത്ഥമായ മാർക്കറ്റിങ്ങ് ചെയ്യാനറിയാവുന്ന 916 കച്ചവടക്കാരനാണ്. ഫിറോസെന്നത് കേവലം നന്മ ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറി മാത്രമല്ല,മറിച്ച് താൻ ചോദ്യം ചെയ്യപ്പെടുമ്പോൾ ,വിമർശിക്കപ്പെടുമ്പോൾ തനിക്ക് വേണ്ടി തല്ലാനും കൊല്ലാനും തയ്യാറായി നിൽക്കുന്ന ചാവേറുകളെ ഇറക്കുമതി ചെയ്യുന്ന,അറ്റകൈയ്ക്ക് മതത്തിന്റെയും പ്രവാചകന്റെയും പേരിലുള്ള തുറുപ്പുചീട്ടുകൾ ഇറക്കി സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കുന്ന തിന്മയുടെ പര്യായം കൂടിയാണ്!

എന്നും ശബ്ദിക്കുന്ന , ചോദ്യം ചോദിക്കുന്ന സ്ത്രീകളെ വായടപ്പിക്കാനുള്ള എളുപ്പവഴിയായി നട്ടെല്ലില്ലാത്ത,ചിന്താശേഷിയില്ലാത്ത പുരുഷപ്രജകൾ കൂട്ടുപ്പിടിക്കുന്നത് ചാരിത്ര്യശുദ്ധിയെന്ന സിംപിളായ പക്ഷേ പവർഫുള്ളായ സംഗതിയെയാണ്.ഒരുവളുടെ ശരീരത്തെ വില്പനചരക്കായി കണക്കാക്കുന്നവനാണ് ഈ ലോകത്തിലെ ഏറ്റവും ലൈംഗികദാരിദ്ര്യം പിടിച്ചവൻ. ഫിറോസ് കുന്നുംപറമ്പിലെന്ന ഊതിവീർപ്പിച്ച നന്മബലൂണും ഇവരിൽ നിന്നും ഒട്ടും വ്യത്യസ്തനല്ലെന്ന് ആ ലൈവ് വീഡിയോ കാട്ടിത്തരുന്നുണ്ട്.തനിക്കെതിരെ വിമർശനം ഉന്നയിച്ച ഒരു പെൺകുട്ടിയെ ശരീരം വില്ക്കുന്നവളെന്നതിനൊപ്പം പ്രവാചകനെ നിന്ദിക്കുന്നവൾ എന്ന പേരിൽ മത വർഗീയതയുടെ മേമ്പൊടി കൂടി വാരി വിതറി ആക്ഷേപശരങ്ങൾ എറിയുമ്പോൾ പുറത്തുവരുന്നത് ശുഭ്രവസ്ത്രത്തിലൊളിപ്പിച്ചു വച്ച കപടതയുടെ കറുത്തമുഖം കൂടിയാണ്.

ഒരു കൊച്ചു പെൺകുട്ടിയുടെ ചോദ്യശരങ്ങൾക്കുമുന്നിൽ ,അവളുടെ ആർജ്ജവത്തിനുമുന്നിൽ ഉരുകിയൊലിച്ചു പോകാൻ മാത്രമേയുള്ളൂ താങ്കളിതുവരെ തുടച്ചുമിനുക്കിവച്ചിരുന്ന നന്മമരമെന്ന സോഷ്യൽസ്റ്റാറ്റസ്. കരയുന്ന മുഖങ്ങളെ മുന്നിൽ നിറുത്തി,രോഗത്തിന്റെ ദൈന്യതയെ ഹൈലൈറ്റ് ചെയ്യിച്ച് ഓൺലൈൻ വഴി വാരിവിതറുന്ന കനിവിന്റെ മഹത്വവചനങ്ങൾക്കു എത്ര നാൾ മറച്ചുപിടിക്കാൻ കഴിയും നിങ്ങളിലെ കാപട്യത്തെ?നെറ്റിയിലെ വിയർപ്പുകൊണ്ട് അപ്പം ഭക്ഷിക്കാതെ അന്യന്റെ വിയർപ്പുക്കൊണ്ട് നേടിയ പേരും പ്രശസ്തിയും എക്കാലവും കൂടെയുണ്ടാവുമെന്ന മിഥ്യാബോധത്തിൽ നിന്നുളവായ ധാർഷ്ട്യവും അഹങ്കാരവുമാണ് നീങ്ങളെക്കൊണ്ട് അത്തരത്തിലൊരു ലൈവ് വീഡിയോ ചെയ്യാൻ പ്രേരിപ്പിച്ചത്.

വേറെ വരുമാനമാർഗം ഒന്നുമില്ലാതെ അന്യന്റെ പണം കൊണ്ട് ജീവകാരുണ്യ പ്രവർത്തനം ഒരു തൊഴിലായി കൊണ്ട് നടക്കുന്നവരെക്കൊണ്ട് തട്ടിയും മുട്ടിയും നടക്കാൻ പറ്റാതായിട്ടുണ്ട് സമൂഹമാധ്യമനാലുമുക്ക്.സ്വയം പ്രഖ്യാപിതനന്മമരങ്ങളും വെട്ടുക്കിളി പോലെ കൂട്ടമായെത്തുന്ന നന്മമരഫാൻസ് അസോസിയേഷനുകളുമെല്ലാം മുതലെടുത്ത് മുതലെടുത്ത് അഴുകിപിഞ്ചിയ വാക്കായി മാറി ജീവകാരുണ്യപ്രവർത്തനം ഇന്ന്.ജീവകാരുണ്യ പ്രവർത്തനം തികച്ചും സേവനം ആണെങ്കിൽ ,യഥാർത്ഥ നന്മമരമാണെങ്കിൽ ആദ്യം ചെയ്യുന്നത് നിയമങ്ങളെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുകയെന്നതാണ് .സഹജീവികളോട് കരുണ തോന്നുന്നവർ സമൂഹത്തിലെ നിയമങ്ങളും അംഗീകരിക്കേണ്ടവരല്ലേ?അല്ലാതെ വിദേശത്തു നിന്നുവരുന്ന കോടികളുടെ ഫണ്ട് മറ്റ് അക്കൗണ്ടുകളിലേയ്ക്ക് തിരിമറി ചെയ്ത് മാറ്റി അതിനെ നിയമപരമായി എതിർക്കുന്ന ബാങ്കിനെ നിരോധിക്കാൻ മുറവിളി കൂട്ടുന്നതാണോ?

മലയാളിയുടെ വൈകാരിക ബലഹീനതയിൽ മുതലെടുപ്പ് വിളവുത്സവം നടത്തിയാണ് നന്മമരങ്ങൾ സമൂഹത്തിൽ വേരുകൾ ആഴ്‌ത്തുന്നത്.സ്വന്തം വിയർപ്പിറ്റിക്കാതെ അന്യന്റെ വിയർപ്പുക്കൊണ്ട് മറ്റുള്ളവർക്ക് ആലംബമൊരുക്കുന്നത് നൂറുശതമാനം സേവനം അല്ല.അതൊരു തരം ഭല്ലാൾവേലയാണ്.എന്നാൽപ്പോലും ആ ദല്ലാളുപ്പണിക്ക് കൈയടി കിട്ടുന്നത് മലയാളിയുടെ ഇമോഷണൽ വിക്ക്‌നെസ്സ് കാരണമാണ്.തനിക്കു ചെയ്യാൻ പറ്റാത്തത് മറ്റൊരാളെങ്കിലും ചെയ്യുന്നുണ്ടല്ലോയെന്ന നമ്മുടെയെല്ലാം ആത്മഗതങ്ങളും ആശ്വാസം കണ്ടെത്തലുകളുമാണ് നന്മമരങ്ങൾ ചൂഷണം ചെയ്യുന്നത്.ഒരർത്ഥത്തിൽ പൂച്ച സന്യാസികളെ കണ്ടില്ലെന്നു നടിക്കുന്ന പ്രബുദ്ധമലയാളികളാണ് ഫിറോസിനെപ്പോലുള്ളവരെ വളർത്തുന്നത്.നമുക്ക് ഒരാളെ സഹായിക്കണമെങ്കിൽ എന്തിനാണ് ഒരു ഇടനിലക്കാരന്റെ ആവശ്യമെന്നു ചിന്തിക്കുന്നിടം വരെയേയുള്ളൂ ഇത്തരക്കാരുടെ നിലനില്പ്.

നന്മ മനസ്സിലുള്ള ഒരാൾക്ക് മറ്റൊരാളെ അഥവാ ഒരു രോഗിയെ സഹായിക്കണമെന്നു തോന്നിയാൽ സ്വന്തം അക്കൗണ്ട്‌നമ്പർ നല്കുന്നതിനു പകരം ആവശ്യക്കാരന്റെ അക്കൗണ്ട് നമ്പർ നല്കിയാൽ,അവരുടെ കൃത്യമായ മേൽവിലാസം നല്കിയാൽ സുമനസ്സുകൾ സഹായം അങ്ങോട്ട് എത്തിക്കുമല്ലോ.ഇനി ആ രോഗിക്ക് അല്ലെങ്കിൽ ആവശ്യക്കാരനു തനിക്കാവശ്യമുള്ളതിനേക്കാൾ കൂടുതൽ സഹായം കിട്ടിയാൽപ്പോലും അതിൽ ഇടനിലക്കാരന്റെ ഇടപെടൽ എന്തിന്?ഓൺലൈനിൽ നന്മമരത്തിന്റെ അക്കൗണ്ട് നല് കി പണം ശേഖരിക്കുന്നതിനേക്കാൾ സുതാര്യവും സുരക്ഷിതവും അതാതുപ്രദേശങ്ങളിലെ പൊലീസ്സ്‌റ്റേഷൻ വഴിയോ രാഷ്ട്രീയനേതാക്കൾവഴിയോ സഹായം ഉറപ്പാക്കുന്നതാണ്.ഇനി അഥവാ ജീവകാരുണ്യപ്രവർത്തകന്റെ അക്കൗണ്ടിൽ പണം ശേഖരിച്ചാൽപ്പോലും കൃത്യമായ ഓഡിറ്റിങ് ഉണ്ടെങ്കിൽ ചോദ്യങ്ങളെ പേടിക്കേണ്ടി വരില്ല.

ഒത്തിരി വിമർനങ്ങൾ ഉണ്ടായപ്പോഴും പലരും നിങ്ങൾക്കെതിരെ ശബ്ദിച്ചപ്പോഴും നിങ്ങളിലെ നന്മ കാണാൻ മാത്രമേ ശ്രമിച്ചിരുന്നുള്ളൂ ഇതുവരെയും. കാരണം ആര് എന്തൊക്കെ പറഞ്ഞാലും വിമർശിച്ചാലും ചെയ്യുന്നത് ആരും ചെയ്യാൻ തയാറാകാത്ത നല്ല കാര്യങ്ങളാണല്ലോയെന്നും പലർക്കും താങ്കളൊരു താങ്ങായി തീരുന്നല്ലോയെന്നുമോർത്തിട്ടായിരുന്നു. ഫിറോസിന്റെ ചില ലൈവുകൾ കാണുമ്പോഴും പ്രവൃത്തികൾ കാണുമ്പോഴും എന്തൊക്കെയോ ചില പൊരുത്തക്കേടുകൾ തോന്നിയിരുന്നെങ്കിലും ഫിറോസ് എന്ന വ്യക്തി കാരണം പലർക്കും ഉണ്ടാകുന്ന ഉപകാരത്തെ കുറിച്ച് ചിന്തിക്കുമ്പോൾ ആ പൊരുത്തക്കേടുകളുടെ തട്ട് ന്യായാന്യായങ്ങളുടെ തുലാസ്സിൽ എന്നും താഴെ തന്നെ നിന്നിരുന്നു.പക്ഷേ ജസ്ലയ്‌ക്കെതിരെ നടത്തിയ ആ പരാമർശവും അതിനോടൊപ്പം പ്രവാചകനെ കൂട്ടിയിണക്കാൻ കാട്ടിയ അതിബുദ്ധിയും വ്യക്തമായി വരച്ചുക്കാട്ടുന്നുണ്ട് ആട്ടിൻത്തോലിട്ട ചെന്നായയെ. ചില തിരിച്ചറിയലുകൾ നല്ലതാണ്. ഏതൊരു നന്മമരവും ഒരു സുപ്രഭാതത്തിൽ താനെ കിളിർക്കുന്നതല്ല. ഫിറോസെന്ന നന്മമരത്തിനു വളവും വെള്ളവും നല്കി വളർത്തി പടർത്തിയത് കാരുണ്യം കൈമുതലായിട്ടുള്ള കുറേയേറെ പച്ചമനുഷ്യരാണ്.അതേ മനുഷ്യർക്കറിയാം തങ്ങൾ വളർത്തി പടർത്തിയത് സമൂഹത്തിനു വിപത്തായി മാറുന്ന വിഷമരമാണെങ്കിൽ ആ വിഷമരത്തിന്റെ കടയ്ക്കൽ വരെ ആഞ്ഞു വെട്ടി അതിനെ നിലംപതിപ്പിക്കാൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP