Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊറോണയുടെ ഭീതിജനകമായ സംഹാരമോർത്തുള്ള ഹൃദയഭാരം ഒരു വശത്ത്; ദീർഘനാളത്തെ സർക്കാർ ജീവനത്തിനൊടുവിൽ സൗഹൃദങ്ങൾക്കിടയിൽ നിന്ന് പടിയിറങ്ങാനാകാത്തതിന്റെ ഹൃദയ വേദന മറുവശത്ത്; പതിവിനു വിപരീതമായി വിരമിക്കുന്നിൽ പലരും നേരത്തേ വരികയും താമസിച്ചു പോകുകയും ചെയ്യുന്ന ദിനങ്ങൾ; ഒക്കെ കൊറോണ കവർന്നെടുത്തു: വ്യഥയോടെ വിരമിക്കുന്നവർ: ഡോ എസ് ശിവപ്രസാദ് എഴുതുന്നു

കൊറോണയുടെ ഭീതിജനകമായ സംഹാരമോർത്തുള്ള ഹൃദയഭാരം ഒരു വശത്ത്; ദീർഘനാളത്തെ സർക്കാർ ജീവനത്തിനൊടുവിൽ സൗഹൃദങ്ങൾക്കിടയിൽ നിന്ന് പടിയിറങ്ങാനാകാത്തതിന്റെ ഹൃദയ വേദന മറുവശത്ത്; പതിവിനു വിപരീതമായി വിരമിക്കുന്നിൽ പലരും നേരത്തേ വരികയും താമസിച്ചു പോകുകയും ചെയ്യുന്ന ദിനങ്ങൾ; ഒക്കെ കൊറോണ കവർന്നെടുത്തു: വ്യഥയോടെ വിരമിക്കുന്നവർ: ഡോ എസ് ശിവപ്രസാദ് എഴുതുന്നു

ഡോ എസ് ശിവപ്രസാദ്

ന്ന് മാർച്ച് 31. വലിയൊരു വിഭാഗം അദ്ധ്യാപകരുൾപ്പെടെ ഒട്ടേറെ സർക്കാർ ജീവനക്കാരുടെ വിരമിക്കൽ തീയതി. ഒരു പക്ഷേ ചരിത്രത്തിലാദ്യമായിട്ടാകും ദീർഘകാല സർക്കാർ ജീവിതത്തിനൊടുവിൽ വീട്ടിലിരുന്ന് വിരമിക്കൽ എന്ന സമാനതകളില്ലാത്ത സാഹചര്യം സർക്കാർ ജീവനക്കാർ അഭിമുഖീകരിക്കുന്നത്.

കൊറോണയുടെ ഭീതിജനകമായ സംഹാരമോർത്തുള്ള ഹൃദയഭാരം ഒരു വശത്ത്, ദീർഘനാളത്തെ സർക്കാർ ജീവനത്തിനൊടുവിൽ സൗഹൃദങ്ങൾക്കിടയിൽ നിന്ന് പടിയിറങ്ങാനാകാത്തതിന്റെ ഹൃദയ വേദന മറുവശത്ത്. പെൻഷൻ പേപ്പറുകൾ ഒക്കെ ശരിയാക്കിയാൽ പോലും കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ. ജീവിത സമ്പാദ്യം എന്ന നിലയിൽ മിച്ചം പിടിച്ചു വച്ച പ്രോവിഡന്റ് ഫണ്ട്, പെൻഷൻ സമയത്തു ലഭിക്കുന്ന ഗ്രാറ്റുവിറ്റി, കമ്യൂട്ടേഷൻ ഈ തുകകളെല്ലാം അനിശ്ചിതമായി നീളുമെന്ന ആധി... ഈ തുക കൊണ്ട് തീർക്കാമെന്ന് ചിന്തിച്ചിരുന്ന ബാധ്യതകൾ, പൂർത്തീകരിക്കാനിരുന്ന സ്വപ്നങ്ങളുടെ നീണ്ട നിര... സർക്കാർ ജീവനക്കാരുടെ ഇത്തരത്തിലെ ഒട്ടേറെ ആഗ്രഹങ്ങൾക്കു മേൽ കരിനിഴൽ പരത്തുന്ന കൊറോണ കാലത്തിനിടയിലാണ് ഇന്ന് ഒട്ടേറെ പേർ വിരമിക്കുന്നത്.

വിരമിക്കലെന്നത് വിശേഷപ്പെട്ട ഒരു മാനസികാവസ്ഥയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനം ചെയ്ത അനുഭവ സമ്പത്തിനൊടുവിൽ ഈ ദിനം കടന്ന് വരും എന്ന് അറിയാഞ്ഞിട്ടല്ല. സർക്കാർ സംവിധാനത്തിന്റെ ഭാഗമായി നിന്ന് സമൂഹത്തിന്റെ പരിച്ഛേദത്തെ നേരിട്ടറിയാനുള്ള ഔദ്യോഗിക അവസരം നാളെ മുതലുണ്ടാകില്ലല്ലോ എന്ന ചിന്തയിൽ നിന്നുടലെടുക്കുന്ന മനോവേദന. ഇതൊന്നും അലട്ടാത്തവരുമുണ്ടാകും. പക്ഷേ എണ്ണത്തിൽ കുറച്ചാകുമെന്നു മാത്രം. വിരമിക്കുന്ന തീയതിയല്ല. അതിനു മുമ്പായി സഹപ്രവർത്തകരോട് സംസാരിച്ച് മനസ്സിന്റെ ഭാരം കുറയ്ക്കുന്നതിനും തീരുമാനങ്ങളെടുക്കുന്നതിനും സഹായകരമാകുന്ന കുറേയേറെ ദിവസങ്ങൾ നഷ്ടപ്പെട്ടു എന്നതാണ് പലരേയും കൂടുതൽ സങ്കടപ്പെടുത്തുന്നത്. പതിവിനു വിപരീതമായി വിരമിക്കുന്നിൽ പലരും നേരത്തേ വരികയും താമസിച്ചു പോകുകയും ചെയ്യുന്ന ദിനങ്ങൾ. ഒക്കെ കൊറോണ കവർന്നെടുത്തു. സാഹചര്യങ്ങൾ കണക്കിലെടുത്ത്വിരമിക്കുന്ന ദിനം ജീവനക്കാർ ഓഫീസിൽ എത്തേണ്ടതില്ലെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. മാത്രമല്ല ഈ മാസം വിരമിക്കേണ്ട ജീവനക്കാരുടേയും അദ്ധ്യാപകരുടേയും സർവീസ് അക്കൗണ്ട് അവസാനിപ്പിക്കാനുള്ള സമയപരിധി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് അക്കൗണ്ടന്റ് ജനറലിന് ധനവകുപ്പ് കത്ത് നൽകിയിട്ടുണ്ട്.

മുൻകാലങ്ങളിലേതു പോലുള്ള തീവ്രത യാത്ര അയപ്പ് ചടങ്ങുകൾക്ക് ഇന്നുണ്ടാകില്ലായിരിക്കാം. എങ്കിലും വിരമിക്കുന്നയാളുടെ മാനസികാവസ്ഥ മാറുവതെങ്ങനെ. വിരമിക്കൽ തീയതി അടുക്കുന്നതോടെ സഹപ്രവർത്തകരുടെ സ്‌നേഹപരിലാളനങ്ങൾ ഏറിവരും. വാക്കുക്കളായും വസ്തുക്കളായും സമ്മാനങ്ങൾ ഒറ്റയ്ക്കും കൂട്ടായും തേടി വരും. സ്വീകരിക്കുന്നവരും അല്ലാത്തവരും ഉണ്ടായേക്കാം. കടുത്ത ഹൃദയ ബന്ധങ്ങളുടെ രഹസ്യ സമ്മാനങ്ങൾ ലഭിക്കുന്നവരുമുണ്ടാകും. അവ നമ്മെ അതിശയിപ്പിക്കും. ഹൃദയം ക്രമേണെ കനം വയ്ക്കും. ഒടുവിൽ ആ ദിനം സംജാതമാകും . രാവിലെ മുതൽ വൈകുന്നേരം വരെ നീളുന്ന യാത്ര അയപ്പ് ചടങ്ങുകൾക്കൊടുവിൽ ഒരുമിച്ചുള്ള ഭക്ഷണം. വീട്ടിൽ കൊണ്ട് ചെന്നാക്കൽ. ഇന്നലെ വരെ എന്റേതെന്ന് ഞാൻ ഉറക്കെ പറഞ്ഞിരുന്ന എന്റെ കസേരയിൽ മറ്റൊരാൾ ..... എല്ലാ വിരോധങ്ങളും ഇല്ലാതായിത്തീരുന്ന സർവീസ് ജീവിതത്തിന്റെ അവസാന രംഗങ്ങൾ...... സന്തോഷത്തിന്റെ ഈ വീർപ്പുമുട്ടലിനൊടുവിൽ തൊട്ടടുത്ത പ്രഭാതം. മനസ്സും ശരീരവും അറിയാതെ പല ദിക്കിലേക്കും പറക്കുന്ന അവസ്ഥ. പുതിയൊരു ജീവിതാരംഭം. കാത്തിരിക്കുന്ന പുതിയ ജീവിതക്രമവുമായി ഒത്തുചേരും വരെ ചില്ലറ അസ്വാസ്ഥ്യങ്ങൾ.

ജീവിതത്തെ കരുതലോടെ നോക്കി കണ്ട് സർക്കാർ ജീവിതം നയിച്ച് സാമ്പത്തിക ഭദ്രത യാർജിച്ചവരും പെൻഷൻ ബുക്കിന്റെ ബാലൻസ് ഷീറ്റ് കണ്ട് ബാലൻസ് തെറ്റുന്നവരും ഉണ്ടാകും. മക്കളുടെ കല്യാണം, പീനം, ലോൺ തിരിച്ചടവ്, മറ്റ് ബാധ്യതകൾ എന്നിങ്ങനെ അലട്ടുകൾ പങ്കു വയ്ക്കാൻ ഇനി അരുണ്ടാകും.... ഇങ്ങനെ കാത്തിരിക്കുന്ന ആധികൾ പലതാണ്. സർവീസിൽ ജോയിൻ ചെയ്യാൻ പോയതുപോലെയല്ല അനുഭവസമ്പത്തിന്റെ കൂമ്പാരവുമായാണ് ഇവർ പടിയിറങ്ങുന്നത്. ഈ സമ്പത്ത് സമൂഹത്തിന് പ്രയോജനകരമായ രീതിയിൽ സേവന തൽപരതയോടെ നിറവേറ്റുന്നവരും കുറവല്ല.

ഉത്തര കലാസുകളുടെ മൂല്യനിർണ്ണയത്തിനും മറ്റുമുള്ള രണ്ട് മാസത്തെ ഉൾപ്പെടെയുള്ള അവധി ദിനങ്ങളിൽ സ്‌കൂളിൽ നിന്ന് മാറി നിൽക്കേണ്ടി വരുന്ന അദ്ധ്യാപക സമൂഹത്തിന്റേയും മറ്റ് ജീവനക്കാരുടേയും വിരമിക്കൽ പലപ്പോഴും വെവ്വേറെ തലങ്ങളിലാകുമെന്നതാണ് സത്യം. പൊതു അവധി ദിവസങ്ങളിലൊഴികെ മറ്റെല്ലാ ദിവസങ്ങളിലേയുമുള്ള നിത്യപ്രക്രിയയിൽ നിന്ന് പൊടുന്നനെയുള്ള മാറ്റം അവരെ സ്വാധീനിക്കുന്നത് പലതരത്തിലാണ്. ഇത്തവണയാകട്ടെ തികച്ചും വ്യത്യസ്ഥമായ ഒരു റിട്ടയർമെന്റാണ് കോവിഡ് 19 കരുതിവച്ചിരുന്നത്. റിട്ടയർമെന്റ് ആഘോഷങ്ങൾ മാറ്റിവച്ച് സംഘടിപ്പിച്ചേക്കും. പക്ഷേ വിരമിക്കലിനു മുമ്പുള്ള, ഒട്ടേറെ കാര്യങ്ങൾ പറഞ്ഞും ചെയ്തും തീർക്കേണ്ടിയിരുന്ന ദിവസങ്ങൾ തീർത്തുമൊരു നഷ്ടം തന്നെ. തിരികെ പിടിക്കാനാകാത്ത നഷ്ടം.

രാജ്യത്തും ലോകത്തിലുംസംഭവിച്ചുകൊണ്ടിരിക്കുന്ന കേട്ടുകേൾവി പോലുമില്ലാത്ത വിപത്തുമായി ഒത്തു നോക്കുമ്പോൾ പഠിപ്പിച്ച വിദ്യാർത്ഥികളുടെയും, സഹപ്രവർത്തകരുടെ ആശംസകളുടേയും ആശീർവാദങ്ങളുടേയും നെടുവീർപ്പുകളുടേയും ഇടയിൽ നിന്ന് തലയുയർത്തി വിടവാങ്ങാനുള്ള അവസരം നഷ്ടമായെന്ന് കരുതുന്നവരല്ല നമ്മുടെ ജീവനക്കാർ. അറുതിയുടെ നാളുകൾ തീരുന്ന മുറയ്ക്ക് സ്‌നേഹനിധിയായ നിങ്ങളുടെ സഹപ്രവർത്തകർ വിയോജിപ്പുകൾ പോലും മാറ്റി വച്ച് നിങ്ങളുടെ യാത്ര അയപ്പ് സംഘടിപ്പിക്കുമെന്നുറപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP