Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കരൾവീക്കം ബാധിച്ച രോഗിയെ ആശുപത്രിയിൽ അഡ്‌മിറ്റു ചെയ്തതിന്റെ രണ്ടാം ദിവസം ആൾക്ക് ഇടക്കിടെ ഓർമ്മ നഷ്ടപ്പെടുന്നു; വീട്ടുകാരുടെ നിർബന്ധത്തിൽ വളരെ ദൂരെയുള്ള മാനസികരോഗ കേന്ദ്രത്തിലേക്ക് രോഗിയെ കൊണ്ടുപോയി അഡ്‌മിറ്റ് ചെയ്യുന്നു; സപ്പോർട്ടീവ് കെയർ കൊണ്ടു തന്നെ രോഗിയുടെ ഓർമ്മക്കുറവ് മാറുന്നു: മാനസികരോഗത്തെ കുറിച്ചുള്ള അജ്ഞതകൾ അകറ്റാൻ വേണ്ടത് കൂട്ടായി യത്ന്നം: ഡോ. അനു ശോഭാ ജോസ് എഴുതുന്നു

കരൾവീക്കം ബാധിച്ച രോഗിയെ ആശുപത്രിയിൽ അഡ്‌മിറ്റു ചെയ്തതിന്റെ രണ്ടാം ദിവസം ആൾക്ക് ഇടക്കിടെ ഓർമ്മ നഷ്ടപ്പെടുന്നു; വീട്ടുകാരുടെ നിർബന്ധത്തിൽ വളരെ ദൂരെയുള്ള മാനസികരോഗ കേന്ദ്രത്തിലേക്ക് രോഗിയെ കൊണ്ടുപോയി അഡ്‌മിറ്റ് ചെയ്യുന്നു; സപ്പോർട്ടീവ് കെയർ കൊണ്ടു തന്നെ രോഗിയുടെ ഓർമ്മക്കുറവ് മാറുന്നു: മാനസികരോഗത്തെ കുറിച്ചുള്ള അജ്ഞതകൾ അകറ്റാൻ വേണ്ടത് കൂട്ടായി യത്ന്നം: ഡോ. അനു ശോഭാ ജോസ് എഴുതുന്നു

ഡോ. അനു ശോഭാ ജോസ്

ജ്ഞതയകറ്റാം, കൂട്ടായി പ്രവർത്തിക്കാം... ചില ജീവിത രംഗങ്ങളിൽ നിന്നും തുടങ്ങാം.

രംഗം ഒന്ന്:

കരൾവീക്കം ബാധിച്ച രോഗിയെ ആശുപത്രിയിൽ അഡ്‌മിറ്റു ചെയ്തിരിക്കുന്നു. വയറുവേദനയാണ് കാരണം. അഡ്‌മിറ്റ് ചെയ്തതിന്റെ രണ്ടാം ദിവസം പുതിയ ഒരു ട്വിസ്റ്റ്. ആൾക്ക് ഇടക്കിടെ ഓർമ്മ നഷ്ടപ്പെടുന്നു. പരസ്പര ബന്ധമില്ലാതെ സംസാരിക്കുന്നു. രോഗിയുടെ കൂട്ടിരുപ്പുകാർക്ക് ആകെ അങ്കലാപ്പ്. ഭയപ്പടാനൊന്നുമില്ലെന്ന് ഡോക്ടർ ഉറപ്പ് നല്കിയിട്ടും അവർക്ക് ധൈര്യം വരുന്നില്ല. മറ്റ് ബന്ധുക്കൾ ഈ അവസ്ഥയിൽ കണ്ടാൽ ആകെ പ്രശ്‌നമാകും. അതു കൊണ്ട് തന്നെ വളരെ ദൂരെയുള്ള മാനസികരോഗ കേന്ദ്രത്തിലേക്ക് രോഗിയെ കൊണ്ടുപോയി അഡ്‌മിറ്റ് ചെയ്യുന്നു. പ്രത്യേകിച്ച് ഒരു ചികിത്സയും ചെയ്യേണ്ടി വന്നില്ല. സപ്പോർട്ടീവ് കെയർ കൊണ്ടു തന്നെ രോഗിയുടെ ഓർമ്മക്കുറവ് മാറുന്നു. ശുഭകരമായി കഥ അവസാനിക്കുന്നു.

രംഗം രണ്ട്:

എഴുപതിനോടടുത്ത പ്രായമുള്ള ഒരു സത്രീ. പ്രശ്‌നം വിട്ടുമാറാത്ത ശരീരവേദന. ഡോക്ടർമാരെ മാറി മാറിക്കാണുന്നു.പരിശോധനകളിൽ യാതൊരു കുഴപ്പവുമില്ല. മരുന്നുകൾ മാറിമാറി കഴിച്ചിട്ടും പ്രത്യേകിച്ച് കുറവുമില്ല. അവസാനം ഡോക്ടർ ഒരു കാര്യം പറയുന്നു. നമുക്ക് സൈക്യാട്രിസ്റ്റിനെ ഒന്ന് കാണിച്ചാലോ. കേട്ട പാതി ദേഷ്യം കടിച്ചമർത്തി രോഗി സ്ഥലം വിട്ടു. പിന്നെയും പല ഡോക്ടർമാരെയും സന്ദർശിച്ചു. അവരും അവസാനം ഇതു തന്നെ പറഞ്ഞു. ഗത്യന്തരമില്ലാതെ നമ്മുടെ രോഗി വീട്ടിൽ നിന്നും വളരെ ദൂരെയുള്ള സൈക്യാട്രിസ്റ്റിനെ കണ്ടു ചികിത്സ തുടങ്ങുന്നു. അസുഖം വളരെയധികം മെച്ചപ്പെട്ടു. ഡോക്ടർ ഷോപ്പിങ്ങിനു ശമനം വന്നു. ഈ കഥയും ശുഭപര്യവസായി തന്നെ.

രംഗം മൂന്ന്:

ഇരുപത് വയസ്സുള്ള പെൺകുട്ടി. കടുത്ത വിഷാദ രോഗത്തിന്റെ ലക്ഷണങ്ങളുണ്ട്. കാണിക്കേണ്ടത് സൈക്യാടിസ്റ്റിനെ എന്ന് ബന്ധുക്കൾക്കറിയാം. പക്ഷേ കുട്ടിയുടെ 'ഭാവി ' കൂടി നോക്കേണ്ടേ? അതു കൊണ്ട് പ്രാർത്ഥനയും കൗൺസിലിങും മതിയെന്ന് വെച്ചു. ഒടുവിൽ കുട്ടിയെ ആത്മഹത്യാശ്രമത്തിന് ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്യേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ വഷളായി. ഏതായാലും ജീവൻ തിരിച്ചു കിട്ടി.ഇതെല്ലാം യഥാർത്ഥ ജീവിത കഥകൾ.അത് അവിടെ നിൽക്കട്ടെ. ഇനി കാര്യത്തിലേക്ക് വരാം.

ആദ്യത്തെ രോഗിയുടെ പ്രശ്‌നം കരൾവീക്കം മൂലമുണ്ടായ രാസ വ്യതിയാനങ്ങൾ, തലച്ചോറിനെ ബാധിച്ചപ്പോഴുണ്ടായ ഡെലീറിയം എന്ന അവസ്ഥയായിരുന്നു.രണ്ടാമത്തെ കഥയിലെ പ്രശ്‌നം വിഷാദരോഗമായിരുന്നു.
( പ്രായമായവരിൽ വിഷാദരോഗം വിട്ടുമാറാത്ത ശാരീരിക പ്രശ്‌നങ്ങളുടെ രൂപത്തിൽ കാണുന്നത് സാധാരണമാണ് ).

ഈ രംഗങ്ങൾ മൂന്നും രോഗിയുടെ ജീവൻ നഷ്ടപ്പെടാതെ പര്യവസാനിച്ചെങ്കിലും അശുഭകരമായ ചില കാര്യങ്ങൾ ഈ രംഗങ്ങളിലുണ്ട്.ആദ്യത്തെ രോഗി ദൂരെയുള്ള മാനസികരോഗാശുപത്രിയിൽ അഡ്‌മിറ്റായതും, രണ്ടാമത്തെയാൾ ശരിയായചികിത്സ വൈകിച്ചതും, മൂന്നാമത്തെ കുട്ടിക്ക് ചികിത്സ നിഷേധിക്കപ്പെട്ടതും ഒറ്റക്കാരണം കൊണ്ടു തന്നെ. രോഗത്തോടുള്ള, രോഗിയുടെയും സമൂഹത്തിന്റെയും വികല ധാരണയാണ് ഇവിടെ പ്രതിസ്ഥാനത്ത് നില്ക്കുന്നത്. ഇത്
സ്റ്റിഗ്മ' (stigma) എന്ന ഓമനപ്പേരിൽ അറിയപ്പെടുന്നു.


stigma തന്നെ രണ്ട് തരമുണ്ട്.

1. രോഗി തന്നെ സ്വയം രോഗത്തെ നോക്കിക്കാണുന്ന തെറ്റായ രീതി :-
രോഗാവസ്ഥയെ സ്വയം അപകർഷതാബോധത്തോടെ നോക്കിക്കാണുകയും സാമൂഹികമായ ഇടപെടൽ പരമാവധി കുറച്ച് അവർ തന്നെ ഉൾവലിയുകയും ചെയ്യുന്നു.

2. സമൂഹത്തിന് രോഗത്തോടും രോഗിയോടുമുള്ള തെറ്റായ മനോഭാവം :-

രോഗത്തോടുള്ള സമൂഹത്തിന്റെ വികലമായ കാഴ്ചപ്പാടും, അവർ മാറ്റി നിർത്തപ്പെടേണ്ടവരാണെന്ന തോന്നലും കാരണം അസുഖം സുഖപ്പെട്ടവർ പോലും മുഖ്യധാരയിൽ നിന്ന് ഒഴിവാക്കപ്പെടുന്നു.


ഇത്തരം വികല ധാരണകളും അറിവില്ലായ്മയും മൂലം, മാനസിക പ്രശ്‌നമനുഭവിക്കുന്നവർക്ക് പലപ്പോഴുംശരിയായ ചികിത്സ ലഭിക്കുന്നില്ല.അതു കൊണ്ട് തന്നെ അവരുടെ ജീവിതം കൂടുതൽ ദുരിതപൂർണ്ണമാകുന്നു. ജീവിതത്തിന്റെ ഫലദായകതയെയും അത് ബാധിക്കുന്നു. അവരുടെ ആത്മഹത്യക്ക് വരെ അത് വഴി വെച്ചേക്കാം.

ശരിയായ ചികിത്സ ലഭിക്കാത്ത രോഗിക്ക് മറ്റ് കുടുംബാംഗങ്ങൾ കൂട്ടിരിക്കേണ്ടിവരാനുള്ള സാദ്ധ്യത ഏറുന്നു. കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയെ അത് ബാധിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ചികിത്സിക്കാമെന്ന് തീരുമാനിച്ചാൽത്തന്നെ ഡോക്ടറെ കാണാൻ പോ കുന്നത് സ്വന്തം വീട്ടിൽ നിന്ന് വളരെയകലത്തിലുള്ള ഏതെങ്കിലും ആശുപത്രിയിലായിരിക്കാം ഇങ്ങനെ ചികിത്സക്കു പോകുമ്പോൾ സാമ്പത്തിക നഷ്ടവും സമയനഷ്ടവും കൂടുന്നു.അതെ. മനോരോഗത്തെക്കുറിച്ചുള്ള അജ്ഞതയുടെ ഇരുൾ തകർക്കുന്നത് ഒരു രോഗിയെ മാത്രമല്ല, ഒരു കുടുംബത്തെ മൊത്തമാണ്.

 

തെറ്റിദ്ധാരണകൾ മാറണമെങ്കിൽ ശരിയായ ധാരണകൾക്ക് വേണ്ടി മനസ്സിൽ അല്പം ഇടം കരുതണം.

മാനസിക രോഗം ചില വസ്തുതകൾ :-
.

തലച്ചോറിന്റെയും ശരീരത്തിന്റെയും ഏകോപനത്തോടെയും ഒത്തൊരുമയോടെയുമുള്ള പ്രവർത്തനമാണ് നമ്മുടെ മനോനിലയെയും പെരുമാറ്റങ്ങളെയും നിയന്ത്രിക്കുന്നത്. ഈ ഏകോപനത്തിൽ താളപ്പിഴകൾ ഉണ്ടായാൽ നമ്മുടെ പെരുമാറ്റത്തെ അതു ബാധിക്കും. നൃത്താഭ്യാസം ഉദാഹരണമായെടുക്കാം. കൈയും കാലും മിഴിയും ഭാവങ്ങളും ഒരുമയോടെ താളത്തിനൊപ്പം നിന്നിലെങ്കിൽ അത് വെറും ചലനങ്ങൾ മാത്രമല്ലേ? നൃത്തമാകില്ലല്ലോ. മാനസികരോഗാവസ്ഥയിലും ഇതേ പോലുള്ള ഒരു ഏകോപനമില്ലായ്മയാണ് സംഭവിക്കുന്നത്. വ്യക്തിയുടെ ജനിതക പ്രശ്‌നങ്ങളും വ്യക്തിത്വത്തിന്റെ പ്രത്യേകതകളും ശാരീരിക പ്രശ്‌നങ്ങളും പ്രതികൂല സാമൂഹ്യസാഹചര്യങ്ങളുമൊക്കെ ഈ സംതുലനാവസ്ഥയെ നഷ്ടപ്പെടുത്തിയേക്കാവുന്ന കാരണങ്ങളാണ്.

ചുരുക്കിപ്പറഞ്ഞാൽ രക്തത്തിലെ പഞ്ചസാരയുടെയും സോഡിയത്തിന്റെയും ഹോർമോണുകളുടെയും ഏറ്റക്കുറച്ചിൽ മുതൽ തലച്ചോറിലെ രാസ വ്യതിയാനങ്ങളും ക്ഷതങ്ങളും മറ്റ് മാനസികസമ്മർദ്ദങ്ങളും വരെ ഒരാളുടെ മാനസിക ശാരീരിക സംതുലനാവസ്ഥയെ ബാധിക്കാം.

ലക്ഷണങ്ങളെയല്ല രോഗത്തിന്റെയഥാർത്ഥ കാരണത്തെയാണ്, ചികിത്സിക്കേണ്ടത്.എവിടെയാണ്, എന്താണ് പ്രശ്‌നമെന്ന് മനസ്സിലാക്കിയാൽ മാത്രമേ, ശരിയായ ചികിത്സ നിശ്ചയിക്കാനാകുകയുള്ളു.രോഗിയെന്ന് നാം മുദ്ര കുത്തുന്നവർ ഇത്തരം നിരവധി കാരണങ്ങളിൽ ഏതെങ്കിലുമൊന്നിനായിരിക്കാം ചികിത്സ തേടുന്നതെന്ന് മനസിലാക്കിയാൽത്തന്നെ രോഗികളോടുള്ള നമ്മുടെ മനോഭാവത്തിന് വ്യത്യാസം വരും.

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരംനാലിൽ ഒരാൾക്ക് എന്നകണക്കിൽജീവിതത്തിൽ ഒരു തവണയെങ്കിലും മാനസികരോഗം വരുന്നു. എന്നാൽ ശരിയായ ചികിത്സ തേടുന്നവർ ഇവരിൽ മൂന്നിലൊന്ന് മാത്രം. അതു കൊണ്ട് തന്നെ മാനസികാരോഗ്യ സംരക്ഷണത്തിന്കൂടുതൽ പ്രാധാന്യം നാം കൊടുത്തേ തീരൂ.

വിഷാദരോഗം പോലുള്ള ചില രോഗങ്ങൾ ചികിത്സിച്ചാൽ പൂർണ്ണമായും ഭേദപ്പെടുന്നവയാണ്. ചില രോഗങ്ങൾ പൂർണ്ണമായി മാറിയില്ലെങ്കിൽത്തന്നെ ചികിത്സകൊണ്ട് നിയന്ത്രണ വിധേയമാകാറുണ്ട്. സാധാരണ ഗതിയിലുള്ള ജീവിതവും ജോലികളും തുടരാൻ അവരെ സഹായിക്കലാണ് ഓരോ ചികിത്സകന്റെയും ലക്ഷ്യം. ഒട്ടുമിക്ക രോഗികളിലും അത് സാധ്യവുമാണ്.

കാലം പുരോഗമിച്ചതോടൊപ്പം ശാസ്ത്രവും വളരെയധികം പുരോഗമിച്ചിട്ടുണ്ട്. ധാരാളം പുതുതലമുറ മരുന്നുകൾ ഇന്ന് ലഭ്യമാണെന്നും, കൃത്യമായും ശാസ്ത്രീയമായും നല്കുന്ന മരുന്നുകൾക്ക് ദൂഷ്യവശങ്ങൾ വളരെ കുറവാണെന്നും അറിയുക. ഡോക്ടർമാർ മരുന്നുകൾ നിശ്ചയിക്കുമ്പോൾ, സാധ്യമായ സാഹചര്യങ്ങളിലെല്ലാം തന്നെ മരുന്നിനോടുള്ള രോഗിയുടെ ഇഷ്ടാനിഷ്ടങ്ങൾ കൂടി കണക്കിലെടുക്കാറുണ്ടെന്ന് മനസിലാക്കുക. കൂടുതൽ ബോധവത്കരണം ഇക്കാര്യങ്ങളിൽ ഉണ്ടാവേണ്ടതുണ്ട്. അവർക്കായി പുതിയ പുനരധിവാസ പദ്ധതികൾ ഉണ്ടാകേണ്ടതുണ്ട്.സന്നദ്ധ സംഘടനകൾക്ക് ഇക്കാര്യത്തിൽ ഏറെ ചെയ്യാനാവും.

ഇത്തവണത്തെ ലോകമാനസികാരോഗ്യ ദിനത്തിന്റെ മുദ്രാവാക്യം 'ആത്മഹത്യാ പ്രതിരോധം ' എന്നതാണ്. ഭയപ്പെടുത്തുന്ന രീതിയിലാണ് ആത്മഹത്യകൾ വർദ്ധിക്കുന്നത്. നാല്പതു സെക്കൻഡിൽ ഒന്ന് എന്ന നിലക്ക് ലോകത്തിൽ ആത്മഹത്യകൾ നടക്കുന്നുവെന്ന് കണക്കുകൾ പറയുമ്പോൾ പ്രശ്‌നത്തിന്റെ ഗൗരവം ഊഹിക്കാമല്ലോ. ശ്രമിച്ച് പരാജയപ്പെട്ടവർ ഇതിന്റെ ഇരുപത്തഞ്ച് മടങ്ങ് വരുമെന്നുള്ളതും ഈ കണക്കിനോട് ചേർത്തു വായിക്കുക.

വിഷാദരോഗം, ലഹരി ഉപയോഗം, അതിവൈകാരികത, അപക്വസ്വഭാവം, അരക്ഷിതാവസ്ഥ തുടങ്ങിയ പ്രശ്‌നങ്ങൾ ആത്മഹത്യക്ക് വഴിവെച്ചേക്കാം.ഇതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് വിഷാദരോഗം തന്നെയാണ്.ആത്മഹത്യകൾ ഉണ്ടാവാതിരിക്കണമെങ്കിൽ കൂട്ടായ പ്രവർത്തനം ആവശ്യമാണ്. ഇത് മാനസികാരോഗ്യപ്രവർത്തകരുടെ മാത്രം ഉത്തരവാദിത്തമായി കരുതി നിഷ്‌ക്രിയരായി നമ്മൾ മാറി നിൽക്കരുത്. ഏറെ കാര്യങ്ങൾ ചെയ്യാൻ സാധിക്കും. വലിയ പരിശീലനത്തിന്റെയൊന്നും ആവശ്യമില്ലാത്ത കാര്യങ്ങൾ ഇതിൽപ്പെടും.

ഒരുദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം. ഫോണിൽ വരുന്ന സർവീസ് ദാതാവിന്റെ പരസ്യങ്ങൾ കൂടുതൽ പേരെയും അലോസരപ്പെടുത്തുന്നുവെന്നത് യാഥാർത്ഥ്യം. എന്നാൽ ആ വിളികളിൽ ആശ്വാസം കണ്ടെത്തുന്നവരും, അത് ബ്ലോക്ക് ചെയ്യേണ്ട എന്നാവശ്യപ്പെടുന്നവരും നമ്മുടെയിടയിൽ ഉണ്ട്.അപൂർവ്വമാണെന്ന് മാത്രം. അവരെ സംബന്ധിച്ചിടത്തോളം മരുഭുമിയിൽ വീഴുന്ന മഞ്ഞുതുള്ളികൾ പോലെയാവാം ആ ബീപ് ബീപ് ശബ്ദങ്ങൾ. ചിലപ്പോൾ വാക്കുകളിലൂടെ, മറ്റ് ചിലപ്പോൾ മൗനത്തിന്റെ ഭാഷയിൽ 'അവർ ' നമ്മുടെ സഹായം ചോദിക്കുന്നുണ്ട്.അത്തരക്കാരെ കണ്ടില്ലെന്ന് നാം നടിക്കരുത്.ദിവസത്തിലെ ഒരു മിനിട്ട്അവർക്കായി മാറ്റിവെക്കാം. നമ്മുടെ ആ അല്പസമയം, ഒരു പക്ഷേ അവരുടെ ജീവിതംതന്നെ മാറ്റിമറിച്ചേക്കാം.

ആരും ഒരു രോഗത്തിനും അതീതരല്ലെന്ന് സ്‌നേഹപൂർവ്വം ഓർമ്മിപ്പിക്കുന്നു. മാനസിക രോഗങ്ങളും അതിനൊരപവാദമല്ല. നമ്മുടെ തെറ്റിദ്ധാരണകൾ മറ്റൊരാളുടെ ചികിത്സക്ക് തടസ്സമാകാതിരിക്കട്ടെ. അവരുടെ ജീവിതം കൂടുതൽ ദുരിതപൂർണ്ണമാകാൻ നമ്മൾ കാരണമാകാതിരിക്കട്ടെ.മാറ്റി നിർത്തപ്പെടേണ്ടവരല്ല, ചേർത്തു പിടിക്കപ്പെടേണ്ടവർ തന്നെയാണവർ.

വാൽക്കഷണം:-

അസുഖത്തെക്കുറിച്ച് വ്യക്തമായ ഉൾക്കാഴ്ചയുള്ളവരുംകൃത്യമായി ചികിത്സ എടുക്കുന്നവരും എണ്ണത്തിൽ കുറവെങ്കിലും നമ്മുടെയിടയിലുണ്ട്. അവർക്കുള്ള ആദരവ് കൂടിയാകട്ടെ ഈ മാനസികാരോഗ്യ ദിനം.


ഡോ. അനു ശോഭാ ജോസ്
കൺസൽട്ടന്റ് സൈക്യാട്രിസ്റ്റ്
എം.എ.ജി.ജെ ഹോസ്പിറ്റൽ
മൂക്കന്നൂർ, അങ്കമാലി
Mob: 8714140000
Email:[email protected]

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP