ഇനിയുണ്ടാകുമോ ഒരു 'കിലുക്കം'? മലയാളി മനസുകളെ കീഴടക്കിയ ചിത്രത്തിന് 25 വർഷം പിന്നിടുമ്പോൾ..
August 23, 2016 | 05:21 PM IST | Permalink

മുബ്നാസ് കൊടുവള്ളി
ഒരു സിനിമ എങ്ങനെയാണ് മികച്ചതാകുന്നതെന്ന് ചോദിച്ചപ്പോൾ മമ്മൂട്ടി പറഞ്ഞത്: സിനിമ എന്ന് പറയുന്നത് ഒരു സാമ്പാർ പോലെയാണെന്നാണ്. പരിപ്പ്, വെണ്ട, മുരിങ്ങ, ചേന തുടങ്ങിയ എല്ലാ സാധനങ്ങളും ആവശ്യത്തിനും പാകത്തിനും വേണ്ട വിധത്തിൽ കൂട്ടി ഉണ്ടാക്കിയെടുക്കുന്ന ഒരു ദ്രാവക മിശ്രിതമാണ് സാമ്പാർ. ഇതിൽ ഏതെങ്കിലും ഒരു സാധനത്തിന്റെ അളവ് കൂടുകയോ കുറയുകയോ ചെയ്താൽ സാമ്പാറിന്റെ രുചിയും നിറവും മണവുമെല്ലാം മാറിപ്പോകും. 25 വർഷം മുമ്പ് മലയാളിക്ക് ഒരു സാമ്പാർ സദ്യ കിട്ടി. മണവും, സ്വാദും, നിറവും, എരിവും, പുളിയും എല്ലാം പാകത്തിന് ചേർത്തുണ്ടാക്കിയ, എന്നാൽ പേരിന് പോലും ഒരു കുറ്റം കണ്ട് പിടിക്കാൻ കഴിയാത്ത ഒരു കിടുക്കൻ സാമ്പാർ. അതേ, 'കിലുക്കം' എന്ന എക്കാലത്തേയും മികച്ച ചിത്രം മലയാള മണ്ണിൽ പെയ്തിറങ്ങിയിട്ട് 25 വർഷം പിന്നിടുന്നു. ആർ മോഹൻ നിർമ്മിച്ച് വേണു നാഗവള്ളി തിരക്കഥയെഴുതി പ്രിയദർശൻ സംവിധാനം ചെയ്ത കിലുക്കത്തിൽ മോഹൻ ലാൽ, ജഗതി, തിലകൻ, ഇന്നസെന്റ്, രേവതി തുടങ്ങിയവരായിരുന്നു അഭിനയിച്ചത്. എസ് പി വെങ്കടേഷ് സംഗീത സംവിധാനവും, എസ്. കുമാർ ക്യാമറയും കൈകാര്യം ചെയ്ത ഈ ചിത്രം റിലീസ് ചെയ്തത് 1991 ലാണ്.
ഒരു പ്രിയദർശൻ മോഹൻലാൽ ചിത്രം എന്നതിലുപരി വേറെ പ്രത്യേകതകളൊന്നുമില്ലാതെയും അനാവശ്യ ഹൈപ്പുകൾ ഉണ്ടാക്കാതെയും ഇറങ്ങിയ 'കിലുക്കം' കളക്ഷൻ റെക്കോർഡുകൾ വാരിക്കൂട്ടി ബോക്‌സോഫിസ് തൂത്തു വാരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. വാണിജ്യ സിനിമ എന്നതിലുപരി കലാപരമായും മികച്ചു നിന്ന 'കിലുക്കം' ആ വർഷത്തെ മികച്ച നടനുൾപ്പടെ അഞ്ചോളം സംസ്ഥാന അവാർഡുകളും കരസ്ഥമാക്കിയിരുന്നു. വർഷം 25 കഴിഞ്ഞിട്ടും കിലുക്കത്തിന്റെ മണി നാദം ഇന്നും പ്രേക്ഷകരുടെ ഹൃദയത്തിൽ മുഴങ്ങുന്നുണ്ട്. ആ സിനിമയുടെ ആവിഷ്‌കാരത്തിലും അവതരണത്തിലുമുള്ള പ്രത്യേകത കൊണ്ട് തന്നെയാണ് കാലം ഇത്ര കഴിഞ്ഞിട്ടും ആ സിനിമയുടെ പുതുമ നഷ്ട്ടപ്പെടാത്തതും മാധുര്യം കുറയാത്തതും.
പ്രേക്ഷകർ ഒന്നാകെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: 'പ്രതീക്ഷിക്കാമോ ഞങ്ങൾക്ക് ഇനിയൊരു കിലുക്കം?' ഒരിക്കലും ഇല്ലെന്നായിരിക്കും ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം. മോഹൻലാലും അത് തന്നെയാണ് പറഞ്ഞത്. 'കിലുക്കം ഒരു മാജിക് ആയിരുന്നു. അന്നങ്ങനൊരു മാജിക് സംഭവിച്ചു. ഇനി സംഭവിക്കുമോ എന്ന് ചോദിച്ചാൽ, അറിയില്ല. ചിലപ്പോൾ നടന്നേക്കാം, നടന്നില്ലെന്നും വരാം. എന്ത് തന്നെയായാലും അത് പോലൊരു ചിത്രം ഇനി സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണ്. ഇനി ശ്രമിച്ചാലും 'കിലുക്കത്തിൽ' മിന്നുന്ന പ്രകടനം കാഴ്ച വച്ച തിലകൻ എവിടെ? അദ്ദേഹത്തിന് ഒരു പകരാക്കാനുണ്ടോ? ഒരിക്കലും ഇല്ല. ശ്രീ തിലകന്റെ നഷ്ടം നികത്താൻ പറ്റാത്തതാണ്. ഫോട്ടോഗ്രാഫർ നിശ്ചലായി ജഗതിയെ അല്ലാതെ വേറൊരാളെ സങ്കൽപിക്കാൻ മലയാളിക്ക് കഴിയുമോ? അപകടത്തെ തുടർന്ന് ജഗതി ഇപ്പോൾ വിശ്രമത്തിലാണ്.
അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി വീണ്ടു കിട്ടാൻ മലയാളികൾ പ്രാർത്ഥിക്കാത്ത ദിവസങ്ങളില്ല. അദ്ദേഹത്തിനും ഒരു പകരക്കാരനെ കണ്ടെത്തുക എന്നത് പ്രയാസമാണ്. ഇന്നസെന്റും ശ്രീമതി. രേവതിയും പ്രായാധിക്യം മൂലം പഴയ പോലെ ഊർജസ്വലതയോടെ അഭിനയിക്കാനുള്ള ത്രാണിയോ ശാരീരിക ക്ഷമതയോ ഇല്ലന്ന് തന്നെ പറയേണ്ടി വരും. നായകനായി അഭിനയിച്ച മോഹൻ ലാൽ ശരീര ഘടന കൊണ്ട് ഒരുപാട് മാറിപ്പോയി. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഫ്‌ലെക്‌സിബിലിറ്റിയും മെയ്യ് വഴക്കവും പഴയ ജോജിക്ക് പകരമാകില്ല. തൂലിക കൊണ്ട് വിസമയം തീർത്ത, ലക്ഷോപ ലക്ഷം പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത മഹാനായാ എഴുത്തുകാരൻ ശ്രീ. വേണു നാഗവള്ളി നമ്മളെ വിട്ടു പോയി.
മലയാളി ഒരു ദിവസം 10 പാട്ട് മൂളുന്നുണ്ടെകിൽ അതിൽ ഒരെണ്ണം ഉറപ്പായും 'കിലുക്കം' എന്ന സിനിമയിലെ പാട്ടായിരിക്കും. സംഗീത സംവിധായൻ എസ്‌പി വെങ്കടേഷ്. അദ്ദേഹത്തിന് പഴയ മാറ്റ് ഇല്ല. പ്രിയദർശനും പഴയ പ്രാഗൽഭ്യം നഷ്ടപ്പെട്ടതുപോലെയാണ് അടുത്തിടെ ഇറങ്ങിയ അദ്ദേഹത്തിന്റെ സിനിമകൾ കണ്ടാൽ തോന്നുക. ഇപ്പോഴത്തെ പ്രിയദർശൻ തന്നെയാണോ കിലുക്കവും ചിത്രവും പോലുള്ള സിനിമകൾ സംവിധാനം ചെയ്തത് എന്ന് മലയാളികൾ ചോദിച്ചു പോകുന്നത് ആമയും മുയലും, അറബിയും ഒട്ടകവും തുടങ്ങിയ സിനിമകൾ കാണുമ്പോഴാണ്. ഉള്ള കഴിവ് ഒരിക്കലും നഷ്ടപ്പെടില്ല എന്നാണ് ശാസ്ത്രം. ലോകമെമ്പാടുമുള്ള മലയാളികൾ പ്രിയദർശന്റെ തിരിച്ച് വരവിനായി ഇപ്പോഴും അക്ഷമരായി കാത്തിരിക്കുകയാണ്.
ഒരു സിനിമ ഒരിക്കലേ സംഭവിക്കൂ. അത് പോലെ ഒന്നുണ്ടാക്കാൻ ആർക്കും കഴിയില്ല. ചിലപ്പോൾ അതിനേക്കാൾ നല്ലതുണ്ടാക്കാം. പക്ഷെ അതൊരിക്കലും പഴയ വീഞ്ഞ് തന്നെയാകില്ല. പുതിയത് വേറെ സിനിമ തന്നെയായിരിക്കും. 'കിലുക്കം' അതൊരു അനുഭവമായിരുന്നു. വികാരമായിരുന്നു. ഒരിക്കലും മരിക്കാതെ മായാതെ മലയാളി മനസ്സിൽ ഇപ്പോഴും കിലുങ്ങി കൊണ്ടിരിക്കുന്നു,. രേവതിയുടെ ആ കൊലുസിന്റെ 'കിലുക്കം'.