Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മക്കളുടെ തെറ്റുകൾക്ക് കുട ചൂടി കൊടുക്കരുത്; ഒരച്ഛൻ ഇങ്ങനെയാവരുത്; സ്വന്തം മകന് ശിക്ഷ വാങ്ങിക്കൊടുക്കാൻ പ്രോസിക്യൂഷന് ഒപ്പം നിന്ന അദ്ധ്യാപകനായ ഒരച്ഛനുണ്ട് നമ്മുടെ കൊച്ചുകേരളത്തിൽ; കുറ്റവാളിയായ മകനു ശിക്ഷ ഉറപ്പാക്കിയ ഒരച്ഛനിൽ നിന്നും കുറ്റവാളിയായ മകനു പരിരക്ഷ നല്കുന്ന അച്ഛനിലേയ്ക്കുള്ള കടൽദൂരം! അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

മക്കളുടെ തെറ്റുകൾക്ക് കുട ചൂടി കൊടുക്കരുത്; ഒരച്ഛൻ ഇങ്ങനെയാവരുത്; സ്വന്തം മകന് ശിക്ഷ വാങ്ങിക്കൊടുക്കാൻ പ്രോസിക്യൂഷന് ഒപ്പം നിന്ന അദ്ധ്യാപകനായ ഒരച്ഛനുണ്ട് നമ്മുടെ കൊച്ചുകേരളത്തിൽ; കുറ്റവാളിയായ മകനു ശിക്ഷ ഉറപ്പാക്കിയ ഒരച്ഛനിൽ നിന്നും കുറ്റവാളിയായ മകനു പരിരക്ഷ നല്കുന്ന അച്ഛനിലേയ്ക്കുള്ള കടൽദൂരം! അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

അഞ്ജു പാർവ്വതി പ്രഭീഷ്

 ന്നലെ ചാനലുകൾ മാറി മാറി കാണിച്ചത് ഒരച്ഛനെയും അദ്ദേഹത്തിന്റെ രോഷപ്രകടനത്തെയുമായിരുന്നു. കാവി മുണ്ടും കയ്യിലൊരു നീളൻ വടിയുമായി ചാനലുകൾക്ക് നേരെ ആക്രോശിച്ചുക്കൊണ്ട് ആക്രമിക്കാനൊരുമ്പെടുന്ന ഒരു മനുഷ്യൻ. ആ അച്ഛന്റെ മകൻ ഇന്ന് വാർത്തകളിൽ നിറഞ്ഞുനില്ക്കുന്നൊരു കുറ്റവാളിയാണ്. നിരപരാധിയായ ഒരുവനെ തേടിയെത്തിയതല്ല ആ വീട്ടിൽ പൊലീസും മാധ്യമപ്രവർത്തകരും. കൂടെ പഠിക്കുന്ന ഒന്നിനെ കൊല്ലാനുള്ള ഉറച്ച തീരുമാനത്തിൽ നെഞ്ചിൽ കഠാര കുത്തിയിറക്കിയ കുറ്റത്തിനു ഒളിവിൽപ്പോയ ഒന്നാം പ്രതിയുടെ വീട്ടിൽ റെയ്ഡിനു വന്നതായിരുന്നു പൊലീസ്. അത് വാർത്തയാക്കാൻ ഒപ്പം കൂടിയവരാണ് മാധ്യമങ്ങൾ. എന്നിട്ട് വീട്ടിൽ നിന്നും കണ്ടെടുത്തതോ കേരളസർവ്വകലാശാലയുടെ നാല് കെട്ട് ഉത്തരക്കടലാസുകൾ. ഒപ്പം ഒരു സീലും! തികഞ്ഞൊരു കുറ്റവാളിയാണ് ആ മകൻ! സ്വന്തം മക്കൾ തെറ്റുചെയ്യുമ്പോൾ ശാസിച്ച്, വേണ്ടി വന്നാൽ രണ്ടെണ്ണം പൊട്ടിച്ച് , നേർവഴിക്ക് നടത്തേണ്ടവരാണ് അച്ഛനമ്മമാർ! അല്ലാതെ ചെയ്യുന്ന തെറ്റുകൾക്ക് കുട ചൂടി കൊടുത്തുക്കൊണ്ടല്ല! ഒരച്ഛൻ ഇങ്ങനെയാവരുത് ഒരിക്കലും എന്നൊരോർമ്മപ്പെടുത്തലിനൊപ്പം അകലാപ്പാടങ്ങളിലെവിടെയോ നെഞ്ചുരുകി ജീവിക്കുന്ന മറ്റൊരച്ഛനെ കൂടി വീണ്ടും നമ്മൾ ഒരിക്കൽ കൂടി ഓർത്തേപ്പറ്റൂ.

കൊലപാതകിയാണെന്നറിഞ്ഞ സ്വന്തം മകന് ശിക്ഷ വാങ്ങിക്കൊടുക്കാൻ പ്രോസിക്യൂഷന് ഒപ്പം നിന്ന അദ്ധ്യാപകനായ ഒരച്ഛനുണ്ട് നമ്മുടെ കൊച്ചുകേരളത്തിൽ. ഇരട്ടകൊല ചെയ്തു വീട്ടിൽ മടങ്ങിയെത്തിയ മകനെ പൊലീസിനെ വിളിച്ചു ഏല്പിച്ചുകൊടുത്ത ഒരച്ഛൻ. മകൻ വഴിവിട്ടു പോകുന്നുവെന്നു കണ്ട് ആ അച്ഛനെഴുതിയ കത്ത് ആറ്റിങ്ങൽ ഇരട്ടകൊലപാതകക്കേസിലെ വലിയ തെളിവായിരുന്നു. നിനോ മാത്യുവെന്ന കൊടുംക്രിമിനലിന്റെ അദ്ധ്യാപകനായ അച്ഛൻ ശ്രീ.മാത്യു ഒരുപാട് അച്ഛന്മാർക്ക് മാതൃകയാവേണ്ടതാണ്.ഒരുപാട് മക്കൾ അടുത്തറിയേണ്ടതാണ് ആ അച്ഛന്റെ മനസ്സ്.

നിനോ മാത്യു അച്ഛന്റെ പേരിലെടുത്ത സിം ഉപയോഗിച്ചാണ് അനുശാന്തിക്ക് വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ അയച്ചിരുന്നത്. കൊലപാതകിക്ക് അനുശാന്തിയുമായി വഴിവിട്ട ബന്ധമുണ്ടെന്നതിനും കൊലപാതകം ആസൂത്രണം ചെയ്തുവെന്നതും വിലപ്പെട്ട തെളിവുകളായിരുന്നു ആ കത്തും ഫോണും. ഈ രണ്ടു തെളിവുകളും കേസിന്റെ കരുത്തായി മാറിയത് ആ അച്ഛൻ കോടതിക്കു മുന്നിൽ സമ്മതിച്ചതുകൊണ്ടാണ്. അതായത് സ്വന്തം മകനു കൊലക്കയർ വരെ കിട്ടിയേക്കാമെന്നറിഞ്ഞിട്ടുപോലും സത്യത്തിന്റെ കൂടെ നിന്ന അദ്ദേഹത്തിനു മുന്നിൽ ലോകത്തിലെ എല്ലാ അച്ഛന്മാരും തലകുനിക്കുക തന്നെ വേണം. പിതൃവാൽസല്യമെന്നതിന് വാർത്തെടുക്കലെന്നും ഉടച്ചുവാർക്കലെന്നും കൂടി അർത്ഥമുണ്ട്.

മാത്യുവെന്ന ആ അച്ഛൻ ഒരിക്കലും മകനെ കൈവിട്ട അച്ഛനല്ല. മകൻ വഴിപിഴച്ചു പോകുന്നത് തിരിച്ചറിഞ്ഞ ആ അച്ഛൻ, തന്നോട് മിണ്ടാതിരുന്ന മകനായി തെറ്റിലേയ്ക്ക് പോകരുതെന്ന് അപേക്ഷിച്ചുക്കൊണ്ട് കത്തെഴുതി. ആ കത്തിലെ വരികൾ മനസ്സിരുത്തി വായിച്ചിരുന്നെങ്കിൽ നിനോ മാത്യു എന്ന ചെറുപ്പക്കാരൻ ഇതു ചെയ്യില്ലായിരുന്നു. മക്കളോടുള്ള വാത്സല്യം അവസാന നിമിഷമെങ്കിലും എല്ലാവരുടെയും മനസ്സുലയ്ക്കും. എന്നാൽ, സ്വന്തം മകന്റെ അടിയേറ്റു വീണു പിടഞ്ഞൊരു കൊച്ചുകുട്ടിയുടെ മുഖം സ്വന്തം മകന്റെ മുഖത്തെക്കാൾ വാത്സല്യത്തോടെ ഈ അച്ഛൻ കണ്ടു. തെറ്റിന്റെ വഴി തെരഞ്ഞെടുത്ത മകനു നിയമം അനുശാസിക്കുന്ന ശിക്ഷ ലഭിക്കണമെന്ന ഒരച്ഛന്റെ നിശ്ചയദാർഢ്യം കൂടിയുണ്ടായിരുന്നു ആ മനസ്സിൽ.

ശിവരഞ്ജിത്ത് എന്ന യുവാവ് ജനിച്ചു വീണത് കുറ്റവാളിയായിട്ടല്ല. മക്കൾ ചെയ്യുന്ന അരുതുകളെ അരുതായി തന്നെ കാട്ടിക്കൊടുക്കാൻ മടിക്കുന്ന മാതാപിതാക്കന്മാർക്ക് മുന്നിൽ ശിവരഞ്ജിത്തുമാർ കുറ്റവാസനയും അക്രമവാസനയും ചേരുംപടി ചേർന്ന് അരുമകളായി വളർന്നുവരും. സഹപാഠിയെ തല്ലുന്നതും പൊലീസിനെ എറിയുന്നതും അവനിലെ ഹീറോയിസങ്ങളായി വാഴ്‌ത്തപ്പെടുമ്പോൾ അവനറിയാതെ പോകുന്നത് അവനിലെ കുറ്റവാസന തന്നെ. ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും കണ്ടെടുത്ത നാലുകെട്ട് സർവ്വകലാശാല ഉത്തരകടലാസുകൾ മാതാപിതാക്കളുടെ അനാസ്ഥയാണ് കാട്ടിത്തരുന്നത്. വല്ലപ്പോഴുമെങ്കിലും മക്കളുടെ മുറിയും മറ്റും പരിശോധിച്ച് അവർ വഴിപിഴച്ചുപ്പോകുന്നുണ്ടോയെന്ന് ഉറപ്പുവരുത്താത്തിടത്ത് ചാനലുകാരും പൊലീസും കയറിയിറങ്ങും. അപ്പോൾ ധാർമ്മികരോഷം തോന്നി വടിയുമായി അവരെ തല്ലിയോടിച്ചിട്ട് എന്ത് നേട്ടം?

ഈ അച്ഛൻ ഇന്നലെ മാധ്യമങ്ങൾക്കു നേരെ കാട്ടിയ രോഷം സ്വന്തം മകനു നേരെ കാട്ടിയിരുന്നെങ്കിൽ, ഒരുപക്ഷേ അവനൊരു കുറ്റവാളി ആവില്ലായിരുന്നു. പഠനമികവ് കൊണ്ടാണോ പരീക്ഷകളിൽ ഉന്നതവിജയം നേടുന്നതെന്ന് സൂക്ഷ്മതയോടെ ശ്രദ്ധിച്ചിരുന്നെങ്കിൽ സർവ്വകലാശാല ഉത്തരക്കടലാസുകൾ വീട്ടിൽ നിന്നും കണ്ടെടുക്കില്ലായിരുന്നു.! ഇനി ആ യുവാവ് വധശ്രമത്തിനു മാത്രമല്ല ശിക്ഷ തേടേണ്ടത്, ഗുരുതരമായ മോഷണത്തിനും കൂടെയാണ്. ഒപ്പം നേടിയ വിജയങ്ങളെയെല്ലാം സംശയദൃഷ്ടിയോടെ വീക്ഷിക്കുന്ന സമൂഹത്തിന്റെ ചോദ്യങ്ങൾക്ക് ഉത്തരം നല്കുകയും വേണം.

നിനോ മാത്യുവിനെ പോലെ ശിവരഞ്ജിത്തും ഇനി നിയമത്തിന്റെ വഴിയിലൂടെ പോകും. ( പാർട്ടി ഇടപ്പെട്ടില്ലെങ്കിൽ)പക്ഷേ, മാത്യുവെന്ന ആ അച്ഛനും ശശിയെന്ന ഈ അച്ഛനും തമ്മിൽ ശരിയുടെയും ശരികേടിന്റെയും വലിയൊരു പൊരുത്തക്കേടുമായി സമൂഹത്തിനു മുന്നിലുണ്ടാകും..ഒരച്ഛനെന്താവണമെന്നും എന്തായികൂടായെന്നുമുള്ള വലിയൊരു പാഠം നമ്മെ പഠിപ്പിക്കാനും ഓർമ്മിപ്പിക്കാനും ഇവരിലൂടെ നമ്മളും മനസ്സ് പായിക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP