Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിണറായി സർക്കാർ കൊണ്ടു വരുന്ന ചർച്ച് ആക്ട് ബില്ലിന്റെ ഗൂഢലക്ഷ്യം; സഭാസ്വത്തുക്കളുടെ നടത്തിപ്പ് കാനോൻ നിയമങ്ങളനുസരിച്ച് നിർവഹിക്കാനുള്ള അടിസ്ഥാനപരമായ അവകാശം സഭക്കാണ്; അത് ബാഹ്യ സംവിധാനങ്ങൾക്കും നിയന്ത്രണങ്ങൾക്കും കീഴിൽ കൊണ്ടു വരുന്നത് അംഗീകരിക്കാനാവില്ല: ചർച്ച് ആക്ട് ക്രൈസ്തവസഭകളെ തകർക്കും: ടോണി ചിറ്റിലപ്പിള്ളി എഴുതുന്നു

പിണറായി സർക്കാർ കൊണ്ടു വരുന്ന ചർച്ച് ആക്ട് ബില്ലിന്റെ ഗൂഢലക്ഷ്യം; സഭാസ്വത്തുക്കളുടെ നടത്തിപ്പ് കാനോൻ നിയമങ്ങളനുസരിച്ച് നിർവഹിക്കാനുള്ള അടിസ്ഥാനപരമായ അവകാശം സഭക്കാണ്; അത് ബാഹ്യ സംവിധാനങ്ങൾക്കും നിയന്ത്രണങ്ങൾക്കും കീഴിൽ കൊണ്ടു വരുന്നത് അംഗീകരിക്കാനാവില്ല: ചർച്ച് ആക്ട് ക്രൈസ്തവസഭകളെ തകർക്കും: ടോണി ചിറ്റിലപ്പിള്ളി എഴുതുന്നു

ടോണി ചിറ്റിലപ്പിള്ളി

ന്ത്യ ഒരു മതനിരപേക്ഷ രാഷ്ട്രമാണ്. ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങളെ മാറ്റാൻ പാർലമെന്റിനു പോലും കഴിയില്ലെന്ന് ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി പണ്ടേ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇക്കാര്യം ഭരണഘടനയുടെ 26-ാം വകുപ്പിൽ നിസ്സംശയം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കേരളത്തിലെ ക്രൈസ്തവ സഭകളുടെ മുഴുവൻ സ്വത്തുക്കളും പിടിച്ചെടുത്ത് ട്രസ്റ്റ് രൂപീകരിക്കുകയും അതിന്റെ നടത്തിപ്പ് രാഷ്ട്രീയപ്പാർട്ടികളെ ഏൽപ്പിക്കുകയുമാണ് പിണറായി സർക്കാർ കൊണ്ട് വരുന്ന ചർച്ച് ആക്റ്റ് ബില്ലിന്റെ ഗൂഢലക്ഷ്യമെന്ന് മനസിലാക്കുന്നു .

പൊതു ജീവിത ക്രമം, ധാർമികത, ആരോഗ്യം എന്നിവയ്ക്ക് വിധേയമായി ജനങ്ങളിലെ ഏതു വിഭാഗത്തിനും എല്ലാ മതവിഭാഗങ്ങൾക്കും താഴെ പറയുന്ന അവകാശങ്ങളുണ്ട്. 1 ) മതസ്ഥാപനങ്ങളും ചാരിറ്റബിൾ സ്ഥാപനങ്ങളും സ്ഥാപിക്കാനും നടത്താനുമുള്ള അവകാശം,2 ) മതപരമായ കാര്യങ്ങൾ നടത്തിക്കൊണ്ടുപോകാനുള്ള അവകാശം, 3 ) സ്ഥാവര, ജംഗമ സ്വത്തുക്കൾ സമ്പാദിക്കാനും കൈവശം വയ്ക്കാനുമുള്ള അവകാശം, 4 ) നിലവിലുള്ള നിയമങ്ങൾക്കനുസരിച്ച് അത്തരം സ്വത്തുക്കൾ കൈകാര്യം ചെയ്യാനുള്ള അവകാശം.'

ഒന്നാമത്തെ പോയിന്റിൽ പറയുന്ന 'സ്ഥാപിക്കാനും നടത്താനുമുള്ള ' എന്നീ രണ്ടു വാക്കുകൾ കൂട്ടിച്ചേർത്ത് വായിക്കണം. സ്ഥാപനങ്ങൾ നടത്താനുള്ള അവകാശത്തിൽ അന്തർലീനമാണ് അവയെ ഭരിക്കാനുള്ള അവകാശവും. 26-ാം വകുപ്പ് സ്ഥാവര, ജംഗമ വസ്തുക്കൾ സമ്പാദിക്കാനും സ്വന്തമാക്കാനുമുള്ള അവകാശം ഉറപ്പുനൽകുമ്പോൾ, അവയെ നിലവിലുള്ള നിയമങ്ങൾക്കനുസരിച്ചു ഭരിക്കാനുമുള്ള അവകാശവും ഉൾപ്പെടുന്നു.

ഈ അവകാശങ്ങൾ ഏതെങ്കിലും മതവിഭാഗം പൊതു ജീവിതക്രമത്തിനും ധാർമികതയ്ക്കും ആരോഗ്യത്തിനും ഹാനികരമായ വിധത്തിൽ വിനിയോഗിക്കുന്നുണ്ടെങ്കിലേ അവയെ നിയന്ത്രിക്കാനോ വെട്ടിച്ചുരുക്കാനോ സംസ്ഥാനത്തിന് കഴിയൂവെന്ന് 26-ാം വകുപ്പ് വ്യക്തമായി പറയുന്നുണ്ട്. എന്നാൽ ക്രിസ്ത്യൻ സഭാ സ്ഥാപനങ്ങളൊ അവയുടെ സ്വത്തുക്കളൊ പൊതു ജീവിതക്രമത്തിനോ ധാർമികതയ്ക്കോ വിരുദ്ധമായി നടത്തുന്നതായി ബില്ലിന്റെ നിർദ്ദേശകർ പറയുന്നില്ല. അതേസമയം 'സഭയുടെ സ്വത്തുക്കളുടെ നടത്തിപ്പിൽ കൂടുതൽ ജനാധിപത്യ സ്വഭാവവും കാര്യക്ഷമതയും നീതിയും കൊണ്ടുവരിക'യെന്നതാണ് ബില്ലിന്റെ ലക്ഷ്യമായി ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഇക്കാര്യങ്ങളുടെ പേരിൽ രാജ്യത്തെ മതവിഭാഗങ്ങൾക്ക് ഭരണഘടന ഉറപ്പു നൽകുന്ന അടിസ്ഥാന അവകാശങ്ങൾ നിയന്ത്രിക്കാനോ വെട്ടിച്ചുരുക്കാനോ സംസ്ഥാന സർക്കാരിനെ ഭരണഘടന അനുവദിക്കുന്നില്ല.

അതേ സമയം, സഭാസ്വത്തുക്കളുടെ നടത്തിപ്പ് കാനോൻ നിയമങ്ങളനുസരിച്ച് നിർവഹിക്കാനുള്ള അടിസ്ഥാനപരമായ അവകാശം സഭയ്ക്കുണ്ട്. ആ കാനോൻ നിയമം പൊതു ജീവിതക്രമത്തിനോ ധാർമികതയ്ക്കോ ആരോഗ്യത്തിനോ ഹാനികരമാകുന്നുണ്ടെങ്കിലേ, അതിന്റെ പേരിൽ സംസ്ഥാനത്തിന് സഭാകാര്യങ്ങളിൽ ഇടപെടാനാകൂ. ബില്ലിന്റെ നിർദ്ദേശകർ അത്തരം ആരോപണങ്ങൾ ഉയർത്തിയിട്ടില്ല. അതുകൊണ്ട് ഈ ബിൽ ഭരണഘടനാ വിരുദ്ധവും 26-ാം വകുപ്പിന്റെ നിഷേധവുമാണ്. ഭരണഘടനയുടെ അന്തഃസത്തയായ മതനിരപേക്ഷതയ്ക്ക് വിരുദ്ധവുമാണ്.

സഭയുടെ സ്വത്തുക്കളുടെ നടത്തിപ്പിന് വ്യക്തമായ കാനോൻ ചട്ടങ്ങളുണ്ട്. ആ നിയമങ്ങൾ ലംഘിക്കപ്പെട്ടാൽ തക്കതായ പരിഹാരമാർഗങ്ങളും കാനോൻ നിയമസംഹിതയിലുണ്ട്. സഭാസ്വത്തുക്കളുടെ രജിസ്റ്റ്രേഷൻ, കൈമാറ്റം, പിന്തുടർച്ചാവകാശം, നികുതിയെടുക്കൽ തുടങ്ങിയ കാര്യങ്ങളൊക്കെ സിവിൽ നിയമങ്ങൾക്ക് വിധേയമായാണ് നടത്തിപ്പോരുന്നത്. ആ നിയമങ്ങൾ പാലിക്കുന്നുമുണ്ട്. സഭാസ്ഥാപനങ്ങളുടെയും അവയുടെ സ്വത്തുക്കളുടെയും നടത്തിപ്പിൽ ഇടപെടാനുള്ള ശ്രമത്തെയാണ് ക്രൈസ്തവ സമൂഹം എതിർക്കുന്നത്.

കത്തോലിക്കാസഭയുടെ സ്വത്തുക്കളുടെ അവകാശം രൂപതാ ബിഷപ്പിലാണ് നിക്ഷിപ്തമായിരിക്കുന്നതെങ്കിലും അതിന്റെ വിനിയോഗം ഓരോ ഇടവക വികാരിയിലൂടെയുമാണ് നടക്കുന്നത്. ഇതിന്റെ ഓരോ ഘട്ടത്തിലും ഇടവകാംഗങ്ങളും അവരുടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും പങ്കാളികളാണ്. ഓരോ ഇടവകയിലുമുള്ള പാരിഷ് കൗൺസിലും പ്രതിനിധിയോഗവും പള്ളിയോഗവും രൂപതാതലത്തിലുള്ള പാസ്റ്ററർ കൗൺസിലും വിശ്വാസികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നവയാണ്. സഭയിൽ കാലങ്ങളായി നിലനിൽക്കുന്ന ജനാധിപത്യ രീതിയാണിത്. കുടുംബങ്ങൾക്കും സ്വകാര്യസ്ഥാപനങ്ങൾക്കും പ്രസ്ഥാനങ്ങൾക്കും മതവിഭാഗങ്ങൾക്കും രാഷ്ട്രീയാർഥത്തിലുള്ള ജനാധിപത്യ രീതി പൂർണരൂപത്തിൽ അപ്രായോഗികമാണ്.

കാലം നല്ലതെന്നു അടിവരയിട്ട ഈ സമ്പ്രദായം തെറ്റാണെന്ന് ആരും പറഞ്ഞിട്ടില്ല; ബില്ലിൽ പറയുന്നതുപോലെ ഈ സമ്പ്രദായത്തിനു പകരം മറ്റൊന്നു കൊണ്ടുവരണമെന്ന് സഭയുടെ ഏതെങ്കിലും ഔദ്യോഗിക ബോഡിയോ വേദികളോ ആവശ്യപ്പെട്ടിട്ടുമില്ല.ഇനി നിലവിലുള്ള സംവിധാനത്തിൽ മാറ്റം വേണമെന്നുണ്ടെങ്കിൽ, അക്കാര്യം ഉന്നയിക്കപ്പെടേണ്ടത് സഭയ്ക്കുള്ളിലാണ്; അതു പരിഗണിക്കേണ്ടത് സഭയിലെ അധികൃതരാണ്. സഭയിലെ വിവിധ തലങ്ങളിലാണ് കൂടുതൽ ജനാധിപത്യവും കാര്യക്ഷമതയും സംബന്ധിച്ച ചർച്ചകളും ആലോചനകളും നടക്കേണ്ടത്. കൂടുതൽ ജനാധിപത്യവും കാര്യക്ഷമതയും എന്ന മറവിൽ നിയമനിർമ്മാണം നടത്താൻ സർക്കാരിന് അവകാശമില്ല.

മറ്റു ചില മതവിഭാഗങ്ങളുടെ സ്വത്തുക്കളുടെ ഭരണത്തിന് സർക്കാർ നിയമമുണ്ടാക്കിയിട്ടുണ്ടെങ്കിൽ, അതു ക്രൈസ്തവ സഭാ സ്വത്തുക്കളുടെ നിയന്ത്രണത്തിനുള്ള ന്യായീകരണമല്ല. ചരിത്രപരമായ കാരണങ്ങളാലാണ് ആ മതവിഭാഗങ്ങളുടെ കാര്യത്തിൽ സ്വാതന്ത്ര്യപ്രാപ്തിയുടെ കാലത്ത് നിയമങ്ങൾ വേണ്ടിവന്നത്. സഭയുടെയും സഭാ സ്വത്തുക്കളുടെയും കാര്യത്തിൽ അത്തരം കാരണങ്ങൾ നിലനിൽക്കുന്നില്ല. നാടുവാഴിത്തവും രാജഭരണവും അവസാനിച്ചപ്പോൾ അവരുടെ സ്വത്തുക്കളുടെ ഭരണവും അവകാശവും സർക്കാരിലേക്ക് സ്വാഭാവികമായും വന്നുചേരുകയായിരുന്നു. സഭയുടെയും സഭാസ്ഥാപനങ്ങളുടെയും സ്ഥിതി അതല്ല.

ഭരണഘടന 26-ാം വകുപ്പ് പ്രകാരം ക്രൈസ്തവർക്ക് ഉറപ്പു നൽകുന്ന അടിസ്ഥാന അവകാശങ്ങളെ നിഷേധിക്കാൻ ശ്രമിക്കുന്നതിനു പകരം, ജനങ്ങൾക്ക് കൂടുതൽ ജനാധിപത്യപരവും കാര്യക്ഷമവും നീതിപൂർവവുമായ ഭരണം കാഴ്ചവയ്ക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കേണ്ടത്.വ്യവസ്ഥാപിതവും സുതാര്യവുമായ രീതിയിലാണ് നൂറ്റാണ്ടുകളായി സഭയിലെ വസ്തുവകകൾ കൈകാര്യം ചെയ്യപ്പെടുന്നത്. അത് ബാഹ്യ സംവിധാനങ്ങൾക്കും നിയന്ത്രണങ്ങൾക്കും കീഴിൽ കൊണ്ടു വരുന്നത് അംഗീകരിക്കാനാവില്ല. പ്രശ്ന പരിഹാരത്തിനും തർക്ക നിവാരണത്തിനും സഭയിൽ ആവശ്യമായ വേദികൾ ഉണ്ട്. .

സഭയുടെ സ്വത്തുക്കൾ പൈതൃകമായി തലമുറകൾ മറിഞ്ഞു വന്നതാണ്. മതസംഭാവനകളും ഭക്തരുടെ നേർച്ചകാഴ്ചകളുമായി സ്വരൂപിച്ച സ്വത്തുക്കളാണ്.തലമുറകളായി സംഭാവനകൾ കിട്ടി സ്വരൂപിച്ചിട്ടുള്ളതാണ്.ക്രൈസ്തവ സഭാ സ്ഥാപനത്തോളം പഴക്കം ഉള്ള സഭകൾ കേരളത്തിൽ ഉണ്ട്. ഇത്രയും നൂറ്റാണ്ടുകൾ ആയി വിശ്വാസികൾ സ്വരുക്കൂട്ടിയതാണ് സഭകളുടെ സ്വത്തുക്കൾ. ക്രൈസ്തവ സഭകളുടെ മതപരവും ആന്തരികവുമായ കാര്യങ്ങളിലേക്കു കടന്നു കയറാനുള്ള നീക്കം പ്രതിഷേധാർഹമാണ്. രാജ്യ നിയമങ്ങളും സഭാ നിയമങ്ങളും അനുസരിച്ച് സഭാ സ്വത്തുക്കൾ കൈകാര്യം ചെയ്തു പോരുന്നതിനാൽ പുതിയ നിയമ നിർമ്മാണത്തിന് പ്രസക്തിയില്ല. നിർദിഷ്ട ബില്ലിനു പിന്നിൽ നിക്ഷിപ്ത താൽപര്യങ്ങളും ഗൂഢ അജൻഡകളും ഉണ്ട്.

സഭകളുടെ ഭരണഘടനാ അവകാശങ്ങളെ ധ്വംസിക്കാനുള്ള,സഭകളെ തകർക്കാനുള്ള ചില രാഷ്ട്രീയ പാർട്ടികളുടെയും ,സഭാ വിരുദ്ധ ശക്തികളുടെയും നിഗൂഢ തന്ത്രങ്ങളാണ് ചർച്ച് ആക്റ്റ് ബില്ലിന്റെ പിന്നിലുള്ളത് .ഇതിനെതിരെ സഭാ വിശ്വാസികൾ ഉണരണം .തങ്ങളുടെ വിശ്വാസ ആചാരങ്ങളെ തകർക്കലായിരിക്കും സഭാ വിരുദ്ധ ശക്തികളുടെ അടുത്ത അജൻഡ എന്ന് മനസിലാക്കി മാർച്ച് മൂന്നിന് കത്തോലിക്ക കോൺഗ്രസ് നടത്തുന്ന പ്രതിഷേധത്തിൽ എല്ലാ സഭാ വിശ്വാസികളും അണിനിരക്കാൻ മറക്കരുത് എന്ന് കൂടി ഈ അവസരത്തിൽ സൂചിപ്പിക്കട്ടെ .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP